പ്രവാസിയുടെ കത്തുകൾ

"എത്രയും പ്രിയപ്പെട്ട ഭർത്താവ് വായിച്ചറിയാനായി സ്വന്തം ഭാര്യ എഴുതുന്നതെന്തെന്നാൽ"
സാഹിത്യ ചരിത്രത്തിൽ എവിടെയും കാണാത്ത, എവിടെയും പ്രസിദ്ധീകരിച്ച് വന്നിട്ടില്ലാത്ത ക്ലാസിക്ക് സാഹിത്യത്തിൽ ഉൾപ്പെടുത്താവുന്ന ഒന്നായിരിക്കും പ്രവാസിയുടെ കത്തുകൾ.
ഏറ്റവുമധികം പ്രണയവും വിരഹവും വേദനകളും എഴുതിയൊഴിച്ചു തീർത്ത സാഹിത്യകാരൻമാർ പഴയകാല  പ്രവാസികളല്ലാതെ മറ്റാരുമല്ല. ഓരോ പ്രവാസിയുടെയും രാത്രികൾ എഴുത്തുകളാൽ ഉറക്കം നഷ്ടപ്പെട്ടവയായിരിക്കും. ഒന്നുകിൽ കത്ത് വായിച്ച്, അല്ലെങ്കിൽ കത്തെഴുതി അവർ നേരം വെളുപ്പിക്കും.
ആ കാലത്ത് ജീവിതം തേടി മരുഭൂമിയിലെത്തിയവർക്ക് മലയാളം ചാനലുകളോ റേഡിയോ സ്റ്റേഷനോ ഉണ്ടായിരുന്നില്ല സമയം കളയാൻ. ആശയ വിനിമയത്തിന് ടെലിഫോണും എഴുത്തെഴുതലും മാത്രമായിരുന്നു ഉപാധികൾ. വെള്ളിയാഴ്ച നാണയങ്ങളുമായി പബ്ലിക്ക് ടെലിഫോണിന് മുന്നിലെ നീണ്ട വരിയിൽ ഒരാളായി നിൽക്കുമ്പോഴും വലിയ പ്രതീക്ഷകൾ ഉണ്ടാവില്ല.
മിക്കവരും അയൽവക്കത്തെവിടെയോ ഉള്ള ഫോൺ നമ്പറിലേക്കാണ് വിളിക്കുന്നത്. മുൻകൂട്ടി പറഞ്ഞ സമയമനുസരിച്ച് വീട്ടുകാർ വന്ന് കാത്തുനിൽക്കുന്നുണ്ടാവും. സ്വകാര്യങ്ങൾ ഒന്നും പറയാൻ പറ്റില്ല ഇത്തരം ഫോൺ വിളികളിൽ, മുൻഗണനാക്രമം കഴിഞ്ഞ് പ്രിയപ്പെട്ടവരിലെത്തുമ്പോഴേക്കും കോയിൻ തീരാനായിട്ടുണ്ടാവും. എന്നാലും പ്രിയപ്പെട്ടവരുടെ ശബ്ദം നൽകിയ ഊർജ്ജത്തിൽ ഒരാഴ്ച നീങ്ങിപ്പോവും.
വീണ്ടും മടുപ്പും വിരസതയും ആത്മാവിനെ ആവാഹിക്കുമ്പോഴാണ് കത്തെഴുത്തിന്റെ ലോകത്തേക്ക് അവർ ചുരുളുന്നത്.
പ്രവാസികൾ പല തരത്തിൽ പെട്ടവരുണ്ട്. തന്നെ പ്രതീക്ഷിച്ച് കഴിയുന്ന വലിയ ഒരു കുടുംബത്തിന്റെ ഓർമ്മയിൽ ജീവിക്കുന്നവരാണ് ഒരു കൂട്ടർ. വീട്ടിലുള്ളവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള ഉത്തരവാദിത്തം സ്വയമേവ ഏറ്റെടുത്തവരായിരിക്കും ഇവർ. മരുഭൂമിയുടെ ചൂടോ തണുപ്പോ അറിയാതെ യന്ത്രം പോലെ കറങ്ങുന്ന ഈ മനുഷ്യരെ ജീവിപ്പിക്കുന്നത് തന്നെ നാട്ടിൽ നിന്നും തന്നെ തേടിയെത്തുന്ന എഴുത്തുകളാണ്. അച്ഛനും അമ്മയും സഹോദരങ്ങളും പങ്ക് വെച്ച് എഴുതുന്ന ദീർഘമായ എഴുത്തിൽ നിറയെ പ്രാരബ്ധങ്ങളാണെങ്കിൽപ്പോലും പേപ്പറിനുള്ളിൽ നിന്ന് വരുന്ന ഗന്ധത്തിൽ വീടിനെ അനുഭവിക്കാനാവുമവർക്ക്. പുതുമഴയുടെ തണുപ്പും നാട്ടിടവഴികളിലെ തണലും അമ്മയുണ്ടാക്കുന്ന മീൻകറിയുടെ എരിവുമണവും ആ കത്തുകളിലെ അക്ഷരങ്ങളിലൂടെ അവരെ തേടിയെത്തും.
ബജറ്റ് എയർവേയ്സുകളില്ലാത്ത ആ കാലത്ത് ചുരുങ്ങിയത് രണ്ട് വർഷമാണ് യാത്രയുടെ ഇടവേള. അപ്പോൾ നാടുമായുള്ള ബന്ധം നിലനിർത്തുന്നത് ഈ എഴുത്തുകളിലൂടെ മാത്രമാണ്.
