മഴ പെയ്തു തോർന്നപ്പോൾ

രാത്രി മഴയിൽ കുളിച്ച്,
തല തുവർത്താതെ മുറ്റത്തെ മന്ദാരം...
മഴയുടെ ആരവത്താൽ ഉറക്കമിളച്ച ആലസ്യത്തോടെ
മൂടി പുതച്ചു കിടക്കുന്നു പാവം മണ്ണ്...
ഇലകൾ കൊഴിഞ്ഞ മാവിൻ ചില്ലകളിൽ,
കലപില കൂട്ടുന്നു കിളിക്കൂട്ടം...

കുളിര് വിതറി രാത്രി മുഴുവൻ ഓടി നടന്ന കാറ്റ്,
കിതപ്പാറ്റി മാവിൻചുവട്ടിൽ വിശ്രമിക്കുന്നു...
മുറ്റം മുഴുവൻ മഴവെള്ളം ഒഴുകി പോയ,
ചാലുകൾ തീർത്ത ചിത്ര പണികൾ...
കൊഴിഞ്ഞു വീണ പൂക്കളാൽ ചുവട്ടിൽ വെള്ള
പരവതാനി തീർത്ത് പിച്ചകം...

നീർത്തുള്ളികളുടെ ഭാരത്താൽ,
തല കുനിച്ചു നിൽക്കുന്നു നിറയെ പൂത്ത ചെമ്പരത്തി...
പുതു മഴയ്ക്ക് വിരുന്നു വന്ന കൂണുകൾ,
കുടയും ചൂടി നിരയായി നിൽക്കുന്നു...
പറക്ക മുറ്റാത്ത ഒരു കിളികുഞ്ഞ്,
മുറ്റത്ത്‌ പരതി പരതി നടക്കുന്നു...
വെള്ളയുടുത്തു വന്ന വെളിച്ചം മാത്രം,
ഒന്നുമറിയാതെ ചുറ്റും പകച്ചു നോക്കുന്നു...

 

വിജി ശങ്കർ