മരണത്തിൻ്റെ മധുരമൂറുന്ന കാപ്പി

( ഭാഗം - 3 )

സുഹൃത്തുക്കളേ, നിങ്ങൾക്ക് ഭൂതപ്രേതപിശാചുക്കളിലോ, അഭൗമശക്തികളിലോ വിശ്വാസമുണ്ടോ ? നിങ്ങൾ എപ്പോളെങ്കിലും യുക്തിക്കും, ചൂണ്ടിക്കാണിക്കപ്പെട്ടേക്കാവുന്ന കാര്യകാരണങ്ങൾക്കും അപ്പുറമുള്ള ഏതെങ്കിലും സംഭവങ്ങൾക്ക് സാക്ഷിയാക്കപ്പെട്ടിട്ടുണ്ടോ ? എന്നാൽ തീർത്തും അപരിചിതമായ ഒരു സാഹചര്യത്തിൽ, ഏകാന്തമായ ഒരു അന്തരീക്ഷത്തിൽ, ഒരു അർദ്ധരാത്രിയിൽ ഞാൻ വിധേയനായത് അത്തരത്തിലൊരു സംഭവത്തിനായിരുന്നു. മനുഷ്യകരങ്ങൾ കൊണ്ടുമാത്രം സാദ്ധ്യമാവുന്ന ഒരു പ്രവൃത്തി, അങ്ങനെയൊന്നിൻെറ അസാന്നിദ്ധ്യത്തിൽ സംഭവിക്കുക !

ഞാൻ മധ്യകേരളത്തിൽ ജനിച്ചു വളർന്ന, സാമാന്യം വിദ്യാഭ്യാസം നേടിയ, അത്യാവശ്യം തൻേറടിയും, നിഷേധിയുമായ, കുറച്ചൊക്കെ വായനാശീലവും, വ്യക്തമായ പുരോഗമനരാഷ്ട്രീയ കാഴ്ചപ്പാടുകളുമുള്ള ഒരു യുവാവാണ്. എൻെറ സമശീർഷരെപ്പോലെ ഈശ്വരവിശ്വാസിയെങ്കിലും മതത്തിൻെറ പേരിലുള്ള അനാചാരങ്ങളെയും, അന്ധവിശ്വാസങ്ങളെയും കഠിനമായി എതിർക്കുന്നവനാണ്. യുക്തിക്കതീതമായി അവതരിപ്പിക്കപ്പെടുന്ന സംഭവങ്ങൾക്ക്, ബോധ്യപ്പെടാൻ സാധിക്കുന്ന തരത്തിലുള്ള വിശദീകരണങ്ങൾ ആവശ്യപ്പെടുന്നവനാണ്. എല്ലാറ്റിലുമുപരി ചെറുപ്പത്തിലേ തന്നെ ജീവിതത്തിൻെറ പരുപരുത്ത ഭൂമികകളിലേക്ക് വലിച്ചെറിയപ്പെട്ടവനും, അതിനാൽതന്നെ മുന്നോട്ടുള്ള പ്രയാണത്തിന് തടസ്സമായി വന്നേക്കാവുന്ന ഏതൊരു പ്രതിസന്ധികളെയും എപ്പോഴും പ്രതീക്ഷിക്കുന്നവനും, അവ തരണം ചെയ്യാൻ ബോധപൂർവ്വം തന്നെ തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നവനുമാണ്. പക്ഷേ, ജീവിതത്തിൽ ഇത്തരമൊരനുഭവം എനിക്കാദ്യമായിരുന്നു.....

ഞാൻ ആദ്യം ചെയ്തത് ആ വീടുമുഴുവൻ അരിച്ചുപെറുക്കി പരിശോധിക്കുകയായിരുന്നു. അടുക്കള, അകത്തെ രണ്ടു മുറികൾ, എൻെറ കിടപ്പുമുറി, മൂന്നുവശവും മരയഴികൾ പാകിയ നീളൻ വരാന്ത തുടങ്ങിയവ ഞാൻ വിശദമായി പരിശോധിച്ചു, ഞാനല്ലാതെ വേറൊരു മനുഷ്യജീവിയും ആ വീട്ടിനുള്ളിലില്ലെന്ന് ബോധ്യപ്പെട്ടു. മുൻവാതിലിൽ ഞാൻതന്നെ അകത്തുനിന്നുംപൂട്ടിയ ഘനമുള്ള താഴ് ഒന്നുകൂടി പരിശോധിച്ചു. സംശയിക്കത്തക്കതായി ഒന്നുംതന്നെ കാണപ്പെട്ടില്ല. പിന്നെ ഞാൻ ചെയ്തത് അത്താഴശേഷം ബാക്കിയിരുന്ന മദ്യമടങ്ങിയ കുപ്പിയെടുക്കുകയായിരുന്നു.മൂന്നു പെഗ് റം ഒന്നിനു പുറകെ ഒന്നായി അകത്തു ചെന്നപ്പോൾ സ്വാഭാവികമായും ഞാൻ യുക്തിയെ ഒന്നുകൂടി മുറുകെപ്പിടിച്ച് കാര്യങ്ങൾ അപഗ്രഥിക്കാൻ തയ്യാറായി.

