ഉള്ളുരുക്കങ്ങൾ

"എനിക്കീ ഉടുപ്പു വേണ്ട. പിങ്ക് കളറു
ള്ളത് മതി" മിനിക്കുട്ടി രാവിലെ തന്നെ വാശിയിലാണ്.
" മിനിക്കുട്ടി വാശി പിടിക്കേണ്ട. അത് പുതിയതല്ലേ, ഇപ്പോൾ തന്നെ ഇടേണ്ട.ഞാൻ തന്നതിട്ടാൽ മതി" അമ്മ ശോഭയും വിട്ടു കൊടുക്കുന്നില്ല.
"മേമേ അമ്മയോടൊന്നു പറയൂ, പിങ്ക് കളറ് മതീന്ന്"
" ചേച്ചീ, മിനിക്കുട്ടീടെ ആഗ്രഹമല്ലെ. പോരാത്തതിന് ഇന്ന് ശിശുദിനവുമല്ലേ. അവളുടെ ആഗ്രഹം പോലെയായി ക്കോട്ടെ."
ശാരി ശോഭയുടെ അനിയത്തിയാണ്.
"നീയാണീ കുട്ടിയെ ലാളിച്ച് വഷളാക്കു ന്നത്. ഞാനൊന്നും പറയുന്നില്ല"
അമ്മയേക്കാൾ മിനിക്കുട്ടിയ്ക്കിഷ്ടം ശാരിയെയാണ്. കോളേജിലാണ് പഠിക്കുന്നത്. കഥ പറഞ്ഞു തരാനും കളിപ്പിക്കാനും പാട്ടു പഠിപ്പിക്കാനു മൊക്കെ മേമ വേണം.
അമ്മയുടെ അനുജത്തിയെ മേമ എന്നാണ് മിനിക്കുട്ടി വിളിക്കാറ്.
ശോഭക്ക് വീട്ടിലെ ജോലിയും ഓഫീസു ജോലിയും ഉള്ളതിനാൽ മിനിക്കുട്ടിയെ ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല.
മിനിക്കുട്ടിയുടെ അച്ഛൻ മോഹനാ ണെങ്കിൽ വീട്ടിലെത്തിയാൽ കംപ്യൂട്ടറും മൊബൈലുമായി കഴിയുന്ന ഒരു സോഫ്റ്റ് വെയർ എഞ്ചിനീയർ.
ശാരിയും ശോഭയും തമ്മിൽ അഞ്ചു വയസ്സിന്റെ വ്യത്യാസം. ചെറുപ്പത്തിലേ ഒരു ആക്സിഡന്റിൽ അച്ഛൻ മരിച്ചതിനുശേഷം അമ്മയാണ് രണ്ടു പേരേയും വളർത്തിയത്. അടുത്ത കാലത്താണ് അമ്മ പെട്ടെന്ന് ഹൃദയസ്തംഭനം മൂലം മക്കളെ വിട്ടു പോയത്. മോഹൻ ശോഭയെ വിവാഹം ചെയ്തിട്ട് ഒരു വർഷമേ ആയിരുന്നുള്ളു.
നാട്ടിൽ ബന്ധുക്കളാരുമില്ലാതിരുന്ന
തിനാൽ അവിടുത്തെ വീട് വിററു ശാരിയെ നഗരത്തിലെ മോഹന്റെ വീട്ടിലേക്ക് കൊണ്ടുവന്നു.

സംവിധായകന്റെ കഥയ്ക്ക് സുഭാഷ് തിരക്കഥ രചിച്ചു കൊണ്ടിരിക്കുകയാണ്. രണ്ട് ന്യൂജെൻ സിനിമകൾ തുടർച്ചയായി പൊട്ടിയപ്പോഴാണ് പഴയ കഥയുമായുള്ള വരവ്. ഒരു കമേഴ്സ്യൽ കുടുംബ -മസാല പ്പടം.അതിനാണത്രേ ഇപ്പോൾ ഡിമാന്റ് ! കാലം വീണ്ടും തിരിച്ചു വരുന്നു എന്നൊക്കെയാണ് സംവിധായകൻ വാദിക്കുന്നത്. അതനുസരിച്ചല്ലേ തിരക്കഥാകൃത്തിന് എഴുതാൻ പറ്റൂ.

