ജീവിതത്തെ ഋതുഭേദങ്ങളോടുപമിച്ചാൽ ബാല്യത്തെ വസന്ത കാലത്തോട് സാദൃശ്യപ്പെടുത്താൻ ആണ് എനിക്ക് ഏറെ ഇഷ്ടം.ബാല്യകാല ഓർമ്മകൾക്ക് വാസന ഉണ്ടായിരുന്നു എങ്കിൽ അവയ്ക്ക് നിശാഗന്ധിപ്പൂക്കളുടെ സൗരഭ്യം ആയിരുന്നേനെ. എത്ര പുൽകിയാലും മതി വരാത്ത പരിമളം പരത്തുന്ന ഓർമ്മപ്പൂക്കൾ. ബാല്യത്തെ കുറിച്ചു എഴുതാത്ത കവികളും കഥാകൃതുക്കളും വളരെ വിരളം. എത്രയോ മധുരതരമായ ഗതകാലസ്മരണകളെ ചുറ്റിയാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം. കുട്ടികാലം എന്നും ഗൃഹാതുരത ഉണർത്തുന്ന ഒരു ഓർമ ചെപ്പു ആണ്. ആ ചെപ്പിനുള്ളിൽ ഉള്ളത് ബാല്യത്തിന്റെ നിഷ്കളങ്കതയും, നൈർമല്ല്യവും കോർത്തിണക്കിയ പവിഴ മുത്തുകൾ ആണ്. ഓരോ തലമുറക്കും അവരവരുടെ ചെറുപ്പകാലം ആണ് ഏറ്റവും മനോഹരം എന്നു തോന്നിപ്പിക്കുമാറ് അതിശയിപ്പിക്കുന്നതാണ് നമ്മുടെ കുട്ടികാലം.ജീവിത പ്രാരാബ്ധങ്ങളും അല്ലലും ഏതും അറിയാതെ മാതാപിതാക്കളുടെ സ്നേഹതണലിൽ വളർന്ന നാളുകൾ. കാലവും ജീവിതരീതികളും മാറുന്നത് കുട്ടികളെ ബാധിക്കുന്നു എങ്കിലും കുട്ടികാല സന്തോഷങ്ങൾക്കു തെല്ലും മാറ്റം ഇന്നും ഇല്ല. എന്റെ മനസ്സ് ഏറ്റവും ഭാവനാസമ്പന്നവും ഹൃദയാർദ്രവും ആകുന്നത് കുട്ടികാലത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുമ്പോൾ ആണ് . ഒരു പക്ഷെ ഇന്നത്തെ തലമുറക്ക് അന്യം വന്നതും എന്നാൽ കഴിഞ്ഞ തലമുറ ആവോളം നുകർന്നതുമായ തേൻ വല്ലരികൾ അല്ലയോ നമ്മുടെ ജീവിതം. ഒരു കൂട്ടുകുടുംബത്തിലെ സ്നേഹം ആവോളം ആസ്വദിച്ചായിരുന്നു എന്റെ ബാല്യകാലം.റബ്ബർ മരച്ചില്ലകൾ തണൽ വിരിച്ച വിശാലമായ പുരയിടത്തിൽ പ്രൗഢയായി നിലകൊണ്ട തറവാട്. പൂക്കളെയും പക്ഷികളെയും സ്നേഹിച്ചിരുന്ന കാരണവർ നട്ടുനനച്ചു പരിപാലിച്ചിരുന്ന വൈവിധ്യമാർന്ന പുഷ്പങ്ങൾ നിറഞ്ഞ ഉദ്യാനം.അവിടെ വീശിയിരുന്ന ഇളംതെന്നലിനു പോലും റോസാപുഷ്പങ്ങളുടെയും മുല്ലപൂക്കളുടെയും സുഗന്ധം ഉണ്ടായിരുന്നു. പ്രാവുകളുടെയും കിളികളുടെയും കൂജനത്താൽ മുഖരിതമായ പിന്നാമ്പുറം. പ്രഭാതത്തിന്റെ കുളിർമ്മയിൽ തൊടിയിലെ കാപ്പിമരക്കൊമ്പിൽ കിന്നാരം പറഞ്ഞ് ഓടി കളിച്ചിരുന്ന അണ്ണാൻ കുഞ്ഞുങ്ങളെയും,പടിഞ്ഞാറിനി