ശാന്തിമന്ദിർ

വൻനഗരത്തിന്റെ  ഹൃദയഭാഗത്തുള്ള
കൂറ്റൻ കെട്ടിടത്തിന്റെ  ഓഫീസ് മുറിയിൽ ഇരുന്ന്, തന്റെ സ്ഥലം മാറ്റത്തിനുള്ള ഓർഡർ
കൈപ്പറ്റി വായിക്കുമ്പോൾ,  സിസ്റ്റർ റജീനയുടെ
മുഖഭാവം മാറുന്നുവോ... കൈകൾ വിറക്കുന്നുവോ  എന്ന്  സൂപ്രണ്ട് സിസ്റ്റർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. യാതൊരു  ഭാവവ്യത്യാസങ്ങളുമില്ലാതെ  രണ്ടുവട്ടം അതു വായിച്ച്,, സിസ്റ്റർ റജീന  പേപ്പർ മടക്കി കവറിൽ ഭദ്രമായി വച്ചു.
   " സിസ്റ്റർക്ക്  എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ   നമുക്ക് സെന്ററിലേക്ക്  ഒരു റിക്വസ്റ്റ്
കൊടുക്കാം... മറ്റാരെയെങ്കിലും അവർ... "  സൂപ്രണ്ട് സിസ്റ്ററുടെ വാക്കുകൾ പൂർത്തിയാക്കുവാൻ  സിസ്റ്റർ റെജീന സമ്മതിച്ചില്ല... "  എനിക്ക് ഇഷ്ടമാണ് സിസ്റ്റർ... ഇത് എന്നെ തേടി വന്നതല്ലേ...എവിടേക്ക് അയച്ചാലും ഞാൻ പോകേണ്ടതല്ലേ.... അടുത്ത ആഴ്ച്ച തന്നെ ഞാൻ ജോയിൻ ചെയ്യാൻ ആഗ്രഹിക്കുന്നു..."  സിസ്റ്റർ റെജീന ഉറച്ച സ്വരത്തിൽ പറഞ്ഞു.
            അനാഥരായ കുട്ടികളെ കണ്ടെത്തുകയും
അവരെ ഏറ്റെടുത്ത്, പരിപാലിക്കുകയും ചെയ്യുന്ന ശാന്തിമന്ദിർ എന്ന സ്ഥാപനത്തിന്റെ
ബോയ്സ് ഹോമിൽ, സിസ്റ്റർ ജോലി ചെയ്യാൻ തുടങ്ങിയിട്ട് ചില വർഷങ്ങളായി. പെൺകുഞ്ഞുങ്ങൾക്കായി മറ്റൊരു സ്ഥാപനം അത്ര ദൂരെയല്ലാതെ പ്രവർത്തിച്ചു വരുന്നു. നഗരത്തിൽ ഉപേക്ഷിക്കപ്പെടുന്ന കുട്ടികളുണ്ട്...
നിവൃത്തികേടുകൊണ്ട്  ബന്ധുക്കൾ കൊണ്ടുവന്ന് ഏൽപ്പിച്ചു പോകുന്ന മക്കളുണ്ട്...
ആകസ്മികമായി ഉറ്റവരെ നഷ്ടപ്പെട്ട് വിധിക്കു
കീഴടങ്ങേണ്ടി വന്ന  കുഞ്ഞുങ്ങളുമുണ്ട്...
         വളരെ സൗകര്യപ്രദമായ സ്ഥലത്താണ് ബോയ്സ് ഹോം ഉള്ളത്  . എന്നാൽ  നഗരത്തിന് പുറത്ത് ചേരിപ്രദേശത്ത്, മാസങ്ങൾക്ക് മുൻപ്
ആരംഭിച്ച  ഒരു ബോയ്സ് ഹോമിലേക്കാണ്‌  സിസ്റ്റർ റെജീന പോകേണ്ടിയത്. കുട്ടികൾക്ക്
പ്രാഥമിക വിദ്യാഭ്യാസം  നൽകുന്നതിലും  മികച്ച പരിചരണം നൽകുന്നതിലും   പ്രവർത്തനമികവും തികഞ്ഞ അർപ്പണവും ഉള്ളതുകൊണ്ടാവാം  പുതിയ സ്ഥലത്ത് സ്ഥാപനം പടുത്തുയർത്താൻ   സിസ്റ്ററെത്തന്നെ
മേലധികാരികൾ  ചുമതല എല്പിച്ചത്. പോകുമ്പോൾ ഒരു വിഷമംമാത്രമേയുള്ളു.., എങ്ങനെ കുട്ടികളെ പിരിയും... കുഞ്ഞുങ്ങൾക്ക്
സിസ്റ്ററോട്  വലിയ സ്നേഹമാണ്... അവരുടെ
ആരൊക്കെയോ ആണ് സിസ്റ്റർ റജീന...
