വീട്

നിമിഷാർദ്ധംകൊണ്ടു രൂപവും ഭാവവും മാറിമാറിവരുന്ന നഗരത്തിൽ പഴമയെ കൈവെള്ളയിലൊതുക്കി ഒളിപ്പിച്ചുവെച്ച ആ തെരുവിനെക്കുറിച്ചു  പറഞ്ഞത് സാറ യാണ് . കോലഴികൾ പിടിപ്പിച്ച ജനലുകളും വാതിലും പച്ചപിടിച്ച ചുമരും കാട്ടുചെടികൾ പടർന്നു പന്തലിച്ചു മേലാപ്പ് ചാർത്തിയ മട്ടുപ്പാവും ഉള്ള കെട്ടിടം ആദ്യമായി കണ്ടത് സാറയുടെ കണ്ണിലൂടെയാണ് .
" മനു , സംസാരിക്കുന്ന കെട്ടിടങ്ങളെ കണ്ടിട്ടുണ്ടോ നീ ?
കണ്ണും കാതും തുറന്നുവെച്ചു കുറച്ചുനേരം നീയീ കെട്ടിടത്തിന്റെ മുന്നിലൊന്നു പോയി നിൽക്കൂ . വല്ലാത്തൊരു അനുഭവം ആണത് "
ഒഴിവുകിട്ടുമ്പോൾ സാറയുമൊത്തു പലസ്ഥലങ്ങളിലും കറങ്ങിനടക്കാറുണ്ട് . കാറും ബൈക്കും ഒന്നുമെടുക്കാതെ ബസ്സിലും ഓട്ടോയിലും നടന്നും ഒക്കെയാണ് ചുറ്റിത്തിരിയാറുള്ളത് . അതാണ് രണ്ടുപേർക്കും ഇഷ്ടവും .
"ഇത്രയധികം ഈ നഗരം ചുറ്റുന്ന  നമ്മൾ ഇതെങ്ങനെ കാണാതെപോയി സാറ ? "
" വെറുതെയല്ല . അതാ പൂക്കാരൻ തെരുവിനും അപ്പുറമുള്ള ഒരു തെരുവിലാണ് . പൂക്കാരൻ തെരുവിനപ്പുറം ആ കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തുകൂടി ഒരാൾക്ക് കഷ്ടി നടക്കാനുള്ള ഒരു വഴിയില്ലേ ? ആ വഴി ചെന്ന് ചേരുന്നത് ഈ കെട്ടിടമുള്ള തെരുവിലേക്കാണ് . നമ്മളാവഴി പോകാറില്ലല്ലോ "
"നീയെന്തിനു ആ വഴി പോയി ? "
"എന്റെ കൂടെ പ്രൊജക്റ്റ് ചെയ്യുന്ന  ശ്രേയ യുടെ അച്ഛന് ഒരു നോട്ടമുണ്ട് ആ കെട്ടിടത്തിൽ . അങ്ങനെ അവൾ പറഞ്ഞാണ് അറിഞ്ഞത് "
"ആര് ആ റെഡ്ഡ്യാരുടെ മകളോ ? "
"അതെ "
സാറ പറഞ്ഞതുപോലെ മുന്നിൽ എത്തിയപ്പോൾ ആ കെട്ടിടം സംസാരിക്കാൻ തുടങ്ങുന്നത് പോലെ തോന്നി .
പൊയ്പോയകാലത്തിന്റെ വീഥികളിലേക്ക് ചക്രം തിരിച്ചിരുന്ന ഒരു ചുവന്ന കാർ അക്കാല  പ്രൗഢിയെ ഓർമ്മിപ്പിച്ചു
"ഇത് വളരെ പഴയ കാറാണല്ലോ . കണ്ടിട്ട് ആരും
ഉപയോഗിക്കുന്നതായി തോന്നുന്നില്ല . "
ഞങ്ങളുടെ സംസാരം കേട്ടിട്ടാകണം മുകളിൽ നിന്നൊരു സ്ത്രീ എത്തി നോക്കി . വളരെ വേഗം താഴെയെത്തി
എന്താ അവിടെ നിന്ന് കളഞ്ഞത് ? അകത്തേക്ക് വരൂ
എന്ന് പറഞ്ഞു. വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു .
കയറിച്ചെന്നത് വിശാലമായൊരു ഹാളിലേക്കാണ് . തടിയിൽ നിർമ്മിച്ച കുഷ്യനുകളോട് കൂടിയ മനോഹരമായൊരു സോഫാ സെറ്റു.
അതിനടുത്തായി തടിയുടെ കാലുകളോട് കൂടിയ  കണ്ണാടി ചില്ലുള്ള ഒരു ടീ പോയ് .