മോഹന്റെ കുടുംബം സുഖസന്തോഷ ത്തോടെ കഴിയുന്നു ആദ്യഭാഗത്ത്.
അങ്ങനെ കഴിഞ്ഞാൽ സിനിമ ആകില്ലല്ലോ.
ശോഭയ്ക്ക് കാൻസറാണ്. രോഗം അറിഞ്ഞപ്പോഴേക്കും സമയം വൈകിയിരുന്നു. മോഹൻ വിഷമ ത്തിലാണ്. ശാരി വിഷമങ്ങളൊന്നും മിനിക്കുട്ടിയെ അറിയിക്കാതെ കഴിക്കാൻ പാടുപെടുന്നുണ്ട്. താമസിയാതെ ശോഭ ഈ ലോകത്തോട് യാത്ര പറയുന്നു.
സ്ത്രീ പ്രേക്ഷകരെ കരയിക്കാനുള്ള പരമാവധി ചേരുവകൾ സുഭാഷ് ചേർത്തു.
കഥയ്ക്ക് ഒരു ട്വിസ്റ്റ് വേണം.
സമയം പുലർകാലം.
ശോഭയുമായുള്ള ഗതകാലസ്മരണ കളുമായി ബെഡ്ഡിൽ കിടക്കുന്ന മോഹൻ. ശാരിയാണ് ബെഡ് കാഫിയുമായി വന്നത്. രാവിലെ കുളിച്ച് സുന്ദരി യായിട്ടാണ് ശോഭ കാപ്പിയുമായി വരാറ്. ആ ഓർമയിൽ ശാരിയുടെ കൈപിടിച്ച് ബഡ്ഡിലേക്ക് വലിക്കാൻ ശ്രമിക്കു മ്പോഴാണ്
മോഹന്റെ അപ്രതീക്ഷിത പെരുമാറ്റ ത്തിൽ ശാരി ഞെട്ടി പിൻവലിയുകയും കാപ്പിക്കപ്പ് നിലത്ത് പൊട്ടിച്ചിതറി വീഴുകയും, മോഹന് പരിസരബോധമുണ്ടാകുന്നതും.

ഇത്രയും എഴുതി സുഭാഷ് ഒരു പെഗ്ഗ് ബ്രാണ്ടിയും അകത്താക്കി ഒന്നു മയങ്ങിയതായിരുന്നു. അപ്പോഴാണ് മോഹൻ വന്ന് പറയുന്നത് :" പറ്റില്ല കഥാകൃത്തേ. എന്നെക്കൊണ്ട് അങ്ങനെ ചെയ്യിക്കരുത്. മിനിക്കുട്ടിയുടെ ചേച്ചിയെപ്പോലെ മാത്രമെ ഞാൻ ശാരിയെക്കണ്ടിട്ടുള്ളു. ശാരിയെ മറ്റൊരു കണ്ണിൽ കൂടി കാണാൻ പറയരുത് പ്ലീസ്."
ദുഖവും, വിരഹവും, അമർഷവും എല്ലാം അടങ്ങിയ വികാരവിക്ഷോഭത്തോടെ യാണ് മോഹൻ സംസാരിക്കുന്നത്.
"ശാന്തനാകൂ മോഹൻ. ഇത് സിനിമയല്ലെ, ഗുണപാഠകഥയല്ലല്ലോ. പിന്നെ സംവിധായകനും പ്രൊഡ്യൂസറും പറയുന്നതു കേൾക്കാൻ മാത്രമേ കഥാകൃത്തിനും കഥാപാത്രങ്ങൾക്കും പറ്റൂ. നമ്മളൊക്കെ അവരുടെ അടിമകളാണ്. കൂലി തരുന്നതും അവരല്ലെ?"

കഥാരചനയ്ക്കിടയിൽ കഥാപാത്രങ്ങൾ വന്ന് സംവദിക്കുന്നത് സുഭാഷിന് പുത്തരിയല്ല. മാനസിക സംഘർഷം പലപ്പോഴും കഥയെ വഴിമാറ്റി വിടാറുണ്ട്.
മനസ്സിന്റെ പിരിമുറുക്കം ഒഴിവാക്കാൻ മദ്യത്തെ ആശ്രയിക്കുന്നതും ഇങ്ങനെയുളള സന്ദർഭങ്ങളിലാണ്.
പക്ഷെ, സിനിമാക്കഥയാകുമ്പോൾ തീരെ നിസ്സഹായനും സ്വാതന്ത്ര്യമില്ലാ ത്തവനുമാണല്ലോ കഥാകൃത്ത് !
ഒടുവിൽ മോഹനും ശാരിയുമൊക്കെ വഴങ്ങി.
മാത്രമല്ല, മനുഷ്യമനസ്സിന്റെ മലക്കം മറച്ചിൽ വിവരിക്കുന്ന ഒരു നല്ല ശോകഗാനം പശ്ചാത്തലത്തിൽ അവതരിപ്പിക്കാനും പറ്റി. ഹിറ്റാകുന്ന ഗാനം.