വീണ്ടും സ്റ്റൗവിനടുത്തുചെന്ന് അത് പരിശോധിച്ചു. അപ്പോഴും കത്തിക്കൊണ്ടിരുന്ന അത് തിരിതാഴ്ത്തി ഊതിക്കെടുത്തി. തിരി താഴ്ത്തിയപ്പോൾ വീണ്ടുംചുഴിക്കുറ്റി ആ ചെവി തുളയ്ക്കുന്ന ശബ്ദം പുറപ്പെടുവിച്ചു. ഞാൻ സാദ്ധ്യതകളെ പരിശോധിച്ചു.

കാപ്പിയുണ്ടാക്കിയ ശേഷം രവി സ്റ്റൗ ഓഫ് ചെയ്യാൻ മറന്നുപോയിരിക്കാം. ഞാൻ സ്റ്റൗവിനെ പൊതിഞ്ഞിരിക്കുന്ന വൃത്താകാരത്തിലുള്ള ലോഹകവചത്തിൽ സ്പർശിച്ചു. ഒരു നനുത്ത ചൂട് അതിൽനിന്നും അനുഭവപ്പെട്ടു. സ്റ്റൗ കത്തിത്തുടങ്ങിയിട്ട് ഏതാനും മിനിട്ടുകളേ ആയിട്ടുള്ളെന്നർത്ഥം. കാപ്പിയുണ്ടാക്കിയിട്ട് ഏതാണ്ട് ഏഴു മണിക്കൂറുകളോളം കഴിഞ്ഞിരിക്കുന്നു. ഇത്രയും നേരം സ്റ്റൗ കത്തിനിൽക്കുകയായിരുന്നെങ്കിൽ അത് ചുട്ടുപഴുത്തുനിൽക്കേണ്ടതാണ്. ഇനി അങ്ങനെയാണ് സംഭവിച്ചിരിക്കുക എങ്കിൽ തന്നെ ഞാൻ പാതിയുറക്കത്തിൽ കേട്ട ചുഴിക്കുറ്റി ഉയർത്തുന്ന ശബ്ദം എങ്ങനെയുണ്ടായെന്നതിന് ഒരു വിശദീകരണവും കണ്ടെത്താൻ സാധിച്ചില്ല. എനിക്ക് ഭയം ഉണ്ടായിരുന്നില്ല. കാരണം കണ്ടെത്താനാവാത്തതിൻെറ അസഹ്യതയായിരുന്നു എന്നെ അലട്ടിയത്. തീ ഉണ്ടാവുന്നത് എങ്ങനെയെന്ന് എനിക്കറിയാം. പച്ചമരം ഇടിമിന്നലേറ്റ് കത്തിപ്പോകുന്നതിന് ഞാൻ ദൃക്സാക്ഷിയായിട്ടുണ്ട്, സെമിത്തേരികളിൽ രാത്രികാലങ്ങളിൽ പലരും കണ്ടിട്ടുണ്ടെന്ന് പറയപ്പെടുന്ന അഗ്നിസ്ഫുലിംഗങ്ങൾ ഉണ്ടാകുന്നതിന് കാരണമാവുന്ന രാസപ്രവർത്തനങ്ങളേക്കുറിച്ചും എനിക്ക് വിശദീകരണമുണ്ട്. പക്ഷേ ഇത്.....??

