കുന്നിമണിച്ചെപ്പു തുറക്കും നേരം

രഥചക്രങ്ങളുരുളുന്നു കാലത്തിൻ
വീഥിയിലെത്രയോ ശബ്ദഘോഷങ്ങൾ
ഉയർന്നുപൊങ്ങിയതും ക്ഷണത്തിലായ്
ഉയിരടങ്ങി നിലംപതിച്ചു പൊലിഞ്ഞതും
മാന്ത്രികദണ്ഡൊന്നെടുത്തു വീശി
ഇന്ദ്രജാലമെത്രയോ കാട്ടുന്നു  കാലം
കുന്നിമണി ചെപ്പുതുറന്നു നീയെൻ
കൈക്കുള്ളിലായ് ചൊരിഞ്ഞെത്രയോ
കറുപ്പും ചുവപ്പു മിടകലർന്നൊരാ
കുന്നിക്കുരുക്കളൊ ന്നൊഴിയാതെ
ഊർന്നുപോയതറിഞ്ഞില്ല ഞാൻ
വാർതിങ്കളെത്രയോ വന്നതും പോയതും
വേനലും മാരിയും ഹേമന്ദവും
വന്നതും പോയതുമറിഞ്ഞതേയില്ല ഞാൻ
എവിടെയാണിന്നു നീ എന്നതും
എനിക്കറിയില്ലിന്നൊട്ടുമേ തോഴാ
ശൂന്യമായൊരെൻ കൈകൾ നോക്കി
ഇന്നു തേങ്ങുന്നതുണ്ടെൻ മാനസം
വീണുപോയതെവിടെയോ കാലത്തിൻ
വിദൂരമാം പടവുകളിലൊന്നിലോ അതോ
കൊഴിഞ്ഞൊരാ നാളിലെ പൂമര ചില്ലയിൽ
കൊഴിയാത്ത പൂവായ് വിടർന്നിരുന്നോ
വിണ്ണിലെ മാന്ത്രികദണ്ഡൊന്നെടുത്തു
വീണ്ടുമെനിക്കായ്‌  തഴുകുമോ കാലമേ
ഒന്നു പോയിടട്ടെ ഞാനാ ബാല്യത്തിലേക്ക്
ഒരുമാത്രയാ കുന്നുമണിച്ചെപ്പു തുറന്നിടട്ടെ
എത്രയോ ബാല്യകൂതൂഹലങ്ങൾ
ചിത്രപതംഗമായ്  പറന്നുയർന്നിടും

ഉഷാമേനോൻ മേലേപറമ്പോട്ടിൽ

 

 

Recipe of the day

Jul 292021
Ingredients 1 bowl cauliflower