കണ്ണാടിച്ചില്ലിട്ട അലമാരക്കുള്ളിൽ മറ്റെവിടെയും കണ്ടിട്ടില്ലാത്ത മനോഹരമായ കൗതുകവസ്തുക്കൾ
ആ സ്ത്രീ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു
"ആ റെഡ്ഡ്യാർ പറഞ്ഞ ആൾക്കാരാണെന്നു തോന്നുന്നു നിങ്ങളൊന്നിങ്ങോട്ടു വരൂ "
സാറ ചോദ്യഭാവത്തിലൊന്നു നോക്കി
കണ്ണടച്ച് കാണിച്ചു അവളോട് ഒന്നും മിണ്ടരുതെന്നു
ഏകദേശം ഒരു നാല്പത്തഞ്ചു നാപ്പത്താറു വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൾ  അകത്തുനിന്നു വന്നു
" സോറി ഒന്നും തോന്നരുത് . അച്ഛനിപ്പോഴും സമ്മതിച്ചിട്ടില്ല . അച്ഛന്റെ പേരിൽ ആണിത് . എനിക്കൊന്നും ചെയ്യാനാകില്ല . ഞാനന്ന് റെഡ്ഡ്യാരോട് പറഞ്ഞതാണ് ഇടക്കിടക്കിങ്ങനെ ആളെ അയക്കണ്ടാ ഞാൻ സമയമാകുമ്പോൾ അറിയിച്ചോളാം എന്ന് "
"നിധി കാക്കുന്ന ഭൂതത്തെ പോലാണ് കിളവൻ . ഇപ്പോഴെങ്ങും ചാവത്തുമില്ല അതുകഴിഞ്ഞിട്ടു കൊടുക്കാമെന്നു വെച്ചാൽ "
" എടീ പതുക്കെ പറയ്‌ . വയസ്സിത്ര ആയെങ്കിലും അച്ഛന്റെ ചെവിക്കൊരു കുഴപ്പവുമില്ല "
" കേട്ടോട്ടെ . ഇതിപ്പോഴും കെട്ടിപ്പിടിച്ചിരിക്കുന്നതു എന്തിനാണെന്നാണ് മനസ്സിലാവാത്തത് . ആകെ ഉള്ളത് ഈ ഒരു മകനാണ് . ഞങ്ങൾക്കും ഇല്ലേ ആഗ്രഹം പോർഷ് ഏരിയയിൽ നല്ലൊരു വില്ല വാങ്ങിക്കാം ഇത് കൊടുത്തിട്ടു എന്ന് പറഞ്ഞാൽ കെളവൻ
കേൾക്കണ്ടേ ? "
"ഇതൊരു വലിയ കെട്ടിടമാണ് . പിന്നെ പുറകിലേക്ക്കും കുറച്ചു സ്ഥലമുണ്ട് .  മുൻവശത്തുള്ള സ്ഥലത്തിലൂടെ മെട്രോ വരുന്നുണ്ടെന്നും കേൾക്കുന്നു . നല്ല വിലയാണ് റെഡ്‌ഡിയാര് അന്ന് പറഞ്ഞത് . പക്ഷെ അച്ഛൻ സമ്മതിക്കാതെ ഒന്നും ചെയ്യാനാകില്ല. "
" അച്ഛനെ ഒന്ന് കാണാൻ പറ്റുമോ ? "
"അതിനെന്താ വന്നോളൂ . ആര് സംസാരിചാലും ഇത് വിൽക്കാൻ അച്ഛൻ സമ്മതിക്കുകയൊന്നുമില്ല "
" ഏയ് നിർബന്ധിക്കാനൊന്നുമല്ല  ഒന്ന് കാണാനാണ് "
ഉള്ളിലേക്ക് കടന്നപ്പോഴാണ് മനസ്സിലായത് അതൊരു വലിയ വീടാണെന്ന് . അടുക്കള ഹാൾ കൂടാതെ നാല് മുറികൾ താഴെ തന്നെയുണ്ട് . അതുപോലെ മുകളിലും കാലപ്പഴക്കത്തിന്റെ ചിത്രം പേറുന്ന ചുമരുകൾ വാതിലുകൾ .
ഒരെൺപതു വയസ്സ് പ്രായം തോന്നിക്കുന്നൊരാൾ കട്ടിലിൽ തലയിണ ചാരിവെച്ചു കണ്ണടച്ച് ഇരിക്കുന്നുണ്ട്
കാൽപ്പെരുമാറ്റം കേട്ടപ്പോൾ കണ്ണ് തുറന്നു നോക്കി
"അച്ഛാ ഇത് ആ റെഡ്യാരുടെ ...."
മകൻ പറഞ്ഞുതുടങ്ങിയപ്പോഴേക്കും അച്ഛൻ കൈയുയർത്തി മതിയെന്ന് ആംഗ്യം കാണിച്ചു
"നിങ്ങൾ സംസാരിക്കൂ എന്ന് പറഞ്ഞു മകൻ പുറത്തേക്കു പോയി "
" എന്തിനാണിങ്ങനെ  കയറിയിറങ്ങി നടക്കാൻ ആൾക്കാരെ പറഞ്ഞയക്കുന്നത് റെഡ്യാർ ?
