സ്ത്രീകള്‍ക്ക് ജോലി ലഭിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി വേണം!

17 രാജ്യങ്ങളില്‍ സ്ത്രീകള്‍ക്ക് ജോലി ലഭിക്കണമെങ്കില്‍ ഭര്‍ത്താവിന്റെ അനുമതി വേണം. 41 രാജ്യങ്ങളില്‍ ഫാക്ടറി ജോലികളില്‍ നിന്നും 29 രാജ്യങ്ങളില്‍ രാത്രി ജോലികളില്‍ നിന്നും സ്ത്രീകളെ വിലക്കിയിട്ടുണ്ട്. ലോക ബാങ്ക് പ്രസിദ്ധീകരിച്ച ‘ വിമണ്‍, ബിസിനസ്സ് ആന്റ് ലോ 2016 ‘ എന്ന റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിപ്പിക്കുന്ന വിവരമുള്ളത്. ലോകത്താകമാനം സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിന് തടയിടുന്ന രീതിയില്‍ നിയമപ്രശ്‌നങ്ങളും മറ്റും നിലനില്‍ക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

സ്ത്രീകളുടെ കഴിവിനെ പരിഗണിക്കാത്തതും അര്‍ഹമായ ജോലികളില്‍ നിന്ന് അവരെ വിലക്കുന്നതും ക്രൂരമായ അനീതിയാണെന്നാണ് റിപ്പോര്‍ട്ട് പുറത്ത് വിട്ടു കൊണ്ട് ലോക ബാങ്ക് പ്രസിഡന്റ് ജിം യോംഗ് കിംഗ് പറഞ്ഞത്.173 രാജ്യങ്ങളിലെ സാമ്പത്തിക മേഖലകളെ അവലോകനം ചെയ്തതില്‍ 100 രാജ്യങ്ങളിലും ജോലിയെടുക്കുന്നതില്‍ നിന്നും ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതില്‍ നിന്നും സ്ത്രീകളെ മാറ്റി നിറുത്തുന്ന തരത്തിലുള്ള നിയന്ത്രണങ്ങള്‍ നിലവിലുണ്ടെന്ന് കണ്ടെത്തി.

പകുതിയോളം രാജ്യങ്ങളില്‍ പിതൃത്വ അവധി പരിമിതമാണെന്നും ഇതുമൂലം കുട്ടികളെ നോക്കേണ്ട പൂര്‍ണ്ണ ചുമതല അമ്മമാരിലേക്ക് ചുരുങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്. തൊഴില്‍ മേഖലയിലെ ഇത്തരത്തിലുള്ള വിവേചനങ്ങള്‍ക്ക് പുറമേ ഭര്‍തൃമതികളായ സ്ത്രീകള്‍ക്ക് എവിടെ താമസിക്കണമെന്നുള്ള തീരുമാനം പോലും സ്വതന്ത്രമായി എടുക്കാന്‍ അനുവാദമില്ലാത്ത അവസ്ഥയുണ്ട്. 30 രാജ്യങ്ങളില്‍ ഇത്തരത്തിലുള്ള വിലക്ക് നിലനില്‍ക്കുമ്പോള്‍ 19 രാജ്യങ്ങളില്‍ ഇക്കാര്യത്തില്‍ ഭര്‍ത്താവിന് തീരുമാനമെടുക്കാനുള്ള നിയമാധികാരം വരെ നല്‍കുന്നുണ്ട്. ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ സമ്പത്തിക മേഖലയുടെ ആകമാനമുള്ള അഭിവൃദ്ധിയെയാണ് ബാധിക്കുന്നതെന്നും അതുകൊണ്ട് തന്നെ ലോകജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ മുമ്പിലെ സാധ്യതകളെ നിരോധിക്കുന്നത് തിരുത്താന്‍ ബാങ്ക് ഒരുങ്ങുകയാണെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു. പഠനം നടത്തിയ രാജ്യങ്ങളില്‍ 46 ഇടത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനങ്ങള്‍ക്കെതിരേ കൃത്യമായ നിയമങ്ങള്‍ പോലുമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

Post a new comment

Log in or register to post comments

Fashion

May 262017
The 70th annual Cannes Film Festival is currently taking place from 17 to 28 May 2017, in Cannes, France.

Entertainment

Dec 92017
മൂന്ന് ഇന്ത്യന്‍ ചിത്രങ്ങളുള്‍പ്പെടെ എട്ട് സിനിമകള്‍ രാജ്യാന്തര മേളയുടെ മൂന്നാം ദിനമായ ഇന്ന് (ഡിസംബര്‍ 10) മത്സര വിഭാഗത്തില്‍  പ്രദര്‍ശനത്തിനെത്തും.