തിരനോട്ടം മുതൽ മരയ്ക്കാർ വരെ

തിരശ്ശീലയിൽ എത്താത്ത തിരനോട്ടം മുതൽ തിരശ്ശീലയിൽ കൊടുങ്കാറ്റ് തീർക്കാൻ  വരുന്ന മരയ്ക്കാർ വരെ....

തിരുവനന്തപുരം തൈക്കാട് മോഡൽ സ്കൂളിലെ ആ ആറാം ക്ലാസുകാരനെ അറുപതുകാരൻ ആയി അഭിനയിപ്പിച്ച സംവിധായകൻ രാജു അന്ന് ഒരിക്കലും വിചാരിച്ചുകാണില്ല അറുപത് വയസ്സ്

കഴിഞ്ഞിട്ടും,  ഇന്നും,  നമ്മെ ഭ്രമിപ്പിക്കുന്ന, ത്രസിപ്പിക്കുന്ന, ഒരു നടനവിസ്മയം ആയി മാറും ആ കുട്ടി എന്ന്...

മഞ്ഞിൽവിരിഞ്ഞപൂക്കളിലെ നരേന്ദ്രനേ കണ്ടത് പെരുമ്പാവൂർ പുഷ്പയിലാണ്. സ്കൂൾ കാലഘട്ടമാണ് അന്ന് ....

ഇരുപതാം നൂറ്റാണ്ടിലെ ജാക്കിയെ കണ്ടത് മൂവാറ്റുപുഴ ലതയിൽ സീറ്റ് കിട്ടാത്ത കാരണം നിന്നുകൊണ്ടാണ്.  പ്രീഡിഗ്രിയുടെ ആപ്ലിക്കേഷൻ നിർമ്മല കോളേജിൽ കൊടുത്തിട്ട് വരുന്ന വഴി....  താഴ് വാരത്തിലെ ബാലനെ കണ്ടത് എറണാകുളം കവിതയിൽ ആയിരുന്നു. അപ്പോഴേക്കും പ്രീഡിഗ്രി എട്ടുനിലയിൽ പൊട്ടിയിരുന്നു....  

ജോജിയെയും, മംഗലശ്ശേരി നീലകണ്ഠനേയും, ആടുതോമയേയും എല്ലാം കണ്ടത് കോട്ടയം അഭിലാഷിലും, ആനന്ദിലും അനുപമയിലും എല്ലാമായിരുന്നു. ഡിഗ്രി കാലഘട്ടത്തിൽ...

ദേവരാജപ്രതാപവർമ്മയെ കണ്ടത് ഒമാനിലേ സ്റ്റാർ തീയേറ്ററിൽ.....

സ്റ്റീഫൻ നെടുമ്പള്ളിയിൽ നിന്നും ഖുറേഷിഅബറാമിലേക്കുള്ള  ആ പരകായപ്രവേശം കണ്ടു പകച്ചു നിൽക്കുമ്പോൾ,  പെരുമ്പാവൂർ പുഷ്പ,  ആശിർവാദ്സിനിമ ആയി കഴിഞ്ഞിരുന്നു.  ലോകം

ഉരുണ്ടതാണ് എന്ന് തെളിയിച്ചു കൊണ്ട് നമ്മൾ തിരിച്ചു പെരുമ്പാവൂരിൽ തന്നെ എത്തി....

എന്റെ ബാല്യത്തിലും, കൗമാരത്തിലും, യൗവനത്തിലും, ഇപ്പോൾ ജരാനരകൾ ബാധിച്ചു തുടങ്ങുമ്പോൾ പോലും ഓരോ വർഷവും, അല്ലെങ്കിൽ ഓരോ മാസവും എന്നപോലെ കാലത്തിന്റെ

ഗതിവിഗതികളെ അടയാളപ്പെടുത്തി നമ്മോടൊപ്പം പോന്നിട്ടുള്ള എത്രയോ കഥാപാത്രങ്ങൾ....

സത്യത്തിൽ നമ്മൾ കണ്ട ആ കാമുകനും,  സഹോദരനും,  തെമ്മാടിയും,  നിസ്സഹായനും എല്ലാം നമ്മൾ തന്നെയായിരുന്നില്ലേ....  

പകർന്നാടിയ ആ പ്രേമവും, കരുതലും, ധാർഷ്ട്യവും, നിസ്സഹായതയും എല്ലാം,  അത് നമ്മുടേത് തന്നെ ആയിരുന്നില്ലേ...

നമ്മെ തന്നെയായിരുന്നില്ലേ നമ്മൾ ആ കണ്ടത്....

അതുകൊണ്ടാവാം കോടിക്കണക്കിനാളുകൾക്ക് ഈ മനുഷ്യൻ ഇന്നും സ്വന്തം ഹൃദയത്തുടിപ്പ് പോലെ പ്രിയപ്പെട്ടവനാകുന്നത്....

അതുകൊണ്ട് തന്നെയാവാം ഈ മനുഷ്യൻ ഇന്നും നമ്മെ വിസ്മയിപ്പിച്ചു കൊണ്ടേയിരിക്കുന്നത്....

അതുകൊണ്ട്തന്നെയാവാം അടുത്ത കഥാപാത്രത്തിലേക്ക് ഉള്ള ആ വേഷപ്പകർച്ചക്കായി നമ്മൾ ആകാംക്ഷയോടെ വീണ്ടും കാത്തിരിക്കുന്നതും....

അറുപത്തിയൊന്നിന്റെ നിറമികവിലും തുടർന്നുകൊണ്ടേയിരിക്കുന്ന ആ നടനവിസ്മയത്തിനു ആയുരാരോഗ്യസൗഖ്യങ്ങൾ നേരുന്നു...

സംഗീത് സുരേന്ദ്ര