സൗദിയില്‍ : റിയാദ് സീസണ്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 20 മുതല്‍

റിയാദ്: 7500 വ്യത്യസ്ത വിനോദ പരിപാടികളുമായി നടക്കുന്ന സൗദി അറേബ്യയിലെ ഏറ്റവും വലിയ ഉത്സവമായ റിയാദ് സീസണ്‍ ഫെസ്റ്റിവലിനെ വരവേല്‍ക്കാന്‍ രാജ്യം ഒരുങ്ങി. ലോകത്തെ സൗദിയിലേക്ക് സ്വാഗതം ചെയ്യുന്ന റിയാദ് സീസണ്‍ ഫെസ്റ്റിവലിന് ഒക്ടോബര്‍ 20ന് തുടക്കമാകും. രണ്ട് കോടി സന്ദര്‍ശകരെയാണ് ഇത്തവണത്തെ റിയാദ് സീസണ്‍ ഫെസ്റ്റിവലിന് പ്രതീക്ഷിക്കുന്നത്.

സൗദി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയാണ് റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ സംഘാടകര്‍.തലസ്ഥാന നഗരി ഉള്‍ക്കൊള്ളുന്ന റിയാദിലെ 14 ജില്ലകളിലായി 54 ലക്ഷം ചതുരശ്ര മീറ്റര്‍ പ്രദേശത്ത് വ്യാപിച്ചു കിടക്കുന്ന റിയാദ് സീസണ്‍ ഫെസ്റ്റിവലിന്റെ പ്രമേയം ഇമേജിന്‍ മോര്‍ എന്നതാണ്. കൂടുതല്‍ സ്വപ്‌നങ്ങള്‍ കാണാന്‍ ജനങ്ങളെ ആഹ്വാം ചെയ്യുന്നതാണിത്. 11 വെന്യുകളിലായി 70 അറബ് സംഗീത പരിപാടികള്‍, ആറ് അന്താരാഷ്ട്ര കണ്‍സേര്‍ട്ടുകള്‍, 10 അന്താരാഷ്ട്ര പ്രദര്‍ശനങ്ങള്‍, 350 നാടക പ്രദര്‍ശനങ്ങള്‍, റെസ്ലിംഗ് ചാംപ്യന്‍ഷിപ്പ്, പിഎസ്ജിയുടെ ഫുട്‌ബോള്‍ മത്സരം ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ടൂര്‍ണമെന്റുകള്‍ തുടങ്ങിയ 7500ലേറെ പരിപാടികള്‍ ഫെസ്റ്റിലവിന്റെ ഭാഗമായി നടക്കുമെന്ന് ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ തുര്‍ക്കി അല്‍ ശെയ്ഖ് അറിയിച്ചു. 200 റസ്റ്റോറന്റുകളും 70 കഫേകളും നിരവധി കാറ്ററിംഗ് സര്‍വീസുകളും പരിപാടിയുടെ ഭാഗമാകും. കൂടുതല്‍ വിശദാംശങ്ങള്‍ ഒക്ടോബര്‍ നാലിന് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിക്കും.