വീടിന്റെ അകത്തളം ഭംഗിയാക്കാം

 വീടുകൾക്ക് പുറത്ത് പുൽത്തകിടികളും പൂന്തോട്ടങ്ങളും നിർമ്മിച്ച് വീടുകളുടെ അഴക് കൂട്ടുന്നതുപോലെതന്നെ നമുക്ക് ചെടികൾ ഉപയോഗിച്ച് അകത്തളഭംഗിയും വർദ്ധിപ്പിക്കാം.
ചിലവ് കുറഞ്ഞ ഇന്റീരിയർ ഡെക്കോറും, പരിപാലനം കുറച്ചു മാത്രം ആവശ്യം ഉള്ളതും എന്നാൽ മാനസിക സംതൃപ്തി ഒരുപാട് പ്രധാനം ചെയ്യുന്നതുമായ ഒരു അവിഭാജ്യ ഘടകം ആണ് ഇന്റോർ ചെടികൾ.

എന്നാൽ വെറും അലങ്കാരം മാത്രമല്ല ചെടികൾ കൊണ്ട് ലഭ്യമാക്കുന്നത്. നമ്മുടെ വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നതിനു പുറമെ, വായു സഞ്ചാരം കുറഞ്ഞ അകത്തളങ്ങളിലെ, കെട്ടിക്കിടക്കുന്ന വായു ശുദ്ധീകരിക്കുകയും,ശ്വസന വായുവിന്റെ അതായത് ഓക്സിജന്റെ അളവ് കൂട്ടുകയും ചെയ്യും.മനസ്സിന് കുളിർമ പകരാനും പോസിറ്റീവ് എനർജി അകത്തളത്തിൽ കൊണ്ടുവരാനും ചെടികൾ സഹായിക്കുന്നു. ചെടികൾ വീടുകൾക്കുള്ളിൽ വയ്ക്കുന്നത് വഴി വീടിന്റെ പ്രഭാവലയവും അന്തരീക്ഷവും മെച്ചപ്പെടുത്താൻ കഴിയും. അവ നമ്മുടെ വീടിനു ജീവനും പുതുമയും പകരുന്നു.

വീടിനുള്ളിൽ വിഷാംശമുണ്ടാക്കുന്ന പലതുണ്ട് ; നമ്മൾ നിശ്വസിക്കുന്ന കാർബൺ ഡൈ ഓക്സയിഡ്, മുതൽ കൊതുക്, ഉറുമ്പ്, പാറ്റ മുതലായ സൂക്ഷ്മ ജീവികളെ അകറ്റുന്നതിനുള്ള രാസവസ്തുക്കളും, അടുക്കളയിലെ പുകയും, ഭിത്തിയിലടിച്ച പെയിന്റ് വരെ ഇതിൽ പെടും. അകത്തളത്തിലെ ചെടികളാകട്ടെ ഈ വിഷാംശം വലിച്ചെടുത്ത് നമ്മുടെ ശ്വസനത്തിന് ആവശ്യമായ ഓക്സിജൻ പുറത്തുവിടുന്നു.

അശുദ്ധവായു നീക്കം ചെയ്യാൻ വീടിന്റെ അകത്ത് വളർത്തുന്ന ചെടികൾക്ക് എത്രത്തോളം കഴിവുണ്ടെന്നറിയാൻ-'ക്ലീൻ എയർ സ്റ്റഡി' എന്ന പേരിൽ അമേരിക്കയിലെ നാഷണൽ എയറോനോട്ടിക്സ് ആൻഡ് സ്പേസ് അഡ്മിനിസ്ട്രേഷൻ (NASA) ഒരു പഠനം നടത്തി. തലവേദന, തലകറക്കം, കണ്ണിന്റെ അസ്വസ്ഥത തുടങ്ങിയവയുണ്ടാക്കുന്ന അന്തരീക്ഷത്തിലെ ബെൻസീൻ, ഫൊർമാൽഡിഹൈഡ്, ട്രൈക്ലോറോഎഥ്ലിൻ, സൈലീൻ, അമോണിയ എന്നീ വിഷാംശമേറിയ രാസപദാർഥങ്ങൾ വലിച്ചെടുക്കാൻ ഇത്തരം ചെടികൾക്ക് സാധിക്കുമെന്ന് പഠനത്തിൽ കണ്ടെത്തി. കാർബൺഡൈ ഓക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തുവിടുന്നതിനു പുറമേയാണിത്. കെട്ടിടങ്ങൾക്കകത്ത് 100 സ്ക്വയർഫീറ്റിൽ ഒരു ഇൻഡോർ ചെടി വെക്കാനാണ് നാസ ശുപാർശ ചെയ്യുന്നത്. മണി പ്ലാന്റ്, പീസ് ലില്ലി, ബാംബൂ പാം, സ്നേക് പ്ലാന്റ്, ഫ്ലോറിഡയിലെ ക്രിസാന്തമം തുടങ്ങിയവയാണ് ഏറ്റവും കൂടുതൽ വിഷവായു വലിച്ചെടുക്കുന്നതായി കണ്ടെത്തിയത്.

പരിചരണം

അകത്തളങ്ങളിൽ വയ്ക്കുന്ന ചെടികൾക്ക് കരുതലും, പരിചരണവും അത്യാവശ്യമാണ്. കൃത്യമായി ജലവും വളവും നൽകാതെ വാടിക്കരിഞ്ഞ് നിൽക്കുന്ന ചെടികൾ, പഴുത്ത പൊടിപിടിച്ച ഇലകൾ, ചെടിയിലെ ചിലന്തി വലകൾ മുതലായവ അകത്തളങ്ങളിലെ അഴക് കുറയ്ക്കും. മുറിയിൽ വെളിച്ചം നന്നായി ലഭിക്കുന്ന ഇടങ്ങളിൽ വേണം ചെടിവയ്ക്കാൻ. ഒന്നിടവിട്ട ആഴ്ചകളിൽ ചെടികൾ മുറികൾക്കുപുറത്ത് വച്ച് വെയിൽ കൊള്ളിക്കണം. ചെടിയുടെ ഇലകളിൽ പൊടി പിടിക്കാതെ തുടച്ച് വൃത്തിയാക്കണം. ചെടിച്ചട്ടിയിലും, മൺപാത്രങ്ങളിലും അലങ്കാര പാത്രങ്ങളിലും ചെടിനടാം. മൺപാത്രങ്ങളിൽ നടുമ്പോൾ വെള്ളം പെട്ടെന്ന് വറ്റിപ്പോകുന്നതിനാൽ പാത്രത്തിന് അടിയിലായി ചെറിയൊരു പാത്രം വച്ച് അതിൽ വെളളം ഒഴിച്ചു വച്ചാൽ മതിയാകും.

ചെടികളുടെ ക്രമീകരണം

അകത്തളങ്ങളിലേക്ക് ചെടികൾ തിരഞ്ഞെടുക്കുന്നതും അവയെ വേണ്ട ഇടങ്ങളിൽ ക്രമീകരിക്കുന്നതും അൽപ്പം വെല്ലുവിളി നിറഞ്ഞതാണ്. എല്ലാ ഇൻഡോർ സസ്യങ്ങൾക്കും വളർച്ചയ്ക്ക് ആവശ്യങ്ങളും സാഹചര്യങ്ങളും ഒരേപോലെ അല്ല, ചില ചെടികൾക്കു നാളുകളോളം വെള്ളമില്ലാതെയും, അവഗണനയെയും അതിജീവിക്കാൻ കഴിയും, ചിലതിന് നിരന്തരമായ പരിചരണം ആവശ്യമാണ്. ചില ഇൻഡോർ സസ്യങ്ങൾ ഒരു തുറന്ന സ്വീകരണമുറിയിൽ മനോഹരമായി കാണപ്പെടും, ചിലത് ചെറിയ ഇടങ്ങളിൽ ആകുമ്പോൾ ആണ് കൂടുതൽ ശോഭിക്കുക. ചില ഇൻഡോർ സസ്യങ്ങൾ ഇരുണ്ട കോണുകളിൽ സന്തോഷത്തോടെ ജീവിക്കും, ചിലതിനു വെളിച്ചം അത്യാവശ്യമാണ്.

