സത്യത്തിൽ ആ ഭണ്ഡാരി മഹാരാജ് വളരെ നല്ല മനുഷ്യനായിരുന്നു.
പക്ഷെ ഒരാളുടെ പ്രകൃതിയിൽ നിന്ന് എത്ര കഠിന തപസ്സ് ചെയ്താലും അയാൾ മോചിതനാകില്ലെന്ന് അദ്ദേഹത്തിന്റെ ജീവിതം കണ്ടു ഞാൻ പഠിച്ചു.
വളരെ ചെറുപ്പത്തിൽ അനുഭവിക്കുന്ന, ദാരിദ്ര്യത്തിൽ നിന്ന് ഉത്ഭവിച്ച inferiority complex ഒരിക്കലും വിട്ടുപോകില്ല.
യൂ പി യിലെ വളരെ ദരിദ്ര കുടുംബത്തിൽ ആണ് അദ്ദേഹം ജനിച്ചത്. പന്ത്രണ്ടു വയസ്സുള്ളപ്പോൾ ഗ്രാമത്തിൽ വന്ന ഒരു സന്യാസിയുടെ കൂടെ പുള്ളി കൂടി. അങ്ങിനെ വര്ഷങ്ങളോളം യാത്ര ചെയ്തു പുള്ളിയും സന്യാസദീക്ഷ സ്വീകരിച്ചു.
ഉത്തരേന്ത്യയിൽ ഹിമാലയത്തിലെ ചാർ ധാം പരിക്രമം പോലെ തന്നെ അത്രയും വിശുദ്ധമായി കണക്കാക്കുന്നതാണ് നർമദാ പരിക്രമം. നർമദാ നദിയുടെ ഉത്ഭവം മുതൽ കടലിൽ ചേരുന്നത് വരെയുള്ള ദൂരം കാട്ടിലൂടെ നർമദാനദീതടത്തിലൂടെ നടക്കുക. വളരെ ശ്രമകരമാണ് ആ യാത്ര, വളരെ കുറച്ചു പേർക്കേ അത് പൂർത്തീകരിക്കാൻ കഴിയുകയുള്ളു. അതികഠിനമായ ആ യാത്ര ഏകദേശം ആറുമാസം എങ്കിലും എടുക്കും നടന്നു തീർക്കാൻ. അത് പൂർത്തിയാക്കുന്ന സന്യാസിമാർക്ക് സമൂഹത്തിൽ വലിയ പ്രാധാന്യം ലഭിക്കും. സന്യാസം സ്വീകരിച്ചാൽ മൂന്നു യാത്രകൾ ആണ് പവിത്രമായി കണക്കാക്കുന്നത് - ബദരി കേദാർ ചാർ ധാം, നർമദാ പരിക്രമം, നേപ്പാളിലെ പശുപതി നാഥ ക്ഷേത്ര ദർശനം.
നമ്മുടെ ഭണ്ഡാരി മഹാരാജ് ഇതിൽ രണ്ടെണ്ണം പൂർത്തിയാക്കിയിട്ടുണ്ട്. നർമദാ പരിക്രമവും, ചാർ ധാം യാത്രയും. ഏതോ യാത്രക്കിടയിൽ കുറച്ചു ദിവസം വിശ്രമിക്കാനാണ് അദ്ദേഹം ഹരിദ്വാർ ആശ്രമത്തിൽ എത്തിയത്. പുള്ളിയുടെ അദ്ധ്വാനവും നിസ്വാർത്ഥ സേവനവും കണ്ട് പ്രസിഡന്റ് മഹാരാജ് നേരിട്ട് പുള്ളിയോട് സ്ഥിരമായി ആശ്രമത്തിൽ താമസിച്ചു അടുക്കളയുടെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പറയുക ആയിരുന്നു.
പുള്ളിയുടെ ഏറ്റവും വലിയ പ്രശ്നം ചെറുപ്പത്തിലേ ദാരിദ്ര്യ അനുഭവത്തിൽ നിന്ന് ഉടലെടുത്ത പിശുക്ക് ആയിരുന്നു. കുശിനിക്കാരൻ മൂന്നു കിലോ പരിപ്പ് ചോദിച്ചാൽ പുള്ളി രണ്ടേ കൊടുക്കുകയുള്ളൂ. ആശ്രമത്തിൽ ഇഷ്ട്ടം പോലെ പശുക്കളും പാലും ഉണ്ട്, പക്ഷെ ആരെങ്കിലും ആവശ്യപ്പെട്ടാൽ കൊടുക്കാൻ വൈഷമ്യം ആണ്. പച്ചക്കറികൾ അഴുകി പോയാലും പുള്ളി അതൊരിക്കലും ജോലികാർക്ക് കൊടുക്കില്ല.
