പഴയകാല തമിഴ് നടന്‍ ശ്രീകാന്ത് അന്തരിച്ചു

ചെന്നൈ: പഴയകാല പ്രശസ്ത തമിഴ് നടന്‍ ശ്രീകാന്ത് (82) അന്തരിച്ചു.
നടിയും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ആദ്യ നായകനാണ് ശ്രീകാന്ത്.
ചെന്നൈ എല്‍ഡാംസ് റോഡിലുള്ള വസതിയില്‍ ഇന്നലെ (12-10-2021) ഉച്ചയ്ക്ക് 2.30നായിരുന്നു അന്ത്യം.

സി.വി. ശ്രീധര്‍ സംവിധാനം ചെയ്ത 'വെണ്ണിറ ആടൈ' (1965) എന്ന ചിത്രത്തിലൂടെയാണ് ജയലളിതയും ശ്രീകാന്തും തമിഴ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 50ഓളം തമിഴ് ചലച്ചിത്രങ്ങളില്‍ നായകനായും 150ല്‍ പരം ചിത്രങ്ങളില്‍ സ്വഭാവ, പ്രതിനായക വേഷങ്ങളിലും തിളങ്ങി.

കെ ബാലചന്ദറിന്റെ 'ഭാമവിജയം', 'പൂവ തലൈയ', 'എതിര്‍ നീച്ചല്‍', 'കാശേതാന്‍ കടവുളടാ', കടാതെ 'ദിക്കട്ര പാര്‍വതി', 'നാനാള്‍', 'തങ്കപ്പതക്കം', 'പെണ്ണൈ സൊല്ലി കുട്രം ഇല്ലൈ', 'ഭൈരവി', 'സട്ടം എന്‍ കൈയില്‍' തുടങ്ങിയവ ശ്രീകാന്തിന്റെ ശ്രദ്ധേയ സിനിമകളാണ്.

രജനീകാന്ത് നായകവേഷത്തില്‍ ആദ്യമായെത്തിയ ഭൈരവി എന്ന ചിത്രത്തില്‍ വില്ലന്‍വേഷത്തിലെത്തിയത് ശ്രീകാന്താണ്. ജെമിനി ഗണേശന്‍, ശിവാജി ഗണേശന്‍, മുത്തുരാമന്‍, തുടങ്ങിയവര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്.

രജനീകാന്ത്, കമല്‍ഹാസന്‍, ശിവകുമാര്‍ തുടങ്ങിയവര്‍ നായകരായ ചിത്രങ്ങളില്‍ വില്ലന്‍ വേഷങ്ങളിലൂടെയും ശ്രദ്ധേയനായിരുന്നു ശ്രീകാന്ത്.

അവസാനമായി അഭിനയിച്ചത് 2009ല്‍ പുറത്തിറങ്ങിയ 'കുടിയരശ്' എന്ന ചിത്രത്തിലാണ്.

മേജര്‍ സുന്ദര്‍രാജന്‍, നാഗേഷ്, കെ ബാലചന്ദര്‍ എന്നിവര്‍ക്കൊപ്പം നാടകരംഗത്തും ശ്രീകാന്ത് പ്രവര്‍ത്തിച്ചിട്ടുണ്ട്.