               സന്യാസിനിയായി  സമൂഹത്തിലെ   ദുർബലർക്ക് വേണ്ടി
പ്രവർത്തിക്കണം എന്ന  റജീനയുടെ ആഗ്രഹത്തിന്  ചാച്ചനും അമ്മച്ചിയും ആദ്യമൊക്കെ  എതിരായിരുന്നു. എന്നാൽ സോഷ്യൽ വർക്കിൽ
ബിരുദാനന്തരബിരുദം  പൂർത്തിയാക്കിയ റജീനയുടെ  ഉറച്ച തീരുമാനത്തെ അവർക്ക് അംഗീകരിക്കേണ്ടിവന്നു. സന്യാസജീവിതത്തിൽ, സേവനത്തിന്റെ പാതയാണ് അവർ തെരഞ്ഞെടുത്തത്.   തന്നെ എൽപ്പിക്കുന്ന  ഉത്തരവാദിത്തങ്ങൾ അവർ ഭംഗിയായി
നിർവ്വഹിച്ചുപോന്നു. വിവിധ സംസ്ഥാനങ്ങളിലായി  ശാന്തിമന്ദിറിന്റെ  വിവിധ
സ്ഥാപനങ്ങളിൽ ജോലി ചെയ്തു. ഇടയ്ക്കിടെ മാറ്റം ലഭിക്കുമ്പോൾ  അതാതു സ്ഥലത്തെ ഭാഷ
പഠിച്ചെടുക്കുക  അവരിൽ  പ്രയാസം ഉളവാക്കി എന്നിരുന്നാലും, എല്ലാവർക്കും മനസ്സിലാകുന്ന ഭാഷ.... സ്നേഹത്തിന്റെ ഭാഷ...അതായിരുന്നു
നാല്പതുകാരിയായ  സിസ്റ്ററുടെ കൈമുതൽ.
            പുതിയ സ്ഥലത്ത് സിസ്റ്റർ ചാർജ് ഏറ്റെടുക്കാൻ ചെന്ന  അന്ന് പുലർച്ചെ ആണ് രണ്ടു വയസ്സുകാരൻ മുന്നയും അവിടെ എത്തിപ്പെട്ടത്. പുലർച്ചെ ഇരുട്ടിൽ ആരോ അവനെ ബോയ്സ് ഹോമിന്റെ ചെറിയ ചുറ്റു മതിലിനുള്ളിൽ ഇരുത്തിയിട്ട് പോകുകയായിരുന്നു. ആയ  ബാനുവക്ക  എത്ര ശ്രമിച്ചിട്ടും  അവൻ കരച്ചിൽ നിർത്തിയില്ല... കെയർടേക്കർ റോസ് സിസ്റ്ററും ഭക്ഷണം ഉണ്ടാക്കുന്ന  ദുർഗാംബാളും  ആവുന്നത് ശ്രമിച്ചു
പരാജയപ്പെട്ടു... സിസ്റ്റർ റജീന അവനെ വാരിയെടുത്ത്  തലോടി... കുഞ്ഞ് പതിയെ ശാന്തനായി... "ഏയ്... സൈക്കിൾ ബോയ്... നാം ക്യാ ഹേ..."    മുറ്റത്ത്‌  ചെറിയ സൈക്കിളിൽ  ഇരുന്ന് , തന്നെ തറച്ചു നോക്കുന്ന അഞ്ചു വയസ്സ് തോന്നിക്കുന്ന ബാലനോട് അവർ ചോദിച്ചു. അവൻ ഒന്നും മിണ്ടാൻ കൂട്ടാക്കിയില്ല.      "അതു കിഷോർ...  രണ്ടാഴ്‌ചയെ ആയുള്ളു അവൻ വന്നിട്ട്... അവന്റെ അമ്മ അവനെ ഏൽപ്പിച്ചു പോകുമ്പോൾ  സൈക്കിൾ വാങ്ങിക്കൊണ്ടുവരാം എന്നു പറഞ്ഞാണ് ഒരുവിധം ഇവിടെ  നിർത്തിയത്....രണ്ടു ദിവസം കഴിഞ്ഞ് എങ്ങനെയോ ഒരു പഴയ സൈക്കിൾ ഒപ്പിച്ച്  കൊണ്ടുവന്ന് കൊടുത്തു... ഇപ്പൊ വരാം എന്നു പറഞ്ഞു കരഞ്ഞുകൊണ്ട്  അവർ പോയി ... അമ്മ വരുമെന്ന് കരുതി  കാത്തിരുപ്പാണ് അവൻ..." സിസ്റ്റർ റോസ് ശബ്ദം താഴ്ത്തി സിസ്റ്റർ റെജീനയോടു പറഞ്ഞു... സിസ്റ്റർ റജീന അവനെ അലിവോടെ നോക്കി. താഴ്ന്ന പ്രദേശത്ത് ഉയർത്തിയെടുത്ത ഭൂമിയിൽ നിർമ്മിച്ചിരിക്കുന്ന
ചെറിയ കെട്ടിടം... ശാന്തിമന്ദിർ  ബോയ്സ് ഹോമിലേക്ക്  സിസ്റ്റർ റജീന  മുന്നയെ  എടുത്തുകൊണ്ട്
കയറിപ്പോയി.
