മസായി വില്ലേജ്

2019 ൽ ഒരു ടാൻസാനിയ യാത്രക്കിടെ ആണ് മസായി വില്ലേജ് സന്ദർശിക്കാൻ അവസരം ഉണ്ടായത് .
യാത്രാമദ്ധ്യേ പശുക്കളെ മേയ്ക്കുന്ന മസായി പുരുഷന്മാരെ കാണ്ടപ്പോഴെല്ലാം ഞങ്ങളുടെ ഡ്രൈവർ നിക്സൺ അവരെ കുറിച്ച് ചെറു വിവരണം തന്നിരുന്നു .
മസായികൾ നാടോടികൾ ആണ് .
മെലിഞ്ഞ് നീണ്ട ശരീരപ്രകൃതി .
പശുക്കളേയും ആടുകളേയും വളർത്തൽ ആണ് തൊഴിൽ. പ്രായപൂർത്തി ആയ എല്ലാ മസായി പുരുഷന്മാരുടേയും അരയിൽ ഒരു കത്തിയും കയ്യിൽ ഒരു വടിയും എപ്പോഴും കാണും .
എതിരാളികൾ അത് മനുഷ്യരൊ മൃഗങ്ങളൊ ഇഴജെന്തുക്കളൊ ആകട്ടെ അവരെ നേരിടാൻ ആണ് .
സ്ത്രീകൾ ആയുധ ധാരികൾ അല്ല . അവരെസംരക്ഷിക്കാൻ പുരുഷന്മാർ ഉണ്ടാകും .
പുരുഷന്മാർ കാലികളെ മേയ്ച്ച് കാടും മലയും താണ്ടി പോകും രാത്രിയാകുമ്പോൾ സുരക്ഷിതമായ ഒരു സ്ഥലത്ത് തങ്ങും .
വീണ്ടും യാത്ര. പുല്ലിന്റേയും വെള്ളത്തിന്റേയും ലഭ്യത അനുസരിച്ച് ആയിരിക്കും ഈ യാത്രകൾ .
സ്ത്രീകൾ വീടും കുട്ടികളേയും നോക്കി വീട്ടിൽ തന്നെ കഴിയും . വീട് സ്ത്രീകളുടെ ആണ് . വീട് ഉണ്ടാക്കുന്നതും അവർ ആണ് .
മസായി പുരുഷന്മാർക്ക് ഒന്നിലധികം ഭാര്യമാർ ആകാം,പക്ഷേ സ്ത്രീകൾക്ക് ഒരു ഭർത്താവ് മാത്രമേ ഉണ്ടാകാവൂ!
ഇങ്ങനെ അത്യാവശ്യം അറിവ് സമ്പാദിച്ച് ആണ് ഞങ്ങൾ അവരുടെ ഗ്രാമത്തിലേക്ക് ചെന്നത് .
ചെറിയ ഒരു സംഘം ഞങ്ങളെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുന്നു . നേതാവ് എന്ന് തോന്നുന്ന ഒരാൾ മുന്നിലേക്ക് വന്ന് അഭിവാദ്യങ്ങൾ അർപ്പിച്ചു , 'ജാമ്പോ' (Jambo )
അതായത് ' Hello ' .
{ ടാൻസാനിയയിൽ എവിടെ ചെന്നാലും , നേരെ വരുന്ന വ്യക്തിയെ അവർ (അത് നമ്മൾ താമസിക്കുന്ന ഹോട്ടലിന്റെ മുതലാളിയോ , അവിടുത്തെ ഏറ്റവും ചെറിയ വേതനം പറ്റുന്ന തൊഴിലാളിയോ ആകാം )നമ്മളെ അഭിവാദ്യം ചെയ്യും }
ഇരുപതോ ഇരുപത്തഞ്ചോ കുടിലുകൾ ഉണ്ട് , അവിടെ. കുടിലുകൾക്ക് ഇടയിലൂടെ അകത്ത് കടന്നാൽ അധികം വലുപ്പം ഇല്ലാത്ത ഒരു മുറ്റം.
അവിടെ സ്ത്രീകളും പുരുഷന്മാരും അടക്കം മുപ്പത് പേര് അടങ്ങുന്ന ഒരു സംഘം .
ഊഷ്മളമായ സ്വീകരണം. ചെറിയ ഒരു ഫീസ്, അമ്പതോ അറുപതോ ഡോളർ .