ഞാൻ സ്റ്റൗവിനെ പൊതിഞ്ഞിരുന്ന ലോഹകവചം മെല്ലെ ഉയർത്തിയെടുത്തു. സ്റ്റൗവിൻെറ തിരിത്തട്ടിൽ ഒരു കരിഞ്ഞ തീപ്പെട്ടിക്കൊള്ളി കിടന്നിരുന്നു. അത് രവി കത്തിച്ചതാകാം. രണ്ടാമതൊന്ന് കത്തിക്കപ്പെട്ടിരുന്നെങ്കിൽ മറ്റൊരു കൊള്ളികൂടി കാണേണ്ടതാണ്. ഇനി ഒന്നിലധികം തീപ്പെട്ടിക്കൊള്ളികൾ കാണപ്പെട്ടാൽത്തന്നെ അതത്ര കാര്യമാക്കേണ്ടതില്ല താനും. കാരണം ഇത്തരം സ്റ്റൗവുകൾ സാധാരണയായി ആദ്യ കത്തിക്കലിൽത്തന്നെ കത്തണമെന്നില്ല. രവിക്കു തന്നെ ചിലപ്പോൾ ഒന്നിലധികം തീപ്പെട്ടിക്കമ്പുകൾ ഉപയോഗിക്കേണ്ടതായി വന്നിരിക്കുകയും ചെയ്യാം, എന്തായാലും സംശയത്തിനു വകയില്ലാത്തവണ്ണം ഒരു കൊള്ളി മാത്രമേ കാണപ്പെട്ടുള്ളു. അതായത് ആദ്യശ്രമത്തിൽത്തന്നെ രവി സ്റ്റൗ കത്തിച്ചെന്നർത്ഥം. അപ്പോൾ രണ്ടാമത് - ഇപ്പോൾ - സ്റ്റൗ കത്തിയതെങ്ങനെ ?

സമയം രാത്രി രണ്ടുമണി, ഞാൻ കൊഡെയ്സിൻെറ രണ്ടാമത്തെ കുപ്പി പൊട്ടിച്ചു. സിപ്പുകളായി മദ്യം അകത്തേക്കു ചെന്നുകൊണ്ടിരിക്കുമ്പോഴും ചിന്ത ഈ സംഭവത്തേക്കുറിച്ച് മാത്രമായിരുന്നു. ഒടുവിൽ ആവശ്യത്തിലധികം മദ്യം ഉള്ളിൽചെന്ന ഞാൻ വെളുപ്പാൻകാലത്തെപ്പോഴോ ബോധം കെട്ടുറങ്ങിപ്പോയി.

വാതിലിൽ ശക്തിയായുള്ള തട്ടും, ഉറക്കെയുള്ള വിളിയും കേട്ടാണ് ഞാനുണർന്നത്. എഴുന്നേൽക്കാൻ ശ്രമിച്ചിട്ട് തല ഉയരുന്നില്ല. വെട്ടിപ്പിളർക്കുന്നതുപോലെയുള്ള വേദന....

ഒരു വിധത്തിൽ ലുങ്കി വാരിയുടുത്ത് വരാന്തയിലെത്തി. നേരം നന്നേ പുലർന്നിരുന്നു. വാതിലിൽ തട്ടിവിളിക്കുന്ന ശേഖരൻകുട്ടി ഒരു അത്ഭുതജീവിയെ കണ്ടതുപോലെ എന്നെ തുറിച്ചുനോക്കി. ബംഗ്ലാവിൻെറ മുറ്റത്ത്, ശേഖരൻകുട്ടിയുടെ പിന്നിൽ പതിനഞ്ചോളം പേർ വരുന്ന ഒരു പുരുഷാരമുണ്ടായിരുന്നു. പണിയായുധങ്ങൾ കൈയിലേന്തിയ എസ്റ്റേറ്റ് തൊഴിലാളികൾ. അവരെല്ലാവരും എന്നെ വിസ്മിതനേത്രരായി നോക്കിനിൽക്കുകയാണ്.

ഞാൻ താക്കോൽ തപ്പിയെടുത്ത് വാതിൽ തുറന്നു.

"... എന്താ,ശേഖരേട്ടാ...? "

".. ഏയ്.. പ്രത്യേകിച്ചൊന്നുമില്ല, രാവിലെ പുറത്തു കാണാത്തതുകൊണ്ട് വിളിച്ചെന്നേയുള്ളു... ഞങ്ങൾക്ക് പണി തുടങ്ങാറായി, നീങ്ങട്ടെ..."

