മുട്ടത്തു വർക്കിയുടെ ഓർമ്മകളിൽ അന്ന മുട്ടത്ത്

മലയാളത്തിന്റെ  പ്രിയപ്പെട്ട കഥാകാരൻ മുട്ടത്തുവർക്കി യുടെ ചരമ വാർഷിക ദിനമാണ് ഏപ്രിൽ 28 .മുപ്പത്തിരണ്ട് വർഷമാകുന്നു അദ്ദേഹം നമ്മെ  വിട്ടു പിരിഞ്ഞു പോയിട്ട് .മലയാളത്തിൽ ഏറ്റവും വായിക്കപ്പെട്ട ജനപ്രിയ എഴുത്തുകാരിലൊരാളാണ് മുട്ടത്തുവര്‍ക്കി.മലയാള സാഹിത്യത്തെ ജനകീയമാക്കിയതില്‍ അദ്ദേഹത്തിനുള്ള പങ്ക് വലുതാണ്.സാഹിത്യ ലോകത്തിലേക്ക് മലയാളികളെ നയിച്ച ആദ്യപടി മുട്ടത്തുവര്‍ക്കിയും അദ്ദേഹത്തിന്റെ  രചനകളും ആണെന്ന് നിസംശയം പറയാം .  മധ്യകേരളത്തിലെ സാധാരണ ജനങ്ങളുടെ ജീവിതത്തെ കുറിച്ചാണ് മുട്ടത്തുവര്‍ക്കി തന്റെ നോവലുകളില്‍ നിരന്തരം എഴുതിയത്.

1913 ഏപ്രില്‍ 28, കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കു സമീപം ചെത്തിപ്പുഴ ഗ്രാമത്തിലായിരുന്നു മുട്ടത്തുവര്‍ക്കിയുടെ ജനനം.കെ.എം വര്‍ക്കി എന്നായിരുന്നു ശരിയായ പേര്. ചെറുകഥകള്‍, നോവലുകള്‍, നീണ്ടകഥകള്‍,ലേഖനങ്ങള്‍, നാടകങ്ങള്‍, നിരൂപണങ്ങള്‍, വിവര്‍ത്തനങ്ങള്‍, സിനിമാ തിരക്കഥകള്‍ തുടങ്ങി വിവിധ സാഹിത്യ രചനാ ശാഖകളിലായി 150ല്‍ പരം കൃതികളാണ് മുട്ടത്തുവര്‍ക്കി എന്ന അനശ്വര സാഹിത്യകാരന്റെ പേരിലുള്ളത്.ചങ്ങനാശ്ശേരി എസ്.ബി. കോളേജില്‍ നിന്നു സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയശേഷം ചങ്ങനാശ്ശേരി എസ്.ബി. ഹൈസ്‌കൂളില്‍ അദ്ധ്യാപകനായിഔദ്യോഗിക ജീവിതം ആരംഭിച്ചു. പിന്നീട് അദ്ധ്യാപകവൃത്തികൊണ്ട് കുടുംബം പുലര്‍ത്താന്‍ കഴിയില്ല എന്നു വന്നപ്പോള്‍ അല്പംകൂടി ഭേദപ്പെട്ട ശമ്പളം പ്രതീക്ഷിച്ച് കൂടിക്കലിലെ തടിഫാക്ടറിയില്‍ കണക്കെഴുത്തുകാരനായി. കുറച്ചു നാള്‍ എം.പി.പോളിന്റെ ട്യൂട്ടോറിയലില്‍ പഠിപ്പിച്ചു. പിന്നീട് എം.പി. പോളിനോടൊത്ത് സഹപത്രാധിപരായി ദീപികയില്‍ ജോലിചെയ്തു. 1950 മുതല്‍ 1976 വരെ അദ്ദേഹം ദീപികയുടെ പത്രാധിപ സമിതിയില്‍ ഉണ്ടായിരുന്നു. പത്രത്തിലെ 'നേരും നേരമ്പോക്കും' എന്ന പംക്തി എഴുതിയിരുന്നത് അദ്ദേഹമായിരുന്നു. ആറ് ആണ്മക്കളും മൂന്ന് പെണ്മക്കളുമായി ഒന്‍പതു മക്കള്‍. ഭാര്യ തങ്കമ്മ വര്‍ക്കി.1989 മേയ് 28നു മുട്ടത്തു വർക്കി അന്തരിച്ചു.

