മരണത്തിൻ്റെ മധുരമൂറുന്ന കാപ്പി

ഭാഗം -2

സാത്കൊഡിഗെ കോഫി എസ്റ്റേറ്റിനെ നെടുകെ ഭാഗിച്ചുകൊണ്ട് തെക്കുവടക്കായി സാമാന്യം വലിയ ഒരു തോട് ഒഴുകുന്നുണ്ട്. എല്ലാ നീർച്ചാലുകളെയും പോലെ ഇതും വർഷകാലത്ത് രൗദ്രഭാവം പ്രാപിക്കുമെങ്കിലും, വേനലിൽ തീരെ വറ്റിപ്പോകാറില്ല. എസ്റ്റേറ്റിനുള്ളിൽ തോടിനു കുറുകെ ഒരു തടയണ കെട്ടി പമ്പ്ഹൗസ് സ്ഥാപിച്ച് അതിൽ നിന്നുമാണ് എസ്റ്റേറ്റാവശ്യങ്ങൾക്കുള്ള വെള്ളമെടുക്കുക. ഈ തടയണയ്ക്ക് കുറച്ചു തെക്കുമാറി, തോടിൻെറ ഉരുളൻകല്ലുകൾ നിറഞ്ഞ ഭാഗത്തിനു മുകളിലായി എസ്റ്റേറ്റിൻെറ കിഴക്കു _ പടിഞ്ഞാറുഭാഗങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു മരപ്പാലം സ്ഥിതിചെയ്യുന്നു. മരപ്പാലത്തിൽനിന്ന് വടക്കോട്ടുനോക്കിയാൽ തടയണയും, കയംപോലെ കെട്ടിനിൽക്കുന്ന കൊച്ചുജലാശയവും കാണാം. ഇരുവശത്തും തഴച്ചുവളർന്ന് അകത്തേക്ക് ചാഞ്ഞുനിൽക്കുന്ന മുളങ്കൂട്ടങ്ങൾ തടാകത്തിന് പകൽസമയത്തുപോലും വന്യമായ ഒരു ഇരുളിമനൽകുന്നുണ്ട്. നട്ടുച്ചയ്ക്ക് അല്പസമയംമാത്രം ജലപ്പരപ്പിൽ പതിക്കുന്ന സൂര്യരശ്മികൾ പച്ചയുടെ ആയിരമായിരം വകഭേദങ്ങൾകൊണ്ട് ചുറ്റുപാടും ഒരു ധ്രുവദീപ്തിയുടെ പരിവേഷം നൽകും. മറ്റുസമയങ്ങളിലെല്ലാം കൊച്ചുജലാശയം അതിൻെറ നിഗൂഢമനോഹരവും, അന്ധകാരമയവും, നിശ്ശബ്ദശുദ്ധവുമായ വന്യവശ്യത കാത്തുസൂക്ഷിച്ചു നിലകൊണ്ടു.

സാത്കൊഡിഗെയുടെ പ്രധാനകവാടം കിഴക്കുഭാഗത്താണ്. അതു കടന്നുചെന്നാൽ വിശാലമായ കോഫിയാർഡുകൾക്കു പിന്നിൽ ഓഫീസ് അടക്കം ഒരുനിരകെട്ടിടങ്ങൾ. അതിനും പിന്നിൽ കാപ്പിക്കാടുകൾ തുടങ്ങുകയായി. ഓഫീസ് കെട്ടിടങ്ങൾക്ക് അധികം ദൂരെയല്ലാതെതന്നെ കാപ്പിച്ചെടികൾക്കു നടുവിൽ മൂന്ന് ആഡംബര ബംഗ്ലാവുകളുണ്ട്. അതിലൊന്നിലാണ് മാനേജർ പെരിയകറുപ്പൻ എന്ന PK വാണരുളുന്നത്.

