നെടുമുടിച്ചേട്ടന്റെ കത്ത്

നിരപ്പ് ഒട്ടുമില്ലെങ്കിലും കുഴികൾക്കൊരു കുറവുമില്ലാത്ത വഴിയിലൂടെ ആഞ്ഞ്  സൈക്കിളോടിച്ച് ഞാൻ തൈയ്ക്കാട്ടുശ്ശേരി ലൈബ്രറിയുടെ അടുത്തെത്താറായിരുന്നു.
റോഡിൽ അവിടവിടെ കാണുന്ന ടാറിന്റെ അവശിഷ്ടങ്ങൾ തിളയ്ക്കുന്ന പോലെ...
എങ്കിലും ലൈബ്രറിയിൽ ചെന്ന് പുസ്തകങ്ങൾ നോക്കുന്ന മോഹനമായ ഓർമയിൽ ഒരു ക്ഷീണവും തോന്നിയില്ല എനിക്ക്.
തന്നെയുമല്ല ' പൊൻപുലരൊളി പൂവിതറിയ കാളിന്ദിയാടുന്ന വൃന്ദാവനം' അവിടെ എവിടുന്നോ കേട്ടുകൊണ്ടിരുന്നു.
പെട്ടെന്നാണ് എട്ട് ബി യിലെ നിർമല . N
എനിക്കെതിരെ പ്രത്യക്ഷപ്പെട്ടത്.
 ഞാൻ എട്ട് എ യിലാണ്.
നീലയിൽ ചുവന്ന കാട്ടുപൂക്കൾ നിറഞ്ഞ തന്റെ പാവാടയുടെ ചന്തം നോക്കി വന്ന അവളെന്നെ സംശയം തീർക്കാനെന്നോണം ഒന്നൂടി നോക്കി.
രണ്ട് സൈഡിലും കാലൂന്നി ഞാൻ സൈക്കിൾ നിർത്തി.
" നീയെവിടെപ്പോണ് ?"
" ഞാൻ ... ദേ, ലൈബ്രറീല് "
അവളൊരു നിമിഷം എന്തോ ഓർത്തു.
" ആ പള്ളീടേം വടക്കുവശത്തല്ലേ നിന്റ വീട് ... ഷീനാ K S ന്റെ  അടുത്ത്..?"
ഞാൻ അതേയെന്ന് തലയാട്ടി.
" അവിടന്നാണോ ഈ നട്ടാറ വെയിലത്ത് സൈക്കിളും ചവിട്ടി ഇവിടം വരെ ഈ വരണത്... അതും ലൈബ്രറീല് !"
അവൾ താടിക്കു വച്ച കൈയ്ക്ക് ഒരു തട്ടു കൊടുക്കാൻ തോന്നിയെങ്കിലും അവൾടെ സൈസും എന്റെ രൂപവുമോർത്ത് ഞാൻ വേറൊന്നാണ് ചോദിച്ചത്.
" ഇതു നിന്റെ പുത്യ  പാവാടയാണോ.. നല്ല  രസോണ്ട്"
" ഇന്നെന്റെ ചേട്ടന്റെ ക്ലബിന്റെ പരുവാടിയാ . എന്റെ പാട്ടൊണ്ട്. അതിനിട്ടതാ. നീ വരണൊണ്ടാ ?ദേ അപ്രത്താ."
സിനിമാപ്പാട്ടു കേട്ടത് അവിടുന്നാണെന്നെനിക്കു മനസിലായി.
ചെണ്ടപ്പൊറത്ത് കോലിടുന്നതും
തെങ്ങേപ്പാട്ടു വയ്ക്കണതും എന്റെ വീക്ക്നെസുകളാണെങ്കിലും
അവളുടെ ക്ഷണം കേട്ടപ്പോൾ ഞാൻ ജസ്റ്റൊന്നാലോചിച്ചു.
ലൈബ്രറീൽ പോകാനെറങ്ങിയ ഞാൻ വഴിയിൽ പരിപാടി കാണാൻ നിൽക്കാൻ വീട്ടിൽ ചോദിക്കാത്തതോർത്തിട്ടല്ല അത്..