ആത്മാഞ്ജലി എന്ന ഖണ്ഡകാവ്യമാണ് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യകൃതി. അതിനു അവതാരിക എഴുതിയ എം.പി. പോൾ ആണ് വർക്കിയെ ഗദ്യമേഖലയിലേക്ക് തിരിച്ചു വിട്ടത്.

81 നോവലുകൾ, 16 ചെറുകഥാ സമാഹാരങ്ങൾ, 12 നാടകങ്ങൾ, 17 വിവർത്തനകൃതികൾ, 5 ജീവചരിത്രങ്ങൾ എന്നിവയടക്കം ഇരുന്നൂറോളം കൃതികൾ എഴുതി. മധ്യകേരളത്തിലെ സാധാരണക്കാരുടെ ജീവിതം ഹൃദയാവർജ്ജകമായി ആവിഷ്കരിച്ചു മുട്ടത്തു വർക്കി. ഒരു കാലഘട്ടത്തിലെ മധ്യകേരളത്തിലെ ക്രിസ്ത്യാനിയുടെ ജീവിതം സുന്ദരമായ ഭാഷയിൽ ആവിഷ്കരിച്ച എഴുത്തുകാരനായിരുന്നു മുട്ടത്തുവർക്കി.

മുട്ടത്തുവർക്കിയുടെ 26 നോവലുകൾ ചലച്ചിത്രങ്ങളായിട്ടുണ്ട്. എല്ലാം തന്നെ തിയേറ്ററുകൾ നിറഞ്ഞോടിയ ചിത്രങ്ങളായിരുന്നു. സത്യൻ അഭിനയിച്ച കരകാണാക്കടലും പാടാത്ത പൈങ്കിളിയും പ്രേം നസീർ അഭിനയിച്ച ഇണപ്രാവുകൾ, വെളുത്ത കത്രീന, ലോറാ നീ എവിടെ?, പ്രിയമുള്ള സോഫിയ, അഴകുള്ള സെലീന, തുടങ്ങിയവയെല്ലാം വൻ വിജയമായിരുന്നു.കെ.പി.എ.സിക്കു ബദലായി രൂപീകരിക്കപ്പെട്ട എ.സി.എ.സി. (ആൻറി കമ്യൂണിസ്റ്റ് ആർട്സ് ക്ലബ്) എന്ന നാടക സമിതിക്ക് വേണ്ടി എഴുതിയ 'ഞങ്ങൾ വരുന്നു' എന്ന നാടകം വിമോചന സമരത്തിന്റെ പ്രചരണത്തിന് വലിയ പങ്ക് വഹിച്ചിരുന്നു.