അല്പം മുന്നോട്ടു നീങ്ങിയ ശേഷം ശേഖരൻകുട്ടി തിരിഞ്ഞുനിന്നു ചോദിച്ചു: -

".. ഉറക്കമൊക്കെ സുഖമായിരുന്നോ..? "

കുഴപ്പമൊന്നുമില്ല എന്ന മട്ടിൽ ഞാൻ തലകുലുക്കി. ശേഖരൻകുട്ടിയും, സംഘവും കാപ്പി ക്കാടുകളിലേക്ക് നടന്നു. പോകുന്നതിനിടയിൽ തൊഴിലാളികളിൽ പലരും എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു. അമിതമദ്യപാനത്തിൻെറ പ്രകടമായ ലക്ഷണങ്ങൾ എൻെറ മുഖത്തുണ്ടായതു കൊണ്ടാവും എന്നു ഞാൻ കരുതി.

ബാഗിനുള്ളിൽനിന്നും മേശക്കണ്ണാടി പുറത്തെടുത്ത് ഞാൻ മുഖംനോക്കി. പ്രത്യേകിച്ച് ക്ഷീണമൊന്നും കണ്ടില്ല. വർക്കിമേഴ്സ്തിരി ജോലിക്കാരുമായെത്തി. എട്ടാം ബ്ളോക്കിലെ മരങ്ങൾ മുറിക്കാനായി അവർ വടക്കുഭാഗത്തേക്കു നടന്നു. അവർക്കെന്നോടുള്ള പെരുമാറ്റത്തിൽ ഞാനൊരു പ്രത്യേകതയും കണ്ടില്ല. ബ്രഷ് ചെയ്ത് കുളിക്കാൻ കയറി. ഐസുപോലെ തണുത്ത വെള്ളം തലയിൽ വീണപ്പോൾ ഇടിമിന്നൽപോലെ കഴിഞ്ഞ കാര്യങ്ങൾ മനസ്സിലെത്തി.

ശേഖരൻകുട്ടിയുടേയും, തൊഴിലാളികളുടേയും അസാധാരണമായ തുറിച്ചുനോട്ടവും, രാത്രിയിലെ സംഭവങ്ങളുമായി എന്തോ ബന്ധമുണ്ടെന്ന് എനിക്കു തോന്നി. ഞാൻ രാവിലെ എണീറ്റാലുമില്ലെങ്കിലും ശേഖരൻകുട്ടിയെയും, തൊഴിലാളികളെയും സംബന്ധിച്ച് പ്രത്യേകിച്ചൊന്നുമില്ല. പിന്നെന്തിനാണ് രാവിലെയുള്ള അസാധാരണമായ വിളിയും, തുറിച്ചുനോട്ടവും ? പുതുതായി എത്തപ്പെട്ട മര വ്യാപാരികളായ ഞങ്ങൾക്കറിയാത്ത എന്തോ രഹസ്യം അവർക്ക് ഈ ബംഗ്ലാവിനെപ്പറ്റി അറിയാമെന്ന് എനിക്കുതോന്നി. കുളിച്ചിറങ്ങുമ്പോഴേക്കും ഈ തോന്നൽ എന്നിൽ രൂഢമൂലമായിരുന്നു.

രാവിലെ കാപ്പി കുടിക്കണമെങ്കിൽ കൊഗ്രി ടൗണിൽ പോകണം. ഞാൻ ബൈക്കിൽ കയറി. കാപ്പിച്ചെടികൾക്കിടയിലുള്ള വഴിയിലൂടെ മെല്ലെ ബൈക്കോടിക്കുമ്പോൾ കുന്നിൻ ചരിവിൽ തൊഴിലാളികൾക്ക് നിർദ്ദേശങ്ങൾ നൽകിക്കൊണ്ട് നിൽക്കുന്ന ശേഖരൻകുട്ടിയെ കണ്ടു. എന്നെക്കണ്ടതും ചെറിയ തിണ്ട് ചാടിയിറങ്ങി അയാൾ അടുത്തെത്തി.

".. കാപ്പി കുടിക്കാൻ പോകുവാരിക്കും അല്ലേ ? "

ഞാനൊന്നു മൂളി.".. ഇന്നലെ രാത്രി നല്ല ഫോമിലാരുന്നെന്നു തോന്നുന്നല്ലൊ.. ആരാരുന്നു കമ്പനി ? "

ഒരു കള്ളച്ചിരിയുടെ അകമ്പടിയോടെയായിരുന്നു അയാളുടെ ചോദ്യം. അപ്പോൾ, ആ നിമിഷത്തിൽ എനിക്കൊരു വഴി തെളിഞ്ഞു കിട്ടി. പരിമിതമായ വേതനത്തിൽ അന്യസംസ്ഥാനത്ത് ജോലി ചെയ്യാൻ വിധിക്കപ്പെട്ട ഒരു ശരാശരി കേരളീയൻെറ മദ്യപാനത്വര ഞാനാ കണ്ണുകളിൽ കണ്ടു.