മൊട്ടപ്പിള്ളേച്ചന്റെ കടയിൽ നിന്ന് മണിക്കൂറിന് 2 രൂപയ്ക്ക് എടുത്ത സൈക്കിളാണ്. (മണിക്കൂറിന് ഒന്നര രൂപയാണ്  സാധാരണ എങ്കിലും ഇതിന് അവിടവിടെ ശകലം പെയിന്റും ഒരു  സ്റ്റാന്റും ഇനിയും അവശേഷിക്കുന്നതു കൊണ്ട് പുള്ളി പെട്ടെന്ന്  വാടക കൂട്ടി. ) പരിപാടി കണ്ട് ലൈബ്രറീലും കേറി ചെല്ലുമ്പോൾ ബാക്കി കാശിന് എന്തു ചെയ്യുമെന്നോർത്തു ഞാൻ.
അതിനുള്ള വഴിയൊന്നും  തെളിഞ്ഞില്ലെങ്കിലും ഞാൻ നിർമലയുടെ കൂടെ പരിപാടി നടക്കുന്ന പറമ്പിലേക്കു തന്നെ നടന്നു, അപ്പോൾ കേട്ടുകൊണ്ടിരുന്ന
 ' പൊൻവീണേ എന്നുള്ളിൽ ...' ന്റെ പെൺ ഭാഗം മനസിൽ ഏറ്റെടുത്ത് ...!
കുറെ ചേട്ടന്മാർ ഉത്സാഹത്തോടെ തലങ്ങും വിലങ്ങും ഓടി   നടക്കുന്ന ഒരു കുഞ്ഞു ഗ്രൗണ്ടിലേക്കാണ് നിർമല എന്നെ എത്തിച്ചത്. ആകപ്പാടേ ഒരുത്സവ സ്ഥലം പോലെ. എഴുത്തുമൂല, പാട്ടുമൂല, പ്രസംഗമൂല , കളിമൂല എന്നൊക്കെയുള്ള കൊച്ചു കൊച്ചു ബോർഡുകളിൽ നോക്കി ഞാൻ വായും തുറന്ന് നിന്നു.
" ദേടീ നെടുമുടി വേണു "
നിർമല ആവേശം കൊണ്ട് എന്നെ ആഞ്ഞൊരു നുള്ള് .വേദന കൊണ്ട് കണ്ണുമിഴിച്ച ഞാനും കണ്ടു , ജൂബയും മുണ്ടും ഇട്ട ആളെ. എനിക്ക് സിനിമാ നടനെന്നാൽ ത്രസിപ്പിക്കുന്ന പാട്ടും പാടി നായികയ്ക്കൊപ്പം ഓടുന്ന സുന്ദരന്മാരായതു കൊണ്ടോ എന്റെ അപകർഷത കൊണ്ടോ , ഞാൻ കൗതുകത്തോടെ നോക്കി ദൂരെത്തന്നെ നിന്നതല്ലാതെ നിർമലയുടെ കൂടെ അദ്ദേഹത്തിന്റെ അടുത്തേക്കു ചെന്നില്ല.
'ശ്ശെടാ .. ഇവിടെയാരുന്നോ ഇപ്പുള്ളീടെ വീട് ' എന്ന് ഞാനാലോചിച്ചു നിന്നപ്പോൾ  കൊച്ചുകുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ പ്രസന്നതയോടെ നോക്കിക്കാണുകയായിരുന്നു അദ്ദേഹം
അപ്പോഴേക്കും നിർമലയുടെ ചേട്ടൻ ഞങ്ങളെക്കണ്ട് അടുത്തുവന്നു.
"ചേട്ടാ ദിവള് നല്ലോണം പ്രസങ്ങിക്കും ."
അവളുടെ ആ 'നല്ലോണം ' വിശേഷിപ്പിക്കലിൽ എനിക്ക് ഒരു ചൂളൽ തോന്നി.
കുറേ പുസ്തകങ്ങൾ, മിക്കവാറും നോവലുകൾ വായിച്ചു  കിട്ടുന്ന കുറെ വാക്കുകൾ അർത്ഥമറിഞ്ഞും അറിയാതെയും അവിടവിടെ തിരുകി ഞാനൊപ്പിക്കുന്ന കലാരൂപമാണ് എന്റെ പ്രസംഗം . മൈക്കിനു മുന്നിൽ മിക്കവാറും തൊണ്ട വരണ്ട് നിൽക്കാറുമുണ്ട്.
" പ്രസംഗിക്കാനറിയാങ്കി വാ.
