ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് : ഇന്ത്യയ്ക്ക് മികച്ച തുടക്കം

ദില്ലി: ന്യൂസീലന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 48 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 138 റണ്‍സ് എന്ന നിലയിലാണ്.

ഓപ്പണര്‍ ശുഭ്മന്‍ ഗില്ലിന്റെ അര്‍ധസെഞ്ചുറിയാണ് ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ചത്. ക്യാപ്റ്റന്‍ രഹാനെയും, ശ്രേയസ് അയ്യരുമാണ് ക്രീസില്‍.

ഓപ്പണര്‍ മയാങ്ക് അഗര്‍വാള്‍ (13), ശുഭ്മന്‍ ഗില്‍ (52), ചേതേശ്വര്‍ പൂജാര (26) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. 28 പന്തില്‍ 13 റണ്‍സെടുത്ത അഗര്‍വാളിനെ കൈല്‍ ജാമിസന്‍ പുറത്താക്കി. രണ്ടു ഫോറുകള്‍ ഉള്‍പ്പെടുന്നതാണ് അഗര്‍വാളിന്റെ ഇന്നിങ്സ്. ഓപ്പണിങ് വിക്കറ്റില്‍ ഗില്‍ - അഗര്‍വാള്‍ സഖ്യം 21 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നേരത്തെ, വിരാട് കോലിയുടെ അസാന്നിധ്യത്തില്‍ ഇന്ത്യയെ നയിക്കുന്ന അജിന്‍ക്യ രഹാനെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.

സ്പിന്നിനെ തുണയ്ക്കുമെന്ന് കരുതുന്ന പിച്ചില്‍ മൂന്നു സ്പിന്നര്‍മാരുമായാണ് ഇന്ത്യയുടെ പടപ്പുറപ്പാട്. രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്കൊപ്പം അക്ഷര്‍ പട്ടേലിനും ടീമില്‍ ഇടംലഭിച്ചു. ശ്രേയസ് അയ്യര്‍ ഇന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചു. ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരാണ് പേസ് ബോളര്‍മാര്‍. ന്യൂസീലന്‍ഡ് നിരയില്‍ രണ്ടു സ്പിന്നര്‍മാരുണ്ട്. അജാസ് പട്ടേല്‍, വില്‍ സോമര്‍വില്‍ എന്നിവരാണ് കിവീസിനായി സ്പിന്‍വിഭാഗം കൈകാര്യം ചെയ്യുക.

കെയ്ന്‍ വില്യംസന്‍ നയിക്കുന്ന ടീമിലേക്ക് കൈല്‍ ജാമിസനും തിരിച്ചെത്തി. ന്യൂസീലന്‍ഡിനായി ഇന്ത്യന്‍ വംശജനായ ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയും ഇന്ന് ടെസ്റ്റ് അരങ്ങേറ്റം കുറിച്ചു. സ്പിന്‍ കരുത്തില്‍ ന്യൂസീലന്‍ഡിനെ മുട്ടുകുത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്. ഇംഗ്ലണ്ടില്‍ നടന്ന പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ് ഫൈനലില്‍ ദയനീയമായി കീഴടങ്ങിയശേഷം ആദ്യമായാണ് ഇന്ത്യ അതേ ഫോര്‍മാറ്റില്‍ കിവീസിനെ നേരിടുന്നത്.

Recipe of the day

Nov 162021
INGREDIENTS