ഒരു ക്വാറൻറീൻ ഡയറി

നിപ്പയുടെ ഉറവിടമായതിനാലും, ഡെങ്കിപ്പനിയുടെ ശീഘ്രവ്യാപനത്തിനാലും മുൾമുനയിൽ നിൽക്കേണ്ടിവന്ന കോഴിക്കോട് നഗരത്തിൽ, കോവിഡ് മഹാമാരിയെ നേരിടാൻ സജ്ജമാക്കിയ ക്വാറൻറീൻ കേമ്പുകളിലൂടെ
---------------------------------
മൂടിക്കെട്ടിയ ആമ്പുലൻസ് പിങ്കിയുടെ വീട്ടുപടിക്കൽ വന്നുനിന്നു. തെരുവു വിളക്കിൻറെ അരണ്ട പ്രകാശത്തിൽ ആ വാഹനത്തിൻറെ ഭയപ്പെടുത്തുന്ന രൂപം കണ്ണിൽ പതിച്ചയുടനെ, തയ്യാറാക്കി വെച്ചിരുന്ന ബേഗെടുത്ത് പിങ്കി വീട്ടിൽനിന്നിറങ്ങി.
അയൽവാസികൾ മു൯ വാതിൽ ചാരി ജനലുകളിലൂടെ തന്നെ ശ്രദ്ധിക്കുന്നത് പിങ്കിയുടെ യാദൃച്ഛയാ പതിച്ചുപോയ ദൃഷ്ടിയിൽ പെട്ടിരുന്നു.
മെയ്ൻ റോഡിൽ എത്തുന്നതിനു മുന്നെ സൈറൻ ഇടരുതെന്ന് ആമ്പുലൻസിൽ കയറിയ ഉടനെ അപേക്ഷാ സ്വരത്തിൽ പിങ്കി PPE-ധാരിയായ ഡ്രൈവറോട് പറഞ്ഞു. ഒരു കോവിഡ് രോഗിയെ എത്രകണ്ട് ഭീതിയോടെയും സംശയത്തോടെയുമാണ് സമീപത്തുള്ളവർ വീക്ഷിക്കുന്നതെന്ന് ആ യുവതിക്ക്  ശരിക്കറിയാമായിരുന്നു. ഇന്നലെ വരെ പിങ്കിക്കുമുണ്ടായിരുന്നല്ലൊ ഈ വക ഉത്കണ്ഠകളൊക്കെ!
ഒരു നോട്ടത്തിലൂടെയെങ്കിലും, ഉമ്മറപ്പടിയിൽ ദുഃഖിതരായി നിന്നിരുന്ന അമ്മയോടും മകനോടും പിങ്കി യാത്ര ചോദിക്കും മുന്നെ, ആമ്പുലൻസ് മുന്നോട്ട് കുതിച്ചു. വെളിയിലും വാഹനത്തിനകത്തും ഇരുട്ട്.
"ആമ്പുലൻസിൽ ഞാൻ മാത്രമേയുള്ളൂവെന്നു കരുതി, സീറ്റിലൊന്ന് അമർന്നിരിക്കുമ്പോഴാണ്, പിൻസീറ്റിൽ നിന്ന്, 'പിങ്കി ചേച്ചീ...', എന്ന ഒരു നീണ്ട വിളി കേട്ടത്. തിരിഞ്ഞു നോക്കിയപ്പോൾ മെഡിക്കൽ റെപ്പ് നിധിൻ കയ്യ് വീശുന്നത് കണ്ടു. താനും പോസറ്റീവാണെന്ന് പതിഞ്ഞ സ്വരത്തിൽ അവൻ എന്നോട് പറഞ്ഞു. നിമിഷങ്ങൾക്കകം, താനും പോസറ്റീവാണെന്ന് മറ്റൊരു ശബ്ദം. 'ഞാൻ നിരഞ്ജൻ,' എന്നും. എനിക്ക് ആ ചെറുപ്പക്കാരൻ ആരെന്ന് മനസ്സിലായിട്ടില്ലെന്ന് ഊഹിച്ച നിധിൻ, കോട്ടൂളി മാലാടത്ത് ക്ഷേത്രത്തിലെ പൂജാരിയായ നിരഞ്ജനെ എനിക്കു പരിചയപ്പെടുത്തി,'' പിങ്കി പറഞ്ഞു തുടങ്ങി.
