ഓർമ്മകളുടെ മച്ചിൻപുറം

കുഞ്ഞിളം പൈതലായ്
കൊതിതുള്ളി തിരയുന്നു
ഋതുക്കളരിച്ചു തൂങ്ങുന്ന
മച്ചിൻപുറമാകെ.

ചേലേറും ചെപ്പിലടച്ച
ഒരുപിടി മഞ്ചാടിമണികൾ,
ഇഷ്ടമളന്നു കാട്ടിയ
കുപ്പിവളപൊട്ടുകൾ,
കുഞ്ഞു കൊമ്പ് വാരികെട്ടി
പിന്നിപ്പോയ നീലറിബ്ബണുകൾ,
ചട്ടയിളകിയടർന്ന്
മഷിത്തണ്ടുരച്ച് പതം വന്ന
സ്ലേറ്റിൻ കഷണം,
വാശി കണ്ണിരിനാൽ
നിവർത്തിയ മഞ്ഞ പീപ്പിളികുട, കൊച്ചുതുമ്പിയെ കൂടെപോരാൻ
ആർത്തുവിളിച്ച
ചിതലു തിന്ന പാഠപുസ്തകം,
പെറ്റുകൂട്ടാൻ
ആകാശം കാണിക്കാതെ കാത്ത
മയിൽ‌പീലിത്തുണ്ടുകൾ.

ഒടുവിലായ്,
രക്തക്കറ മായാത്ത
യൂണിഫോം പാവാടയും!

മനതാരിലാകെയും
പൊടികുടഞ്ഞോടുന്നു
ഒരുനാളും
നരച്ചിടാത്ത,
ദ്രവിച്ചുതിരാത്ത,
വർണമോലും കുഞ്ഞോർമകൾ.

പിൻവിളി കാതോർക്കാതെ,
കുളിരും
ഓർമകളടുക്കി, പുതച്ച്
മച്ചിൻപുറത്തട്ടിൽ
ചുരുണ്ടു കൂടി.

ഷിജിന രാജൻ