ദാ അവിടെ പ്രസംഗ മൽസരോമൊണ്ട്." അവൾടെ ചേട്ടൻ ഒരു മൂല ചൂണ്ടിക്കാണിച്ചു.
" 5 മിനിറ്റ് മുമ്പ് വിഷയം തരും.. അതിനെപ്പറ്റി പ്രസംഗിക്കണം... വാ  "
ഒരൈഡിയയുമില്ലാതെ ഞാൻ പിന്നാലെ ചെന്നു.
ഗാന്ധിജിയും ഇന്ത്യയുടെ സ്വാതന്ത്ര്യവും ആണ് എനിക്കു കിട്ടിയ നറുക്കിൽ എഴുതിയിരുന്നത്.
ഹിസ്റ്ററി പുസ്തകത്തിൽ നിന്നു കിട്ടിയതും അവിടവിടെയായി സംഭവിച്ച പരന്ന വായനയിലെയും വിവരങ്ങൾ കൂട്ടിപ്പെറുക്കി ഞാനൊപ്പിച്ചു. പതിവായി ചെയ്യുന്ന പോലെ ആയിടയ്ക്കു എവിടെയോ വായിച്ച ഒരു വാക്കും തിരുകി.
' ഇതിനെപ്പറ്റി ആധികാരികമായി പറയാൻ എനിക്കറിയില്ല ' എന്ന്.ആധികാരികം ആയിടയ്ക്ക് ഞാൻ വായിച്ച ഒരു വാക്കായിരുന്നു.
നിർമലയുടെ  ' മേലേ വീട്ടിലെ വെണ്ണിലാവ്, രാവിൽ തോണി കളിച്ചൊരു നേരം' കേട്ടുകൊണ്ട് നിൽക്കെ   പരിപാടികളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ലഘുഭക്ഷണ വിതരണം ഉണ്ടെന്ന അറിയിപ്പ് കേട്ട് ഞാനാ മൂലയിലേക്കോടി.
രണ്ടു കഷണം ബ്രഡും ഒരു പഴവും.
കത്തുന്ന വെയിലും വിശപ്പും കൊണ്ട് തളർന്ന ഞാൻ നിർമലകൂടി വരാൻ നിൽക്കാതെ പഴമുരിച്ചു കഴിക്കാൻ തുടങ്ങി.
" അപ്പഴേ " പതിഞ്ഞ ഒരാൺസ്വരവും തോളിൽ ഒരു ചെറുതട്ടും..
വായിലാക്കിയ പഴം ഇറക്കാൻ മറന്ന് ഞാൻ വായും തുറന്നു നിന്നു പോയി.
ദാ, മുന്നിൽ നെടുമുടി വേണു !!
" നമ്മളൊരു കാര്യം പറഞ്ഞവസാനിപ്പിക്കുമ്പോൾ അതിനെ ക്കുറിച്ച് ആധികാരികമായി അറിയില്ല എന്നൊന്നും പറയരുത് കേട്ടോ.
അത്രയും സമയം നമ്മളെ കേട്ടു നിന്നവർക്ക് നമ്മെപ്പറ്റി എന്തു തോന്നും ?
ആധികാരികം എന്ന വാക്കിന്റെ അർത്ഥം അറിയോ "
"അത് ... ഞാൻ എവിടെയോ വായിച്ച് ..."
പരിഭ്രമം കൊണ്ട് കണ്ണും മിഴിച്ച് നിന്ന ഞാൻ  പറഞ്ഞൊപ്പിച്ചു.
" മിടുക്കി ... വായന വളരെ നല്ലതാ. പ്രസംഗം നല്ലതായിരുന്നു ട്ടോ.ഇത്രയും വേഗത വേണ്ട. സാവധാനം പറഞ്ഞാൽ മതി."
അദ്ദേഹം വാൽസല്യം നിറഞ്ഞൊരു ചിരിയോടെ തിരിഞ്ഞു...എന്തോ ഒരുൾപ്രേരണയിൽ  പെട്ടെന്ന് , എന്തു ചോദിക്കണമെന്നറിയാതെ ഞാൻ "സാർ സാറിന്റെ വീട് ഇവിടെയാണോ " എന്നോ മറ്റോ ചോദിച്ചു.
