വീടേ വിട

 ഞാന്‍ നിന്നെ ഉപേക്ഷിച്ചു പോവുകയാണ്. കരൾ മുറിയുന്ന വേദനയുണ്ട്. പക്ഷേ പോയേ പറ്റു.
     വയലോരത്തെ മണ്ണ് ചവിട്ടിക്കുഴച്ച് കൈകളിലുരുട്ടി ചെളിതേച്ച് ചുമരുകെട്ടിപണിതുയർത്തിയതാണ് ഞാനും അവളും.
സന്ധ്യ വരെ തമ്പ്രാന്റെ പാടത്തു പണിത് കയറിവരുമ്പോൾ മടിയില്‍ നാഴി നെല്ലുണ്ടാവും. ബാക്കി കൂലി തമ്പ്രാ ഈ രണ്ടു സെന്റ് സ്ഥലം തന്ന നിലയിലേക്ക് പിടിച്ചെടുക്കും.
     അവൾ പച്ചനെല്ലുകുത്തി കഞ്ഞിയും ചമ്മന്തിയും ഉണ്ടാക്കുമ്പോഴേക്ക് ഞാന്‍ മണ്ണ് കുഴച്ച് ഉരുട്ടും. കഞ്ഞികുടിക്കും മുമ്പ് എട്ടുപത്ത് ഉരുള മണ്ണ് കമഴ്ത്തും. കഞ്ഞികുടിച്ച് നിലാവത്തിരുന്ന് കിനാവുകാണും. പെര വേഗം കെട്ടിക്കഴിയണം. കുഞ്ഞ് പിറക്കുന്നത് പുതിയ വീട്ടില്‍ ആയിരിക്കണം. ഇത്തിരി ഉമ്മറവും  കിടപ്പുമുറിയും ചായ്ച്ചു കെട്ടിയ അടുക്കളയും. അത്രേം മതി.
  അവൾ പറയും "തമ്പ്രാന്റെ കടം വീട്ടിയാല് പിന്നെ നമ്മക്കൊരു കട്ടില് പണിയണം. പിന്നെ രണ്ടു മൂന്നു പാത്രങ്ങളും കൂടെ വേണം കൊച്ചുണ്ടായാ അതിനെ കളിപ്പിക്കാനും ഇങ്ക്കുറുക്കാനും ഒക്കെ..."

    മഴക്കാലം അടുക്കാറായി. ചുമര് പൊത്തിതീരാനായി. കഴുക്കോലും പട്ടികയും നിരത്താന്‍ ബാപ്പുട്ടി മുള തരാംന്ന് പറഞ്ഞിരുന്നു. വീടിന്റെ തറപണി തുടങ്ങിയപ്പോഴേ അവൾ ഓലമടലുകൾ ശേഖരിച്ച് മെടഞ്ഞു തടുക്കാക്കാൻ തുടങ്ങിയിരുന്നു.
   
    പുരയ്ക്ക് ഓലമേഞ്ഞരാത്രിയിൽ കാലവര്‍ഷം ആരംഭിച്ചു. കൂടെ അവൾക്ക് പേററുനോവും.

      കുഞ്ഞിന്റെ ഇരുപത്തിഎട്ടിന് ഒരു വെളളിയരഞ്ഞാണവുമായി വന്നപ്പോള്‍ മുറ്റത്ത് തമ്പ്രാ....

"ടാ ചെളളി നീ ഭൂമീടെ കാശുതരാതെ പെരയും കെട്ടി പെണ്ണിനെ പെറീപ്പിച്ചു കെടത്തിയിരിക്കയാണോടാ. കാശില്ല എങ്കില്‍ ഇറങ്ങിപോടാ ഇവടന്ന്"

"തമ്പ്രാ രണ്ട് കൊല്ലവായല്ല് നാൻ കൂലി വാങ്ങീട്ട്. അത് മുഴുത്തില്ലേ"

"ടാ നീ എന്നോട് കണക്ക് പറയുന്നോ. എറങ്ങ്. ഇപ്പ എറങ്ങ് ഇവിടന്ന്"

പിന്നെ മുറ്റത്തേക്ക് മൺകലങ്ങളും കിടക്കപ്പായും മറ്റും ചിതറി വീഴുകയായിരുന്നു. ആ കൂട്ടത്തിൽ പിടിച്ചുനില്ക്കാൻ കഴിയാതെ അവളും കുഞ്ഞും.

എന്റെ പ്രിയപ്പെട്ട കുടിലേ നിന്നിൽ നിന്നും വലിച്ചെറിയപ്പെട്ട ജീവിതങ്ങളാണ് ഞങ്ങള്‍.

നിന്റെ നനവുമാറാത്ത ചുമരോരത്തുകിടന്ന് ഞങ്ങള്‍ ഒരു കുമ്പിൾ കിനാക്കള്‍ കണ്ടിരുന്നു.

നിന്റെ മുളംതൂണുകളിൽ ചാരിയിരുന്നു മോഹങ്ങൾ പങ്കുവെച്ചിരുന്നു.

നിന്റെ തറയിലേക്ക് പെററുവീണതാണ് ഞങ്ങളുടെ കുഞ്ഞ്.

നിന്റെ ചുമർപൊത്തുകളിൽ അവൾ മകന്റെ അരഞ്ഞാണം വാങ്ങാനായി ഓരോ നാണയങ്ങള്‍ ഒളിച്ചുവെച്ച് സ്വരൂപിച്ചിരുന്നു.

മൂന്ന് കല്ലുകൂട്ടിവെച്ച നിന്റെ അടുപ്പത്തുവേകുന്ന കഞ്ഞിയിൽ വറ്റിനെക്കാളേറേ അഭിമാനമായിരുന്നു തിളച്ചു തൂകിയിരുന്നത്.

        തമ്പ്രാന് നിന്നെ വേണ്ട. ഈ സ്ഥലം മതി. പൊളിച്ചുനീക്കുവോളം എന്റെ........ ഞങ്ങളുടെ.... പൊൻകുടിലേ അടിയാന്റെ വിയർപ്പിന്റെ ഉപ്പു രുചിച്ച് നീ ഞങ്ങളെ ഓർത്തു നില്‍ക്കണം.

വിട......... വീടേ..... വിട.... 

 

വത്സല നിലമ്പൂർ