വസന്തത്തിന് തീയിട്ട ഒരുവൾ

മരിച്ച ഒരുവൾ 

എത്രപേരെയാണ് 

വീട്ടിലേക്ക് 

കൊണ്ടുവരുന്നത് 

മരണപ്പെട്ട ഒരുവൾ 

എത്ര വണ്ടികളെയാണ് 

ശവപ്പെട്ടികൾപോലെ 

നിരത്തുകളിൽ 

ക്യൂവിൽ നിർത്തിയിരിക്കുന്നത് 

 

എത്ര മനസ്സുകളിലാണ് 

നിശ്ശബ്ദതയുടെ 

കറ ഇറ്റിക്കുന്ന

ഞാവൽ പഴമാകുന്നത് 

 

മരിച്ചവൾ പൂട്ടിയിറങ്ങിയ 

വീട്ടിൽ ആരാണ് 

വസന്തത്തിന് തീയിട്ടത്?

 

ഏത് നശിച്ച നേരത്താണ് 

വാർന്നൊലിച്ച മുറിയിലേക്ക് 

പുഴ 

വീട് കാണാൻ വന്നത് 

 

ഊരിയിട്ടതൊക്കെയും 

തിരികെയെടുക്കാനാവാത്ത വിധം 

മനുഷ്യരെ അടുക്കി കൂട്ടിയ 

സാരിപ്പൊതികളിൽ

ബ്ലൗസിന്റെ മടക്കുകളിൽ 

കരിമ്പനടിച്ച 

ഒറ്റ ബ്രായുടെ വിഭ്രാന്തികളിൽ 

പൂപ്പൽ മണക്കുന്ന 

ഒരു സൂര്യനെ അവൾ മറച്ചുവെച്ചിട്ടുണ്ട് 

 

ജീവിതത്തിൽ തൊടാതെപോയതൊക്കെയും 

സ്വരുക്കൂട്ടി 

ഒരു കാടിന്റെ മറവിൽ 

മരണത്തിന് 

ഒരു ചുവന്ന പൊട്ട് 

തൊട്ടുകൊടുത്തിട്ടുണ്ട് 

 

മുലപ്പാൽ മണമുള്ള വീടുകളിൽ 

അവളായിരുന്നു 

കാഞ്ഞിരത്തിൽ വളരുന്ന ചുണ്ടുകൾക്ക് 

മഹിമയുടെ രഹസ്യങ്ങൾ 

ചൊല്ലി കൊടുത്തതെന്ന്....

 

നോക്കൂ,

മരിച്ച ഒരുവൾ 

എത്ര ശാന്തയായാണ് 

വിരുന്നുകാരെ കുളിപ്പിച്ച് 

ഒരുക്കുന്നത്,

വീട്ടുകാരെ 

ഒന്നിച്ചിരുത്തുന്നത്,

ഒരേ പായുടെ ചുരുളുകളാക്കുന്നത്.

അന്ന മേരി ഹസ്കൽ