പറയാൻ ബാക്കിവച്ചത്

ആശുപത്രി വരാന്തയിൽ വെച്ചാണ്‌ കണ്ടത്.. ധൃതിയിൽ നടന്നു പോവുന്നു... ഉയരം കുറഞ്ഞ, തടഞ്ഞു വീഴുമെന്നു പോലുള്ള നടത്തം കണ്ടപ്പോഴാണ് ശ്രദ്ധിച്ചത് .. അതെ അവൾ തന്നെ... തുടുത്ത കവിളുകളും ചിരിക്കുന്ന കണ്ണുകളും, നിര തെറ്റിയ പല്ലുകൾ കാട്ടിയുള്ള പുഞ്ചിരിയുമുള്ള ആ പഴയ മുഖത്തിന്‌ പകരം കരുവാളിച്ച ഒരു റോസാപ്പൂ...

നോക്കുന്നത് കണ്ടാവാം അവളും നിന്നു.. അയാളെ കണ്ടപ്പോൾ അവളുടെ മുഖം ഒന്ന് വിടരാതിരുന്നില്ല .. അതിശയം വിടാതെ ചോദിക്കുകയും ചെയ്തു..

"ഇവിടെ..?"

എന്താണ് പറയേണ്ടതെന്നറിയാതെ അയാൾ ഒരു നിമിഷം നിന്നു.. അവളെ നോക്കി കാണുകയായിരുന്നു അയാൾ...
കറുത്ത് ചുരുണ്ട് നീണ്ട മുടി കാണാനേയില്ല.. പകരം ഒരു കറുത്ത തുണി കെട്ടിയിരിക്കുന്നു..

"ഞാൻ ഒരു സുഹൃത്തിനെ കാണാൻ .."
അയാൾ ഒരു വിധം പറഞ്ഞൊപ്പിച്ചു..

ചിരി കളയാതെ തന്നെ അവൾ പറഞ്ഞു..
"ഞാൻ എനിക്ക് വേണ്ടിത്തന്നെ വന്നതാണ്‌.., മകനുണ്ട് കൂടെ .."

തൊണ്ടയിൽ കുരുങ്ങുന്ന വാക്കുകളുമായി അയാൾ പ്രതിമ പോലെ നിന്നു... പണ്ടും അങ്ങിനെയായിരുന്നു.. അവസാനം കാണുമ്പോൾ അവളെ നോക്കി പറയാൻ കരുതിവെച്ചത് മുഴുവൻ മറന്നു അന്ധനെപ്പോലെ നോക്കി നിന്നു..

"സുഹൃത്തിനെ കണ്ടോ?, ഞാൻ നടക്കട്ടെ.., ഡോക്ടർ വരാൻ സമയമായി "

ഒരു പാട് ദൂരെ നിന്നാണ് അവളുടെ ശബ്ദമെന്നു തോന്നി...

"ആ.., കണ്ടു"

എങ്ങിനെയോ പറഞ്ഞൊപ്പിച്ചു.. നിറയുന്ന അവളുടെ കണ്ണുകൾ നോക്കി നില്ക്കെ നിയന്ത്രണം വിടാതിരിക്കാൻ അയാൾ ശ്രദ്ധിക്കേ അയാൾ സ്വയം ഉറപ്പിച്ചു... പറയാൻ ബാക്കി വെച്ചതൊന്നും ഇനി പറയേണ്ടതില്ല... അവൾ തന്നോട് യാത്ര ചോദിക്കുകയാണ്, എന്നെന്നേക്കുമായി ...

 

വിജി ശങ്കർ