രാമേശ്വരം യാത്ര! 

ഒരുപാട് മോഹിച്ചതിനു ശേഷം നടപ്പിലായ ഒരു യാത്രയാണ്  രാമേശ്വരം യാത്ര!
ധനുഷ്കോടി മുനമ്പിൽ നിന്നാണ് രാമസേതു ആരംഭിക്കുന്നത്.1964 ഡിസംബർ 22 മുതൽ 25 വരെ വീശിയ ഭീകരമായ ചുഴലിക്കാറ്റിന്റെ ആക്രമണത്തിൽ സമുദ്രനിരപ്പിൽനിന്ന് ഏറെ ഉയരത്തിലല്ലാതെ വലിയ ഒരു മണൽത്തിട്ട പോലെ കിടക്കുന്ന ധനുഷ്‌കോടി പ്രദേശമാകെ തകർന്നടിഞ്ഞിരുന്നു. പിന്നീട് 2004 ഡിസംബർ 26നുണ്ടായ സുനാമി ദുരന്തത്തിൽ ഈ പ്രദേശം ഏതാണ്ട് പൂർണമായും കടലെടുത്തുപോയി.

ധനുഷ്കോടിയിലെ കടൽത്തീരത്തു നിൽക്കുമ്പോൾ കടലും ആകാശവും ഒന്നായ് ചേരുന്നപോലെയുള്ള പ്രതീതി.നീലാകാശവും നീലക്കടലും...അനന്തമായ മണൽപ്പരപ്പും...മനോഹരമായ ദൃശ്യം.
ശ്രീലങ്കയിലേയ്ക്ക് അധികം ദൂരമില്ലയെന്നത്‌ ഏറെ കൗതുകത്തോടെ നോക്കിക്കണ്ടു! ബലികർമ്മങ്ങൾക്കായി എത്തിയ ഒരു കുടുംബവും ഞാൻ എത്തിച്ചേരുമ്പോൾ അവിടെയുണ്ടായിരുന്നു.... ഒരു ജന്മത്തിൽ കാണാവുന്നതിൽ ഏറ്റവും വിസ്മയകരമായ കാഴ്ച തന്നെയാണ് കടൽ! ചിന്തകളുടെ ആഴം തീർക്കുന്ന കടൽ! ശാന്തമാണ് ഇപ്പോൾ കടൽ. തിരകളേയില്ല. നേരിയ ഒരു ഓളം മാത്രം. കടൽത്തീരത്ത് അലഞ്ഞു നടക്കുന്ന കഴുതകൾ... ഒരു ജീവിയെ കണ്ടതിന്റെ സഹാനുഭൂതി ഉള്ളിലുണ്ടാക്കി..
കര നീണ്ടു കിടക്കുന്ന മണൽപ്പരപ്പു മാത്രം....നോക്കെത്താ ദൂരത്തോളം! മണൽപ്പരപ്പിൽ പൊതുവേ
തമിഴ്‌നാട്ടിലാകെയും കാണുന്ന തരത്തിലുള്ള മുൾച്ചെടികൾ; കടലിനോടു ചേർന്നും അല്ലാതെയും!
രാവിലെ എട്ടുമണിയോടെ തന്നെ വെയിലിന്റെ ചൂട് എനിക്കു സഹിക്കാവുന്നതിനും അപ്പുറമായി.
അങ്ങകലെയായി ഒരു കെട്ടിടത്തിന്റെ അവശിഷ്ടം തലയുയർത്തി നിൽക്കുന്നു. ഒരു വാട്ടർ ടാങ്കിന്റെ ഭാഗമാണത്.. തൊട്ടടുത്തായി ഒരു പള്ളിയുടെ അവശേഷിപ്പുകൾ, കാൽച്ചുവരുകൾ! അൾത്താരയിൽ തൊട്ടുനിന്നപ്പോൾ കൈകൾക്കൊരു വിറയൽ പോലെ! എത്രയോ പേരുടെ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്നതിൽ സാന്നിധ്യം വഹിച്ച വിശുദ്ധ ബലിപീഠമേ...പ്രണാമം
കുറച്ച് അകലെയായി ഒരു ക്ഷേത്രത്തിന്റെ കൽച്ചുവരുകൾ ഒപ്പം അവിടുണ്ടായിരുന്ന പോസ്റ്റോഫീസിന്റെയും ! കടൽനക്കിയെടുത്ത് സംഹാരതാണ്ഡവമാടിയ ശേഷം അവശേഷിച്ച പഞ്ജരങ്ങൾ പോലെ ശ്മശാനമൂകമായ ആ മണൽപ്പരപ്പിൽ അനാഥമായി നിലകൊണ്ടു. ഈ സ്ഥലത്തിന്റെ ഭൂതകാലത്തെ മനസിലൊന്നു സങ്കല്പിച്ചു നോക്കി, വെറുതെ! ക്ഷേത്രവും അതിന്റെ ശ്രീകോവിലും, അതിനു ചുറ്റുമുണ്ടായിരുന്ന ഭക്തജനങ്ങളും...
  