നിറഞ്ഞ ചിരിയോടെ അദ്ദേഹം പറഞ്ഞു, "സാറല്ല , ചേട്ടൻ. വേണുച്ചേട്ടൻ.
ഞാനാലപ്പുഴക്കാരൻ തന്നെയാ കേട്ടോ."
" എനിക്കഡ്രസ് തരാമോ "
" പിന്നെന്താ "
അദ്ദേഹം സംഘാടക ബാഡ്ജ് പോക്കറ്റിൽ കുത്തിയ ഒരാളുടെ അടുത്തു നിന്ന് ഒരു കഷണം  പേപ്പർ  വാങ്ങി അതിൽ മലയാളത്തിൽ വിലാസം എഴുതിത്തന്നു.
  എന്നിട്ട് നിഷ്ക്കളങ്കമായി ഒരു  കമന്റും. ചിരിയോടെ.
"  വിവരത്തിനൊരു മണിയോർഡർ അയച്ചേക്ക് ട്ടാ."
പിന്നീട് പല നാവുകളിൽ നിന്നും കേട്ട ആ കൗണ്ടർ ഞാനാദ്യമായി കേട്ടതന്നാണ്.
രണ്ട് റോസാപ്പൂ മൊട്ടുകൾ അകത്തു കാണുന്ന കൊച്ചൊരു ഫ്ലവർ വെയ്സ് കിട്ടി അന്ന്, പ്രസംഗ മൽസരത്തിൽ സെക്കന്റായതിന്.
പൊടി പിടിച്ചാലോ എന്നു ഭയന്ന് എന്റെ വീട്ടിലാരും ഒരിക്കൽ പോലും അതിന്റെ  പൊതി  തുറന്ന് വച്ചില്ല.. തുറന്നാലും അത് വയ്ക്കാൻ പറ്റിയ മേശയോ ടീപ്പോയിയോ വീട്ടിലുണ്ടായിരുന്നുമില്ല.
അദ്ദേഹത്തിന്റെ അഡ്രസെഴുതിയ ആ കടലാസു തുണ്ട് കുറെ ദിവസങ്ങൾ എന്റെ പല പുസ്തകങ്ങളുടെയും താളുകൾക്കിടയിൽ മാറി മാറി സഞ്ചരിച്ചു.
ഒരു ദിവസം എനിക്കൊരു തോന്നൽ... ഒരു കത്തെഴുതിയാലോ അദ്ദേഹത്തിന്.
ഒരു എട്ടാം ക്ലാസുകാരിക്കാവുന്ന സകല സാഹിത്യവും മിനുക്കുപണികളുമുള്ള ഒരില്ലന്റ് അങ്ങനെ നെടുമുടി വേണുവിനെ തേടിപ്പോയി. എന്റെ ചേട്ടനും ഞാനും മാത്രമറിഞ്ഞ രഹസ്യം. കത്തിന്റെ അവസാനം സസ്നേഹം എന്ന് ത്രിഡി സ്റ്റൈലിൽ എഴുതിത്തന്നത് ചേട്ടനായിരുന്നു.
ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് ഒരു ദിവസം ഒരില്ലന്റ് എന്നെത്തേടിയും വന്നു.
എത്രയും പ്രിയപ്പെട്ട ശ്രീദേവിക്കുട്ടിക്ക് , എന്നു തുടങ്ങി ഏതാനും വാക്യങ്ങളിൽ വിശേഷങ്ങളും തുടർന്നും നന്നായി പഠിക്കണമെന്നും മിടുമിടുക്കിയായി പ്രസംഗിക്കണം എന്നും മനോഹരമായി എഴുതിയ കത്ത്. സ്നേഹപൂർവ്വം വേണുച്ചേട്ടൻ എന്നെഴുതി ഒപ്പിട്ട കത്ത്.
എനിക്കത് വിശ്വസിക്കാനായില്ലെങ്കിലും വിശ്വസിക്കേണ്ടി വന്നു, പിന്നീട്.
ക്ലാസിലെ നസിയ ഉസ്മാൻ ഒരു ദിവസം നെയ്ച്ചോറും മട്ടൺ കറിയും എനിക്കും കൂടി തന്നപ്പോൾ ...
ഷൈലാ എസും രജനി പിയും ജൻസി തോമസും ദീപാ ആർ നായരും ആദ്യമായി എന്നെ കേൾക്കാൻ നിശബ്ദരായപ്പോൾ ...
