പ്രണയാനന്തരം
പ്രണയത്തിലായിരുന്നപ്പോൾ
അവർ വാക്കുകളേക്കാളേറെ
മൗനങ്ങൾ കൊണ്ട് സംസാരിച്ചു.
തമ്മിൽ യാത്ര പറഞ്ഞു പിരിഞ്ഞതിൽ പിന്നെ
പണ്ട് ഒന്നിച്ചയിടങ്ങളിലെ കാറ്റിനോടും
പൂവിനോടും മണൽതരികളോടും വരെ
പരാതി പറഞ്ഞു
വൈകുന്നേരങ്ങളിൽ
കാറ്റിന്റെയും മഴയുടെയും പക്കൽ
ഉമ്മകൾ കൊടുത്തു വിട്ടു.
പഴയ പുസ്തകത്താളിലൊളിപ്പിച്ച
മയിൽപ്പീലികളെ കൈവെള്ളയിലെടുത്ത് ഓമനിച്ചു.
തമ്മിൽ കാണില്ലെന്നുറപ്പുണ്ടായിട്ടും
എന്നെങ്കിലും കാണുമ്പോൾ കൊടുക്കാനായി മണ്ണിൽ വീണു കിടന്ന മഞ്ചാടിക്കുഞ്ഞുങ്ങളെ ചില്ലുപാത്രത്തിലടച്ചു സൂക്ഷിച്ചു.
- Read more about പ്രണയാനന്തരം
- Log in or register to post comments
- 9 reads