അമ്പരപ്പിക്കുന്ന 'കൂക്കിവിളി' ആരവമില്ലാതെ, ദ്രുതഗതിയിലോടിയ ആമ്പുലൻസ് അൽപ സമയത്തിനകം ഇടവഴിയിലെ അന്ധകാരം താണ്ടി മെയ്൯ റോഡിൽ പ്രവേശിച്ചിരുന്നു. പിങ്കിയുടെ ഭർത്താവ്, പ്രമോദിൻറെ പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടർന്ന്, നാലഞ്ചു ദിവസം മുന്നെ അദ്ദേഹം ഒരു ക്വാറൻറീൻ കേന്ദ്രത്തിൽ പോയി സ്വയം പ്രവേശനം തേടിയത് പ്രദേശത്ത് സജീവ ചർച്ചയിലിരിക്കുമ്പോഴാണ്, കോഴിക്കോട് കോർപറേഷനിലെ 25-ആം വാർഡായ കോട്ടൂളിയിലെ മൂന്നു പേരെക്കൂടി തേടി കാലൻ കൊറോണ എത്തിയത്.

നിസ്വാർത്ഥമായ പൊതു പ്രവർത്തനം കൊണ്ട് പ്രദേശ നിവാസികളുടെ പ്രിയപ്പെട്ടവരായിത്തീർന്ന  ദമ്പതിമാരുടെ രോഗ കാരണവും, കോവിഡ് പിടിപെട്ട് കഷ്ടപ്പെടുന്നവരെ സഹായിക്കാൻ മുന്നിട്ടിറങ്ങിയതായിരുന്നു. ഒന്നാം നിരയിലെയും, രണ്ടാം നിരയിലെയും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലേക്കും (FLTC, SLTC), രണ്ടാം തരംഗത്തെ നേരിടാൻ ആരംഭിച്ച ഡോമിസിലറി കെയർ സെന്‍ററുകളിലേക്കും (DCC) നിരവധി തവണ രോഗികളുമായി പോകേണ്ടിവന്നപ്പോഴാണ് ഈ കേന്ദ്രങ്ങളിൽത്തന്നെ പ്രമോദിനും പിങ്കിക്കും അഭയം തേടേണ്ടിവന്നത്.


ആതുരസേവനത്തിൽ ഏർപ്പെട്ടിരിക്കുന്നവരും ആതുരരാവുമെന്നത് നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു സത്യം. വ്യക്തം, തങ്ങളെക്കുറിച്ച് ഓർക്കാത്തവരാണ്  എന്നും മറ്റുള്ളവരുടെ പ്രതീക്ഷ!
ഇത്തിരിയൊന്നാഴത്തിൽ പിങ്കിയും, നിധിനും, നിരഞ്ജനും സംസാരിച്ചെത്തിയപ്പോഴേക്കും, ആമ്പുലൻസ് മാനാഞ്ചിറക്കടുത്തുള്ള ടാഗോർ സെ൯റിനറി ഹാളിൻറെ മുറ്റത്തെത്തി.
നാനാഭാഗത്തുനിന്നും എത്തിച്ചേരുന്ന രോഗികളുടെ അവസ്ഥ പരിഗണിച്ച്, വിഭിന്ന ആതുരാലയങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്.
"മാസ്കും, മുഖകവചവും, അണുബാധസുരക്ഷാ വസ്ത്രവും, കയ്യുറകളും, മറ്റും ധരിച്ച് നിൽക്കുന്ന ഒട്ടനവധി പേരുടെ അപരിചിതമായൊരു ലോകത്തേക്കാണ് ആമ്പുലൻസിൽനിന്ന് ഇറങ്ങിച്ചെന്നത്. ഇരുട്ടിൽ അങ്ങിങ്ങായി ശോഭിക്കുന്ന വൈദ്യുത വിളക്കുകൾ, PPE അണിഞ്ഞവർക്കൊരു നിഗൂഢ രൂപം നൽകുന്നുണ്ട്. കുറച്ചു നേരം സ്തബ്ധയായി ഞാൻ നിന്നു," തീക്ഷ്‌ണത പിങ്കിയുടെ വാക്കുകളിൽ.