കർക്കശനും, ബിരുദാനന്തരബിരുദധാരിയുമായ PK തമിഴ് വംശജനാണ്. ടീഷർട്ടും, ട്രൗസറും, ഗം ബൂട്ടുകളും, ഫെൽറ്റ്ഹാറ്റും ,കണ്ണടയും, വാക്കിങ് സ്റ്റിക്കും, വാട്ടർബോട്ടിലുമായി PK ഏതുസമയത്ത്, എസ്റ്റേറ്റിൻെറ ഏതുഭാഗത്ത് പ്രത്യക്ഷപ്പെടുമെന്ന് ആർക്കും പ്രവചിക്കാൻ സാദ്ധ്യമല്ല. എസ്റ്റേറ്റുകളിൽ മാനേജർമാർ ഏകാധിപതികളായിരുന്നു. ഉടമകൾപോലും PK - യോട് ബഹുമാനം കലർത്തിയേ സംസാരിച്ചിരുന്നുള്ളു. PK - യുടെ കീഴിൽ ആറ് സൂപ്പർവൈസർമാർ ഉണ്ടായിരുന്നു, മലയാളിയായ ശേഖരൻകുട്ടിയടക്കം. PK -യെയും, ഇടിമിന്നലിനെയും അവർ ഒരുപോലെ ഭയപ്പെട്ടു.

എസ്റ്റേറ്റിൻെറ പടിഞ്ഞാറേ പകുതിയിലാണ് എനിക്കും,വർക്കി മേസ്തിരിക്കും, പരിവാരങ്ങൾക്കും താമസസൗകര്യങ്ങൾ ഒരുക്കിയിരുന്നത്. ഭരണപരമായ കാര്യങ്ങൾക്ക് മുൻതൂക്കമുള്ള കിഴക്കേപകുതിയെ അപേക്ഷിച്ച് താരതമ്യേന അപ്രധാനമായിരുന്നു ഈ ഭാഗം. രണ്ടു സൂപ്പർവൈസർ ബംഗ്ലാവുകളും, തൊഴിലാളികൾക്ക് വസിക്കുന്നതിനുള്ള രണ്ടുനിരലയങ്ങളുമാണ് അവിടെ ഉണ്ടായിരുന്നത്. ഇവ തമ്മിൽ ധാരാളം അകലമുണ്ടായിരുന്നു താനും. എട്ടു ബ്ളോക്കുകളായി തിരിക്കപ്പെട്ടിരുന്ന എസ്റ്റേറ്റിൻെറ മൂന്നുഭാഗങ്ങൾ മാത്രമാണ് പടിഞ്ഞാറേ പകുതിയിൽ ഉണ്ടായിരുന്നത്.

പടിഞ്ഞാറുഭാഗത്തുള്ള സൂപ്പർവൈസർ ബംഗ്ലാവുകളിലൊന്ന് എനിക്ക് താമസത്തിനായി തുറക്കപ്പെട്ടു. സൂപ്പർവൈസർ ബംഗ്ലാവ് എന്നാൽ തെറ്റിദ്ധരിക്കരുത്, ഓടുമേഞ്ഞ സാമാന്യം വലിയൊരു കെട്ടിടം മാത്രമാണത്. മൂന്നു വലിയ മുറികൾ, അടുക്കള, അരഭിത്തികെട്ടി, മുകളിലേക്ക് സിൽവർ ഓക്കിൻെറ മരയഴികൾ തറച്ച വിശാലമായ ഒരു തളം. പുറത്തു നിന്നും പ്രവേശിക്കുന്നത് ഈ തളത്തിലേക്കായിരുന്നു. ആ ഒരുവാതിൽ മാത്രമാണ് ബംഗ്ലാവിനുണ്ടായിരുന്നത്. രണ്ടു വലിയ കട്ടിലുകൾ, മേശ, കസേരകൾ, ബഞ്ചുകൾ തുടങ്ങി ധാരാളം ഫർണിച്ചറുകൾ അവിടെയുണ്ടായിരുന്നു. എല്ലാംതന്നെ സിൽവർഓക് തടിയിൽ അവിദഗ്ദരായ മരപ്പണിക്കാരാൽ നിർമ്മിക്കപ്പെട്ടത്. കുറെനാൾ ഉപയോഗിക്കപ്പെടാതെ കിടന്നതുപോലെ അവിടമാകെ പൊടിനിറഞ്ഞിരുന്നു. പഴയ താമസക്കാരൻേറതായി ആകെ അവിടെയുണ്ടായിരുന്നത് അടുക്കളയിൽ കാണപ്പെട്ട, തിരിയിട്ടു കത്തിക്കുന്ന, വൃത്താകാരത്തിലുള്ള ഒരു പഴയ മണ്ണെണ്ണസ്റ്റൗ മാത്രമായിരുന്നു.