കോലായിലെ കൂട്ടിൽ നിന്നും സദാ കേട്ടിരുന്ന തത്തമ്മയുടെ കൊഞ്ചലുകളും , വാഴകൈയിൽ ഇരുന്ന കുയിലമ്മയുടെ കിളി നാദവും, തെക്കിനിയുടെ മുൻപിലെ പേരമരത്തിൽ ഇരുന്നു വിരുന്നുകാരുടെ വരവറിയിച്ച കാക്ക കൂട്ടവും, തൊഴുത്തിൽ കെട്ടിയിരുന്ന കറുത്തപുള്ളികൾ ഉള്ള അമ്മു പശുവും കൂട്ടരും, മുറ്റവും തൊടിയും അടക്കിവാണ കോഴികളും, താറാവും, വടക്കിനിയുടെ പുറകിലെ കൂട്ടിൽ നിന്നും ഇടയ്ക്കിടെ മുരടി കൊണ്ടിരുന്ന പന്നി കുട്ടന്മാരെയും ഒക്കെ കാണുന്നത് നയനാന്ദകരമായിരുന്നു. തെക്കിനി വരാന്തയിലെ സ്ഫടിക കൂടിനുള്ളിൽ വളർത്തിയിരുന്ന പല വർണ്ണത്തിലുള്ള അലങ്കാര മൽസ്യങ്ങളുടെ ചലനം കണ്ട് കണ്ണിമക്കാതെ ഞാൻ എത്രയോ നോക്കി നിന്നിട്ടുണ്ട്. തേക്ക് മരങ്ങളും, കവുങ്ങും, തെങ്ങും, കശുമാവും, പ്ലാവും അതിരിട്ട തോട്ടത്തിൽ സഹോദരങ്ങോളോടൊപ്പം ഒളിച്ചു കളിക്കുന്നതും, മുറ്റത്തെ നീലാണ്ടൻ മാവിൻ കൊമ്പത്തു ഊഞ്ഞാലു കെട്ടി ആടുന്നതും ആയിരുന്നു അക്കാലത്തെ വലിയ വിനോദങ്ങൾ . അയല്പക്കത്തെ കുട്ടികളോടൊപ്പം മണ്ണപ്പം ചുട്ടതും ഈർക്കിൽ കളിച്ചതും ഒരു നനുത്ത ഓർമ്മയായി ഇന്നും മനസ്സിൽ സൂക്ഷിക്കുന്നു. സ്വർണവർണ്ണമാർന്ന നെല്പാടത്തിനു നടുവിലുള്ള കുളത്തിലെ ആമ്പൽ പൂക്കളുടെ സൗന്ദര്യം ആസ്വദിച്ചു പരിസരം മറന്ന് ഞാൻ എത്രയോ നിന്നിട്ടുണ്ട്. മീനമാസ ചൂടിൽ, കിഴക്കിനി മുറ്റത്തെ മാവിൽ ഉണ്ടാകുന്ന പഴുത്തുതുടുത്ത മൽഗോവ മാമ്പഴം കൊതി തീരെ കഴിച്ചതും, മാങ്ങാണ്ടിക്കു കൂട്ടുപോക്കോളൂ എന്നു പറഞ്ഞു ചേച്ചിയെ ശുണ്ഠി പിടിപ്പിച്ചതും, പിന്നീട് പിണക്കം മാറ്റാൻ ചുവന്ന മഞ്ചാടി കുരുക്കൾ ശേഖരിച്ചു കൊടുത്തതും, കവുങ്ങുംപോളയിൽ അനിയത്തി കുട്ടിയെ മുറ്റത്തുകൂടെ വലിച്ചു നടന്നതും, അനിയനോടൊപ്പം നാട്ടുമാവിൻ ചുവട്ടിൽ കളിവീട് കെട്ടിയതും, കർക്കിടകമഴയിൽ രാവിലെ പുതച്ചു മൂടി കിടന്നുറങ്ങിയതും, തുലാമാസ വൈകുന്നേരങ്ങളിൽ ഇറവാലത്തുകൂടെ പെയ്തിറങ്ങിയ മഴയുടെ ഭംഗി കൺകുളിർക്കെ കണ്ടിരുന്നതും ഒക്കെ ജീവനുള്ള ഓർമ്മതുടിപ്പുകൾ ആയി ഇന്നും മനസ്സിന്റെ കോണിൽ അവശേഷിക്കുന്നു. മലയാളം പഠിക്കാൻ കളരി ആശാന്റെ അടുത്ത് കൊണ്ടു പോകാൻ തോട്ടിൽ നിന്നും എത്ര തവണ മണ്ണുവാരി ഉണക്കി യിട്ടുണ്ട്.