ഞാനിതു കൊടുക്കുന്നില്ല എന്ന് പറഞ്ഞതല്ലേ ? എന്റെ കാലം കഴിഞ്ഞിട്ട് അവൻ എന്തുവേണമെങ്കിലും
ചെയ്യട്ടെ "
"ഒന്ന് ചോദിച്ചോട്ടെ ? "
" ഉം ? "
" പ്രായമാകുമ്പോൾ മോഹങ്ങൾ കുറഞ്ഞു കുറഞ്ഞു വിരക്തി വരും എന്ന് കേട്ടിട്ടുണ്ട് . എന്തുകൊണ്ടാണ് ഈ വീടിനോടു ഇത്രയേറെ  ഇഷ്ടം ? "
ചുമരിനോട് ചേർന്നൊരു പായ മടക്കിവെച്ചിട്ടുണ്ടായിരുന്നു . അത് നിവർത്തിയിട്ടു താഴെ യിരിക്കാൻ പറഞ്ഞു അദ്ദേഹം .
ഞങ്ങൾ താഴെ ഇരുന്നുകഴിഞ്ഞപ്പോൾ
ചുമരിലേക്കു വിരൽചൂണ്ടി കാണിച്ചുകൊണ്ട് ചോദിച്ചു
"ആ ഫോട്ടോ കണ്ടോ ? "
ഒരുപഴയകാല ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം . നല്ല പൊക്കമുള്ള സുന്ദരനായ കട്ടിമീശയുള്ള ഒരു യുവാവും
അദ്ദേഹത്തിന്റെ ചുമലിനോളം പൊക്കമുള്ള ഒരു യുവതിയും ആയിരുന്നു ആ ഫോട്ടോയിൽ .
" ഞാനും എന്റെ ഭാര്യയും .
മനോഹരമായി നൃത്തം ചെയ്യുമായിരുന്നു എന്റെ വേണി . കൊതി തീരും വരെ ഈ വീട്ടിലെ മുറികളിൽ ആടിനടക്കാൻ അവൾക്കു യോഗമില്ലാതെ പോയി
പഴയ ആന്റിക് വസ്തുക്കളോട് പഴയ ചില കെട്ടിടങ്ങളോട് പഴമയോട് ഒക്കെ വേണിക്കു  ഭ്രമമായിരുന്നു .  ധാരാളം കൗതുകവസ്തുക്കൾ വാങ്ങുമായിരുന്നു അതാകട്ടെ അപൂർവമായി കാണുന്നതും മനോഹരവും ആയിരിക്കും . ആ കാറ് കണ്ടോ ? അതും അവൾ ഇഷ്ടപ്പെട്ടു വാങ്ങിയതാണ് . മോഹവിലകൊടുത്തു . അതിനും ആവശ്യക്കാർ പലരും വന്നു .
ഞങ്ങൾ ഇത് വാങ്ങുമ്പോഴും ഇതൊരു പഴയ കെട്ടിടം തന്നെ ആയിരുന്നു . അവൾ മോഹിച്ചു വാങ്ങിയ വീടാണിത് .. ഇതേ മുറിയിൽ ആ ദിവസം പുലർച്ചെ നൃത്തം ചെയ്തുകൊണ്ടിയിരിക്കുമ്പോഴാണ് അവൾ വീണത് മൂന്നുദിവസം കഴിഞ്ഞപ്പോഴേക്കും അവൾ പോയി .  സെറിബ്രൽ അറ്റാക്ക് ആയിരുന്നു .
ഇങ്ങനെ കണ്ണടച്ചു കിടന്നാൽ എനിക്കിപ്പോഴും കാണാം
ലാസ്യഭാവത്തിൽ പതിഞ്ഞാടുന്ന എന്റെ വേണിയെ "
അത്രയും പറഞ്ഞു അദ്ദേഹം കണ്ണുകൾ അടച്ചു കിടന്നു
മനൂ പോകാം എന്നുപറഞ്ഞു സാറ തൊട്ടു വിളിച്ചപ്പോൾ പതുക്കെ എഴുന്നേറ്റു പുറത്തുകടന്നു
"സംസാരിക്കാൻ നമുക്കൊക്കെ ഭാഷയുണ്ടായിട്ടും ഒരാൾക്ക് മറ്റൊരാളെ മനസ്സിലാവാതെ പോകുന്നു അല്ലെ മനു ? "
"പരസ്പരം മനസ്സിലാക്കാൻ മനുഷ്യന് ഭാഷയെന്തിനാണ്
സാറ ? "
" കെളവൻ ചാവുമ്പോൾ ഇതുംകൂടി ചുമന്നോണ്ട് പോകുമായിരിക്കും "
അകത്തുനിന്നു ഒഴുകിയെത്തിയ ആ
ശബ്ദവീചികൾ ആരോ പാടുന്ന പദത്തിനൊപ്പിച്ചു ചുവടുവെക്കുന്ന ചിലങ്കയുടെ നാദത്തിൽ നേർത്തു നേർത്തു ഇല്ലാതായി

ഉഷാമേനോൻ മേലേപ്പറമ്പോട്ടിൽ

Recipe of the day

Sep 222021
എല്ലില്ലാത്ത ചിക്കന്‍ - അരക്കിലോ മുട്ട   - 1