അങ്ങിനെ കോട്ടാരിയുടെ നിർദ്ദേശപ്രകാരം പുള്ളി എന്റെ ആനുകൂല്യങ്ങൾ വെട്ടികുറച്ചു, എന്നോട് അധികം സംസാരിക്കാതെ ആയി. ഒന്ന് രണ്ട് പ്രാവശ്യം കയർക്കുകയും ചെയ്തു. ഞാൻ ആ വൃദ്ധനായ സാധുവിനു വേണ്ടി പാലിന് പോയ ദിവസം പുള്ളി വളരെ പരുഷമായിട്ടാണ് എന്നോട് സംസാരിച്ചത് - ഇത് ഇഷ്ട്ടം പോലെ ഭക്ഷണം കിട്ടുന്ന ഹോട്ടൽ അല്ലെന്ന്. എനിക്കും വല്ലാത്ത ക്രോധം വന്നു - ഞാൻ പറഞ്ഞു - തന്റെ വിചാരം ഈ ചെയ്യുന്ന കർമ്മത്തിന്റെ ഫലമൊന്നും തനിക്കു അനുഭവിക്കേണ്ടി വരില്ല എന്നാണ്. ഇത് നിങ്ങൾ അനുഭവിക്കും, വളരെ ദാരുണമായിരിക്കും നിങ്ങളുടെ അന്ത്യം.
പിന്നെ അനവധി ദിവസങ്ങൾ കടന്നുപോയി, ഞാൻ ആശ്രമത്തിലെ ഒരു കാര്യവും ശ്രദ്ധിക്കാതെ ആയി, ആരോടും മിണ്ടാതെയായി.
ഒരു ദിവസം ഉച്ചക്ക് ഞാൻ കിടക്കുമ്പോൾ ഒരു വിദ്യാർത്ഥി വന്നു വിളിച്ചു - ഭണ്ടാരി മഹാരാജ് കാണണം എന്ന് പറഞ്ഞു. ഇനി പുതിയ കലഹത്തിന് വല്ലതും ആയിരിക്കും എന്ന് കണക്കുകൂട്ടി കലുഷമായ മനസ്സോടെ ഞാൻ പോയി. പുള്ളി അടുക്കളയിൽ ഒരു ബെഞ്ചിൽ കിടക്കുന്നു, അവശതയുണ്ട് - എനിക്ക് തീരെ സുഖമില്ല പുള്ളി പറഞ്ഞു. ഞാൻ ഉടനെ പുള്ളിയെ കൂട്ടി തൊട്ടടുത്തുള്ള ഡോക്ടറുടെ അടുത്ത് പോയി. പനിയും ഭക്ഷണം കഴിക്കാതെ ഉള്ള ക്ഷീണം ആണെന്ന് പറഞ്ഞു ഡോക്ടർ ഗ്ളൂക്കോസ് ഇൻജെക്ഷൻ കൊടുത്തു പനിക്കുള്ള മരുന്നും. രണ്ട് ദിവസം കഴിഞ്ഞപ്പോൾ പുള്ളി വീണ്ടും എന്നെ വിളിച്ചു -:തീരെ സുഖമില്ല ഇടക്ക് തലചുറ്റുന്നുണ്ട്. ഞാൻ ഡോക്ടറുടെ അടുത്ത് കൊണ്ടു പോയി പറഞ്ഞു ഇത് പനിയുടേത് ആണെന്ന് തോന്നുന്നില്ല, വേറെ എന്തോ പ്രശ്നം ഉണ്ട്. ഡോക്ടർ ഒരു ദിവസം കിടക്കാൻ പറഞ്ഞു, blood investigation ചെയ്തു. പിറ്റേന്ന് ഞാൻ പോയപ്പോൾ പറഞ്ഞു - uric acid കൂടുതൽ ആണ് മരുന്ന് കഴിച്ചു rest ചെയ്താൽ മതി.