               ഏതാനും നാൾ കൊണ്ട് സിസ്റ്റർ റജീന,
കുട്ടികൾക്ക്      പ്രിയപ്പെട്ടവളായി. സദാ  പ്രസന്നവതിയായ അവരുടെ പുഞ്ചിരി കളിയാടുന്ന മുഖം കണ്ടാൽ ഏതൊരു കുട്ടിയും അനുസരണയുള്ളവർ ആകുമായിരുന്നു. നഗരത്തിലെ കുട്ടികൾക്ക്  നല്ല ജീവിത സൗകര്യവും മികച്ച  ഭക്ഷണവും ലഭിക്കാൻ സാധ്യതകൾ കൂടുതലാണ്. ഒരുപാട് സ്പോൺസേഴ്‌സും  ഉണ്ട്... ഇവിടെ അതൊക്കെ കുറച്ച് പ്രയാസമാണ്... അനാഥത്വത്തിന്റെ കയ്പ്
അവിടെയും ഇവിടെയും ഒരുപോലെ തന്നെ...
         ഞെരുങ്ങിയ സാഹചര്യങ്ങളിലും  സിസ്റ്റർ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകി വന്നു. അവരെ സ്നേഹിക്കാനും അവരോടൊപ്പം
കളിക്കാനും അവർ സമയം കണ്ടെത്തി. കുട്ടികളുടെ എണ്ണം വർദ്ധിച്ചുവന്നു. പരിമിതമായ സൗകര്യങ്ങളിൽ  അവരെ പരിപാലിക്കുക ദുഷ്കരം... ഭക്ഷണത്തിനുള്ള സാധനങ്ങളുമായി
സെന്ററിൽ നിന്ന് മാസത്തിൽ ഒരിക്കൽ   വണ്ടി അയയ്ക്കും... ഇടയ്ക്ക് ചെറിയ ആവശ്യങ്ങൾ വന്നാൽ ചേരിക്കപ്പുറത്തെ  അനാദിക്കടയിൽ പോയി വാങ്ങി വരുന്നത് കിഷോർ ആണ്...ബിസ്‌ക്കറ്റ് രണ്ടുമൂന്നെണ്ണം അവന് കൂടുതൽ നൽകും... അത് അവൻ അപ്പോൾ കഴിക്കില്ല... വിശക്കുമ്പോൾ കഴിക്കാനായി പോക്കറ്റിൽ സൂക്ഷിക്കും... അരിച്ചരിച്ചാണ് അവൻ ബിസ്‌ക്കറ്റ് കഴിക്കുന്നത്‌.... തീർന്നുപോകാതിരിക്കാൻ...
                  മുന്നയും വളർന്നു... അവനാണ് സിസ്റ്ററുടെ ഓമനക്കുട്ടൻ. എപ്പോഴും പിന്നാലെ ഉണ്ടാകും. ഇടയ്ക്ക് കുട്ടികളെ ഒന്നിച്ചിരുത്തി പാട്ടുകൾ പാടാൻ ഏല്പിച്ച്  സിസ്റ്റർ അടുക്കളയിലേക്ക് ഒന്നു പോരും... പച്ചക്കറി നുറുക്കാൻ ദുർഗാംബാൾക്ക്  ഒരു കൈ സഹായിക്കാനാണ്... മുന്ന പിറകെ വച്ചു പിടിക്കും. ഒരിക്കൽ ഇരുത്തിയിട്ടുപോന്ന കുട്ടികൾ വല്ലാതെ ബഹളം വച്ചുതുടങ്ങി... "സിസ്റ്റർ  ഈസ്‌ കമിങ്  വിത്ത്‌ എ സ്റ്റിക്ക്..."