തൊട്ടടുത്തുള്ളൊരു ചെറിയ ക്ഷേത്രത്തിൽ
വെള്ളത്തിൽ പൊന്തിക്കിടക്കുന്ന ഒരു പാറക്കല്ല് !!! സാമാന്യം വലിപ്പമുള്ള ഒന്ന്. ഒരു ടാങ്കിൽ സൂക്ഷിച്ചിരിക്കുകയാണ്. സമുദ്രത്തിൽ രാമസേതു ഭാഗത്തായി പൊന്തിക്കിടന്നൊഴുകുന്ന കല്ലുകളുണ്ടത്രെ. അത്തരത്തിൽ ഒന്ന്. ത്രേതായുഗത്തിൽ ശ്രീരാ മ നിയോഗാർത്ഥം വാനരസേന ചിറകെട്ടാൻ ഉപയോഗിച്ചതിലുള്ളതാണ് ഈ അത്ഭുതവസ്തു എന്ന് ഭക്തർ പൊതുവേ വിശ്വസിക്കുന്നു! ടാങ്കിലെ വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന കല്ലിനെ
വിരലുകൾകൊണ്ട് ഒന്ന് മെല്ലെ താഴ്ത്താൻ ശ്രമിച്ചെങ്കിലും ഫലവത്തായില്ല! ജലസാന്ദ്രതയേക്കാൾ സാന്ദ്രത കുറഞ്ഞ സിലിക്കേറ്റ് വസ്തുക്കളോ! കണ്ടും കേട്ടും പരിചയിച്ചതിനും അപ്പുറം ഒന്ന്!
വീണ്ടും കടലിലേയ്ക്ക് ശ്രദ്ധയെ നീട്ടിവിട്ടു!
ഇപ്പോൾ തിരയടിക്കുന്ന ചേതോകരമായ കാഴ്ചയാണ്.
കടപ്പുറത്ത് ഒരു വൃദ്ധൻ! സഞ്ചാരികളോട് യാചിച്ച് വാങ്ങി വയറുപിഴയ്ക്കുന്ന ഒരു സാധു! ധനഷ് കോടിയുടെ നാശചരിത്രം കണ്ടറിഞ്ഞതുപോലെ അദ്ദഹം പറഞ്ഞുതന്നു! 1964 ഡിസംബർ 24 ന് അവിടെയുണ്ടായ ചുഴലിക്കൊടുങ്കാറ്റ് പ്രദേശത്തെ മുഴുവൻ ജനങ്ങളെയും കുടഞ്ഞെറിഞ്ഞതിന്റെ ചരിത്രം... വൻ തിരമാലകൾ എല്ലാം തൂത്തുവാരി മാറ്റിയതിന്റെ ദുരന്തചരിതം .....
രക്ഷപ്പെട്ടവരുടെ ഏതാനും പേരുടെ കൂട്ടത്തിലുണ്ടായിരുന്ന ആളാണത്രെ അദ്ദേഹം! ഒരു മരക്കൊമ്പിൽപിടിച്ചു കിടന്നാണ് ജീവൻ സംരക്ഷിച്ചതെന്ന്‌!
ഒറ്റരാത്രി കൊണ്ട് കടലെടുത്തു പോയ അയാളുടെ വീടും മാതാപിതാക്കളും സഹോദരങ്ങളും... ബന്ധുക്കളും
കൂട്ടുകാരും...നാട്ടുകാരുമൊക്കെ.... അതു
പറയുമ്പോൾ അയാളുടെ കണ്ണുകളിൽ ആഴത്തിലാണ്ട നിർവികാരത!