വീണ്ടും ട്വിസ്റ്റ്. അമ്മ നഷ്ടപ്പെട്ട മിനിക്കുട്ടിയെ നോക്കാൻ ഒരാൾ അത്യാവശ്യമാണ്. വിവാഹപ്രായ മെത്തിയ ശാരിയും മോഹനും ഒരുമിച്ചു ഒരു വീട്ടിൽ കഴിയുന്നത് നാട്ടുകാർക്ക് അപവാദമുണ്ടാക്കാനുള്ള ഒരു അവസരം. മാത്രമല്ല, മനുഷ്യനല്ലേ ഒരു ദുർബല നിമിഷത്തിൽ എന്തും സംഭവിക്കാനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ലല്ലോ. സംവിധായകന്റെ നിർദ്ദേശമനുസരിച്ച്
മോഹനെക്കൊണ്ട് ശാരിയെ വിവാഹം ചെയ്യിക്കാൻ സുഭാഷ് കുറെ വിഷമിച്ചു. സിനിമയല്ലേ ? പ്രേക്ഷകരുടെ പണം വാരാൻ എന്തൊക്കെ സാഹസങ്ങൾ ചെയ്യണം!

ക്ലൈമാക്സിലേക്കുള്ള നീക്കം. പ്രകൃതിനിയമമനുസരിച്ച് ശാരി ഒരു ആൺകുട്ടിയെ പ്രസവിക്കുന്നു. മിനിക്കുട്ടിക്ക് അനിയനെ കിട്ടിയ സന്താഷം! ഒരു പാട്ട് രംഗം കൊച്ചു കുട്ടികളെ സുഖിപ്പിക്കാൻ.
ശാരിയുടെ കുട്ടിയെ കൂടുതൽ സ്നേഹിക്കാനും മിനിക്കുട്ടിയെ വെറുക്കാനും തുടങ്ങി. മിനിക്കുട്ടി ഒറ്റയ്ക്ക് ഒരു റൂമിലായി കിടത്തം
ആദ്യമാദ്യം ഈ മാറ്റം മിനിക്കുട്ടിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെങ്കിലും, ആ കുട്ടിയുടെ തുടർന്നുള്ള ദിനങ്ങൾ കയ്പേറി വരികയാണ്.

ഒരു ദിവസം രാവിലെ ഉണർന്നു വരുമ്പോൾ ശാരി കണ്ടത് മിനിക്കുട്ടി ശോഭയുടെ ഫോട്ടോയ്ക്കു മുമ്പിലിരുന്ന് കരഞ്ഞു പ്രാർഥിക്കുന്നു "എന്നേയും കൂടി അമ്മയുടെ അടുത്തേക്ക് വിളിക്കൂ"
കാണികളെ ശോകത്തിന്റെ
ക്ലൈമാക്സിലെത്തിക്കുന്ന രംഗം!

സുഭാഷ് സംതൃപ്തിയോടെ രണ്ടു പെഗ്ഗ് കൂടി ഒറ്റയടിക്ക് മോന്തി ഒരു സിഗരറ്റിനു തീ കൊളുത്തി ചെറുതായി ഒന്നു മയങ്ങി
യതാണ്. കാൽച്ചിലമ്പുമായി സംഹാര രുദ്രയായി വന്ന കണ്ണകിയെപ്പോലെ ശാരി
മുന്നിൽ വന്നു അലറുന്നു:"പറ്റില്ല. എന്റെ മോളെപ്പോലെ വളർത്തിയ മീനുക്കുട്ടി യുടെ ഒരു തുള്ളി കണ്ണുനീർ വീഴാൻ, ഈ ശാരിക്കു ജീവനുള്ള കാലം സമ്മതിക്കില്ല. സത്യം. കുറെ കാലമായി നിങ്ങളുടെ അടിമപ്പണി ചെയ്യുന്നു. അവളെ ഒരിക്കലും സങ്കടത്തോടെ കാണാൻ വയ്യ. അവളെ ശരിക്കും വളർത്തിയത് ചേച്ചിയായിരുന്നില്ല, ഞാനായിരുന്നു. എനിക്കതൊന്നും മറക്കാനാവില്ല. നിങ്ങൾ ഒട്ടും മനുഷത്വമില്ലാത്തവനായി പ്പോയല്ലോ". ശാരിക്ക് അമർഷം അടക്കാനാവുന്നില്ല.
സംഘർഷഭരിതനായി, വിയർത്തു കുളിച്ച്, മയക്കത്തിൽ നിന്ന് സുഭാഷിനെ ഉണർത്തിയത് ഒരു ഫോൺ കാളായി രുന്നു.
സംവിധായകനാണ്: "എന്തു പറയുന്നൂ സുഭാഷ്,
കഥ തീർന്നില്ലേ ? അടുത്തയാഴ്ച ഷൂട്ടിങ്ങ് തുടങ്ങണം"
നിർവികാരനായി, നിസ്സഹായനായി സുഭാഷ് ഫോൺ കട്ടാക്കി, ഒന്നും പറയുവാനില്ലാതെ !

പി.ജി.നാഥ്