എന്നു പറയാനായി മുന്നയെ പഠിപ്പിച്ചു വിട്ടു സിസ്റ്റർ. കുട്ടി എന്താണ് ചെന്ന് പറയുന്നത് എന്നറിയാൻ പതിയെ പിന്നാലെ ചെന്നു  മറഞ്ഞു നിന്ന് നോക്കി... "സ്റ്റിക്ക് ഈസ്‌ കമിങ്..." മുന്ന
ഗൗരവത്തിൽ അവരോട് പറയുന്നത്  കേട്ട് സിസ്റ്റർക്ക് ചിരി അടക്കാനായില്ല.
                മഴക്കാലം വന്നെത്തി. കറുത്തിരുണ്ട ആകാശം... നിർത്താതെ പെയ്യുന്ന മഴ... ദൂരെ കടൽ ക്ഷോഭിച്ചിരിക്കുന്നു... താഴ്ന്ന പ്രദേശങ്ങൾ  വെള്ളക്കെട്ടുകളായി... കടൽ ആക്രമണം രൂക്ഷമായാൽ  വെള്ളം ഇനിയും ഉയരുവാൻ
സാധ്യതയുണ്ട്. സെന്ററിൽ നിന്നുള്ള വണ്ടിക്ക് എത്താൻ കഴിഞ്ഞിട്ടില്ല. ഫോൺ ബന്ധങ്ങൾ അറ്റു...പുറത്തു നിന്നു വരുന്ന സഹായികൾക്കും എത്തിപ്പെടുവാൻ പറ്റുന്നില്ല... ചതുപ്പ് താണ്ടി ഒന്നും ചെയ്യുവാൻ കഴിയില്ല. ഉള്ളതു കൊടുത്ത് കുഞ്ഞുങ്ങളെ ആശ്വസിപ്പിച്ചുകൊണ്ടിരുന്നു...
          ഒരാഴ്ച്ച തുള്ളി തോരാത്ത മഴ,  അല്പമൊന്നു മാറിനിന്ന വൈകിയ സായാഹ്നത്തിൽ, ഒരു ബോട്ട് രക്ഷാദൗത്യവുമായി എത്തുമ്പോൾ വെള്ളം  വരാന്തയിലേക്കുള്ള പടവുകളിൽ ഓളം തല്ലിത്തുടങ്ങിയിരുന്നു. മുന്നയെ എടുത്ത് സിസ്റ്റർ റെജീന നിന്നു. സിസ്റ്റർ റോസും  ദുർഗാംബാളും
കുട്ടികളെ വെള്ളത്തിൽ കൂടി നടത്തിയും എടുത്തുമായി  ഉയരം കുറഞ്ഞ ചുറ്റുമതിലിന്
അരികിലേക്ക് എത്തിച്ചു... റെയിൻ കോട്ട് ധരിച്ച
യുവാവ് കുട്ടികളെ ഏറ്റുവാങ്ങി ബോട്ടിലേക്കു കയറ്റി. ഓളങ്ങളിൽ ഇളകുന്ന ബോട്ടിൽ കുട്ടികളെ ഇരുത്താനായി സിസ്റ്റർ റോസ്  ബോട്ടിലേക്കു കയറി. പരമാവധി പേർ കയറിക്കഴിഞ്ഞു. ഇനി.... ദുർഗാംബാൾ... സൈക്കിൾ ഉപേക്ഷിക്കാൻ മനസ്സില്ലാത്ത കിഷോർ.... മുന്നയെ എടുത്ത് സിസ്റ്റർ റെജീനയും...
