| ആർട്ടിസ്റ്റ് നമ്പൂതിരിയുടെ നാട്ടിൽ വരയുടെ തമ്പുരാനേക്കാൾ പ്രതിഭയിലൊട്ടും പിന്നിലല്ലാത്ത മറ്റൊരാൾകൂടി പിറവികൊണ്ടിട്ടുണ്ടെന്നത് തികച്ചും ആശ്ചര്യകരമായൊരു വാർത്തയാണ്! എന്നാൽ, എടപ്പാളിനടുത്തുള്ള ആലങ്കോട് ജനിച്ചു വളർന്ന ഈ ചിത്രകാരി കരിവാട്ടുമനയിലെ കലാകാരണവരെ ഒരിക്കൽ പോലും കണ്ടിട്ടില്ല. ദീപു എന്ന് ചിത്രരചന വൃത്തങ്ങളിൽ അറിയപ്പെടുന്ന ദീപ്തി ജയൻ, തമിഴ് നാട് ഇലക്ട്രിസിറ്റി ബോർഡിൽ ജോലിചെയ്യുന്ന ഭർത്താവിനോടൊത്ത്, കഴിഞ്ഞ ഇരുപതുവർഷമായി അയൽ സംസ്ഥാനത്തെ വിവിധ ഗ്രാമങ്ങളിൽ വരയുടെ ലോകത്ത് വസിച്ചുവരുന്നു. ചായക്കൂട്ടുകളുമായുള്ള ഉൽക്കടമായ പ്രണയലീല രാവിൻറെ ഏഴാം യാമം താണ്ടുമ്പോൾ, ദീപു പെയ്ൻറിങ് ബോർഡിനു താഴെ വീണുറങ്ങും, തൻറെ രചനകൾ വിലയിരുത്താൻ കേരളക്കരയിൽനിന്ന് കലാസ്നേഹികൾ ഇനിയും എത്തുമെന്ന് സ്വപ്നം കാണും! പ്രചോദന സ്രോതസ്സായ പ്രിയപ്പെട്ടവനോ പുത്രന്മാരോ വന്നു വിളിച്ചുണർത്തുമ്പോൾ ദീപുവിൻറെ മറ്റൊരു രചനാദിനത്തിനുകൂടി തുടക്കമാകുന്നു. ഒരു കലയോടുള്ള തീക്ഷ്ണമായ അഭിനിവേശത്തെ 'പേഷൻ' എന്നാണ് പൊതുവെ വിശേഷിപ്പിക്കുന്നതെങ്കിൽ, ദീപു തൻറെ വരയിലൂടെ ഈ ആംഗലേയ പദത്തിനിതാ പുതിയ മാനങ്ങൾ നൽകിക്കൊണ്ടിരിക്കുന്നു. അസാധാരണമാണ് ഈ ചിത്രകാരിയുടെ വിജയകഥ: പ്രിയപ്പെട്ടവൻ കണ്ടെത്തിയ പ്രതിഭ എൽ.കെ.ജി-യിൽ പഠിച്ചിരുന്ന മൂത്ത മകൻ ചന്തുവിൻറെ പുസ്തകത്തിൽ 'എ ഫോർ ഏപ്പ്ൾ' വരച്ച് അവനെ സഹായിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അവൻറെ അച്ഛൻ ഞാൻ നന്നായി വരയ്ക്കുന്നല്ലോയെന്ന് ആശ്ചര്യപ്പെട്ടു! ചിത്ര രചന ഔപചാരികമായി പഠിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിത്തരാ൯ തുടങ്ങി. ചെന്നൈ പട്ടണത്തിൽനിന്ന് ഏറെ ദൂരത്തുള്ള ഗ്രാമത്തിൽ താമസിച്ചിരുന്ന ഞങ്ങൾക്ക് ഒന്നും എളുപ്പമായിരുന്നില്ല. പക്ഷെ, നന്നായി പടം വരക്കുകയും ഫോട്ടോകൾ എടുക്കുകയും ചെയ്യുമായിരുന്ന പിതാവിൻറെ രക്തം തന്നെയാണ് എൻറെ സിരകളിൽ ഓടുന്നതെന്ന് ഇഷ്ടമുള്ളൊരാൾ കണ്ടെത്തിയ നിമിഷം മുതൽ എൻറെ വര