മൂന്ന് ഭ(സ)ക്തി ഗാനങ്ങൾ

               ഭക്തിയും സക്തിയും തമ്മിൽ ഒരു തലനൂലിഴയുടെ നേരിയ തടയേ ഉള്ളൂ എന്ന് തോന്നിയിട്ടുണ്ടോ? അല്ലെങ്കിൽത്തന്നെ എന്നെപ്പോലെ ഒരു തികഞ്ഞ ഭൗതിക ജീവിയെ സംബന്ധിച്ചിടത്തോളം ഭക്തി,സക്തിയിലേക്കുള്ള മാർഗം തന്നെ. സക്തിസാധ്യത്തിന് ( താൽപ്പര്യനിവൃത്തിക്ക് ) വേണ്ടിയുള്ള പൂജകൾ, ആരാധനകൾ,ഭജനങ്ങൾ....
                സ്വന്തം കവിതകളിൽ കഷ്ടി പത്തുതവണ ഏതെങ്കിലുമൊരു ഭഗവൽ നാമം എഴുതിപ്പോയാൽ ആ കവിയെ ഭക്തകവി ആയി അഭിഷേചിക്കുന്ന  ഒരു പതിവ് പണ്ടുമുതൽക്കേ നമുക്കുണ്ട്.ഇതേ പതിവ് തന്നെ ഗാനങ്ങളെ ഭക്തിഗാനങ്ങൾ ആക്കുന്നതിലും നാം പിന്തുടരുന്നു.ഇപ്രകാരം ഭക്തി ഗാനമേളകളിൽ ചേർക്കപ്പെട്ടിട്ടുള്ള മൂന്നു ഗാനങ്ങളെക്കുറിച്ച് പറയട്ടെ.

അടുത്തകാലത്ത് നിര്യാതനായ ശ്രീ.എസ്. രമേശൻ നായരുടെ ഏറ്റവും പ്രശസ്തമായ "മയിൽപീലി "എന്ന ആൽബത്തിലെ,"രാധതൻ പ്രേമത്തോടാണോ "എന്ന ഗാനം.....കാല്പനിക പ്രണയത്തിന്റെ മൂർത്തഭാവം ആണ് ആ ഗാനത്തിന്റെ ആത്മാവ്.' എന്റെ ആത്മ ഗീതത്തോടാണോ രാധയുടെ പ്രേമത്തോടാണോ നിനക്ക് ഏറെ ഇഷ്ടം കൃഷ്ണാ?' എന്ന് ചോദിക്കുമ്പോൾത്തന്നെ കവി സ്വയം ഉത്തരം കൽപ്പിക്കുന്നുമുണ്ട്. 'പകൽ പോലെ ഉത്തരം സ്പഷ്ടം 'ആണെന്ന്. അത് കവിയുടെ ഗീതത്തോട് തന്നെയത്രേ... അതെങ്ങനെ കവിക്കു വെളിവായി? നെഞ്ചിന്റെയുള്ളിൽ നിന്ന് ഊറി വരുന്ന ഈ നഗ്നസംഗീതം ശംഖനാദമോ കുഴൽ നാദമോ സൗന്ദര്യം ചാർത്താത്തതാണ്. വൃന്ദാവന നികുഞ്ജങ്ങളുടെ പശ്ചാത്തലമില്ലാതെ നീയതിനെ നറുചന്ദനം പോലെ മാറിൽ ചേർക്കുന്നു.നിന്ടെ പ്രേമ സ്മിതത്തിൽ എന്നെ കുളിർപ്പിക്കുന്നു. എന്റെ നെഞ്ചാകും ഇടയ്ക്കയിലെ സംഗീതം പഞ്ചാഗ്നിയായി ജ്വലിക്കവേ, സുന്ദരമായ നിന്ടെ ശ്യാമാംബരമെല്ലാം അഴിച്ചു വെച്ച് നീയതിനെ( എന്നെത്തന്നെ ) നിന്റെ തിരുമെയ്യോട് ചേർത്തു പുൽകുന്നു. നിന്ടെ തിരു മധുരത്തിൽ അലിഞ്ഞ് ഞാൻ ഉറങ്ങുന്നു എന്നും പറയുന്നിടത്ത് കവി ശൃംഗാരത്തിന്റെ  ഉത്തുംഗശൃംഗത്തിൽ ആണ് എത്തുന്നത്. ഒരു വേള,പ്രണയ ശൃംഗാര ങ്ങൾ ഭക്തിയുടെ അവാന്തരരൂപങ്ങളാണെന്ന് അനു മാനിക്കുമ്പോൾ ഈ ഗാനം ഉത്തമ ഭക്തിഗാനം തന്നെയാകുന്നു.
           ' അഷ്ടപദി 'എന്ന ചിത്രത്തിൽ, പി ഭാസ്കരൻ മാസ്റ്റർ രചന നിർവഹിച്ച്, വിദ്യാധരൻ മാഷ് സംഗീതം നൽകി, യേശുദാസ് ആലപിക്കുന്ന " വിണ്ണിന്റെ വിരിമാറിൽ മഴവില്ലിൻ മണിമാല" എന്നുതുടങ്ങുന്ന പാട്ടും ഭക്തി ഗാനമേളകളിൽ ഉൾപ്പെട്ടു കേട്ടിട്ടുണ്ട്. ( സിനിമയിലും അങ്ങനെത്തന്നെയാണ്. അത് സിനിമയുടെ ആവശ്യകത യായി കണക്കാക്കാവുന്നതാണ്) വാനത്തിന്റെ കവിളിൽ കാണുന്ന മൂവന്തിച്ചോപ്പിനാണോ വനമാലിയുടെ കവിളിൽ കാണുന്ന തന്റെ തിലക ച്ചോപ്പിനാണോ  കൂടുതൽ അഴക് എന്ന രാധ സഖിയോട് കൊഞ്ചിച്ചോദിക്കുകയാണ്. ഭക്തിയോ സക്തിസ്മരണയോ വരികളിൽ തെളിയുന്നത്?

