സീനിയർ മാൻഡ്രേക്ക്

ഈസി ചെയറുകളെയും ടി.വി യുടെ റിമോട്ട് കൺട്രോളിനെയും പ്രണയിക്കുന്ന മടിയൻമാരിൽ മടിയനാണ് എന്റെ നല്ല പാതി എന്ന് ഉറക്കെ പറയാൻ എനിക്ക് യാതൊരു സംശയവും പേടിയും ഇല്ല . ന: ബ്രൂയാത് സത്യമപ്രിയാത് എന്ന മഹദ് വചനം കേട്ടിട്ടേയില്ലാത്തവളാണ് ഞാൻ.

കൂട്ടത്തിൽ അല്പ സമയം സുഖകരമായ ഇരിപ്പിനു പറ്റിയ കസേലകളെക്കുറിച്ച് ഗവേഷണത്തിൽ മുഴുകുന്നത് മൂപ്പരുടെ മറ്റൊരു ഹോബി മാത്രം. ഓഫീസ് ചെയറുകൾ കംഫർട്ടബിൾ ആക്കാനുള്ള പരീക്ഷണം തൊട്ടടുത്ത സീറ്റിലുള്ള അമേരിക്കക്കാരനിൽ പരീക്ഷിച്ച് വിജയിച്ചത് ആഘോഷിക്കാൻ അദ്ദേഹം നടത്തിയ കോഫി സൽക്കാരത്തിനിടെയാണ് അയാളുടെ കൈയ്യിൽ ഇരിക്കാനും കിടക്കാനും, വേണമെങ്കിൽ ഉറങ്ങാനും പറ്റുന്ന ഒരു ലതർ റിക്ലൈനർ ഉണ്ടെന്നും അത് 'വിഷു'വിന് സമ്മാനിക്കാനുമുള്ള ആഗ്രഹം പ്രകടിപ്പിച്ചത്.. (വിശ്വനാഥൻ എന്ന പേര് ഉച്ചരിക്കാൻ ആഗ്രഹമുണ്ടെങ്കിലും ആവാത്തത് കൊണ്ട് പഴയ അമേരിക്കൻ ബോസ് സമ്മാനിച്ച ഓമനപ്പേരാണ് വിഷു . അതിപ്പോൾ മൂപ്പരുടെ സ്ഥിരം പേരായി. )

അങ്ങിനെയൊരു ഓഫർ കേട്ടപ്പോൾ ഞാനുണ്ടാക്കിയ ബഹളം വിലവെക്കാതെ അയാളുടെ സ്നേഹപൂർവ്വമായ നിർബന്ധത്തിനു വഴങ്ങിയെന്ന ഭാവേന സിംഹാസനം പോലെയുള്ള ആ റിക്ലൈനർ വീട്ടിലെത്തിച്ചു..

എന്റെ കഠിനവും ക്രൂരവുമായ നോട്ടങ്ങൾ
തീർത്തുമവഗണിച്ച് പുള്ളിയുടെ വൈകുന്നേരങ്ങൾ കൂടുതൻ നിറം ചേർന്നതായി. രാഷ്ട്രീയവും സിനിമയും പാട്ടും കൂടുതൽ മിഴിവോടെയും സുഖപ്രദമായും ആസ്വദിക്കുന്നതിനിടെ
കസേരയുടെ ഉടമസ്ഥനായ അമേരിക്കൻ സഹപ്രവർത്തകൻ ഇടക്കിടക്ക് "Is everything fine, Are you enjoyig your new chair "
എന്ന് ചോദിക്കും. "Fine" എന്ന മറുപടി കേട്ടാൽ ദീർഘനിശ്വാസത്തോടെ പുള്ളിയെ ഹഗ് ചെയ്ത് തിരിഞ്ഞ് നടക്കും. കൈയൊഴിഞ്ഞ തന്റെ കസേലയോടു പോലുമുള്ള സായ്വിന്റെ അറ്റാച്ച്മെന്റിനെയോർത്ത് വികാരഭരിതനായി കസേരകളെയെ സ്നേഹിക്കുന്ന എന്റെ ഭർത്താവ്.

ഇവിടെ കസേര പ്രണയം കാരണം യുദ്ധങ്ങൾ തുടർന്നു കൊണ്ടേയിരുന്നു.