സന്നദ്ധസേവകരെല്ലാം തിരക്കിലാണ്. ധൃതിയിൽ അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. സ്ഥലം ഒഴിവുള്ള കേന്ദ്രങ്ങളും, എത്ര പേരെ ഓരോ DCC-യിലും പ്രവേശിപ്പിക്കാൻ കഴിയുമെന്നും മറ്റുമുള്ള വിവരങ്ങൾ പരിശോധിച്ച്, രോഗികളെ അങ്ങോട്ടു പോകുന്ന ബസ്സുകളിലേക്ക് ആനയിക്കുന്നതിൻറെ തത്രപ്പാടുകളാണ് അവിടെ അരങ്ങേറികൊണ്ടിരുന്നത്. അഞ്ചാറു ബസ്സുകൾ പോകാൻ ഒരുങ്ങി നിന്നിരുന്നു.
രോഗ ലക്ഷണങ്ങൾ കൂടുതലുള്ളവർക്ക് മെഡിക്കൽ ടീമിൻറെ സ്ഥിര സാന്നിദ്ധ്യമുള്ള FLCT-യിൽ പോകാനാണ് നിർദ്ദേശം. ആവശ്യമായ ക്വാറന്‍റീൻ സൗകര്യങ്ങൾ വീട്ടിൽ ഇല്ലാത്തവരെ നിരീക്ഷണത്തിൽ പാർപ്പിക്കുന്നതിനുള്ള സംവിധാനമാണ് DCC.
"ശ്വാസതടസ്സം അനുഭവപ്പെടുന്നതിനാൽ ഉച്ചത്തിൽ പ്രാണവായു വലിക്കുന്നവർ ഏറെ. പനിച്ചു വിറക്കുന്നവരെ ചിലർ നടക്കാൻ സഹായിക്കുന്നുണ്ട്," പിങ്കി വിവരിച്ചു.
വെവ്വേറെ ബസ്സുകളിൽ കയറിയിരിക്കാനുള്ള  നിർദ്ദേശമാണ് പിങ്കിയ്ക്കും, നിധിനും, നിരഞ്ജനും ലഭിച്ചത്. അതിനാൽ അവർക്ക് അവിടെവച്ച് പിരിയേണ്ടിവന്നു. ടാഗോർ സെ൯റിനറി ഹാളിൽനിന്ന് തനിക്ക് അനുവദിച്ച DCC-യിലെത്തുമ്പോൾ സമയം അർദ്ധരാത്രി കഴിഞ്ഞിരുന്നുവെന്ന് പിങ്കി ഓർക്കുന്നു.
"ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളാണ് DCC-യാക്കി മാറ്റിയിരിക്കുന്നത്. ഒരു മുറിയിൽ എട്ട് കട്ടിലുകളുണ്ട്. കിടക്ക, തലയണ, ബെഡ്ഷീറ്റ് മുതലായവ കൂടാതെ, ബക്കറ്റ്, പ്ലൈറ്റ്, ഗ്ലാസ്സ് എന്നിവയും ഒരുക്കിവച്ചിട്ടുണ്ട്," പിങ്കി വിശദീകരിച്ചു.
കോവിഡ് രോഗികളെന്ന തുല്യസ്ഥാനവും, സന്താപവും, അന്തേവാസികളെ വേഗത്തിൽ അടുപ്പത്തിലാക്കി. അമിതോപയോഗം കൊണ്ടു പ്രസക്തി നഷ്ടപ്പെട്ടൊരു പ്രയോഗമാണ് ഇന്നവർക്ക് 'സാമൂഹിക അകലം' എന്നത്!
"മുതിർന്ന ഒരു താത്ത ഉണ്ടായിരുന്നു, പിന്നെ പ്രായമുള്ള ഒരു ചേച്ചിയും. ചുവപ്പ് തട്ടമിട്ട ചെറുപ്പകാരി സെറി ലളിതമായ തൻറെ വർത്തമാനം കൊണ്ട് സകലരെയും ആകർഷിച്ചു. ഓരോരുത്തരും താന്താങ്ങളുടെ വീട്ടു കാര്യങ്ങൾ പങ്കിടാൻ തുടങ്ങിയപ്പോൾ, ഞങ്ങൾ ഒരു വീട്ടുകാരായി. നേരം വെളുത്തെന്ന് സെറി പറഞ്ഞപ്പോഴാണ് ഒരു രാത്രി മുഴുവൻ ഞങ്ങൾ സൊറ പറഞ്ഞു പിന്നിട്ടെന്നതു തന്നെ ഓർത്തത്!
