മുഹമ്മദ് അബ്ബാസ്സിന്റെ ആദ്യത്തെ പുസ്തകമിറങ്ങുകയാണ്...ഈ മനുഷ്യനെക്കുറിച്ചും ഈ പുസ്തകത്തെക്കുറിച്ചും ചിലത് പറയേണ്ടതുണ്ട്.......... ഈ ലോക്ക്ഡൗൺകാലത്ത് "റീഡേഴ്സ് സർക്കിൾ "എന്ന ഗ്രൂപ്പിലൂടെ ഞാൻ പരിചയപ്പെട്ടൊരാളാണ് അബ്ബാസ്സ്....വിശ്വസാഹിത്യലോകത്ത് വലിയവലിയ ചലനങ്ങളുണ്ടാക്കിയ , ചർച്ചകൾക്ക് വിധേയമായ അനവധി പുസ്തകങ്ങളെ വായിച്ച് അബ്ബാസ്സ് എഴുതിയ റിവ്യൂകളെന്റെ ശ്രദ്ധയിൽപ്പെട്ടതെന്റെ ഭാഗ്യമാണെന്ന് കരുതുന്നൊരാളാണ് ഞാൻ........!!
വിദ്യാഭ്യാസയോഗ്യതകളുടെ നീണ്ടനീണ്ട ലിസ്റ്റുകളുള്ളൊരാൾക്കുപോലും വായിച്ച് ഉൾക്കൊള്ളാനാവാത്ത അതിഗൗരവമായ പുസ്തങ്ങളെ അതിന്റേതായ ഗാംഭീര്യത്തോടെ ആഴത്തിൽ വായിച്ചറിഞ്ഞ് ,വായനാവഴികളിലൂടെയൊരു വിസ്മയം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന,അതിലൂടെ പ്രശംസാർഹമായൊരു എഴുത്ത് ശൈലിയും ഭദ്രമാക്കിയിരിക്കുന്നൊരു മനുഷ്യനാണ് അബ്ബാസ്...!! വിദ്യാഭ്യാസം എന്ന സ്വപ്നം ഏട്ടാംക്ലാസ്സോടുകൂടി ഉപേക്ഷിക്കേണ്ടി വന്ന് തമിഴ്നാട്ടിൽനിന്ന് കേരളത്തിലേക്ക് കുടിയേറിയ ഒരു ചെറുപ്പക്കാരൻ....
ജീവിക്കാനുള്ള പോരാട്ടത്തിനിടയിൽ ഭാഷയറിയാത്തതിനാൽ പലയിടങ്ങളിലും അവഗണിക്കപ്പെടുകയും മാറ്റിനിറുത്തപ്പെടുകയും നിസ്സാരവത്കരിക്കപ്പെടുകയും ചെയ്തതിന്റെ അമർഷമെന്നവണ്ണം ഈ ഭാഷയെ മെരുക്കിയെടുക്കാൻ ഭ്രാന്തമായി പുസ്തകങ്ങളെ കൂട്ടുപിടിക്കുകയായിരുന്നു... അവിടെനിന്ന് വായനയുടെയുന്മാദത്തിലേക്ക് സ്വയം ഇറങ്ങി , ഭാഷയാൽ അനുഗ്രഹിക്കപ്പെട്ട് അബ്ബാസ് വായിച്ചുകൂട്ടിയിരിക്കുന്ന പുസ്തകങ്ങളുടെയെണ്ണം അത്ര ചെറുതല്ലാത്തതാണ്...!!
ഉയർന്ന വിദ്യാഭ്യാസവും മലയാളഭാഷ എന്റെ മാതൃഭാഷയെന്നും ഉറ്റംകൊള്ളുന്ന ഓരോരുത്തരും ഈ മനുഷ്യന്റെ വായനയുടെ ആഴത്തിനുമുന്പിലൊന്ന് ചുരുങ്ങിപ്പോവും...!! പിടിതരാത്ത ജീവിതത്തിന്റെമുനകൊണ്ട് ഭ്രാന്താശുപത്രിയിലേക്കും അവിടെനിന്നും വായനയുടെ തുണകൊണ്ട് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചുവന്ന് , ഇപ്പോൾ പെയിന്റിങ്ങ് തൊഴിൽ ചെയ്ത് ജീവിക്കുന്ന അബ്ബാസ് എന്റെ വായനയുടെ വഴികളിൽക്കണ്ട ഒരു വിസ്മയമാണ്....ഒരു പുസ്തകത്തെയുൾക്കൊള്ളാൻ, ഭാഷയെ മെരുക്കാൻ, മനോഹരമായി ആത്മാംശം കലർന്ന അക്ഷരങ്ങളെയെഴുതാൻ വിദ്യാഭ്യാസം ആവശ്യമേയില്ലെന്ന് ഈ എഴുത്തുകാരൻ തെളിയിക്കുന്നുണ്ട്.....