ഒരു ദിവസം വാശിപ്പുറത്ത് ഞാൻ അതിന്മേൻ ചാരിയിരുന്ന് ചാർജ് തീരാനായ കോഡ്ലെസ് ഫോൺ എടുത്ത് രാജകീയമായി ഗ്രോസറി ഓർഡർ ചെയ്തത് നല്ല ഓർമ്മയുണ്ട്.

അടുത്ത ദിവസം മുഴുവൻ ഫോൺ കാണാനില്ല... അകം പുറം മുഴുവൻ തപ്പിയിട്ടും അവൻ നിശബ്ദനായി ഒളിച്ചിരുന്നു, മറഞ്ഞിരുന്നു... പോയത് റിമോട്ടല്ലാത്തത് കൊണ്ടും ഫോൺ എന്റെ സാമ്രാജ്യമായതു കൊണ്ടും നഷ്ടത്തെക്കുറിച്ചോർത്ത് പുള്ളി വ്യാകുലപ്പെട്ടില്ല.... പക്ഷേ ഞാനാദ്യമായി ആ റിക്ലൈനറിലിരുന്ന ദിവസം തന്നെ ഫോൺ നഷ്ടപ്പെട്ടത് എന്നിൽ ദഹിക്കാതെ കിടക്കുന്നുണ്ടായിരുന്നു... പിന്നീടൊരിക്കലും അതിന്റെ പൊടിപോലും കാണാത്തതിലും വല്ലത്ത ഒരു ദുരൂഹത അനുഭവപ്പെട്ടു..

കസേരയെ ചൊല്ലി യുദ്ധങ്ങൾ തുടർന്നു
കൊണ്ടിരിക്കെ അമേരിക്കൻ സഹപ്രവർത്തകന് സ്ഥലം മാറ്റമായി. പോവുന്നതിനു മുൻപ് പുള്ളിയോട് യാത്ര പറഞ്ഞ് ഹഗ് ചെയ്യുമ്പോൾ "ടേക്ക് കെയർ" എന്ന് പ്രത്യേകമായി ആശംസിക്കുകയും ചെയ്തു.
ഇവിടെ യുദ്ധങ്ങൾ പതിവാണെന്നും കസേരയൊരു കാരണക്കാരൻ മാത്രമാണെന്നും അയാൾ അറിയുന്നില്ലല്ലോ!

ഇന്നലെ നാട്ടിലേക്ക് വിളിച്ച് പരാതികളും പരദൂഷണങ്ങളും പങ്കു വെക്കുന്നതിന്റെ തിടുക്കത്തിൽ അറിയാതെ ഈ ചെയറിൽ ഞാൻ കയറിയിരിക്കുകയും കൂട്ടത്തിൽ ഈ കസേരയെ എത്രയും വേഗം ഇവിടുന്ന് ഓടിക്കാനുള്ള പദ്ധതികൾ അനിയത്തിയുമായി ചർച്ച ചെയ്യുകയും ചെയ്തു. അവളുടെ ഉപദേശ പ്രകാരം ചാരിക്കിടന്നുള്ള ടി.വി കാണൽ അത്ര നല്ലതല്ലെന്ന് മൂപ്പർക്ക് മുന്നറിയിപ്പു കൊടുക്കുകയും ചെയ്തു.

അത്രയേ ഞാൻ ചെയ്തുള്ളൂ....

പിറ്റേന്ന് ഉച്ചക്ക് എവിടെ നിന്നോ ഫോൺ റിങ്ങു ചെയ്യുന്ന ശബ്ദം ശ്രദ്ധിച്ചത് അബ്രുവാണ്. "അമ്മാ ഫോണടിക്കുന്നു" എടുക്കാൻ നോക്കുമ്പോൾ 'ഫോണിന്റെ കഷണം' കാണാനില്ല .....

കോഡ്ലസ് ഫോണിന് അവനിട്ട പേരാണ് കഷണം ഫോൺ. അതെവിടെ പോവാനാണ് എന്ന് ആദ്യം നിസ്സാരമാക്കിയെങ്കിലും ഫോൺ ബെല്ലടിനിർത്തിയിട്ടും അതിനെ കണ്ടു പിടിക്കാനായില്ല. ചാർജ് മുഴുവൻ ഉള്ളത് കൊണ്ട് നിരന്തരം ഫോൺ റിങ്ങു ചെയ്യുന്നത് ഈ സിംഹാസനത്തിന് സമീപത്ത് നിന്നാണെന്ന് കുട്ടികൾ കണ്ടു പിടിച്ചു.