".. ഈ കാട്ടിലാരു കമ്പനി ശേഖരേട്ടാ... ഒറ്റക്കിരുന്നു കഴിച്ചു. വരുന്നോ ഇന്നു വൈകിട്ട് നമുക്കൊന്നു കൂടാം..."

"..ഉയ്യോ... ഞാനങ്ങനൊന്നുമില്ല, എടയ്ക്കൊക്കെ മാത്രം... "

അമിതവിനയത്താൽ ശേഖരൻകുട്ടി നിന്നു കുഴഞ്ഞാടി, കാൽവിരലാൽ കാപ്പിത്തോട്ടത്തിൽ കളം വരച്ചു.

".. എന്നാൽ രാത്രി വാ.... "

അയാൾ ഇടത്തും, വലത്തും ഒന്നുനോക്കി. പിന്നെ പതുങ്ങിയ സ്വരത്തിൽ, ക്ഷമാപണരൂപത്തിൽ പറഞ്ഞു.

".. അതേയ്.. മറ്റൊന്നും തോന്നരുത്, ഞാനിങ്ങോട്ടു വന്നാൽ രാത്രി രണ്ടൂന്നു കിലോമീറ്ററ് തിരിച്ചുനടക്കേണ്ടി വരും, സൗക്കാറിനാകുമ്പം ബൈക്കൊണ്ടല്ലോ, രാത്രി ഏഴു മണിയാകുമ്പം ഞാൻ മെയിൻഗേറ്റിൽ കാണാം. സൗക്കാര് കുപ്പീമായിട്ടു പോന്നാമതി, നമുക്കെൻെറ ബംഗ്ലാവീ കൂടാം, ഫുഡൊക്കെ ഞാൻ റെഡിയാക്കിക്കൊള്ളാം..."

ഞാൻ സമ്മതംമൂളി. ഭാര്യയും, കുട്ടികളുമുള്ള പരിമിതമായ സാഹചര്യത്തിലേക്ക് അയാളെന്നെ മദ്യപാനത്തിന് ക്ഷണിച്ചത് എൻെറ ബംഗ്ലാവിലേക്ക് രാത്രിയിൽ വരാനുള്ള ഭയം മൂലമാണെന്ന് എനിക്ക് വ്യക്തമായി മനസ്സിലായി. ഇന്ന് രാത്രി ആ രഹസ്യം എങ്ങനെയും അനാവരണം ചെയ്യണം. എൻെറ താമസസ്ഥലത്തുനിന്നും കൊഗ്രി ടൗൺ കൂടി ആറു കിലോമീറ്റർ ബൈക്കിൽ സഞ്ചരിച്ചാൽ എസ്റ്റേറ്റിൻെറ പ്രധാന കവാടത്തിലെത്താം, പാലം കടന്നുള്ള രാത്രിനടപ്പ് ഒഴിവാക്കാം.

കൃത്യം ഏഴുമണിക്കു തന്നെ ഞാൻ കിഴക്കേ ഗേറ്റിലെത്തി. ശേഖരൻകുട്ടി പറഞ്ഞതുപോലെതന്നെ കാത്തുനിൽപ്പുണ്ട്. ഗേറ്റിൽനിന്നും അരകിലോമീറ്ററോളം മാറിയുള്ള ബംഗ്ലാവിലേക്ക് ബൈക്കിനു പിന്നിലിരുന്ന് അയാൾ വഴികാട്ടി.

എൻെറ ബംഗ്ലാവിൻെറ തനിപ്പകർപ്പായിരുന്നു ശേഖരൻകുട്ടിയുടേയും. സൂപ്പർവൈസർമാരുടെ പാർപ്പിടങ്ങൾ ഒരേ പാറ്റേണിൽ നിർമ്മിക്കപ്പെട്ടവയാണെന്ന് എനിക്കു മനസ്സിലായി.