എത്ര അഭിമാനത്തോടെ ആണ് മണലിൽ അക്ഷരങ്ങൾ എഴുതി പഠിച്ചത്. പള്ളികൂടത്തിലേക്കും തിരിച്ചുമുള്ള മൂന്നു കിലോമീറ്ററോളം ദൈർഖ്യമേറിയ ദൈനംദിന കാൽനടയിൽ കൂട്ടുകാരോടൊപ്പം കളിച്ച നാൽക്കാലി മൃഗവും, പുല്ലേൽചവിട്ടും ഒക്കെ കഴിഞ്ഞു പോയ കാലത്തിന്റെ ഓർമ്മകൾ ആണ്. പ്രിയപ്പെട്ട കൂട്ടുകാരോടൊത്തു തമാശകൾ പറഞ്ഞും , ചോറുംപൊതി പങ്കുവെച്ചും, കളിച്ചും ചിരിച്ചും ആണല്ലോ പഠിച്ചു വളർന്നത്. പള്ളിയിലെ അൾത്താരക്കു മുന്നിൽ ജാതിമത ഭേദമന്യേ ഒരുമിച്ചു പ്രാർത്ഥിച്ചായിരുന്നു ഞങ്ങളുടെ ദിവസം തുടങ്ങിയിരുന്നത്. പുസ്തകങ്ങളെ ആണ് ഞാൻ പ്രണയിച്ചത്. ഒഴിവുകാലങ്ങളിൽ എത്ര മാത്രം ബാലസാഹിത്യ രചനകൾ ആണ് സാകൂതം ഞാൻ വായിച്ചു തീർത്തത്. കൗമാരത്തിലും യൗവനാരംഭത്തിലും എല്ലാം എന്റെ പ്രിയപ്പെട്ട കൂട്ടുകാർ മലയാള സാഹിത്യസൃഷ്ടികൾ തന്നെ ആയിരുന്നു. എത്രയോ നല്ല സിനിമകളും നാടകങ്ങളും കണ്ടാണ് നമ്മൾ വളർന്നത് . പാലാ ക്ലബ്ബിന്റെ നാടകങ്ങൾ കാണാൻ എല്ലാ മാസവും അപ്പനെ അനുധാവനം ചെയ്യാനുള്ള യോഗം എനിക്കായിരുന്നു. അതിഭാവുകത്വം കലർന്നതെങ്കിലും, ജീവിതഗന്ധിയായ തിരക്കഥകളെ അഭ്രപാളിയിൽ അഭിനയിച്ചു വിസ്മയിപ്പിച്ച പഴയകാല നടനവിസ്മയങ്ങളുടെ എത്രയോ നല്ല സിനിമകൾ കണ്ടിരിക്കുന്നു, അവയിലെ ഇമ്പമാർന്ന എത്രയോ പല്ലവികൾ ഇന്നും എനിക്കു ഹൃദിസ്ഥമാണ്. തൂശനിലയിൽ ഓണസദ്യ ഉണ്ണുന്നതും, ക്രിസ്മസിന് പുൽക്കൂടൊരുക്കി, ട്രീയും അലങ്കരിച്ചിട്ട്, പാതിരാകുർബാന കാണാൻ പോയതും, ദുഃഖ വെള്ളിയാഴ്ച കുരിശുമല കയറിയതും, ഉയിർപ്പു ഞാറാഴ്ച രാവിലെ അമ്മ ഉണ്ടാക്കിയ വിശേഷ വിഭവങ്ങൾ പ്രാതലിന് കഴിച്ചതും, വിഷുവിനു അയല്പക്കത്തെ വീട്ടിൽ നിന്നും കൊണ്ടു തന്നിരുന്ന അട തിന്നുതീർത്തതും ഒക്കെ ഇന്നലെ എന്ന പോലെ തോന്നുന്നു. കൂടെക്കൂടെ വിരുന്നുവന്നിരുന്ന അതിഥികളും, അവർ തന്ന സമ്മാനപൊതികളും ഒക്കെ എത്ര വിശേഷപ്പെട്ടതായിരുന്നു.