പ്രവാസം :സ്വപ്നങ്ങൾ സ്വന്തമാക്കാനുള്ള എളുപ്പവഴി

എല്ലാവർക്കും സ്വപ്നങ്ങൾ സ്വന്തമാക്കാനൊരു എളുപ്പവഴിയാണ് പ്രവാസം . 

എന്റെ പ്രവാസക്കാഴ്ചയിലെ ആദ്യ ഓർമ്മകളിലൊന്ന് പൊന്നുമ്മ എന്ന് വിളിപ്പേരുള്ള ഖദീശുമ്മയുടേതായിരുന്നു. ഖദീശുമ്മയുടെ ഭർത്താവ് കപ്പലിൽ പേർഷ്യയിൽ പോയി നിറയെ സമ്പാദിച്ചു. അത്തറിന്റെ മണവും മിനുമിനുത്ത കുപ്പായങ്ങളും നിറയെ സ്വർണ്ണാഭരണങ്ങളുമായി അവർ നാട്ടുകാരെയൊക്കെ കൊതിപ്പിച്ചു കൊണ്ട് നടന്നു. ഇളകിയാടുന്ന സ്വർണ്ണ അലിക്കത്തുകൾ കാരണം അവർക്ക് കിട്ടിയ ഓമന പേരായിരുന്നു പൊന്നുമ്മ. ബിലാത്തിയിൽ നിന്നും കൊണ്ടുവന്ന തിളങ്ങുന്ന കടുത്ത നിറങ്ങളിലുള്ള കണ്ണാടിജാലകക്കാഴ്ച്ചകളിലും അവിടുന്ന് പുറത്തേക്ക് വരുന്ന ബിരിയാണിയുടെയും ആട്ടിറച്ചിക്കറിയുടെയും ഗന്ധത്തിലും നാട്ടുകാരുടെ ദീർഘനിശ്വാസം എന്നും ആ വീടിനെ കടന്നു പോയി.

പൊന്നുമ്മ ഒരിക്കൽ അഞ്ച് വയസായ ഒരു കുഞ്ഞിന്റെ കൈയും പിടിച്ച് വീട്ടിൽ വന്നു. കുഞ്ഞിനിത്തിരി വെള്ളം വേണം. മoപ്പുരയിൽ "മുത്തപ്പനെ കേപ്പിക്കാൻ" വന്നതാണ്. പൊന്നുമ്മയുടെ കാതിലെ അലിക്കത്തുകൾ സങ്കടത്തോടെ തിളങ്ങി. ഇളയ മോളുടെ പുയ്യാപ്ല പേർഷ്യയിൽ പോയിട്ട് ഇതുവരെ വന്നിട്ടില്ല. കുഞ്ഞിന് അഞ്ചാമത്തെ വയസാണ്. നാലാംമൈലെ ജാറത്തിൽ ചന്ദനത്തിരി കത്തിച്ച് വരുന്ന വഴിയാണ്. മുത്തപ്പനോടും കൂടെ ഒന്ന് പറഞ്ഞ് നോക്കട്ടെ എന്നു പറഞ്ഞ് അവർ മെല്ലെ നടന്നു മറഞ്ഞ ഓർമ്മ ഇപ്പോഴുമുണ്ട് മനസിൽ.

ബിരിയാണി മണമുള്ള ആ വീടും പരിസരവും നാട്ടുകാരായ ചെറുപ്പക്കാരെ ഒരുപാട് മോഹിപ്പിച്ചിട്ടുണ്ട്. പേർഷ്യയുടെ നിറം മങ്ങുമ്പോഴേക്ക് ദുബായിക്കാർ ബെൽബോട്ടം പാന്റും നിറമുള്ള ലുങ്കിയും റോത്ത്മാൻസ് സിഗരറ്റുമായി ബോംബെ ബസിൽ തലശ്ശേരി വന്നിറങ്ങിത്തുടങ്ങി. ചൈനീസ് സിൽക്ക് സാരികളും പാനസോണിക്ക് ടേപ്പ് റിക്കോർഡറുകളും അയൽക്കാരുടെ അസൂയയും  അഹങ്കാരവുമായി . ഓല വീടുകൾ ഓട് വീടുകളും ഓട് വീടുകൾ വാർപ്പു വീടുകളുമായും രൂപാന്തരം പ്രാപിച്ചു.

ഫോറിൻ മണമുള്ള അലുവക്കഷണം പോലുള്ള മായ്ക്ക റബ്ബറുകളും, നിറം മാറുന്ന സ്കെയിലുകളും കാന്തം കൊണ്ട് അടയുന്ന പെൻസിൽ പെട്ടികളും ദുബായ് വീട്ടിലെ കുട്ടികൾ ഡെസ്കിന് മുകളിൽ പ്രദർശിപ്പിച്ചു. 

