മുസ്താങ്ങ്

പുരുഷാധിപത്യ ലോകത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ദുരിതങ്ങളുടെ നേർക്കാഴ്ച്ചയാണ്
' മുസ്താങ്ങ് ' എന്ന ടർക്കിഷ് ചിത്രം. ഡെന്നീസ് ഗാംസെ എർഗൂവനാണ് 2015 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൻ്റെ സംവിധായക.

ഇസ്താംബുള്ളിൽ നിന്ന് 1000 മൈൽ ദൂരെയുള്ള ഒരു കടലോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. സൊനായ്, സെൽമ, എജെ, നൂർ, ലാലി എന്നീ അഞ്ച് സഹോദരിമാരുടെ ജീവിതത്തിൽ സമൂഹം നടത്തുന്ന ഇടപെടലുകളും അതേ തുടർന്നുണ്ടാവുന്ന ദുരന്തങ്ങളുമാണ് ഈ സിനിമയുടെ ഇതിവൃത്തം.

വളരെ സന്തോഷവതികളായ അഞ്ചു കൗമാരക്കാരികൾ അവരുടെ സ്ക്കൂളിലെ തന്നെ നാല് ആൺകുട്ടികളുമൊത്ത് കടലിൽ നീന്തുകയും കളിക്കുകയും ചെയ്യുന്നു. ഇതു കാണാനിടയായ ഒരു അയൽക്കാരി പെൺകുട്ടികളുടെ അമ്മൂമ്മയെ വിവരമറിയിക്കുന്നു. മാതാപിതാക്കളുടെ മരണശേഷം അഞ്ചു പെൺകുട്ടികളും കഴിഞ്ഞിരുന്നത് അമ്മൂമ്മയുടെ സംരക്ഷണത്തിലായിരുന്നു. അമ്മൂമ്മ അവരെ തല്ലുകയും കുടുംബത്തിനപമാനമുണ്ടാക്കിയതായി കുറ്റപ്പെടുത്തുകയും ചെയ്യുന്നു. അവരിലൊരു പെൺകുട്ടി വീട്ടിലെ കസേരയുടെ കാലൊടിക്കുകയും, ഇളയവൾ തങ്ങളെ ഒറ്റുകൊടുത്ത അയൽക്കാരിയെ ആക്രമിക്കുകയും ചെയ്തു പ്രതികരിക്കുന്നു. അവരുടെ അമ്മാവൻ എറോൾ പെൺകുട്ടികളോട് കയർക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും മുതിർന്ന മുന്നാളെയും കന്യകാത്വ പരിശോധനക്ക് വിധേയരാക്കാൻ ഡോക്ടറുടെ അടുക്കൽ കൊണ്ട് പോവുകയും ചെയ്യുന്നു. അതോടെ അവരുടെ സ്ക്കൂൾവിദ്യാഭ്യാസം നിലയ്ക്കുകയും എങ്ങനെ നല്ല ഭാര്യമാരാകാം എന്ന പരിശീലനം ലഭിക്കുന്ന വീടകങ്ങളിൽ ബന്ധിതരാവുകയും ചെയ്യുന്നു. പാചകം,തയ്യൽ, വീടു വൃത്തിയാക്കൽ എന്നിവ പഠിപ്പിക്കാൻ പ്രത്യേകം ആളുകളെ നിയമിക്കുന്നു. അവർ പ്രലോഭിതരാവുമെന്ന് കരുതുന്ന മേയ്ക്കപ്പ് സാധനങ്ങൾ, ഫോൺ, വസ്ത്രങ്ങൾ, കമ്പ്യൂട്ടർ എന്നിവയൊക്കെ അമ്മൂമ്മ അവരുടെ റൂമിൽ നിന്ന് എടുത്തു മാറ്റുന്നു. പെൺകുട്ടികൾ തങ്ങളുടെ വ്യത്യസ്ത നിറങ്ങളിലുള്ള വസ്ത്രങ്ങൾക്ക് പകരം തീട്ടക്കളറുള്ള അയഞ്ഞ വസ്ത്രങ്ങൾ ഇടാൻ നിർബന്ധിതരാവുന്നു. അമ്മൂമ്മടെയും അമ്മാവൻ്റെയും ആഗ്രഹ പ്രകാരം മൂത്തവർ രണ്ടാളെയും വിവാഹം കഴിച്ചയക്കുന്നു.

രണ്ടാമത്തവളായ സെൽമയുടെ കല്യാണം കഴിഞ്ഞു പിറ്റേ ദിവസം കിടക്കയിൽ രക്തം കണ്ടില്ലെന്ന കാരണത്താൽ അവളെ ഡോക്ടറെ കാണിക്കാൻ കൊണ്ട് പോകുന്നുണ്ട്. ഇളയ മൂന്ന് സഹോദരികൾ മാത്രം ആ വീട്ടിൽ തനിച്ചാകുമ്പോൾ ഒരു രാത്രി അമ്മാവൻ അവരുടെ റൂമിൽ കടന്നു വരുന്നു. എജെയുടെ ദുരൂഹമായ ആത്മഹത്യക്കും അതിന് മുൻപുള്ള വിചിത്രസ്വഭാവത്തിനും കാരണം അമ്മാവനാവാം എന്ന സൂചന സഹോദരിമാരോടുള്ള പെരുമാറ്റത്തിൽ നിന്ന് വ്യക്തമാകുന്നു. പിന്നൊരിക്കൽ അയാൾ നാലാമത്തെ പെൺ കുട്ടിയായ നൂറിനടുത്തുമെത്തുമ്പോൾ "എന്തിനു നീയാ മുറിയിൽ പോയി ഇതൊന്നും ഇവിടെ പറ്റില്ല " എന്നു അമ്മൂമ്മ ദേഷ്യപ്പെടുന്നു. അങ്ങനെയിരിക്കെ നാലാമത്തെ പെൺകുട്ടിയുടെയും വിവാഹം അവളുടെ സമ്മതമില്ലാതെ നിശ്ചയിക്കുന്നു. ഇളയവൾ ലാലി നൂറിനെയും കൂട്ടി രക്ഷപെടാൻ ശ്രമിക്കുന്ന ഉദ്യേഗജനകമായ ക്ലൈമാക്സിലൂടെ സംവിധായിക പ്രേക്ഷകന്റെ ഹൃദയതാളങ്ങളെ നിയന്ത്രിക്കുന്നു.

പുരുഷസമൂഹം വരിഞ്ഞുമുറുക്കിയ സ്ത്രൈണ ജീവിതത്തിന്റെ സ്വാതന്ത്രവാഞ്ജയെ, അഭിലാഷങ്ങളെ, സ്വപ്നങ്ങളെ അവരുടെ ദുർബലമായ ചെറുത്തുനിൽപുകളെ ദൃശ്യവത്കരിക്കുന്ന ഈ ചിത്രം 2015ലെ ഓസ്കാർ നോമിനേഷൻ നേടിയിരുന്നു.

ഗ്രാമ്യ. സി. വി

               

 

 

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.