വർക്കിമേഴ്സ്തിരിയുടെ ജോലിക്കാർക്ക് താമസിക്കുവാനുള്ള ആറുമുറിലയം എസ്റ്റേറ്റ് തൊഴിലാളികൾ അടിച്ചുകഴുകി വൃത്തിയാക്കിയിട്ടിരുന്നു. എനിക്കുള്ള 'ബംഗ്ലാവ്' വൃത്തിയാക്കാൻ തൊഴിലാളികളെ ലഭ്യമായില്ല എന്നാണ് ശേഖരൻകുട്ടി പറഞ്ഞത്. മലയാളികളായ ഞങ്ങളുടെ താമസാദിസൗകര്യങ്ങൾ സജ്ജീകരിക്കുന്നതിനായി PK സ്വാഭാവികമായും ഏർപ്പെടുത്തിയിരുന്നത് ശേഖരൻകുട്ടിയെയായിരുന്നു.

ഏതായാലും വർക്കി മേഴ്സ്തിരിയുടെ ജോലിക്കാർ എൻെറ ബംഗ്ലാവ് വൃത്തിയാക്കിത്തന്നു. കൂട്ടത്തിലുണ്ടായിരുന്ന രവി പഴയ മണ്ണെണ്ണ സ്റ്റൗ അഴിച്ച് ക്ലീൻചെയ്ത് പുതിയ തിരികളിട്ടുതന്നു. രവിയുൾപ്പടെ പതിനഞ്ച് പേർ വർക്കി മേഴ്സ്തിരിയുടെ ജന്മനാടായ പെരുമ്പാവൂരിൽ നിന്നുള്ളവരായിരുന്നു. രവി എന്നോട് പറഞ്ഞു :-
".. സൗക്കാരേ.. സ്റ്റൗ നല്ല കണ്ടീഷനാ.. അതിൻെറ ചുഴിക്കുറ്റി (തിരി ഉയർത്തുന്നതിനായി സ്റ്റൗവിൻെറ വശത്തു ഘടിപ്പിച്ചിരിക്കുന്ന, കമ്പി കൊണ്ടുള്ള വളഞ്ഞ ഭാഗം) അല്പം മല്ലാണെന്നു മാത്രേള്ളൂ. ശകലം ബലം പ്രയോഗിക്കേണ്ടി വരുമെന്നു മാത്രം... "

'ചുഴിക്കുറ്റി ഞാനുമൊന്ന് ഉയർത്തിനോക്കി. ശരിയാണ്, അല്പം ബലം കൊടുക്കേണ്ടി വരും. ഉയർത്തുമ്പോഴും, താഴ്ത്തുമ്പോഴും കടവാതിൽ കരയുമ്പോലെ ചെവി തുളക്കുന്ന ഒരു ശബ്ദവും അത് പുറപ്പെടുവിച്ചിരുന്നു.

രവി തന്നെ സ്റ്റൗവിൽ കട്ടൻകാപ്പി തിളപ്പിച്ച് ഉദ്ഘാടനം ചെയ്തു. പാക്കറ്റ് പൊട്ടിച്ചെടുത്ത പുത്തൻ ആറു ഗ്ലാസ്സുകളിൽ കാപ്പിപകർന്ന് ഞങ്ങൾ ഊതിക്കുടിച്ചു. അകത്തേക്കു ക്ഷണിച്ചിട്ടും വരാൻകൂട്ടാക്കാതെ അത്രനേരവും മുറ്റത്തു നിന്നിരുന്ന ശേഖരൻകുട്ടി അവിടെത്തന്നെ നിന്ന് കാപ്പി കുടിച്ചതിനുശേഷം സ്ഥലംവിട്ടു.

ബംഗ്ലാവ് വൃത്തിയാക്കിയതിൻ്റെ നന്ദിസൂചകമായി ഒരു ഫുൾബോട്ടിൽ റമ്മെടുത്ത് ഞാൻ രവിക്കും, കൂട്ടർക്കുമായി നൽകി. തമാശകളും, മദ്യവും ഒരുപോലെ പങ്കുവെക്കപ്പെട്ട ഒരു മണിക്കൂറിനുശേഷം മേഴ്സ്തിരിയും കൂട്ടരും സ്വന്തം ലയങ്ങളിലേക്കു മടങ്ങി.