വിസ എന്ന സ്വപ്നത്തിൻ ചെറുപ്പക്കാർ ടൈപ്പ്റൈറ്റിംഗും കംപ്യൂട്ടറും പഠിച്ചു..വിസയ്ക് കാത്തിരുന്ന് പോസ്റ്റോഫീസുകളിൽ കയറിയിറങ്ങി. ഒരാളെങ്കിലും കടന്ന് കിട്ടിയാൽ എല്ലാം ശരിയാവുമെന്ന പ്രതീക്ഷയിൽ വീടുകൾ ഉറങ്ങി.

ദുബായിൽ (വിദേശത്തേക്ക് ജോലി തേടി പോകുന്ന എല്ലാരും ദുബായിക്കാരെന്ന് അറിയപ്പെട്ടു.) നിന്ന് നാട്ടിലെത്തിയ ചെറുപ്പക്കാരുടെ തഴമ്പ് പിടിച്ച കൈകൾ ആരും കണ്ടില്ല. മുഖത്തെ കരുവാളിപ്പ് നിവിയ ക്രീമിലും യാഡ്ലി പൗഡറിലും അവർ ഒളിച്ചുവെച്ചു. തിരിച്ചു പോവുമ്പോൾ ഉടുത്ത വസ്ത്രങ്ങളും കിണ്ണത്തപ്പക്കെട്ടുകളുമായി ബോംബെ ബസിൽ ദൂരെയെവിടെയോ നോക്കി ഭാര്യയോടും ബന്ധുക്കളോടും യാത്ര പറഞ്ഞു. വലിയ എൻവലപ്പുകൾ കത്തുകളും പണവുമായി പോസ്റ്റോഫീസിൽ വീട്ടുകാരെ കാത്തു നിന്നു.

ഞാനും ഈ അത്ഭുത ലോകത്ത് ആദ്യമായി വരുമ്പോൾ ഒരു പാട് പ്രതീക്ഷകളായിരുന്നു. ടാങിന്റെ ഓറഞ്ച് രുചി നിത്യ രുചിയാവുമെന്ന സന്തോഷത്തിലായിരുന്നു. പതുപതുത്ത കിടക്കകളുള്ള എ.സി റൂമുകളും സിംഹാസനം പോലത്തെ സോഫാ സെറ്റികളും ബട്ടണുകൾക്കപ്പുറത്ത് വരുന്ന പുതു രുചികളും മാത്രമായിരുന്നു കഥകളിലെയും പ്രതീക്ഷകളിലെയും വർണ്ണ ലോകം. വന്ന് ഏതാനും ആഴ്ചകൾക്കുള്ളിൽ സ്വപ്ന ലോകത്ത് നിന്നുണർന്നു. 

ഗാർബേജ് ബിന്നിൻ വലിയ വടിയിൽ ഒരു കൊളുത്ത് കെട്ടി അത് കൊണ്ട് കാർബോർഡ് പെട്ടികൾ കലക്ട് ചെയ്യുന്ന ചെറുപ്പക്കാരനും, പൊരിവെയിലത്ത് സൂപ്പർവൈസറുടെ ശാസനകൾ കേട്ട് ഉണക്കച്ചപ്പാത്തി ചവച്ചിറക്കുന്ന കുറ്റിമുടിക്കാരനും മലയാളികളായായിരുന്നു.അഞ്ച് ഗ്യാലൻ വെള്ളത്തിന്റെ ക്യാൻ തൂക്കിയെടുത്ത് തോളെല് വളഞ്ഞു പോയ മദ്ധ്യവയസ്കനും മലയാളി തന്നെയായിരുന്നു. ദിവസങ്ങൾ കഴിയുംതോറും വർഷങ്ങൾ കഴിയുമ്പോഴും പ്രവാസത്തിന്റെ കയ്പും, പുളിയും ചവർപ്പും ശരിക്കും തിരിച്ചറിഞ്ഞു തുടങ്ങി. പഞ്ചാരയിൽ പൊതിഞ്ഞ കയ്പ് ഗുളികകൾ പോലെയാണ് ഒരോ മദ്ധ്യവർഗ പ്രവാസിയും . മാസാമാസം അഭിമാനത്തോടെ മണിഎക്സ്ചേഞ്ചിനു മുന്നിൽ ക്യു നിൽക്കുന്നവന്റെ പേഴ്‌സിൽ ബാക്കിയായിരിക്കുക  ഓട്ട മുക്കാലുകൾ മാത്രമായിരിക്കും. 

ബാച്ചിലേഴ്സിന് എവിടെയും താമസിക്കാമല്ലോ. ഒരു മുറിയിൽ അടിയട്ടിയായിക്കിടക്കുന്ന കട്ടിലിന്റെ മുകൾഭാഗം തിരഞ്ഞെടുത്താൽ വാടക കുറയും. വിയർപ്പ് മണവും വിലകുറഞ്ഞ പെർഫ്യുമിന്റെ വാടയും ഒന്ന് ചേർന്ന് ഗന്ധങ്ങളൊക്കെ ഓർമ്മയിൽ നിന്നു പോയ ചെറുപ്പക്കാർ .സ്മാർട്ട് ഫോണുകൾക്കും വൈഫൈ ക്കും മുന്നൊരു പ്രവാസ ദുരിതകാലമുണ്ടായിരുന്നു. ഫോൺ ബൂത്തുകളിൽ കാത്ത് നിന്ന് കോയിൻ നീക്കിയിട്ട് വിളിക്കുന്ന, വിളികൾക്കപ്പുറം അയൽവക്കത്തെ അമ്മായിയും വല്യച്ഛനും കൈമാറി ഭാര്യയുടെ കൈയിലെത്തുമ്പോഴേക്കും കരുതി വെച്ച നാണയങ്ങൾ തീർന്നു പോവുന്ന ഒരു  ദുരിതകാലം.