മറക്കാനാവില്ല ക്വാറൻറീൻ മുറിയിലെ ആ നിശാസല്ലാപം," ഇന്നും ഹൃദ്യം പിങ്കിയുടെ വാക്കുകൾ.
DCC ദിനങ്ങളിൽ അനിയന്ത്രിതമായ പനിയോ ശ്വാസംമുട്ടലോ അനുഭവപ്പെടുന്നവരെ FLTC-യിലേക്ക് കൊണ്ടുപോകും. കോഴിക്കോട് മെഡിക്കൽ കോളേജ് പാതയിലെ പൊറ്റമ്മലിൽ ഹോട്ടൽ നടത്തുന്ന മൂലംവള്ളി സുരേന്ദ്രൻ ഫസ്റ്റ് ലൈൻ ട്രീറ്റ്മൻറ് കേന്ദ്രത്തിൽ കണ്ടറിഞ്ഞത് ഏറെ കാര്യക്ഷമതയോടെ ഒരുക്കിയ ചികിത്സാ സൗകര്യങ്ങളാണ്.
"FLTC-യിൽ എത്തിയ ഉടനെ ഞങ്ങളെ കൊണ്ടുപോയത് പരിശോധനാ ഹാളിലേക്കാണ്. ഓരോരുത്തരെയും പരിശോധിച്ച് മൂന്നു ദിവസത്തെ മരുന്ന് തന്നു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആകുന്നതുവരെ ധാരാളം വെള്ളം കുടിക്കാനും, നല്ല ഭക്ഷണം കഴിക്കാനും ഡോക്ടർ ഉപദേശിച്ചു. കുളിച്ചുവന്ന് ആഹാരം കഴിക്കാനായിരുന്നു അടുത്ത നിർദ്ദേശം.
അന്ന്  ഞായറാഴ്ചയായതിനാൽ രാത്രി ഭക്ഷണം ചിക്കൻ ബിരിയാണിയായിരുന്നു. താമസം, ഒരു മുറിയിൽ രണ്ടു പേർ മാത്രം. മാറിയ സാഹചര്യത്തിലും, അന്ന് രാത്രി ഞങ്ങൾ രണ്ടുപേരും വീട്ടിലെ സൗകര്യത്തോടെയും സമാധാനത്തോടെയും FLTC-യിൽ കിടന്നുറങ്ങി," കേരള സർക്കാറിന് കൃതജ്ഞത അറിയിച്ചുകൊണ്ട്, സുരേന്ദ്രൻ അനുഭവങ്ങൾ പങ്കുവച്ചു.
മുറിയിൽനിന്ന് പുറത്തിറങ്ങാൻ അനുവാദമില്ലായിരുന്ന മൂന്ന് ദിവസം കഴിഞ്ഞപ്പോൾ, സുരേന്ദ്രൻ വരാന്തയിലേക്ക് ഇറങ്ങി. അടുത്ത മുറികളിൽ പോയി അവിടെയുള്ളവരെ പരിചയപ്പെടാൻ തുടങ്ങി.
"കേമ്പിൽ പല പ്രായത്തിലുള്ള രോഗികൾ ഉണ്ടായിരുന്നു -- പ്രായമായവർ, ചെറുപ്പക്കാർ, കൗമാരക്കാർ. രണ്ടു കൊച്ചു കുട്ടികളും പോസിറ്റീവായിരുന്നു. അവരെ നോക്കാൻ അവരുടെ അമ്മയും കൂടെയുണ്ട്," സുരേന്ദ്രൻ  വിശദീകരിച്ചു.
സന്ധ്യകളിൽ കെട്ടിടത്തിൻറെ റ്റെറസിൽ ഒത്തുചേരാറുണ്ടായിരുന്ന കോവിഡ് കൂട്ടുകാർക്ക്, കുളിർകാറ്റും, ചുറ്റുമുള്ള പച്ചപ്പും, അസ്തമയവും, കൂടണയുന്ന പക്ഷികളുടെ ചിലപ്പും കൂവലുകളും പുതിയൊരാവേശം പകർന്നു.