നേരേ മണല്പരപ്പിലൂടെ നോക്കുമ്പോൾ നിരനിരയായി കിടക്കുന്ന പാറക്കെട്ടുകളുടെ അവശിഷ്ടം. അതൊരു റയിൽപ്പാലത്തിന്റേതാണ് എന്നത് ആരെങ്കിലും പറഞ്ഞു തന്നാൽ മാത്രമേ മനസ്സിലാവുകയുള്ളു... കല്ക്കെട്ടിനു മുകളിലെ പാളത്തിലൂടെ കടൽ മുനമ്പ് ലക്ഷ്യമാക്കി ഒരു ട്രെയിൻ കൂകിപ്പായുന്നതു വെറുതെ ഒന്നു സങ്കല്പിച്ചു നോക്കി. ഭൂതകാലത്തേയ്ക്കൊരു പ്രയാണം! മനസുകൊണ്ട് .... അന്ന് തകർന്നടിഞ്ഞ പാളത്തിന്റെ ഇരുമ്പിലുള്ള അവശിഷ്ടങ്ങൾ തിരികെ പോരുമ്പോൾ അവിടവിടെയായി കണ്ടു..
നാമമാത്രമായി ജനവാസമുള്ള ഇടങ്ങൾ. മിക്കയിടത്തും ഓല കൊണ്ടുള്ള കുടിലുകൾ. പള്ളിയോട് ചേർന്നുള്ള ഒരു കുഴിയിൽ ശുദ്ധജലം! അത് കോരിയെടുക്കുന്ന ഒരു സ്ത്രീയിൽനിന്നും അല്പം വാങ്ങിക്കു ടിച്ചു. ഒട്ടും ഉപ്പില്ല... തെളിഞ്ഞ വെള്ളം. ചുറ്റിനും ഉപ്പുമുറ്റിയ ബംഗാൾ ഉൾക്കടൽ! അമ്പത് മീറ്ററിൽ കൂടുതൽ ദൂരമില്ല അവിടെ നിന്നും കടലിലേക്ക്. അത് മറ്റൊരു അത്ഭുതമായിരുന്നു. മുഖത്തേയ്ക്കു നോക്കി ഒന്നു പരിചയം പോലെ ഒന്നു മന്ദഹസിച്ചാൽ പോലും തിരികെ ചിരിച്ചു കാട്ടാനാകാതെയായ ചിരി മറന്ന മുഖങ്ങൾ !
പക്ഷേ, കരിക്കു വിൽക്കുന്ന അഴകി
മനം നിറഞ്ഞു ചിരിച്ചുകൊണ്ട് കരിക്കുവെട്ടിത്തന്നു; 40 രൂപ ഒരെണ്ണത്തിന്‌.
യാത്രയ്ക്കിടയിൽ പരിചയപ്പെട്ട പൂവരശൻ എന്ന ഓട്ടോറിക്ഷക്കാരൻ ....അയാളാണ് എല്ലായിടവും ചുറ്റിനടന്നു കാണാൻ സഹായിച്ചത്.

അതാ....പാമ്പൻപാലം!
1964 ഡിസംബർ 22 രാത്രിയിലുണ്ടായ ഭീകരമായ ആ ചുഴലിക്കാറ്റ് പാമ്പൻ ദ്വീപിനെ തകർത്തെറിഞ്ഞു. ധനുഷ്കോടിയിലേക്ക് പോവുകയായിരുന്ന ഒരു ട്രെയിൻ ഒന്നാകെ കടലിലേക്ക് ഒലിച്ചുപോയി. യാത്രക്കാരിൽ ആരും രക്ഷപ്പെട്ടില്ല. ധനുഷ്കോടി പട്ടണവും റോഡും തീവണ്ടിപ്പാളവു മെല്ലാം അങ്ങനെയാണ് പൂർണ്ണമായി നശിച്ചത്. പാമ്പൻപാലത്തിനും കാര്യമായ കേടുപറ്റി. പാലത്തിന്റെ നടുവിലെ ലിഫ്റ്റ് തകർന്നില്ല. ഈ ഭാഗം നിലനിർത്തി പിന്നീട് പുതുക്കിപ്പണിതതാണ് ഇപ്പോഴുള്ള റെയിവേപ്പാലം. ദുർഘടമായ കൊങ്കൺ പാതയും ഡൽഹി മെട്രോയും കൊച്ചി മെട്രോയും പണിയാൻ നേതൃത്വം വഹിച്ച നമ്മുടെ ഇ. ശ്രീധരൻ തന്നെയാണ് പാമ്പൻ പാലവും പുതുക്കിപ്പണിയുന്നതിന് നേതൃത്വം വഹിച്ചത്. അന്നത്തെ ദുരന്തത്തിനു ശേഷം ധനുഷ്കോടിയിൽ ആളൊഴിഞ്ഞു. തകർന്ന കെട്ടിടങ്ങൾ മാത്രമാണ് അവിടെയിപ്പോഴുള്ളത്. തീവണ്ടികൾ രാമേശ്വരം വരെയെ പോകൂ.