വിശ്വസാഹിത്യത്തിലേതുൾപ്പെടെ നമ്മളെ പലപ്പോഴും വിസ്മയിപ്പിച്ച പല പുസ്തകങ്ങളെക്കുറിച്ചും ,സ്വന്തം ആത്മാംശത്തെക്കുറിച്ചും അബ്ബാസ് എഴുതിയ ആസ്വാദനക്കുറിപ്പുകളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം....!! ഏട്ടാംക്ലാസ്സിൽ പഠിത്തംനിറുത്തേണ്ടിവന്ന ,ജീവിതത്തിനും മരണത്തിനുമിടയിലെ സംഘർഷങ്ങൾക്കിടയിൽപ്പെട്ടുപോയിട്ടും ,തോറ്റുപോവാതെ ,വാടിപ്പോവാതെ തളിർക്കാൻ ശ്രമിക്കുന്ന ഒരു സാധാരണക്കാരന്റെ ആത്മാംശവും പ്രതീക്ഷയും സ്വപ്നവുമാണ് ഈ പുസ്തകം... ജീവിതം എത്രതവണ തന്നെ കൊല്ലാൻ ശ്രമിച്ചിട്ടും, "ജീവിതമേ" എന്ന് അതേ ജീവിതത്തെനോക്കി കൈനീട്ടുന്ന ഈ കൈകളെ ഓരോ അക്ഷരസ്നേഹിയും ചേർത്തുപിടിക്കേണ്ടതുണ്ട്....!!
വായിച്ചിരിക്കേണ്ട പുസ്തകങ്ങളെന്തൊക്കെയാണെന്നും എങ്ങനെ വായിക്കണമെന്നും അറിയാത്ത ഒരുപാട് അക്ഷരസ്നേഹികൾക്കുള്ളൊരു റഫറൻസ് പുസ്തകമാണിത്.....!! എഴുത്തിനെയും വായനയേയും സ്നേഹിക്കുന്ന എല്ലാവരോടും ഈ പുസ്തകത്തിലൂടെ അബ്ബാസ് പറയുന്ന ഒരു വലിയ സന്ദേശമുണ്ട്....!! എഴുത്തിനോ, വായനയ്ക്കോ, അറിവിനോ , മനുഷ്യരെ മനസിലാക്കാൻ കഴിയുന്ന ആത്മഭാഷയ്ക്കോ , വിദ്യാഭ്യാസവുമായി ഒരു ബന്ധവുമില്ലെന്ന്......"ജീവിതപാഠം" പഠിച്ച ഏതൊരു സാധാരണക്കാരന്റെയും മുന്പിൽ മെരുങ്ങാത്ത ഒരു ഭാഷയും സാഹിത്യവും ഇല്ലെന്ന്...!! വിദ്യാഭ്യാസപരമായും വ്യക്തിപരമായും ഏറെയേറെ പ്രിവിലേജുകൾക്കിടയിൽനില്ക്കുന്നവരുടെ പുസ്തകങ്ങൾക്കിടയിൽ വായനയുടെയാഴത്തിലും എഴുത്തിന്റെ ശൈലിയിലും ഈ സാധാരണക്കാരൻ തന്റെ ഹൃദയമുദ്ര പതിപ്പിച്ചിട്ടുണ്ട്...."ഇയാളേറെയേറെ വായിക്കപ്പെടേണ്ടവനാണ് എന്ന് അടയാളപ്പെടുത്തുന്നു....
സൗമ്യ സച്ചിൻ
Post a new comment
Log in or register to post comments