വരാന്തയിലെ മേശക്കു സമീപമിട്ട കസേരകളിലൊന്നിൽ അയാൾ എന്നെ ഇരുത്തി. അതിഥി വന്നതറിഞ്ഞ ശേഖരൻകുട്ടിയുടെ കുടുംബം കാണാനെത്തി. ഭാര്യയും, പതിന്നാലും, ഒൻപതും വയസ്സോളം പ്രായംവരുന്ന ഒരു ആൺകുട്ടിയും, പെൺകുട്ടിയും. അന്നുരാവിലെ തൊഴിലാളികളിൽ പ്രത്യക്ഷപ്പെട്ട അതേ വികാരം അവരുടെ കണ്ണുകളിലും ഞാൻ കണ്ടു. അന്യഗ്രഹജീവിയെ കണ്ടമട്ട്.

കുശലപ്രശ്നങ്ങൾക്കു ശേഷം അവർ രംഗത്തുനിന്നും നിഷ്ക്രമിച്ചു. ശേഖരൻകുട്ടി ഒരു മൺകൂജയിൽ വെള്ളവും, രണ്ടു ഗ്ലാസ്സുകളും മേശപ്പുറത്തുവച്ചു. കുറേ പാത്രങ്ങളിൽ ആഹാരസാധനങ്ങൾ ഭാര്യ മേശപ്പുറത്തു വെച്ചു പോയി.

ഞാൻ കുപ്പിയെടുത്ത് രണ്ടു ഗ്ലാസ്സുകളിലും മദ്യം പകർന്നു. ആദ്യത്തെ ഒരു പെഗ്ഗിൻെറ ഔപചാരികതയേ ശേഖരൻ കുട്ടിയിൽ നിന്നുണ്ടായുള്ളു. പിന്നെ വേഗതയേറി. തുരുതുരെ അയാളുടെ ഗ്ലാസ്സ് നിറഞ്ഞൊഴിഞ്ഞു. അയാളുടെ നാവ് കുഴഞ്ഞ്, കണ്ണുകൾ പാതിയടഞ്ഞു. എനിക്കതായിരുന്നു ആവശ്യവും.

".. സൗക്കാരേ, നിങ്ങളെ സമ്മതിച്ചിരിക്കുന്നു. നിങ്ങളു ധൈര്യവാനാ... ധൈര്യവാൻ.."

".. അതെന്താ ശേഖരേട്ടാ..?"

"..മാസങ്ങളായി ആരും ഒരു രാത്രിപോലും തെകച്ചു താമസിക്കാത്ത ബംഗ്ലാവിലാ നിങ്ങളിന്നലെ ഒറ്റയ്ക്കു കെടന്നെ... "

".. അതെന്താ ശേഖരേട്ടാ അവിടങ്ങനൊരു പ്രത്യേകത..? "

വാതിൽക്കൽ പ്രത്യക്ഷപ്പെട്ട ഭാര്യ താക്കീതിൻെറ രൂപത്തിൽ ശേഖരൻകുട്ടിയെ നോക്കി.

".. നീയകത്തു പോടീ, ഞാനിതു സൗക്കാരോടു പറയും, ഇങ്ങേര് സ്നേഹമൊള്ളവനാ, നമ്മളു മലയാളികളാ..."

മദ്യത്തിൻെറ ബലം ഞാനറിഞ്ഞു.

അയാൾ കസേര കുറച്ചുകൂടി എന്നോടടുപ്പിച്ചു. മദ്യത്തിൻെറയും, തീറ്റിസാധനങ്ങളുടേയും ഇടകലർന്ന വല്ലാത്തൊരു ഗന്ധം എൻെറ മൂക്കിലേക്കടിച്ചുകയറി.

".. സൗക്കാരേ, PK സാറ് ഇതൊരിക്കലും സൗക്കാരോടു പറയരുതെന്ന് കർശനമായി വെലക്കീട്ടൊണ്ട്. കാരണം മാസങ്ങൾക്കു ശേഷം ഇന്നാണ് പണിക്കാര് ആ ബ്ളോക്കിൽ പണിയാൻ തയ്യാറായത്. അതും സൗക്കാരിനെ രാവിലെ നേരിൽകണ്ട ബലത്തിൽ.."

".. അതെന്താ അവിടെ ജോലി ചെയ്യാൻ ആരും തയ്യാറാകാതിരുന്നത്..?"

ശേഖരൻകുട്ടിയുടെ ശബ്ദം ഒന്നുകൂടി പിറുപിറുക്കലായി.

