പ്രണയിക്കേണ്ടതാരെ

പ്രണയിക്കേണ്ടതാരെ?

ആരെയുമാകാം;

ഒരു ഭീരുവിനെയൊഴികെ.

 

അന്ധനെ പ്രണയിച്ചോളൂ.

കാഴ്ചയുടെ പരിമിതിക്കപ്പുറം

നിന്റെ കിതപ്പുകളെ, 

നാഡിമിഡിപ്പുകളുടെ

സ്പന്ദനത്തെ, 

വിഹ്വലതകളെ,

കേൾവികൊണ്ടറിഞ്ഞ്

അവൻ നിന്റെ കദനമാറ്റും.

നിന്റെ സങ്കടങ്ങളുടെ ഉപ്പും

ഉന്മാദത്തിന്റെ പുളിപ്പും 

രസന കൊണ്ടും

മൂക്കുകൊണ്ടും  അറിഞ്ഞ്

നിന്റെ കുതിപ്പുകളെ

തളർച്ചകളെ

വിയർത്തൊടുങ്ങുന്ന

നിന്റെ ആലസ്യങ്ങളെ

ഒരായിരം രോമകൂപങ്ങളാൽ മാപനം ചെയ്ത്

നിന്റെ തുറമുഖങ്ങളെ അവൻ 

ജാഗ്രതയോടെ കാക്കും.

 

നിന്റെ താഴ്വാരങ്ങളിൽ 

വനവഹ്നിയായി ആളുകയും

നീ തളിർത്തുണരുവോളം

നിന്നു പെയ്യുകയും ചെയ്യും.

 

ഭ്രാന്തനെ പ്രണയിക്കാം നിനക്ക്.

ഭീതിയറിയാത്ത അവൻ

നിനക്കായി രക്തസാക്ഷിത്വം വരിക്കും.

 

കുഷ്ഠരോഗിയെ പ്രണയിക്കൂ

തെളിനീർ പോലെ ശുദ്ധമായ പ്രണയത്തിൽ

അവൻ നിന്റെ മുറിവുകൾ കഴുകിയുണക്കുകയും 

നിന്നെ അകം പുറം മറിച്ച് പുനർനിർമ്മിക്കുകയും ചെയ്യും.

 

വഞ്ചകനേയോ

കൂട്ടിക്കൊടുപ്പുകാരനേയോ പോലും

പറ്റുമെങ്കിൽ നിനക്ക് പ്രണയിക്കാം.

അവർ സ്വയം  മുന്നറിയിപ്പാകയാൽ 

മുനമ്പുകളിൽ നിന്ന് കാൽ വഴുതാതെ

കരുതലോടെയിരിക്കാം നിനക്ക്.

 

എന്നാൽ

ഒരു ഭീരുവിനെ ഒരിക്കലും പ്രണയിച്ചു പോകരുത്.

ലോകാപവാദം ഭയന്ന്

 നിന്റെ പ്രണയത്തെ ചവിട്ടുമെത്തയാക്കി

അവൻ സ്വന്തം പാദങ്ങൾ ശുദ്ധമാക്കും.

 സ്വയം മാന്യത പാലിക്കാൻ 

നിന്റെ വസ്ത്രങ്ങളുരിഞ്ഞെടുത്ത്

നിന്നെ നഗ്നയാക്കി തെരുവിൽ തള്ളിയിടും.

 

നഷ്ടപ്പെട്ടേക്കാവുന്ന വിലകുറഞ്ഞ സമ്മാനങ്ങളെ പ്രതി

അവൻ നിന്നെ പരസ്യമായി തള്ളിപ്പറയും.

 

അപരിചിതരുടെ പോലും ചൂണ്ടുവിരൽ ഭയന്ന് 

അവൻ നിന്റെ പ്രണയത്തെ 

ഒറ്റുകൊടുക്കും.

 

 ലോകത്തിലെ ഏറ്റവും വിലകുറഞ്ഞ വസ്തുക്കളുമായി

നിരന്തരം തുലനം ചെയ്ത് അവൻ

നിന്നെ ഇകഴ്ത്തിക്കൊണ്ടേയിരിക്കും.

 

ബാധ്യതയായി മാറിയ നിന്റെ പ്രണയത്തെ

അവൻ അങ്ങാടിവാണിഭത്തിൽ

ലേലത്തിന് നിരത്തും

 

നിന്റെ നേരിനെ

നിന്റെ നിർഭയത്വത്തെ

നിന്റെ അപകടകരമായ 

ആർജവത്തെ

നിന്റെ ത്യാഗത്തെ

മരണത്തെ ലജ്ജിപ്പിക്കുന്ന നിന്റെ പ്രണയത്തിന്റെ കരുത്തിനെ

അവന് ഭയമാണ്.

 

നിന്റെ നോട്ടം നേരിടാനാകാഞ്ഞാണ്

അവൻ കൂടിക്കാഴ്ചകൾ നീട്ടി വയ്ക്കുന്നത്.

 

കാമമുണരുമ്പോൾ

അശ്ലീല ചിത്രങ്ങളിൽ നിന്റെ ഉടൽ മാത്രം സങ്കല്പിച്ച് അവൻ ശമിക്കുന്നു.

ചിത്രത്തിലും നിന്റെ കണ്ണുകൾ  ഭയപ്പെടുത്തുമെന്നതിനാലാണ്

അവൻ മുഖം ഒഴിവാക്കുന്നത്.

 

വൈകല്യങ്ങൾ വന്നു ചേരുന്നതാണെന്നിരിക്കെ

ഭീരുത്വം ഒരുവന്റെ തിരഞ്ഞെടുപ്പാണ്.

അവന്റെ മാത്രം സൗകര്യത്തിനായുള്ള ഒന്ന്.

 

കുടുക്കിട്ട ഒരു മുഴം കയറോ,

മൂർച്ചയുള്ള ബ്ലേഡിന്റെ പാതിയോ,

ഒന്നുമില്ലെങ്കിൽ 

തലതല്ലിച്ചാകാനുറപ്പുള്ള 

കരളോ കരുതി വയ്ക്കുക.

 

ഗീത തോട്ടം

Fashion

Aug 12020
The Covid pandemic affected each field of people around the world. Face masks and hand sanitizers have become a part of life. Actors began appearing in masks in movies and serials.

Food & Entertainment

Aug 42020
ചേരുവകൾ 1. കാബേജ് 10 ഇല  2. മിൻസ് ചെയ്ത ബീഫ്/ ചിക്കൻ /പോർക്ക് -അരക്കിലോ  3. വിനാഗിരി ഒരു ചെറിയ സ്പൂൺ  4. കോൺഫ്ളവർ അര വലിയ സ്പൂൺ