ടൂറിസം വകുപ്പിന്റെ പ്രത്യേകം പരിശീലനം ലഭിച്ചവരാണ് അവരുടെ ലീഡർമാർ .
സ്വീകരണച്ചടങ്ങുൾ തുടങ്ങി. ഇംഗ്ലീഷിൽ ആണ് സ്വാഗതം ചെയ്യൽ.
ടാൻസാനിയയിലെ ഭാഷ ' സ്വഹേലി '
ആണ് . ടൂറിസം വകുപ്പിന്റെ ട്രെയിനിംഗ് ആണ് ഈ സ്പോക്കൺ ഇംഗ്ളീഷിന് പിന്നിൽ .
പിന്നെ ഞങ്ങളേയും കൂട്ടി ഒരു ഗ്രൂപ്പ് ഡാൻസ് . മുത്തുകൾ കൊരുത്ത് ഉണ്ടാക്കിയ പ്രത്യേക തരം കണ്ഠാഭരണം ധരിച്ചാണ് നൃത്തം. നല്ല
വെയിലും അത്യാവശ്യം ചുടും പിന്നെ പൊടിക്കാറ്റും. മുപ്പത് പേരുടെ നൃത്തച്ചുവടുകൾ കൂടി ആയപ്പോൾ പിന്നെ പറയണോ,അടിമുടി പൊടിപടലം.
സ്കാർഫ് , സൺഗ്ലാസ് , ഹാറ്റ് അങ്ങനെ പൊടിയെ തടയാനുള്ള മാർഗങ്ങൾ അവലംബിച്ചിട്ടുണ്ടായിരുന്നത് കൊണ്ട് രക്ഷപ്പെട്ടു .
പശു വളർത്തൽ ആണ് ഇവരുടെ തൊഴിൽ എന്നത് കൊണ്ട് തൊഴുത്ത് കാണാൻ എനിക്ക് ആകാംക്ഷ.
എങ്ങും ഒരുപച്ചപ്പോ മണ്ണിൽ നീരൊഴുകിയ ഒരു പാടോ കാണാനില്ല. കുടിവെള്ളക്ഷാമമുള്ള പ്രദേശം.
മേൽപറഞ്ഞ ആകാംക്ഷ മറച്ച് വെക്കാതെയാണ് പശുവിഷയത്തിലേക്ക് ഞാൻ കടന്നതും. മറുപടി പെട്ടെന്നായിരുന്നു 'മേയാൻ വിട്ടിരിക്കുവാ..'
ചുറ്റും വേലി കെട്ടി അതിര് തീരുമാനിച്ചിട്ടുണ്ട് എന്നുണ്ടെങ്കിലും, ജീവനില്ലാത്ത ഒരു ഗ്രാമം!
അപ്പോഴാണ് 'ഗൂട്ടൻസ് 'പിടികിട്ടിയത്
ടൂറിസത്തിനായി പ്രത്യേകം നിർമ്മിച്ചിട്ടുള്ള 'മോഡൽ വില്ലേജ് '
ആണ് അത് .
അടുത്തതായി വിൽപ്പനയ്ക്കായി പ്രദർശിപ്പിച്ചിരുന്ന കരകൗശല വസ്തുക്കൾ . മുത്തുകൾ കൊണ്ട് ഉണ്ടാക്കിയ മാലകൾ , വളകൾ , കമ്മലുകൾ, പലതരം കത്തികൾ മരത്തിന്റെ സ്പൂണുകൾ. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് സീബ്രയുടെ വാൽ രോമം കൊണ്ട് ഉണ്ടാക്കിയ ഡസ്റ്റർ (പൊടി തട്ടുന്ന ഉപകരണം )ആണ് .
പിന്നീട് ഞങ്ങളുടെ ആറംഗ സംഘത്തെ മൂന്നായി ഭാഗിച്ചു. ഈരണ്ട് പേരെ വീതം ഓരോ കുടിലുകളിലേക്ക് ക്ഷണിച്ചു .
ചൂരൽ പോലെ ബലമുള്ള ഏതോ കാട്ടുവള്ളി ഉപയോഗിച്ച് ആണ് കുടിലിന്റെ ചുവരുകൾ നിർമ്മിച്ചിരിക്കുന്നത് അതിന് പുറത്ത് ചാണകം പതിപ്പിച്ച് ബലപ്പെടുത്തിയിട്ടുണ്ട് .
ചെറിയ വാതിലിൽ കൂടി അകത്ത് കടന്നു
ആകെ ഇരുട്ട് . കുറച്ച് സമയം കഴിഞ്ഞ് സാവധാനം ഉള്ളിലെ ദൃശ്യങ്ങൾ വ്യക്തമായി .