".. സൗക്കാരേ അവിടെ പ്രേതബാധയുണ്ട്.. "

ഞാൻ ഉറക്കെ പൊട്ടിച്ചിരിച്ചു. എനിക്ക് ഭയമില്ലെന്ന് അയാളെ ബോധ്യപ്പെടുത്താൻ കൂടിയായിരുന്നു അത്.

".. പ്രേതബാധയോ..? നിങ്ങളെന്തു വിഡ്ഢിത്തമാണീ പറയുന്നത്..?"

".. സൗക്കാരേ, നിങ്ങൾക്കു വിശ്വാസമില്ലായിരിക്കാം, പക്ഷേ പലരും കണ്ടിട്ടൊണ്ട്, രാത്രിയിൽ അവിടെ വെള്ളവസ്ത്രം ധരിച്ച ഒരാള് നിൽക്കുന്നത്.."

പ്രേതങ്ങൾക്ക് ലോകത്തെവിടെയും വേഷവിധാനങ്ങളിൽ ഏകത്വമുണ്ടല്ലോയെന്ന് ഞാനോർത്തു.

".. ആരുടെ പ്രേതമാ ശേഖരേട്ടാ..? "

ഉറക്കെ ചിരിച്ചുകൊണ്ടാണ് ആ ചോദ്യവും ഞാൻ ചോദിച്ചത്.

".. സൗക്കാരേ, നിങ്ങക്കു മുമ്പവിടെ താമസിച്ച സൂപ്പർവൈസർ ഷൺമുഖൻ ചെട്ടിയാരും കുടുംബവും ഒരു രാത്രിയവിടെ തെകച്ചില്ല. അവിടെ തനിയെ സ്റ്റൗ കത്തുന്നു, ലൈറ്റ് തെളിയുന്നു, വെള്ളം വീഴുന്നു... വൈകുന്നേരം കുടിയേറിയ ചെട്ടിയാരും, കുടുംബവും രായ്ക്കുരാമാനം നെലവിളിച്ച് കൊഗ്രി ടൗണിലെത്തി.. "

ഞാൻ ജാഗരൂകനായി;

".. സ്റ്റൗ കത്തുന്നെന്നോ..? "

മദ്യലഹരിയിൽ ശേഖരൻകുട്ടി എൻെറ ആകാംക്ഷ ശ്രദ്ധിച്ചില്ല.

".. സൗക്കാരേ.. നിങ്ങടെ പണിക്കാരൻ ഇന്നലെ കാപ്പിയിട്ട ആ സ്റ്റൗ തന്നെ, അത് രാത്രിയിൽ തനിയെ കത്തുന്നുപോലും. ചെട്ടിയാരു പറഞ്ഞതാ, ഞാനെങ്ങും വിശ്വസിച്ചിട്ടില്ല.. പിന്നെ പറയാനും പറ്റുകേല, രാജുസ്വാമീടെ സ്റ്റൗവാ അത്.."

".. രാജുസ്വാമിയോ..?അതാര്..?"

".. ചെട്ടിയാർക്കു മുമ്പവിടെ താമസിച്ചിരുന്ന സൂപ്പർവൈസർ.. "

".. എന്നിട്ടയാളിപ്പോഴെവിടെ..?"

ശേഖരൻകുട്ടി കുഴഞ്ഞ കണ്ണുകളുയർത്തി എന്നെ കുറേനേരം സൂക്ഷിച്ചു നോക്കി. എന്നിട്ടു പറഞ്ഞു.

".. അയാളാത്മഹത്യ ചെയ്തു, ആ ബംഗ്ലാവീവെച്ച്..., ഞങ്ങള് പത്തഞ്ഞൂറു പേര് നോക്കിനിക്കുമ്പം അയാളവിടെവച്ച് വെഷം കുടിച്ചു മരിച്ചു....... "

ഞാൻ ശേഖരൻകുട്ടിയുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കി. ലഹരിയാൽ കുഴഞ്ഞ കണ്ണുകളിൽ തെളിഞ്ഞു നിൽക്കുന്ന ഭീതി ഞാനവിടെ കണ്ടു. മൃതിയെ മുന്നിൽ കണ്ടവൻെറ ഭീതി......

(തുടരും)

അശോക് വിക്രം

   

Recipe of the day

Sep 272020
ചേരുവകൾ 1. വേവിച്ചെടുത്ത മുഴുവന്‍ കോഴി 2. ബസുമതി റൈസ് 3. ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ് 4. ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്