ഒരേയൊരാഘോഷം നാട്ടിലേക്ക് പോവുന്നതാണ്. ഒന്നോ രണ്ടോ വർഷങ്ങൾ കൂടുമ്പോഴൊരു നാട്ടിൽ പോവൽ. സമ്പാദ്യത്തിൽ പകുതിയും സമ്മാനങ്ങളായി തീരും.. പിന്നെ വിരുന്നു പോവലുകളും കടം തീരലുകളുമാവുമ്പോൾ തിരിച്ചുപോവാനായി. വീണ്ടും പഴയതുപോലെ ബർത്ത് കട്ടിലിൽ മൂന്നാം നിലയിലെ കൊട്ടാരത്തിലേക്ക് മടക്കം. കണ്ടു പകുതിയായ സ്വപ്നങ്ങൾ മാത്രം കൂട്ടിനും.

കഥകൾ തുടരുന്നത് അടുക്കളയും വാഷ് റൂമുകളും പോലും ഷെയർ ചെയ്യുന്ന ഫാമിലി മുറികളിൽ.. കുടുംബവും വിദേശത്താണെന്ന നാട്ടുകാരുടെ അസൂയ പറച്ചിലിനിടയിൽ ശ്വാസം വിടാൻ പാർക്കുകളിലും ഷോപ്പിങ്ങ് മാളുകളിലെയും ബെഞ്ച് ആശ്രയമായ മദ്ധ്യവർഗ പ്രവാസി കുടുംബങ്ങൾ .രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഓടി നടക്കുമ്പോഴും നാട്ടിലെ ബന്ധുക്കളുടെ മാനം കാക്കാൻ ബാധ്യതപ്പെട്ടവർ.കുട്ടികളുടെ ബാല്യം ഒരു റൂമിന്റെ ഠാ വട്ടത്തിനിനുള്ളിൽ അവസാനിപ്പിക്കുന്നവർ.. പക്ഷേ ചേർത്ത് നിർത്താൻ കുംടുംബമെങ്കിലും കൂടെയുണ്ടെന്ന് അഭിമാനിച്ച് കയ്പുകൾ ചവച്ചിറക്കുന്നവർ.

അപ്രതീക്ഷിത തൊഴിൽ നഷ്ടങ്ങളിൽ അടിപതറുന്നത് ഇവരാണ്. പ്രതീക്ഷകൾക്കവസാനം സ്വപ്നങ്ങൾക്കവസാനം ശൂന്യമാവുന്ന ജീവിതം .എല്ലാം കൈവിട്ടു പോയിട്ടും അവസാന ശ്വാസത്തിനായി ഉഴറുന്ന പലരെയും കണ്ടു പൊതുമാപ്പ് സമയത്ത്. ഒരു വഴിയുണ്ടാവും എന്ന പ്രതീക്ഷയിൽ ജീവിതം നഗരത്തിൽ ഹോമിക്കുന്നവർ.

പ്രവാസികൾ ഒരിക്കലും കുട്ടികളുടെ ജീവിതവും വിദ്യാഭ്യാസവും പണയം വെച്ച് ഭാഗ്യപരീക്ഷണത്തിന് മുതിരരുത്.... പലപ്പോഴും പ്രതീക്ഷകളായിരിക്കാം .... പ്രത്യാശകളായിരിക്കാം...പക്ഷേ പിഴച്ചു പോയാൽ ...

പ്രവാസം നരകമായ ചിലരെങ്കിലുമുണ്ടെന്ന ഓർമ്മയിൽ എഴുതിപോയത്....

പ്രവാസി ദിനം ഓർമ്മിപ്പിച്ചത്.

 

മിനി വിശ്വനാഥൻ

 

 

Fashion

Jan 142020
The coming of age is a time of great change in youth fashion concepts. Sustainable, Minimalism, Comfortable ... these are the heroes of the wardrobe.

Entertainment

Jan 202020
"ചില ജന്മങ്ങളുണ്ട്- പൂമൊട്ട് പോലെ വിടർന്നുവരുന്നു. അഴകു ചൊരിയുന്നു. മണം വീശിത്തുടങ്ങുന്നു. പെട്ടെന്ന് സ്വയം പിച്ചിയെറിയുന്നു! വെറും മണ്ണിലേക്ക്. കാരണമെന്തെന്ന് അറിയില്ല.