മിഠായി പൊതിയുമായി വന്ന കഥാകാരി

മലയാള ബാലസാഹിത്യത്തിൽ തൻറേതായ ഇരിപ്പിടമുറപ്പിച്ച എഴുത്തുകാരിയായിരുന്നു  അന്തരിച്ച സുമംഗല എന്ന തൂലിക നാമത്തിൽ അറിയപ്പെട്ട ലീലാ നമ്പൂതിരിപ്പാട് (1934- 2021) പ്രധാനമായും ബാലസാഹിത്യകാരിയായി അറിയപ്പെട്ട സുമംഗല മലയാള എഴുത്തു ലോകത്തെ ബഹുമുഖ പ്രതിഭയായിരുന്നു.

കുട്ടികളെ അറിയുന്നതും അവർക്കുവേണ്ടി എഴുതുന്നതും ജീവിതത്തിൻറെ നല്ല പങ്കും അവർക്ക് കഥ പറയാൻ വേണ്ടി മാറ്റി വയ്ക്കുന്നതും ചെറിയ കാര്യമല്ല. അവർ കുട്ടികൾക്കുവേണ്ടി അമ്പതിൽപരം കഥകളും നോവലുകളും രചിച്ചിട്ടുണ്ട് .

കുട്ടിക്കഥകളിൽ മാത്രം ഒതുങ്ങിപ്പോയ എഴുത്തുകാരിയല്ലായിരുന്നു സുമംഗല.  1975 ല്‍ പ്രസിദ്ധീകൃതമായ  പച്ചമലയാളം  നിഘണ്ടുവിലൂടെ  ഈ എഴുത്തുകാരി മലയാളഭാഷയ്ക്ക് നൽകിയ സംഭാവന എടുത്തുപറയേണ്ടതാണ്. മലയാളത്തിലെ നാട്ടുമൊഴി വാക്കുകൾ അടങ്ങുന്ന മറ്റു നിഘണ്ടുക്കളെ അപേക്ഷിച്ച് അതി ബൃഹത്തും ഇന്ന് പ്രചാരലുപ്തമായ നാട്ടു മൊഴികളാൽ സമ്പന്നവുമായ ഈ നിഘണ്ടു മലയാളഭാഷയ്ക്ക് എന്നെന്നും മുതൽക്കൂട്ടാണ്.

കേരളകലാമണ്ഡലത്തിൽ പബ്ലിസിറ്റി ഓഫീസറായി ചുമതല വഹിച്ച സുമംഗല 'കേരള കലാമണ്ഡലം ചരിത്രം ' എന്ന ചരിത്ര കൃതിയും രചിച്ചിട്ടുണ്ട്. ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിൻറെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തതിലൂടെ വിവർത്തന മേഖലയ്ക്കും തൻറേതായ സംഭാവന നൽകാൻ അവർക്ക് കഴിഞ്ഞു .

വായിക്കുന്ന മിക്ക കഥകളിലും കുട്ടികളു ണ്ടായിരിക്കുകയും എന്നാൽ ആ കഥകളൊന്നും കുട്ടികളുടേതല്ലാതിരിക്കുകയും ചെയ്തപ്പോഴാണ് കുട്ടികൾക്ക് വേണ്ടി കഥകളെഴുതണമെന്ന് സുമംഗലക്ക് തോന്നിയത്. കുട്ടികൾക്ക് വേണ്ടി  'മിഠായി പൊതി ' യുമായി വന്ന കഥാകാരിയായിരുന്നു അവർ .അവർക്കുവേണ്ടി കഥ പറയാനായി കാക്കയേയും പൂച്ചയേയും അണ്ണാനേയും കരടിയേയും പുലിയേയുമൊക്കെ കൂട്ടി കൊണ്ടു വരികയും കുഞ്ഞുലോകത്തിലെ കൂട്ടുകാരാക്കുകയും ചെയ്തു . കുരുന്നുകൾക്ക് വേണ്ടി കഥകളുടെ  'നെയ്പായസ'മൊരുക്കി.അവർക്ക് കഥയിലൂടെ സഞ്ചരിക്കാൻ 'നടന്നു തീരാത്ത വഴികള്‍' ഒരുക്കി. കുഞ്ഞു കഥകളുടെ ഈ  കഥാകാരിയെത്തേടി നിരവധി പുരസ്കാരങ്ങളെത്തി.  കുട്ടിക്കഥകളുടെ പച്ചത്തുരുത്തുകൾ സൃഷ്ടിക്കുകയും ഭാഷയ്ക്ക് നിസ്തുലമായ സംഭാവനകൾ നൽകുകയും ചെയ്ത സുമംഗല എന്ന എഴുത്തുകാരിക്ക് മുന്നിൽ ഭാഷയും സാഹിത്യവും എന്നെന്നും കടപ്പെട്ടിരിക്കും.

മുത്തശ്ശിക്കഥാകാലങ്ങൾ തിരിച്ച് നൽകിയതിന് കുട്ടികളുടെ മനസ്സിൽ അവർ എന്നും ജീവിക്കും.

ജൂലി.ഡി.എം