വീടുകളിൽനിന്നെത്താറുള്ള പഴങ്ങളും, പലഹാരങ്ങളും അവരവിടെ ഓഹരിയിട്ടു. യുവാക്കൾ പാടി, നൃത്തം ചെയ്തു; വയോധികർ അകമ്പടി നിന്നു! പിറ്റേന്നു നേരം വെളുക്കുമ്പോൾ, ഗ്രൗണ്ടിൽ പിള്ളേർ ക്രിക്കറ്റ്‌ കളിക്കുന്നതു കാണാം. ഹോട്ടലിൽ എന്നും തിരക്കിലായിരുന്ന സുരേന്ദ്രന്, ഇതെല്ലാം ഒരു വേറിട്ട അനുഭവമായിരുന്നു. പലരും തങ്ങൾ രോഗികളാണെന്നു പോലും മറന്നുപോയത്രെ!
"ശരിക്കും പറഞ്ഞാൽ, ഞാൻ ഒരു ഉല്ലാസകേന്ദ്രത്തിലാണോയെന്ന് പലപ്പോഴും തോന്നിപ്പോയി," വൈപരീത്യമാണെങ്കിലും, കോവിഡ് ദിനങ്ങൾ സുരേന്ദ്രനിൽ ഇപ്പോൾ ഉണർത്തുന്നത് സുഖസ്‌മരണകളാണ്!
വഴിയാംവണ്ണം വൈദ്യപരിശോധനകളും ചികിത്സയും തുടർന്നു. അഞ്ചുപത്തു ദിവസം കഴിഞ്ഞപ്പോൾ FLTC-യിൽ കോവിഡ് ടെസ്റ്റ് നടന്നു. അൽപം ചിലർ നെഗറ്റീവ് ആയി. അതിലൊരാൾ സുരേന്ദ്രനായിരുന്നു.
"എല്ലാവരോടും യാത്ര പറഞ്ഞ് ഞാൻ ഇറങ്ങി. ഏതാനും ദിവസത്തെ സഹവാസമേ ഉണ്ടായിരുന്നുള്ളുവെങ്കിലും, ഏറെ ഇഷ്ടം തോന്നിയ കൂട്ടുകാരെ വിട്ടു പിരിയുന്നതിൽ ഞാൻ നൊമ്പരപ്പെട്ടുകൊണ്ടിരുന്നു. സെൻററിൻറെ പിടിയിറങ്ങും നേരം, പുറകോട്ടു നോക്കിയപ്പോൾ കണ്ടത്, കെട്ടിടത്തിൻറെ എല്ലാ നിലകളിലുള്ളവരും കൊറിഡോറുകളിൽ വന്നുനിന്ന് ആവേശപൂർവ്വം കൈ വീശി എന്നെ യാത്രയാക്കുന്നതാണ്!
ഹൃദയസ്‌പർശിയായ ആ ദൃശ്യം നോക്കിനിൽക്കേ, എൻറെ കണ്ണുകൾ നിറഞ്ഞൊഴുകി," സുരേന്ദ്രൻറെ ശബ്ദം ഇടറി.
DCC-യിൽ പിങ്കിയും കൂട്ടുകാരും സാമൂഹിക അകലമെന്ന പരസ്യവാചകം, പരസ്യമായിത്തന്നെ സാമൂഹിക അടുപ്പമാക്കി മാറ്റുകയായിരുന്നു! കേമ്പിലെ പുതിയ താമസക്കാരി, പൂജിത പട്ടിണിയിലാണെന്നറിഞ്ഞ പിങ്കി, ഓടിച്ചെന്ന് കാരണം തിരക്കി. അവിടെ പതിവായെത്തുന്നത് നോൺ-വെജ് ഐറ്റങ്ങളാണ്. പൂജിതയ്ക്ക് അത് കഴിച്ചു ശീലമില്ലെന്നറിഞ്ഞപ്പോൾ, വെളിയിലുള്ള കൂട്ടുകാരുമായി ഫോണിൽ ബന്ധപ്പെട്ട്, സസ്യാഹാരപ്പൊതി ഉടനടി വരുത്തിക്കൊടുത്തു. പൂജിത പോകുന്നതുവരെ വെജിറ്റേറിയൻ ഭക്ഷണത്തിനുള്ള ഏർപ്പാടുമുണ്ടാക്കി.
വെളിയിലുള്ള സുഹൃത്തുക്കൾ ഫ്രൂഡ്സ് കൊണ്ടുതരട്ടെയെന്ന് ഫോൺ ചെയ്തു ചോദിക്കുമ്പോൾ, തനിക്കുമാത്രം പോര, അവിടെയുള്ള നൂറോളം പേർക്കും വേണമെന്ന് പിങ്കി പറയും. അങ്ങിനെ എല്ലാ അന്തേവാസികൾക്കും പഴവർഗ്ഗങ്ങൾ ഇടക്കിടെ ലഭിക്കാൻ തുടങ്ങി.