സാറാ പീറ്റർ ടീച്ചർ വെള്ളിയാഴ്ച ലാസ്റ്റ് പീരീഡിലെ ക്ലാസ് മീറ്റിംഗിൽ എന്നോട് പ്രസംഗിക്കാൻ പറഞ്ഞപ്പോൾ ...
സവിതേം  അമ്പിളീം ശകലം ഒതുങ്ങിയിരി, ശ്രീദേവീം കൂടി ഫ്രണ്ട് ബഞ്ചേലോട്ടിരിക്ക് എന്ന് മേരിക്കുട്ടി ടീച്ചർ പറഞ്ഞപ്പോൾ ...
അന്ന് നാട്ടിൽ  ടി.വി.യുണ്ടായിരുന്ന ഒരേയൊരു വീടിന്റെ ജനലിന് വെളിയിൽ നിന്ന് ചിത്രഗീതം കണ്ടു കൊണ്ടിരുന്നപ്പോൾ അവിടുത്തെ ഇത്ത വാതിൽ തുറന്നു തന്ന് മുറ്റത്ത് കൊതുകല്ലേ, വന്ന് അകത്തിരിക്ക് എന്നു ആദ്യമായി പറഞ്ഞപ്പോൾ ...
പക്ഷേ അപ്പോഴേയ്ക്കും ഇതിനെല്ലാം കാരണമായ ആ കത്ത് ഒരു പാടു കൈകളിലൂടെ സഞ്ചരിച്ചും അവിടവിടെ നനഞ്ഞു മഷി പടർന്നും അഴുക്കുപുരണ്ടും അവശനായിക്കഴിഞ്ഞിരുന്നു.
എപ്പോഴും ഒരു പറ്റം കൂട്ടുകാരികളുടെയും പൊട്ടിച്ചിരികളുടെയും നടുവിൽ മാത്രം കാണാറുള്ള , സ്പ്രിംഗ് മുടിയുള്ള , അച്ഛന്റെ കാറിലും അല്ലാത്തപ്പോൾ ഓട്ടോറിക്ഷയിലും മാത്രം സ്കൂളിൽ വരുന്ന , സ്കൂളിലെ സൗന്ദര്യ റാണിയും സർവ്വോപരി ഞങ്ങൾക്കന്നുണ്ടായിരുന്ന ഒരേയൊരു ക്ലിനിക്കിലെ ഏക ഡോക്ടറുടെ മകളുമായ  പത്താം ക്ലാസിലെ  അനിഷാ ശ്രീനിവാസൻ ആയിടെ മുതൽ എന്നെക്കാണുമ്പോൾ ചിറി ഒരു വശത്തേക്കാക്കി ഒന്നു ചിരിക്കാനും തുടങ്ങിയിരുന്നു.
അതിനു മുമ്പ്  അമ്പരപ്പോടെ അനിഷയെ നോക്കിയിരുന്ന ഞാൻ  അവളുടെ കണ്ണിൽ പെട്ടിട്ടു പോലുമുണ്ടായിരുന്നില്ല.
'പിള്ളേർക്ക് വല്ല കർണം വേദനയോ തൂറലോ വന്നാ എടുത്തോണ്ടോടാൻ ആ ഒരാശൂത്രിയേ ഒള്ള് ' എന്നതായിരുന്നു അനിഷയുടെ അച്ഛന്റെ ക്ലിനിക്കിന് അന്ന് നാട്ടിലെ  ഐഡന്റിറ്റി.
കാണുമ്പോഴൊക്കെ ചിരിക്കാനും വല്ലപ്പോഴും എന്തെങ്കിലുമൊരു വാക്ക് മിണ്ടാനുമുള്ള സൗമനസ്യം എന്നോട് കാണിച്ചുവെങ്കിലും " എന്നോട് വാങ്ങിച്ച ആ കത്തെവിടെ ?" എന്ന് അനിഷയോടു ചോദിക്കാനുള്ള ധൈര്യം ആ ബാച്ച് പത്തിലെ അവസാന പരീക്ഷ കഴിഞ്ഞ് റ്റി.സി.യും വാങ്ങി പോകുന്നവരെ എനിക്ക് കിട്ടിയതുമില്ല.

ശ്രീദേവി മധു

 

Recipe of the day

Nov 162021
INGREDIENTS