പുതിയ ഒരു ബ്രോഡ്ഗേജ് പാലം നിർമ്മിക്കണമെങ്കിൽ 800 കോടി രൂപ ചെലവു വേണ്ടിവരുമെന്നതിനാൽ പാമ്പൻപാലം ഉപേക്ഷിക്കേണ്ട സാഹചര്യം വന്നപ്പോഴാണ് ഏ. പി. ജെ. അബ്ദുൽ കലാം രാഷ്ട്രപതിയാവുന്നത്. രാമേശ്വരനിവാസിയായ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം പാലം പുതുക്കിപ്പണിത് ബ്രോഡ്ഗേജ് ആക്കാൻ ഐ.ഐ.റ്റി വിദ്ഗ്ധരുടെ സഹായത്താൽ കഴിഞ്ഞു. 2007ൽ പാമ്പൻ പാലം ബ്രോഡ്ഗേജായി. 24 കോടിയായിരുന്നു ചിലവ്. 2009ൽ ചരക്കു തീവണ്ടികൾക്ക് കടന്നുപോകാൻ കഴിയും വിധം ശക്തിപ്പെടുത്തി. ഇന്ന് പാമ്പൻ പാലത്തിനു 2057 മീ. നീളമുണ്ട്. 145 തൂണുകൾ, 40 അടി വീതിയുള്ള ഉരുക്കു ഗർഡറുകൾ. ഇന്ത്യയിലെ ആദ്യ കാൻഡിലിവർ പാലം! ഇരുവശത്തേക്കും കത്രികപോലെ മടക്കുകയോ വിടർത്തുകയോ ചെയ്യാവുന്ന മടക്കുകത്രികപ്പാലം! പാക് കടലിടുക്കിലൂടെ കപ്പലുകൾ വരുമ്പോൾ പാമ്പൻ റയിൽപാലം പൂട്ടഴിച്ച് ഗേറ്റ് തുറക്കുമ്പോലെ ഇരു വശത്തേക്കും ഉയർത്തും. അടിയിലൂടെ കപ്പലുകൾ കടന്നുപോകും. പോയിക്കഴിഞ്ഞാൽ താഴ്ത്തി വീണ്ടും ചേർത്തുവച്ച് ട്രയിനുകൾ കടന്നുപോകുന്നു. ഇതുവഴി ഒരു മാസം പത്തു കപ്പലുകളെങ്കിലും പോകുന്നുണ്ട്.
ഒരു ട്രയിൻ കടന്നുപോവുന്നത് കാണുവാനുള്ള അവസരമുണ്ടായില്ല.
അങ്ങനെ രാമേശ്വരത്ത്. ശ്രീരാമൻ കടൽപ്പുറത്തെ മണൽ ചേർത്തുവച്ച് ശിവലിംഗമുണ്ടാക്കി ഉപാസന നടത്തിയ മഹാക്ഷേത്രം! ഭഗവാൻ ശിവൻ നേരിട്ട് പ്രത്യക്ഷപ്പെട്ട പന്ത്രണ്ടു ജ്യോതിർലിംഗങ്ങളിൽ തെക്കേയറ്റത്തേത്!

രാമേശ്വരത്തെ രാമനാഥസ്വാമി ക്ഷേത്രമെന്നാണ് അറിയപ്പെടുന്നത്.
അതിനാൽ സ്ഥലനാമം രാമേശ്വരം എന്നായി. ജ്യോതിർലിംഗം എന്നതു കൂടാതെ തന്നെ ഇന്ത്യയിലെ മഹത്തായ നാല് ക്ഷേത്രങ്ങളിൽ (ചാരോ ധാം) ഒന്നായും കണക്കാക്കപ്പെടുന്നു.