"ഞങ്ങളുടെയും ആ ദിവസമെത്തി. കോവിഡ് ടെസ്റ്റ് കഴിഞ്ഞു, റിസൾട്ടിനായി ആകാംക്ഷയോടെ കാത്തിരുന്നു. സാധനങ്ങളെല്ലാം പേക്കുചെയ്ത് എല്ലാവരും മടക്കയാത്രക്കു തയ്യാർ. പെട്ടെന്നാണ് അനൗൺസ്മെൻ്റ് കേട്ടത് -- സെറി ഒഴിച്ച് മുറിയിലെ മറ്റെല്ലാവരും നെഗറ്റീവ്. ഞങ്ങൾ സെറിയുടെ കട്ടിലിനടുത്തേക്ക് പാഞ്ഞു. അവൾ ബെഡ്ഡിൽ കമഴ്ന്നു കിടന്ന് തേങ്ങിക്കരയുകയാണ്. അപ്പോഴേക്കും പുതിയതായി പ്രവേശനം ലഭിച്ച രോഗികൾ ഞങ്ങളുടെ മുറിയിൽ എത്തി. സെൻററിൽനിന്ന് ഞങ്ങളെ വീട്ടിലെത്തിക്കാനുള്ള വാഹനം ഹോൺ അടിച്ചുകൊണ്ടിരിക്കുന്നു. പ്രിയപ്പെട്ട സെറിയെ ശരിക്കൊന്നു ആശ്വസിപ്പിക്കാൻ പോലും കഴിയാതെ ഓടിച്ചെന്ന് ബസ്സിൽ കയറേണ്ടിവന്നു," വൈകാരികതയിൽ പിങ്കിയുടെ ശബ്ദം മുറിഞ്ഞു.
ഹോം ക്വാറൻറ്റീൻ ഉപവസിച്ച് കോവിഡിനെ നേരിട്ട ലതാ കോട്ടൂളി പറയുന്നത്, അറ്റാച്ച്ട് വാഷ്റൂമുള്ള ഒരു മുറി ലഭ്യമെങ്കിൽ, വീടുതന്നെയാണ് മാറിത്താമസിക്കാൻ ഉത്തമമെന്നാണ്. "പരിചയമുള്ള സ്ഥലവും, ശീലിച്ച ഭക്ഷണവും. എല്ലാവരും കൂടെയുണ്ടെന്നത് എനിക്ക് വലിയ സമാധാനമായിരുന്നു," കഴിഞ്ഞയാഴ്ച്ച ഫലം നെഗറ്റീവായ ലത അനുഭവം പങ്കിട്ടു.
"ഞങ്ങൾ ഹോം ക്വാറൻറ്റീൻ പ്രോത്സാഹിപ്പിക്കുന്നു. RRT അംഗങ്ങൾ വളരെ കരുതലോടെയാണ് പ്രവർത്തിക്കുന്നത്. ഔഷധങ്ങളും മറ്റു സാധനങ്ങളും നിഷ്കർഷയോടെ എത്തിച്ചുകൊടുക്കും. മഹാമാരി സംബന്ധിച്ച എല്ലാ കാര്യങ്ങളും ആനക്കുളത്തുള്ള Covid Cell നിരീക്ഷിച്ചുവരുന്നു," കോഴിക്കോട് കോർപ്പറേഷൻറെ Health Standing Committee അദ്ധ്യക്ഷ, ഡോ. എസ്. ജയശ്രീ വ്യക്തമാക്കി.
കോർപ്പറേഷൻ നേരിട്ടു നടത്തുന്ന എട്ട് DCC-കളും, ജില്ലാ ഭരണകൂടത്തിൻറെ കീഴിലുള്ള രണ്ടുവീതം FLTC, SLTC-കളും തികഞ്ഞ കാര്യക്ഷമതയോടെയാണ് പേൻഡമിക്നെ കൈകാര്യം ചെയ്യുന്നതെന്നും കോട്ടൂളിയെ പ്രതിനിധീകരിക്കുന്ന കൗൺസിലറായ ഡോ. ജയശ്രീ എടുത്തുപറഞ്ഞു. 

വിജയ് സി.എച്ച്

 

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1