ചൂടുവെള്ളത്തിൽ കുളിച്ചുതുവർത്തി, വേഷം മാറി ഞാനത്താഴത്തിനു തയ്യാറെടുത്തു. തളത്തിലിട്ടിരുന്ന മേശയിൽ ഹോട്ടലിൽ നിന്നു വാങ്ങിയ പാഴ്സൽ എടുത്തുവച്ചു, ആചാരവെടിക്കായി കൊഡെയ്സിൻെറ അരക്കുപ്പിറമ്മും, ഗ്ലാസ്സും വെള്ളവും. പകുതി ബോട്ടിൽ തീർത്ത് ഭക്ഷണവും പൂർത്തിയാക്കി തളത്തിൽ നിന്നും നേരേകയറുന്ന അകത്തെ മുറിയിൽ കട്ടിലിൽ പുതിയ മെത്തവിരിച്ച് കരിമ്പടമെടുത്തു പുതച്ച് ഉറങ്ങാൻ കിടന്നു.

പുതിയ താമസസ്ഥലത്തെ ആദ്യത്തെ രാത്രി . ശുദ്ധശൂന്യനിശ്ശബ്ദത.. രാത്രിയായാൽ പൊതിയുന്ന, ചിക്മഗളൂരിലെ സുഖകരമായ തണുപ്പ്. എന്തുകൊണ്ടോ ഉടനെയൊന്നും ഉറക്കം വന്നില്ല. റമ്മിൻെറയും, കരിമ്പടത്തിൻെറയും സുഖകരമായ ഇളംചൂടിൽ ഞാനെപ്പോഴോ മയങ്ങിപ്പോയിരിക്കും...

കടവാതിലിൻെറ കരച്ചിൽ പോലൊരു ശബ്ദംകേട്ട് ഞാൻ ഞെട്ടിയുണർന്നു. ബോധമണ്ഡലവും മെല്ലെ ഉണർന്നു. കടവാതിലിൻെറ ശബ്ദമല്ല, പകൽകേട്ട, സ്റ്റൗവിൻെറ ചുഴിക്കുറ്റി ഉയർത്തുന്ന ശബ്ദമാണ് ഞാൻ കേട്ടതെന്ന് എനിക്ക് മനസ്സിലായി. രാത്രിയിലാരാണ് സ്റ്റൗ ഉപയോഗിക്കുക ??? ഞാനല്ലാതെ വേറാരുമില്ലാത്ത വീട്ടിൽ ???

ഞാനെണീറ്റ് ലൈറ്റിട്ടു. അടുത്ത രണ്ടു മുറികളും അവിടങ്ങളിലെ ലൈറ്റുകളിട്ടു കൊണ്ടുതന്നെ താണ്ടി. അടുക്കളയിലെത്തി അവിടെയും വെളിച്ചം തെളിയിച്ചു.

അടുക്കള ഞാൻ പകൽ കണ്ടതുപോലെതന്നെ ശൂന്യമായിരുന്നു. ഞാൻ സ്റ്റൗവിനടുത്തേക്കു ചെന്ന് അതിനുള്ളിലേക്കു നോക്കി. ബലം പ്രയോഗിച്ചു മാത്രം ഉയർത്താൻ കഴിയുന്ന അതിൻെറ ചുഴിക്കുറ്റി ഉയർന്നിരുന്നു !!!
പുതുതായിട്ട തിരികൾ പൂർണ്ണമായി ഉയർന്നു വന്നിരുന്നു !!!

നീലജ്വാലകൾ പ്രസരിപ്പിച്ചു കൊണ്ട് സ്റ്റൗ അപ്പോൾ കത്തുന്നുണ്ടായിരുന്നു !!!

(തുടരും..........)
 

അശോക് വിക്രം
വര - ബിനീഷ് സെബാസ്റ്റ്യൻ ​

  

Fashion

Jul 42020
Keep a little rose water in an empty perfume bottle. Spray one in between. Rose water can improve the function of skin cells and reduce inflammation.