ഒരരുകിലായി കനലെരിയുന്ന അടുപ്പ് . അതാണ് ആദ്യം കണ്ടത് . അടുപ്പിനടുത്തായി ഞങ്ങളുടെ ഇരിപ്പിടം . അല്പം മാറി കൂടെ അകത്തേക്ക് വന്നവരിൽ ഒരാളും ഇരുന്നു .
മേച്ചിലിന്റെ വിടവിലൂടെ നേരിയ സൂര്യപ്രകാശം അകത്തേക്ക് വരുന്നുണ്ട് . ഇപ്പോൾ ഉൾഭാഗം കുറച്ച് കൂടി വ്യക്തമായി
പ്രധാന ഭാഗം അടുക്കളയാണ് . അവിടെ ആണ് അതിഥികൾ ഇരിക്കുന്നത്. ഒരറ്റത്ത് അടുപ്പ് .
അടുപ്പിന് നേരെ നിൽക്കുമ്പോൾ ഇടത് വശത്തായി പ്രധാന കിടപ്പ് മുറി.
മുറി എന്ന് പറയാൻ പറ്റില്ല . കുടിലിന്റെ അകത്ത് ഇടഭിത്തികൾ ഇല്ല .കട്ടിൽ ഉണ്ട്. പശുവിന്റെ തോൽ ആണ് വിരിച്ചിരിക്കുന്നത്.
അതിന് ഇടത് ഭാഗത്ത്, അതായത് അടുപ്പിന്റെ എതിർ വശത്ത് എന്നാൽ അടുപ്പിന് നേരെ എതിരെയും അല്ലാതെ, കുട്ടികൾക്കുള്ള ചെറിയ കട്ടിൽ . അതിലും തോൽ തന്നെ ആണ് വിവരിച്ചിരിക്കുന്നത് .
ആൺകുട്ടികളെ ഏഴ് എട്ട് വയസ് ആകുമ്പോൾ കോളനിയിലെ മറ്റൊരു കുടിലിൽ ആണ് താമസിപ്പിക്കുന്നത്.
മാംസം ആണ് പ്രധാന ആഹാരം. കാട്ടുകിഴങ്ങുകളും മറ്റും ചേർത്ത് ബാർബിക്യൂ രീതിയിൽ ആണ് പാചകം .
കുടിക്കാൻ പശുവിൻ പാൽ . ചില പ്രത്യേക കാലത്ത് , പുരുഷന്മാർ പശുവിൻ പാലിൽ പശുവിന്റെ തന്നെ രക്തം ചേർത്ത് കുടിക്കും . നമ്മുടെ നാട്ടിലെ കർക്കിടക ചികിത്സ പോലെ ആയിരിക്കണം .
പശുകച്ചവടം ആണ് അവരുടെ വരുമാനമാർഗം . ഒരു പൂച്ച ഞങ്ങളുടെ സംസാരം കേട്ട് അടുപ്പിനരികെ ഇരിക്കുന്നുണ്ടായിരുന്നു . പൂച്ച മലയാളി ആണോ എന്നൊരു സംശയം... നമ്മുടെ തനി നാടൻ പൂച്ച..
പുറത്തേക്ക് ഇറങ്ങുമ്പോൾ 'ടിപ്പ്' ചോദിക്കാനും അവർ മറന്നില്ല .
കോളനിയിൽ തന്നെ ഒരു സ്കൂളും
ഉണ്ട് . ഞങ്ങളെ കണ്ടപ്പോഴേക്കും കുട്ടികൾ ഉച്ചത്തിൽ 1-100 , 100-1 എണ്ണാൻ തുടങ്ങി . അവിടെയും ' ടിപ്പ് ' ന് വേണ്ടി ടിൻ വെച്ചിട്ടുണ്ടായിരുന്നു
മസായികൾക്ക് റ്റാറ്റ പറഞ്ഞു ഇറങ്ങുമ്പോൾ നിക്സൺ തന്റെ വണ്ടിയുമായി കാത്തു നിൽക്കുന്നുണ്ടായിരുന്നു .

മിനി ബെന്നി

  

Food & Entertainment

Jun 42020
The superfruit pineapple contains of many vitamins and minerals. Pineapple-containing bromelain helps relieve digestive problems and relieves stomach ulcers.