വേഷപ്പകർച്ചയുടെ തമ്പുരാൻ

അഭിനയ ജീവിതത്തിലെ അഞ്ചു ദശകങ്ങൾ താണ്ടി അഞ്ഞൂറിലധികം വേഷങ്ങൾ നിറഞ്ഞാടി അരങ്ങൊഴിഞ്ഞു പോകുമ്പോൾ ഒരു മലയാളിക്കും മറക്കാനാകില്ല ആ നെടുമുടിക്കാരനെ. അതെ നെടുമുടി വേണു. നമ്മുടെ സ്വന്തം വേണുച്ചേട്ടൻ.
നായകനായും സഹനടനായും വില്ലനായും  അച്ഛനായും അപ്പൂപ്പനായും  അമ്മാവനായും തന്റെ സ്വത സിദ്ധമായ പ്രസരിപ്പിൽ ഓരോ കഥാപാത്രങ്ങളെയും അവിസ്മരണീയമാക്കിയ ആ അതുല്യ പ്രതിഭ ഇനി നമുക്കു മുന്നിൽ ഇല്ല.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ 1948 മെയ്‌ 22 നു ജനനം. കെ വേണുഗോപാലൻ എന്നതായിരുന്നു ഔദ്യോഗിക പേര്. ബാല്യകാലം മുതൽ എഴുത്തിനോടും വായനയോടും അതിയായ  താല്പര്യം ഉണ്ടായിരുന്ന ശ്രീ വേണു നാടകങ്ങൾ എഴുതുമായിരുന്നു.വിദ്യാഭ്യാസകാലത്തു മറ്റു സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമായിരുന്നു അദ്ദേഹം.
ഒരു സുന്ദരിയുടെ കഥ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിൽ മുഖം കാണിക്കുന്നത്.
1978 ഇൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ നെടുമുടി വേണു എന്ന നടന്റെ അരങ്ങേറ്റം. തുടർന്ന് ഭരതന്റെ ആരവം എന്ന ചിത്രം. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ കൂടി കഴിഞ്ഞപ്പോൾ  പിന്നെ മലയാളത്തിലെ തിരക്കേറിയ സഹനടന്മാരിൽ ഒരാൾ എന്ന നിലയിലേക്ക് മാറി.
സ്വത സിദ്ധമായ അഭിനയ ശൈലി, ശരീര ഭാഷ, സംഭാഷണ അവതരണത്തിലെ വ്യത്യസ്തത ഇവയൊക്കെ ആയിരുന്നു നെടുമുടി വേണു നെ വേറിട്ടു നിർത്തിയിരുന്നത്. ഹാസ്യവും ഗൗരവും എന്തുമാകട്ടെ ഭാവപ്പകർച്ച അതിഗംഭീരം തന്നെയായിരുന്നു.
നാടക കളരികൾ മലയാളത്തിന് സമ്മാനിച്ച ഒരു നടൻ കൂടിയാണ് കാലയവനികയ്ക്കുള്ളിൽ മറയുന്നത്.
 നാടക പാട്ടുകളും മൃദംഗവും നാടൻ ശീലുകളും കൊണ്ട് സമ്പന്നനായിരുന്നു നെടുമുടി വേണു എന്ന പ്രതിഭ.
മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരങ്ങളും മികച്ച സഹനടനുള്ള ദേശീയ പുരസ്‌കാരവും ഉൾപ്പെടെ എണ്ണമറ്റ പുരസ്‌കാരങ്ങൾ കൊടുത്തു ആദരിച്ചപ്പോളും ആ അഭിനയ പ്രതിഭയുടെ കഴിവ് മുഴുവനും നമ്മൾ കണ്ടു കഴിഞ്ഞിരുന്നില്ല എന്ന് തന്നെ പറയാം.
കള്ളൻ പവിത്രൻ, അപ്പുണ്ണി, പാളങ്ങൾ,ചാമരം, ഒരിടത്തു, ചിത്രം, ദശരഥം തുടങ്ങി ഹിസ് ഹൈനെസ്സ് അബ്ദുല്ലയിലെ തിരുമനസ്സ് വരെ മായാത്ത മറക്കാത്ത എത്ര എത്ര കഥാപാത്രങ്ങൾ.... ഇങ്ങേയറ്റം പുതിയ തലമുറ സിനിമകളിലും തന്റെ അഭിനയപാടവം തെല്ലും കുറച്ചില്ല ചാർലിയിൽ ഉൾപ്പെടെ. തമിഴ്ലും അഭിനയിച്ചിട്ടുണ്ട്.
സംഗീത പശ്ചാത്തലം ഉള്ള ഒരു കഥാപാത്രം ഒക്കെ വളരെ ഇഴുകി ചേർന്ന് അവതരിപ്പിച്ചിരുന്ന ചുരുക്കം കലാകാരന്മാരിൽ ഒരാൾ ആയിരുന്നു അദ്ദേഹം.
ഒരു ഇതിഹാസമാണ് വിട വാങ്ങുന്നത്. പ്രകീർത്തിച്ചാൽ മതി വരില്ല ഈ പ്രതിഭയെ. കുട്ടനാടിന്റെ നടന വിസ്മയത്തെ ഈ ലോകോത്തര പ്രതിഭയെ അഭ്രപാളികളിൽ വീണ്ടും കാണാനേ ഇനി നമുക്ക് കഴിയുള്ളു.
അദ്ദേഹത്തിന്റെ ആകസ്മിക വിയോഗത്തിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു

ഷീജ രാജേഷ്

Recipe of the day

Nov 162021
INGREDIENTS