അദ്ദേഹം കഥയും തിരക്കഥയും രചിച്ച പാടാത്ത പൈങ്കിളി എന്ന ചലച്ചിത്രത്തിന് പ്രസിഡന്റിന്റെ വെള്ളിമെഡൽ (1957) ലഭിച്ചു.തിരുവനന്തപുരം കൊട്ടാരത്തിൽ വിളിച്ച് ശ്രീചിത്തിര തിരുനാൾ മഹാരാജാവ് അഭിനന്ദനമറിയിച്ചു.ജീവിതത്തിന്റെ സങ്കീർണ്ണതകളെ ലളിതവൽക്കരിക്കുന്ന, ദർശനരഹിതവും ഉപരിപ്ലവവുമായ സാഹിത്യരചനകളുടെ മാതൃകകളായി ഇദ്ദേഹത്തിന്റെ കഥകൾ വിമർശിക്കപ്പെട്ടിട്ടുമുണ്ട്. അത്തരം രചനകളെ വിശേഷിപ്പിക്കുന്ന "പൈങ്കിളി സാഹിത്യം" എന്ന പ്രയോഗത്തിന്റെ പിറവിക്കു പോലും പാടാത്ത പൈങ്കിളിയുടെ സൃഷ്ടാവായ മുട്ടത്തു വർക്കി കാരണക്കാരനായി.
വിമർശനങ്ങളോട് മുട്ടത്തു വർക്കി പ്രതികരിച്ചത് ഇങ്ങനെയാണ്
"എനിക്ക് ഒരു ടോൾസ്റ്റോയിയോ ദസ്തയേവ്സ്കിയോ ആകാൻ കഴിയില്ല. എനിക്കു മുട്ടത്തു വർക്കി ആകാനേ കഴിയുകയുള്ളൂ. ഞാൻ ഞാനായിട്ടുതന്നെ മലയാളമണ്ണിലെ പച്ചയായ മനുഷ്യരുടെ ഹൃദയത്തുടിപ്പുകൾ കുറിച്ചിട്ടു; അതു മലയാളി നെഞ്ചിലേറ്റി. എന്റെ ഇണപ്രാവുകളും മയിലാടുംകുന്നുമെല്ലാം മുഷിഞ്ഞ കവർച്ചട്ടയുമായി കേരളത്തിലെ വായനശാലകളിൽ സജീവമാണ്.

ഒരു കാലഘട്ടത്തിന്റെ അവഗണിക്കാനാകാത്ത സാന്നിധ്യമായിരുന്നു മുട്ടത്തുവര്‍ക്കി. ഉദ്വേഗജനകമായ അന്ത്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നതുടര്‍രചനകള്‍ മലയാളത്തില്‍ തുടങ്ങിവെച്ചത് മുട്ടത്തുവര്‍ക്കിയാണ്..

മുട്ടത്തു വർക്കിയുടെ മരണശേഷം അദ്ദേഹത്തിന്റെ കുടുംബം മലയാളത്തിലെ മികച്ച നോവലിന് എല്ലാ വർഷവും പുരസ്കാരം ഏർപ്പെടുത്തി അദ്ദേഹത്തിന്റെ എഴുത്തിന്റെ സാന്നിധ്യം മലയാളത്തിന് സമ്മാനിക്കുമ്പോൾ അദ്ദേഹത്തിന്റെ മകനായ ബേബിച്ചന്റെ സഹധർമ്മിണി അന്ന മുട്ടത്ത് അമേരിക്കൻ മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതിന് 2018 ൽ മുട്ടത്തുവർക്കി ഗ്ലോബൽ നോവൽ പുരസ്ക്കാരം ഏർപ്പെടുത്തിയിരുന്നു പ്രശ്‌സത എഴുത്തുകാരി
രതിദേവിക്കായിരുന്നു പുരസ്‌കാരം നൽകി ആദരിച്ചത് .

എല്ലാ വർഷവും മെയ് 28 നു മലയാളത്തിലെ മികച്ച നോവലിനുള്ള പുരസ്ക്കാരം നൽകി വന്നിരുന്നു എങ്കിലും കോവിഡ്  സാഹചര്യങ്ങൾ കൊണ്ട് കഴിഞ്ഞ വർഷവും ഈ വർഷവും നോവൽ അവാർഡ് നൽകുവാൻ സാധിച്ചില്ലന്നു അന്ന മുട്ടത്ത് ഈ മലയാളിയോട് പറഞ്ഞു .