വലിയ ചെടികൾ തുറന്ന ഇടങ്ങളിൽ (sitout, living area, other open spaces) സ്ഥാപിക്കുമ്പോൾ മനോഹരമായി കാണപ്പെടും. ചെറിയ മുറികളിൽ വെക്കുമ്പോൾ, വളരെയധികം സ്ഥലവും ശ്രദ്ധയും അവ പിടിച്ചു പറ്റുന്നു. കിടപ്പുമുറികൾ അല്ലെങ്കിൽ പഠന മുറികൾ പോലുള്ള ചെറിയ ഇടങ്ങളിൽ ചെറിയ പോട്ടിംഗ് ചെടികൾ ഉപയോഗിക്കാം.

ഒരു വലിയ ചെടി ഉണ്ടെങ്കിൽ, അത് ശ്രദ്ധാകേന്ദ്രമാക്കുക. അവയെ ഒറ്റയ്ക്ക് ആക്സന്റ് സസ്യങ്ങളായി ഉപയോഗിക്കാം. അവർക്ക് നല്ലൊരകലം നൽകി പ്രധാനപെട്ട സ്ഥലത്ത് വയ്ക്കുക.

വർണ്ണാഭമായ ചെടികൾ ക്രമീകരിക്കുമ്പോൾ ഇന്റീരിയർ കളർ സ്കീമിന് അവയുടെ നിറങ്ങൾ ചേരുന്നുണ്ട് ഉറപ്പാക്കുക.

ചില ഇൻഡോർ സസ്യങ്ങൾക്ക് നല്ല സസ്യജാലങ്ങളുണ്ട്, ആകർഷകമായ രൂപങ്ങളുള്ളവയുണ്ട്, വർണ്ണാഭമായ നിറങ്ങളുള്ളവ, രസകരമായ ടെക്സ്ചറുകളും ഉള്ളവ, നാടകീയമായ ഒരു ഇഫക്റ്റ് സൃഷ്‌ടിക്കുന്നതിന് അവയെ ഒന്നിച്ച് ഗ്രൂപ്പുചെയ്യുക. സമാനമായി കാണപ്പെടുന്ന സസ്യങ്ങൾ ഒരു ഗ്രൂപ്പിൽ സ്ഥാപിക്കുമ്പോൾ അവയുടെ രൂപം നഷ്‌ടപ്പെടും.

ഇൻഡോർ ചെടികൾ നിരത്തുന്നതിനുപകരം, പശ്ചാത്തലത്തിൽ ഉയരമുള്ള ചെടികളും മുൻവശത്ത് ചെറിയ ചെടികളുമുള്ള ഒരു അടുക്ക് ഗ്രൂപ്പിൽ ക്രമീകരിക്കുക. വ്യത്യസ്ത ഉയരങ്ങൾ സൃഷ്ടിക്കാൻ പട്ടികകൾ, സ്റ്റാൻഡുകൾ, വിൻ‌സിലുകൾ അല്ലെങ്കിൽ മറ്റ് ഫർണിച്ചറുകൾ ഉപയോഗിക്കുക.

അകത്തളങ്ങളിൽ സസ്യങ്ങൾ നമ്മുടെ വീടിന് അലങ്കാരം മാത്രമല്ല നൽകുന്നത്, അകത്ത് ഈർപ്പം നിയന്ത്രിക്കുന്നതിനും പോസിറ്റീവ്‌ എനർജി വർദ്ധിപ്പിക്കുന്നതിനും സഹായിക്കും. പച്ചപ്പും പ്രകൃതിയും കാണുന്നത് ദൈനം ദിന ജീവിതത്തിലെ സ്ട്രെസ് അകറ്റി ശാന്തമായിരിക്കാൻ സഹായിക്കുന്നു, ഇത് ശാരീരിക -മാനസികാവസ്ഥയ്ക്ക് ഗുണം ചെയ്യും. അതുവഴി നിങ്ങളുടെ ജീവിതത്തെ മെച്ചപ്പെടുത്തും.

 

ട്രീസ തോമസ്