ക്ഷേത്രത്തിനു മുന്നിലെത്തിയപ്പോൾ പരിചയഭാവത്തോടെ മുന്നിലൊരാൾ..... വെങ്കിടേഷ് !
കക്ഷി ഗൈഡ് ആണ്‌.
മൊബൈൽ കൊണ്ടു ക്ഷേത്രത്തിനകത്തേക്ക് പ്രവേശനമില്ല.
എല്ലായിടവും ചുറ്റിനടന്ന്‌ കാണുന്നതിന് വെങ്കിടേഷ് സഹായിച്ചു. ആയിരം വർഷത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ ഉൾവശമാകെ വിസ്മയകരമായ കരിങ്കൽകൊത്തുപണികൾ !
ക്ഷേത്രത്തിന്റെ ഉള്ളിലുള്ള 22 തീർത്ഥഘട്ടങ്ങളിലെ സ്‌നാനം ഈ ജന്മത്തിലേയും മുജ്ജന്മത്തിലെയും പാപങ്ങളിൽനിന്ന് മുക്തി നേടാൻ ഇടയാക്കുമെന്നാണ് ഭക്തരുടെ വിശ്വാസം! ഞാനും രണ്ടു തീർത്ഥഘട്ടങ്ങളിലെ വെളളത്തിൽ സ്നാനം നടത്തി. 22 സ്നാന ഘട്ടങ്ങളിലുള്ള കുളിയും ചെരിപ്പിടാതെയുള്ള നടത്തവും തെന്നുന്ന വഴികളും ഒക്കെ എനിക്ക് ആ അവസ്ഥയിൽ അപ്രാപ്യമായിരുന്നു.അതു കൊണ്ട് എല്ലാ ഘട്ടങ്ങളിൽ നിന്നും ജലം കൈകൊണ്ടെടുത്തു തലയിലൂടെ ഒഴിച്ച് നടന്നുനീങ്ങി.ഒക്കെയും ക്യാമറയിൽ പകർത്താൻ വെങ്കിടേഷ് സഹായിച്ചു. സീതാതീർത്ഥം! മിക്കതും ഉപ്പുവെള്ളം, ചിലതിൽ ശുദ്ധജലവും. ഓരോ തീർത്ഥത്തിലും സ്നാനവും ചെയ്ത് രാമനാമം ഉരുവിട്ട് തൊഴുത് ഈറനോടെ നടക്കുന്ന ഭക്തജനങ്ങൾ ചുറ്റിലും! ശ്രദ്ധയോടെ നടന്നില്ലെങ്കിൽ എവിടെയെങ്കിലുമൊക്കെ തെന്നിവീഴുമെന്ന് ഉറപ്പ്! രണ്ടു പ്രാവശ്യം വീഴാൻ പോയപ്പോൾ കൈവരിയിൽ പിടിത്തം കിട്ടിയതുകൊണ്ട് ഒന്നും സംഭവിച്ചില്ല! കൂടെയുള്ള വെങ്കിടേഷ്‌ ചെറുതായി കളിയാക്കി: ഉനക്ക്‌
കണ്ണു തെരിയാതൊ ....ഇല്ലേ.... ഞാൻ ചിരിച്ചു.. ഒപ്പം വെങ്കിടേഷും! എട്ടാംതരം വരെ പഠിച്ച വെങ്കിടേഷിന് ഇതിലും നല്ലൊരു ജോലി കിട്ടില്ല എന്നാണ് സ്വന്തം വിശ്വാസം. ഭേദപ്പെട്ട വരുമാനവുമുണ്ടത്രെ! എല്ലാം ഭഗവാന്റെ കൃപ... ക്ഷേത്രത്തിനു പുറത്തേക്ക് ഇറങ്ങിക്കഴിഞ്ഞ് വെങ്കിടേഷ് താമസിക്കുന്ന ഹോട്ടൽ ചൂണ്ടിക്കാണിച്ചു തന്നു. 200 രൂപയും കൊടുത്ത ശേഷം നന്ദി പറഞ്ഞുപിരിഞ്ഞു. 

ബീന ആന്റണി