രണ്ടു ദിവസം rest ചെയ്തു പുള്ളി വീണ്ടും അടുക്കളയിൽ പ്രവേശിച്ചു ജോലി തുടങ്ങി.
ഒരു സന്ധ്യക്ക് ഞാൻ തോട്ടത്തിൽ നടക്കുമ്പോൾ ഒരു ജോലിക്കാരൻ അലറി വിളിച്ചു കൊണ്ടു വന്നു - ഭണ്ടാരി മഹാരാജ് വീണു തലപൊട്ടി. ഞാൻ ഓടിചെന്ന് നോക്കിയപ്പോൾ പാത്രം കഴുകുന്ന സ്ഥലത്തു വീണ് പാറക്കല്ലിൽ തട്ടി ചോര വാർന്നു കിടക്കുന്നു. ഉടനെ വണ്ടി വിളിച്ചു രാമകൃഷ്ണാ മിഷൻ ഹോസ്പിറ്റലിൽ കൊണ്ടു പോയി അഡ്മിറ്റ് ചെയ്തു. പിറ്റേ ദിവസം ഡോക്ടർ പറഞ്ഞു തല സ്കാൻ ചെയ്യണം. റിസൾട്ട് വന്നു brain tumor ആണ്, വളരെ വലുതായി, ഇനി ഓപ്പറേഷൻ ചെയ്തിട്ട് പ്രയോജനം ഉണ്ടെന്ന് തോന്നുന്നില്ല.
തിരിച്ചു ആശ്രമത്തിൽ കൊണ്ടു വന്നു. കോട്ടാരിക്ക് ഞാൻ പറഞ്ഞത് വിശ്വാസം ആയില്ല. ഋഷികേശിൽ Aims ഹോസ്പിറ്റലിൽ കൊണ്ടു പോയി ഓപ്പറേഷൻ ചെയ്തു. തിരിച്ചു ആശ്രമത്തിൽ എത്തിയപ്പോൾ പുള്ളിക്ക് സകല ഓർമ്മയും സ്ഥലകാലബോധവും നഷ്ടപ്പെട്ടു. പുള്ളിക്ക് കൂട്ടുകിടക്കാൻ വിദ്യാർത്ഥിയെ ഏർപ്പാട് ചെയ്തു. ഒരു ദിവസം കൂട്ടുകിടന്ന വിദ്യാർത്ഥി മുറി രാത്രി പൂട്ടാൻ മറന്നുപോയി.
കാലത്ത് എഴുനേറ്റു നോക്കുമ്പോൾ ഗംഗയുടെ തൊട്ടുമുകളിൽ ഉള്ള കല്പടവിൽ തലയടിച്ചു വീണ് രക്തം വാർന്ന് മരിച്ചു കിടക്കുന്നു.
പതിവ് പോലെ ഏഴാം ദിവസം സദ്യ നടന്നു. മരിച്ച സന്യാസിയുടെ ഗുണഗണങ്ങൾ എല്ലാവരും പുകഴ്ത്തി. പുതിയ ഭണ്ടാരിയെ നിയമിച്ചു. ഞാൻ സദ്യക്ക് പോയില്ല. വൈകുന്നേരം കോട്ടാരി പറഞ്ഞു - ദക്ഷിണ എടുത്തു വെച്ചിട്ടുണ്ട്. ഞാൻ പറഞ്ഞു എനിക്കത് വേണ്ട.
എനിക്ക് വല്ലാത്ത കുറ്റബോധം തോന്നി. അന്ന് ദേഷ്യത്തിന് അങ്ങിനെ പറയേണ്ടിയിരുന്നില്ല ! അയാൾക്ക് പോലും നിയന്ത്രിക്കാൻ ആവാത്ത അയാളുടെ പ്രകൃതി കുറ്റം ചെയ്യാൻ പ്രേരിപ്പിച്ചാൽ - അയാൾക്ക് എന്ത് ചെയ്യാനാകും.
മനുഷ്യൻ അവന്റെ പ്രകൃതിയുടെ അടിമ ആണ്, ഒന്ന് കൊണ്ടും അത് തിരുത്താൻ ആവില്ല.
പ്രകൃതിം യാന്തി ഭൂതാനി നിഗ്രഹ കിം കരിഷ്യതി
നന്ദകുമാർ ഉണ്ണി
Post a new comment
Log in or register to post comments