സ്വപ്നങ്ങൾക്ക് ചിറകുകൾ ലഭിക്കുകയായിരുന്നു! ഓൺലൈൻ പഠനങ്ങൾ മലയാള മണ്ണിലെ മുഖ്യധാരയിൽനിന്നകന്ന് തമിഴ് ഗ്രമാന്തരങ്ങളിൽ കഴിയേണ്ടിവന്ന എനിക്ക് ബാലപാഠങ്ങൾക്കുശേഷം, വരയുടെ വലിയ ലോകത്തേക്കു പ്രവേശിക്കാൻ ഓൺലൈൻ മാർഗ്ഗങ്ങളേ തുറന്നു കിടന്നിരുന്നുള്ളൂ. സമൂഹമാധ്യമ വേദികളിൽ കണ്ടുമുട്ടിയ പാടവമുള്ളവർ സദു അലിയൂരും, എബി എൻ. ജോസഫും കേരളക്കരയിലിരുന്നുകൊണ്ട് എനിക്കു സഹായഹസ്തങ്ങൾ നീട്ടി, ദേവദൂതന്മാരെപ്പോലെ! കഴിഞ്ഞ കൊല്ലം നമ്മളെ വിട്ടു പിരിഞ്ഞുപോയ സദു മാഷിൽനിന്ന് വാട്ടർ കളറിംങ് പഠിച്ചു. കേരള ലളിതകലാ അക്കാദമിയുടെ സ്വർണ്ണ മെഡൽ നേടിയ സദു മാഷ് ലോകത്ത ഏറ്റവും മികച്ച 50 ജലച്ചായ ചിത്രകാരന്മാരുടെ പട്ടികയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കലാകാരനായിരുന്നു. നിരവധി വിശ്വവിഖ്യാതമായ വർക്കുകൾ ചെയ്തിട്ടുള്ള എബി സാറിൽനിന്ന് എക്രലിക്ക് പെയിൻറിങും സ്വായത്തമാക്കി. ഗൃഹപാഠങ്ങൾ ചെയ്ത് അയച്ചുകൊടുക്കും, തിരുത്ത് നിർദ്ദേശങ്ങളുമായി അവ തിരിച്ചെത്താൻ ഏറെ ആകാംക്ഷയോടെ കാത്തിരിക്കും. രേഖാചിത്രങ്ങളിലേയ്ക്ക് സാഹിത്യമൊന്ന് തൊട്ടറിയണമെങ്കിൽ ഇലസ്ട്രേഷൻ പഠിക്കണമെന്ന് തിരിച്ചറിഞ്ഞ ഞാൻ പ്രതിഭാധനനായ ആർട്ടിസ്റ്റ് മദനൻറെ ശിഷ്യത്വം സ്വീകരിച്ചു. "കഥയാണെങ്കിലും കവിതയാണെങ്കിലും അത് ഉള്ളിൽത്തട്ടി വായിക്കണം, അതിലെ ഏറ്റവും വൈകാരികത നിറഞ്ഞ ചില സന്ദർഭങ്ങൾ ചിന്തയിൽ മായാതെ നിലകൊള്ളും, ആ ദൃശ്യങ്ങളാണ് രേഖാചിത്രങ്ങളായി പിറവി കൊള്ളേണ്ടത്," മദനൻ മാഷ് എനിയ്ക്ക് പറഞ്ഞുതന്നിരുന്നു! തുടർന്ന് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'അഷിതയുടെ ഹൈക്കു കവിതകൾ' എന്ന പുസ്തകത്തിലെ കൊച്ചുകാവ്യങ്ങൾക്കുവേണ്ടി ആവിഷ്കരിച്ച 87 രംഗചിത്രീകരണങ്ങളിലൂടെ ഞാൻ രേഖാചിത്രമെന്ന മഹനീയ കലാശാഖയുടെ ഉള്ളറകളിലേക്ക് പ്രവേശിച്ചു. ശ്രീകുമാരൻ തമ്പി, സി. രാധാകൃഷ്ണൻ, സച്ചിദാനന്ദൻ, പെരുമ്പടവം ശ്രീധരൻ, പ്രഭാവർമ്മ, ഏഴാച്ചേരി രാമചന്ദ്രൻ, മധുപാൽ, കെജിഎസ്, ആലങ്കോട് ലീലാകൃഷ്ണൻ മുതൽ വി. എം ഗിരിജ വരെയുള്ളവരുടെ രചനകളിൽ എൻറെ പേനയോ ബ്രഷോ ദൃശ്യലാവണ്യം നൽകണമെന്നായപ്പോൾ മലയാള സാഹിത്യത്തെ ഞാൻ ഉള്ളിലേക്കാവാഹിക്കുകയായിരുന്നു. അമൂർത്ത ചിത്രങ്ങളെ അടുത്തറിഞ്ഞു രൂപമോ ശരീരോ ഇല്ലാത്തതിനെയും കേ൯വാസ്സിലേക്ക് കൊണ്ടുവരേണ്ടതുണ്ടെന്നെ സൂക്ഷ്മചിന്ത മനസ്സിനെ മഥിച്ചപ്പോൾ, ആത്മാവിനും, വായുവിനും, കാലത്തിനും ചായം ചാലിച്ചു. വ്യക്തികളും, വസ്തുക്കളും, പ്രകൃതി ദൃശ്യങ്ങളും, ജന്തുക്കളും, സംഭവങ്ങളും മൂർത്തമായതിനാൽ ആവിഷ്ക്കാരം സുഗമമാണ്. എന്നാൽ, അമൂർത്തതയ്ക്ക് ബ്രഷുകൊണ്ട് ഭൗതിക രൂപം നൽകാൻ (Abstract art) കൂടിയാലോചനകൾ അനിവാര്യമായിരുന്നു. ഈ വിഷമ ഘട്ടത്തിൽ എന്നെ മുന്നോട്ടു നടത്തിയത് വരയെന്ന കലയിൽ സാർവ്വലൌകിക ഭാവുകത്വം ദൃശ്യമാക്കുന്ന അച്യുതൻ കൂടല്ലാരാണ്. തെക്കൻ ചെന്നൈയിലെ തിരുവന്മിയൂരിൽ താമസിക്കുന്ന മാടത്ത് തെക്കെപ്പാട്ട് തറവാട്ടിലെ ഗുരുവുമായി ഫോണിലൂടെയും നേരിൽകണ്ടും സംവദിച്ചിട്ടുണ്ട്. കേന്ദ്ര ലളിതകലാ അക്കാദമി പുരസ്കാരവും, കേരള ലളിത കലാ അക്കാദമി ഫെല്ലോഷിപ്പും, തമിഴ്നാട് ലളിതകലാ അക്കാഡമി അവാർഡും നേടിയിട്ടുള്ള അച്യുതൻ മാഷുടെ വിദഗ്ദ്ധാഭിപ്രായങ്ങൾ എൻറെ അമൂർത്ത ഭാവനകളെ ദീപ്തമാക്കിക്കൊണ്ടിരിക്കുന്ന നൈത്തിരി വെട്ടമാണ്. പ്രദർശനങ്ങൾ ഇതുവരെ 18 ഗ്രൂപ്പ് എക്സിബിഷനുകൾക്ക് എൻറെ പെയ്ൻറിങ്ങുകൾ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അതിൽ ഒടുവിലത്തേതായ 'ഓവിയം', കോവളം വെള്ളാറിലെ കേരള ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വില്ലേജിൽ ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. കേരള ലളിതകലാ അക്കാദമിയുടെ സഹകരണത്തോടെ നടത്തുന്ന ഈ പ്രദർശനം തിരുവനന്തപുരം കോർപ്പറേഷൻറെ യുവ മേയറായ ആര്യ രാജേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. കാശ്മീർ ലളിതകലാ അക്കാദമി നടത്തുന്ന വിശ്രുതമായ അന്തർദേശീയ സമൂഹ ചിത്ര പ്രദർശനത്തിൽ കഴിഞ്ഞ നാലു വർഷമായി എൻറെ ചിത്രങ്ങളുണ്ട്. പ്രശസ്ത നിരൂപകരുടെ അവലോകന കുറിപ്പുകൾ ഇടയ്ക്കിടെ ലഭിച്ചുകൊണ്ടിരിക്കുന്നു.