പിന്നൊരു കൂട്ടരുണ്ട്, പുതുമോടിയിൽ ഭാര്യയെ നാട്ടിൽ വിട്ട് പ്രവാസത്തിൽ  ചേക്കേറേണ്ടി വന്നവർ.  ഒരു പ്രണയ ലോകം ഇക്കൂട്ടർ എഴുത്തുകളിൽ പുന സൃഷ്ടിക്കും. കൂടാതെ ശൃംഗാരരസത്തിന്റെ അതിപ്രസരവും. ഓരോ എഴുത്തിലെയും വിരഹത്തീയ് എഴുത്തെഴുതിയ പേപ്പർ കത്തിക്കാൻ പോലും പര്യാപ്തമാണെന്ന് പറയുന്നതിൽ അതിശയോക്തിയില്ല. ക്ഷമയോടെ കാത്തിരിക്കാൻ അവരെക്കഴിച്ചേ മറ്റാരുമുള്ളൂ,
ഏഴ് മുതൽ പതിനാലു ദിവസം വരെ എടുക്കും ഒരു എഴുത്ത് നാട്ടിൽ നിന്നിങ്ങ് എത്താൻ. പോസ്റ്റ് ബോക്സ് തുറന്ന് കത്തുകളും കൊണ്ട് വരുന്നയാളെ പ്രതീക്ഷയോടെ കാത്തിരിക്കും ഓരോ ദിവസവും. നിരാശരുടെ ദീർഘനിശ്വാസത്തിന് സാക്ഷിയാവുന്ന ഓഫീസ് ഇടനാഴികൾ വിരഹതാപത്താൽ ചുട്ടുപൊള്ളും .
വല്ലവരും നാട്ടിൽ പോവുന്നു എന്നറിയുമ്പോഴേക്കും പ്രവാസികൾ കത്തെഴുതിത്തുടങ്ങും. പരസ്പരം പരിചയമില്ലാത്തവർ പോലും നാട്ടിൽ പോവുന്നയാളെ തേടി കത്തുമായെത്തും. പ്രവാസികൾ നാട്ടിലെത്തിയതിന്റെ പിറ്റേന്ന് രാവിലെ ഒരു മടിയും ഇല്ലാതെ പോസ്റ്റ് ഓഫീസ് സന്ദർശിച്ച് കൃത്യമായി എഴുത്തുകൾ പോസ്റ്റു ചെയ്യുകയും ചെയ്യും. അവർക്കറിയാം ഈ കത്തിനുള്ളിൽ വെറും അക്ഷരങ്ങൾ മാത്രമല്ലെന്ന് .
പ്രവാസികളുടെ മറ്റൊരു വിനോദം കത്തു പാട്ടുകൾ  കേൾക്കലായിരുന്നു. നിറയെ സങ്കടവും, നിരാശയും പ്രണയവും ചാലിച്ച കത്തു പാട്ടുകളുടെ കാസറ്റ് കൈ വശമില്ലാത്ത പ്രവാസികൾ ചുരുക്കമായിരിക്കും.
എഴുത്തും വായനയും അറിയാതെ പണ്ട് കപ്പൽ കയറി വന്ന പാക്കിസ്ഥാൻ സ്വദേശികൾ കത്തിനു പകരം ഹൃദയത്തുടിപ്പുകൾ റിക്കോർഡ് ചെയ്ത കാസറ്റ് ആണ് കൊടുത്തയച്ചിരുന്നത്. ഗ്രാമത്തിലെ തന്റെ വീട്ടിലിരുന്ന് പ്രണയിനി തന്റെ സ്വരം കേൾക്കുമെന്ന വിശ്വാസത്തിൽ അവരിങ്ങനെ അലിഞ്ഞ് പറയും ; ഒരു ഗസൽ പാടുന്ന മാധുര്യത്തോടെ....
കത്തു പാട്ടുകൾ  കേൾക്കുന്നതിൽ മലയാളികളും ഉണ്ടായിരുന്നു. എത്രയും പ്രിയപ്പെട്ട ഭർത്താവിനും ഭാര്യക്കും കേൾക്കാനായി കത്തുപാട്ടുകൾ കാസറ്റുകളിലൂടെ പറന്നു നടന്ന സങ്കടവും, നിരാശയും പ്രണയവും , വിരഹവും ചാലിച്ച കത്തു പാട്ടുകളുടെ കാസറ്റ് കൈ വശമില്ലാത്ത പ്രവാസികൾ ചുരുക്കമായിരിക്കും.
ആശയ വിനിമയ ലോകം വളരെ പുരോഗമിച്ച ഈ കാലത്തിലിരുന്ന് ചിന്തിക്കുമ്പോൾ കൗതുകം തോന്നാം..
പക്ഷേ പ്രവാസിയുടെ വിരഹത്തീ കെടുത്തിയിരുന്ന കത്തുകളുടെ ആർദ്രത ഇന്നത്തെ വാട്സാപ്പിനും
വീഡിയോകാളുകൾക്കും ഇല്ല തന്നെ.
ആശയ വിനിമയത്തിന് പുത്തൻ മാനങ്ങൾ ഇനിയുമുണ്ടാവുമ്പോഴും കത്തെഴുത്തുകാലവും മറുപടി ക്കായുള്ള കാത്തിരിപ്പും ഇനിയുമുണ്ടാവട്ടെ ..

മിനി വിശ്വനാഥൻ

Recipe of the day

Nov 162021
INGREDIENTS