പ്രിയ വല്യേച്ചി വാങ്ങിച്ചു തന്നിരുന്ന മിട്ടായികളും, നിറപ്പകിട്ടാർന്ന തന്റെ അമൂല്യമായ ക്രിസ്മസ് കാർഡ് ശേഖരണം എനിക്കു തന്നതുമൊക്കെ എത്ര നിസ്വാർത്ഥമായിട്ടായിരുന്നു. അക്കാലങ്ങളിൽ വീടുകളിൽ അയല്പക്കകാർ ഒത്തു കൂടിയിരുന്നു രാവു വെളുക്കുവോളം, കട്ടൻ കാപ്പിയും കുടിച്ചു വർത്തമാനം പറഞ്ഞു രസിച്ചതു വർഷംതോറും ഉള്ള കപ്പവാട്ടലിനും,നെൽകൊയ്ത്തു കാലത്തും, പിന്നെ കല്യാണം മുതലായ വിശേഷാവസരങ്ങളുടെ തലേന്നും ആയിരുന്നു. മുതിർന്നവരുടെ നാട്ടു വർത്തമാനവും, കഥ പറച്ചിലും കേട്ടു ഉറക്കമിളച്ചിരുന്നതും ഒക്കെ കുഞ്ഞുമനസ്സിന്റെ വലിയ സന്തോഷങ്ങൾ ആയിരുന്നു. എല്ലാ അവധിക്കാലങ്ങളിലും അപ്പൻ നിർബന്ധപൂർവം ഞങ്ങളെ കൊണ്ടുപോയിരുന്നത് ദൂരെയും അടുത്തുമുള്ള ബന്ധുഗ്രഹ സന്ദർശനത്തിനും, വിനോദയാത്രകൾക്കും ആയിരുന്നു. ബന്ധങ്ങളുടെ ആഴം മനസ്സിലാക്കിയത് അത്തരം യാത്രകളിലൂടെ ആയിരുന്നു. സകല സമ്പത്തിനേക്കാളും വിലയേറിയത് നല്ല ബന്ധങ്ങൾ ആണെന്ന് എന്നെ പഠിപ്പിച്ചത് സൗമ്യനും ശാന്തനുമായ ആ പിതാവാണല്ലൊ. ഇങ്ങനെ എത്രയോ നിറമുള്ള ഓർമ്മകളാൽ സമ്പന്നമാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതം. തിരക്കു പിടിച്ച ഈ യാത്രയിൽ അല്പദൂരം ഒന്നു പുറകോട്ടു സഞ്ചരിച്ചാൽ നമുക്ക് ഈ ഓർമ്മകളെ കണ്ടെത്താം.പൊടി തട്ടിയെടുത്ത ആ ഓർമ്മകൾ തീർച്ചയായും നമ്മെ കുറച്ചു കൂടെ നല്ലവരാക്കും.കാരണം നമ്മുടെ കുട്ടികളുടെ നിഷ്കളങ്ക മനസ്സിൽ നമ്മളും ഒരു വസന്തകാലം തീർക്കുകയാണല്ലോ. നമ്മിൽ ബഹുഭൂരിപക്ഷം പേർക്കും ഇത്തരത്തിൽ മനോഹരമായ ഒരു കാലം ദാനമായി കിട്ടിയപ്പോൾ എത്രയോ ആയിരകണക്കിന് കുഞ്ഞുങ്ങൾക്ക് ബാല്യം ഒരു വേദനിപ്പിക്കുന്ന ഓർമയായി തീർന്നിട്ടുണ്ട്. അവർക്ക് ശിഷ്ട ജീവിതം സന്തോഷദായകമാകട്ടെ എന്നതാണ് എന്റെ പ്രാർത്ഥന. കഴിഞ്ഞു പോയ കാലത്തേക്ക് തിരിച്ചു പോകാൻ കഴിയുമായിരുന്നെങ്കിൽ,ജീവിതത്തിലെ ഈ വസന്ത കാലത്തേക്ക് പോകുവാൻ നമ്മിൽ എത്ര പേർക്കാണ് ആഗ്രഹം ഇല്ലാതിരിക്കുക... സുന്ദരമായ ഒരു ബാല്യം എനിക്കു സമ്മാനിച്ച ഈശ്വരനും, മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും, സുഹൃത്തുക്കൾക്കും ഈ ലേഖനം ഞാൻ സമർപ്പിക്കുന്നു.
Sujith Thomas Peadiatric Clinical Sleep Physiologist England
Post a new comment
Log in or register to post comments