 കൂടാതെ മന്ദാനിലൻ അവളുടെ ആത്മാവിനെ ഉണർത്തുന്നത് നന്ദാത്മജ(ദേഹ) പൂജക്കായാണ് എന്നും വ്യക്തം. രാഗവും ഭോഗവും എല്ലാം ഭക്തി തന്നെ. എന്നാൽ ഇതൊരു ഭക്തിഗാനം എന്ന് കരുതാമോ?
                 ഹരി കുടപ്പനക്കുന്ന് എഴുതി, വിദ്യാധരൻ മാഷ് സംഗീതം നൽകി, പാദമുദ്രയിൽ യേശുദാസ് ആലപിക്കുന്ന അതിഗംഭീര ഗാനം മലയാള ചലച്ചിത്ര ഗാനം ആസ്വദിക്കുന്ന ആരാണ് ഒരിക്കലെങ്കിലും മൂളാത്തത്?? " നമ: പാർവ്വതീപതയേ "എന്നുതുടങ്ങുന്ന അമ്പലമില്ലാതെ ആൽത്തറയിൽ വാഴുന്ന ഓച്ചിറ മഹാദേവ സ്തുതി, ഭക്തിഗാനമല്ലാതൊന്നുമല്ല അവസാന പാദം വരെ.""സംഹാര താണ്ഡവമാടുന്ന നേരം ശൃംഗാരകേളികളാടുന്നു " എന്ന വരി മുതൽ, എത്ര അനായാസമായാണ് കവി പരമേശ്വര കാമലീലകൾ നായകനിലേക്ക് സന്നിവേശിപ്പിക്കുന്നത്!!" കാമനെച്ചുട്ടൊരു കണ്ണിൽ കനലല്ല കാമമാണിപ്പോൾ എരിയുന്നതെന്നോ " ഇവിടെ വരെ ഭജന പാടുകയായിരുന്ന നായകന്റെ ശ്രദ്ധ അനർഹകാമത്തിലേക്ക് കൂപ്പുകുത്തുകയാണ്. മുക്കണ്ണന് കുന്നിൻ മകളറിയാതെ  ഗംഗയ്ക്ക് 'ഒളിസേവ' ചെയ്യാമെങ്കിൽ  പാവം ഭക്തന് (വെറും മനുഷ്യൻ )എന്തുകൊണ്ടതായ്ക്കൂടാ??- എന്നാൽ "ഭക്തിഗാനം "എന്ന കൂട്ടത്തിൽ ഈ ഗാനം ഉൾപ്പെടുത്താമോ? അതായ്ക്കൂടാ......എന്നാണ്.........

മായ കൃഷ്ണൻ

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1