മുട്ടത്തുവർക്കിയെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവച്ച അന്ന മുട്ടത്ത് അദ്ദേഹം അമേരിക്കയിലേക്ക് അയച്ച കത്തുകൾ ഇപ്പോഴും ഓർമ്മിച്ചു വയ്ക്കുന്നു .നേരിട്ട് ഇടപഴകി ജീവിച്ച ദിവസങ്ങളേക്കാൾ എത്രയധികമായിരുന്നു കത്തുകളിൽ നിറഞ്ഞു നിന്ന ജീവിതം .അവയിൽ നിറഞ്ഞുനിന്ന ജീവിതം ,അവയിൽ നിറയെ സ്നേഹമായിരുന്നു .നാട്ടിൽ എന്ത് കാര്യം നടന്നാലും അപ്പച്ചൻ അത് കത്തുകളിലൂടെ അറിയിക്കുമായിരുന്നു .ഞങ്ങൾക്ക് അയക്കുന്ന കത്തുകൾക്ക് ഒരു പത്രക്കാരന്റെ ടച്ച് ഉണ്ടായിരുന്നു .നാട്ടിലെ മരണവാർത്തകൾ അപ്പച്ചന്റെ എഴുത്തുകളിൽ കൂടിയാണ് അറിഞ്ഞിരുന്നത് .ഇന്ത്യയിൽ അക്കാലത്ത് സംഭവിച്ച പല പ്രധാന സംഭവങ്ങൾ കത്തിന്റെ ഭാഗമായിരുന്നു .ദേശീയ വാർത്തകൾക്ക് ശേഷമേ അദ്ദേഹം വീട്ടുകാര്യങ്ങളിലേക്ക് കടക്കു .മുഖ പേജുകളിൽ നിന്ന് പ്രാദേശിക പേജുകളിലേക്ക് വരുന്നതുപോലെ ഉള്ള എഴുത്ത് ..
അതൊരു അനുഭവം തന്നെ ആയിരുന്നു .

അമേരിക്കയിലേക്ക് അദ്ദേഹം വന്നിട്ടില്ല .അതിനു അദ്ദേഹം ഒരു കാരണം ഒരിക്കൽ കത്തിൽ സൂചിപ്പിച്ചിരുന്നു ."അമേരിക്കയിൽ വരാൻ ആഗ്രഹമില്ലാഞ്ഞിട്ടല്ല .ആരോഗ്യ നില അനുകൂലമല്ല .നടക്കാൻ ബുദ്ധിമുട്ട് .പിന്നെ മാത്രയ്ക്ക് മാത്ര മൂത്രമൊഴിക്കുക .അവിടെ വന്നാൽ മുറുക്കിത്തുപ്പി ന്യൂയോർക്ക് നഗരം മുഴുവൻ ചെമപ്പിച്ചുകളയും .അതുകൊണ്ട് അമേരിക്ക ഭാവനയിൽ കണ്ട ആസ്വദിച്ചുകൊള്ളാം ."നൊമ്പരങ്ങൾക്കിടയിലും ചിരിക്കാൻ പ്രേരിപ്പിക്കുന്ന നർമ്മ ബോധം ആയിരുന്നു അപ്പച്ചന് .

അകലുംതോറും അടുപ്പം കൂടും എന്ന് പറയാറുള്ളതുപോലെ അപ്പച്ചനിൽ നിന്നുള്ള ദൂരം ,അതായത് ചെത്തിപ്പുഴയിൽ നിന്ന് ന്യൂയോർക്കിലെ ഓറഞ്ച് ബർഗിലേക്കുള്ള ദൂരമൊന്നും ഞങ്ങളുടെ സ്നേഹബന്ധത്തെ ഒരു രീതിയിലും ബാധിച്ചിരുന്നില്ല .അപ്പച്ചന്റെ കത്തുകൾ ആയിരുന്നു അന്ന് കൂട്ടിനു ഞങ്ങൾക്ക് ഉണ്ടായിരുന്നത് .അപ്പച്ചന്റെ കത്തുകൾ ഇന്നും നിധിപോലെയാണ് ഞങ്ങൾ സൂക്ഷിക്കുന്നതെന്നു അന്ന മുട്ടത്ത് പറഞ്ഞു .

അന്ന മുട്ടത്ത്

 

 

 

 

Recipe of the day

Aug 12021
ചേരുവകൾ ബീഫ്‌ - അര കിലോ തേങ്ങാകൊത്തു- അര കപ്പ്