പന്ന്യൻ രവീന്ദ്രൻ വിതുമ്പി 2019-ൽ, 'ചിത്രസഞ്ചാരം' എന്ന പേരിൽ തിരുവനന്തപുരം ലളിതകലാ അക്കാദമിയിൽ നടത്തിയ ഇരുനൂറിലേറെ എൻട്രികളുണ്ടായിരുന്ന ഒരു ദേശീയതല പ്രദർശനത്തിൽ എൻറെ രണ്ട് പെയ്ൻറിങ്ങുകളുമുണ്ടായിരുന്നു. അതിലൊന്ന് 'Purity of Affection' എന്ന അടിക്കുറിപ്പോടുകൂടിയ ഒരു എക്രിലിക് വർക്കായിരുന്നു. തൻറെ പേരക്കുട്ടിയെ ചേർത്തുപിടിച്ച് വടികുത്തിയിരിയ്ക്കുന്ന അപ്പൂപ്പൻറെ വാത്സല്യ വിശുദ്ധി സന്ദർശകരെ അത്യന്തം ആകർഷിക്കുകയും ക്ഷയിച്ചുകൊണ്ടിരിക്കുന്ന മനുഷ്യ ബന്ധങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്ക് അത് വഴിയൊരുക്കുകയും ചെയ്തു. അതിനിടെയാണ് CPI സാരഥിയും എഴുത്തുകാരനുമായ പന്ന്യൻ രവീന്ദ്രൻ സന്ദർശകനായെത്തിയത്. 'Purity of Affection' ശ്രദ്ധയിൽപ്പെട്ടപ്പോൾ അദ്ദേഹം നടത്തം അവിടെ നിർത്തി, പടത്തിലേക്ക് സൂക്ഷിച്ചു നോക്കിക്കൊണ്ടിരുന്നു. മറ്റു സന്ദർശകർ പന്ന്യൻ സാറിനു ചുറ്റും കൂടി. "എന്തൊരു ഫീലാണ് ഈ പടത്തിന്! ഇതെന്നെ എൻറെ ബാല്യത്തിലേക്ക് തിരികെ കൊണ്ടുപോയി," വൈകാരികത നിറഞ്ഞ സ്വരത്തിൽ അദ്ദേഹം ഉരുവിട്ടു. മുത്തച്ഛനും മുത്തശ്ശിക്കും സ്ഥാനമില്ലാത്ത ഇന്നത്തെ ന്യൂക്ലിയർ കുടുംബ ഘടനയിൽ പുതിയ തലമുറയിലെ പാവം കുട്ടികൾക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത് ഈ കലർപ്പില്ലാത്ത ലാളനയാണെന്നും പന്ന്യൻ സാർ വിതുമ്പിക്കൊണ്ട് പറഞ്ഞു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്ത 'ചിത്രസഞ്ചാരം', ശിവഗിരി മഠത്തിലെ സ്വാമികളുടേത് ഉൾപ്പെടെ അനേകം മുതിർന്നവരുടെ ഉപഹാരങ്ങളും അഭിനന്ദനങ്ങളും എനിയ്ക്ക് നേടിത്തന്നു. ലാലേട്ടൻ തേടിയെത്തി
വിജയ്.സി.എച്ച്
|
Post a new comment
Log in or register to post comments