                    ബോട്ടിൽ നിന്നു യുവാവ് സിസ്റ്റർ റജീനയെ  കൈമാടി വിളിച്ചു... കുഞ്ഞിനെയുമെടുത്ത്  മതിലോരത്തേക്ക്  ചെന്ന സിസ്റ്ററോട്  അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു... "ഒരുപാട് സ്ഥലങ്ങളിൽ എത്തിപ്പെടേണ്ടതുണ്ട്... മുകളിൽ നിന്ന് കർശനമായ നിർദേശം ലഭിച്ചിട്ടാണ് ഇങ്ങോട്ടേക്ക് ഒരു ബോട്ട് അനുവദിച്ചത്...മഴ തുടർന്നാൽ ഈ കെട്ടിടം വെള്ളത്തിൽ അമരും... സ്ഥലം കുറവാണ്... സിസ്റ്റർ വേഗം കയറിക്കോളൂ... കടലാക്രമണം തുടർന്നാൽ മടക്കയാത്ര  ബുദ്ധിമുട്ടാകും... വേഗം..." അയാൾ തിരക്കുകൂട്ടി. സിസ്റ്റർ  ഒരു സെക്കന്റ്‌ ചാച്ചനെയും അമ്മച്ചിയേയും ഓർത്തു..... "അപ്പോൾ ഇവർ..."  സിസ്റ്റർ കിഷോറിനെയും ദുർഗാംബാളെയും തിരിഞ്ഞു നോക്കി ചോദിച്ചു. യുവാവിന്റെ മുഖത്തെ നിസ്സഹായത കണ്ട് സിസ്റ്റർ,  ദുർഗാംബാളെ നിർബന്ധിച്ചു ബോട്ടിലേക്കു കയറ്റി. ബോട്ട് വല്ലാതെ ഉലഞ്ഞു.
മുന്നയെ തന്നിൽ നിന്ന് അടർത്തി ബോട്ടിലേക്കു കൊടുക്കാൻ സിസ്റ്റർ ശ്രമിച്ചു... എന്നാൽ ഇളകുന്ന ബോട്ടിൽ  തിക്കിതിരക്കി എഴുന്നേറ്റ് നിൽക്കുന്നവർക്കാർക്കും കുട്ടിയെ കൈപ്പറ്റാനാകുന്നില്ല... "കുഞ്ഞിനെക്കൂടി കൊണ്ടുപോകൂ..." സിസ്റ്റർ കേണു... ആ ചെറുപ്പക്കാരൻ മുന്നയെ എടുക്കാനായി ബാലൻസ് ചെയ്തുനിന്ന് കൈകൾ  നീട്ടി.
മുന്ന,   സിസ്റ്ററുടെ കഴുത്തിൽ ഇറുകെ  കെട്ടിപ്പിടിച്ച് വാവിട്ടു നിലവിളിച്ചു. ശക്തി കൂടി വരുന്ന ഓളങ്ങളിൽ ബോട്ട് വല്ലാതെ ചാഞ്ചാടിത്തുടങ്ങി. ബോട്ട് ഡ്രൈവർ തിരിഞ്ഞു യുവാവിനെ നോക്കി  എന്തോ ഉച്ചത്തിൽ പറഞ്ഞു.  ഓളങ്ങളിൽ പൊങ്ങിയും താണും ബോട്ട് ദൂരേക്ക് മാറി ...തേങ്ങുന്ന ഹൃദയങ്ങളോടെ  ബോട്ടിലുള്ളവർ  അവരെ  വേർപിരിഞ്ഞു...യാത്രയായി....
        സിസ്റ്റർ റജീന തിരിഞ്ഞ്  സൈക്കിളിൽ ഇരിക്കുന്ന കിഷോറിനെ നോക്കി... അവൻ ഒരു പരിഭ്രാന്തിയുമില്ലാതെ പോക്കറ്റിൽ നിന്ന് ബിസ്ക്കറ്റ്  എടുത്ത് ഒരു നുറുക്ക് മുന്നയ്ക്ക്  നൽകി... ഒരു നുറുക്ക് കഴിക്കാനായി അവനും എടുത്തു എങ്കിലും എന്തോ ആലോചിച്ച് പോക്കറ്റിലേക്ക്  അത് തിരികെ നിക്ഷേപിച്ചു.
കരച്ചിൽ അടങ്ങിയ കുഞ്ഞിനെയും കൊണ്ട് സിസ്റ്റർ റജീന വെള്ളം വകഞ്ഞ് ശാന്തിമന്ദിറിന്റെ അകത്തേക്ക് കയറിപ്പോയി... സൈക്കിൾ എടുത്ത് അകത്തേക്ക് വച്ചുകൊണ്ട് പിന്നാലെ കിഷോറും...അന്തരീക്ഷം ഇരുണ്ടു... പെരുമഴ വീണ്ടും പെയ്ത്തു തുടങ്ങി...

ഉഷാ റോയ്