ഫോണിന്റെ മറുതലയ്കലുള്ളയാൾ ഗതികെട്ട് മൊബൈലിൽ വിളിച്ചു.

ഫോണെവിടെ?

ഞാനും കുട്ടികളും മുഖത്തോട് മുഖം നോക്കി. മൊബൈലിൽ നിന്ന് വിളിച്ചു നോക്കിയപ്പോൾ റിക്ലൈനറിന്റെ ഉള്ളിൽ നിന്നാണ് ശബ്ദം. സാദ്ധ്യമായ എല്ലാ ഗ്യാപ്പുകളിലും ഞങ്ങൾ പരിശോധിച്ചു. ആറ് വയസുകാരനായ അബ്രുവിന്റെ വിദഗ്ദ്ധ നേതൃത്വം കസേരക്കാലിനിടയിൽ ഫോൺ ശബ്ദത്തെ സ്പോട്ട് ചെയ്തു.

പക്ഷേ അവിടെക്കെത്താൻ ഒരു വഴിയും കാണാനുമില്ല.

ഒടുവിൽ കുഞ്ഞിക്കൈകൾ സൂക്ഷ്മമായ ചെറിയ ഒരു ഗ്യാപ്പിലൂടെ കൈയിട്ടു നോക്കി "അമ്മാ" എന്നൊരലർച്ചയായിരുന്നു.

ആദ്യം അവൻ പൊക്കിയെടുത്തത് എന്റെ പഴയ ഫോൺ ആയിരുന്നു. പിന്നെ എണ്ണമറ്റ റിമോട്ടുകൾ, സ്കൂൾഐഡികൾ, പെന്നുകൾ, ചെറിയ ടോയ്സ്, അതിന്റെയൊക്കെ ഒടുവിൽ ഈ ഫോൺ കഷണവും.

കൂമ്പാരമായിക്കൂടിക്കിടക്കുന്നവയെ നോക്കി ഞാൻ ഞെട്ടി. റിമോട്ടുകളാണ് ഏറെ, പിന്നെ പഴയ ഉടമസ്ഥന്റെ കുട്ടികളുടെ വിവിധ ഐഡി കാർഡുകളും.

തിന്റെ പഴയ ഉടമസ്ഥൻ വെറുതെയല്ല "Everything fine" എന്ന് ചോദിച്ചു കൊണ്ടിരുന്നത്. വീട്ടിലെ റിമോട്ടുകളും സ്കൂൾ ഐഡികളും പെന്നുകളും അപ്രത്യക്ഷമാക്കുന്ന 'ജൂനിയർ മാൻഡ്രേക്കി' നെയാണ് അയാൾ ഇങ്ങോട്ടേക്ക് കൈമാറിയത്.

എന്റെ നഷ്ടം ഒരു ഫോണിലൊതുങ്ങിയെന്ന് സമാധാനിക്കുമ്പോഴാണ് പെന്നുകളിലൊന്ന് മൊബൈലിൽ എഴുതാനും ചിത്രം വരക്കാനും പറ്റുന്ന 'ബാംബു' ആണെന്ന് വിശ്വേട്ടൻ തിരിച്ചറിഞ്ഞത് .

ഏതായാലും മാൻഡ്രേക്ക് ഇപ്പോൾ രാജകീയ സ്ഥാനത്തായി.

മൊബൈലിൽ കളിക്കാൻ നല്ലത് ഈ റിക്ലൈനർ ആണെന്ന് എനിക്കും മനസ്സിലായി...

ഈ കസേരയോട് എനിക്കുമിപ്പോൾ ചെറിയ പ്രണയമൊക്കെ തോന്നുന്നുണ്ട്......

 

മിനി വിശ്വനാഥൻ

 

Recipe of the day

Sep 272020
ചേരുവകൾ 1. വേവിച്ചെടുത്ത മുഴുവന്‍ കോഴി 2. ബസുമതി റൈസ് 3. ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ് 4. ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്