മാംഗോ മെഡോസ് : ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്ക്

കേരളത്തിനുള്ളിലെ ഏറ്റവും ആകര്‍ഷണീയമായ ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്കായ കോട്ടയം കടുത്തുരുത്തിയിലെ ആയാംകുടി മാംഗോ മെഡോസിനെ പരിചയപ്പെടാം.

കേരളത്തിലെ സഞ്ചാരികള്‍ക്കായി ജൈവലോകത്തിന്‍റെ പറുദീസ തീര്‍ക്കാന്‍   ഒറ്റയാനായി  സ്വയം   ഒരു നിയോഗം  ഏറ്റെടുത്തിരിക്കുകയാണ് എന്‍.കെ. കുര്യന്‍ എന്ന കാര്‍ഷിക (സിവില്‍) എഞ്ചിനീയര്‍. കഴിഞ്ഞ 20 വര്‍ഷത്തോളമായി ഇന്ത്യയിലും വിദേശത്തുമായി മരം തേടി അലഞ്ഞാണ്  പ്രവാസിയായ കടുത്തുരുത്തി കളപ്പുരക്കല്‍ നെല്ലിക്കുഴി കുര്യന്‍ ലോകത്തിലെ ആദ്യത്തെ അഗ്രികള്‍ച്ചര്‍ തീം പാര്‍ക്കായ  മാംഗോ മെഡോസില്‍ പുതിയൊരു ജൈവ -സസ്യലോകം സൃഷ്ടിച്ചത്. ലോകത്തിലെ അപൂര്‍വ്വമായ പരിസ്ഥിതി - ജൈവ ആവാസ വ്യവസ്ഥയുടെ കണ്ണികള്‍ കൂട്ടിയിണക്കിയ   നിര്‍മ്മലമായ ജീവലോകമാണ്  മാംഗോ മെഡോസ്. കോട്ടയം  ജില്ലയിലെ കടുത്തുരുത്തി ആയാംകുടിയിലെ മുപ്പത്തിയഞ്ച് ഏക്കര്‍  ഭൂമിയില്‍ എന്‍.കെ. കുര്യന്‍  എന്ന എഞ്ചിനീയറുടെ കരസ്പര്‍ശം കൊണ്ട്  സൃഷ്ടിക്കപ്പെട്ട ഹരിതാഭ  ഏവരുടേയും മനം കവരുകയാണ്.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി   ഊണിലും ഉറക്കത്തിലും മരത്തിന് വേണ്ടി ജീവിതം ഒരു തപസ്യയാക്കിയാണ്   പ്രവാസിയായ കടുത്തുരുത്തി നെല്ലിക്കുഴി  പരേതനായ കുര്യാക്കോസിന്‍റെയും മറിയാമ്മയുടെയും   മകന്‍ എന്‍.കെ. കുര്യന്‍ മാവിന്‍ തണല്‍ എന്നര്‍ത്ഥം വരുന്ന മാംഗോ മെഡോസിനെ വളര്‍ത്തിയെടുത്തത്.

ഇവിടെ  ജൈവലോകം വളരുന്നു... വളര്‍ത്തുന്നു..

4800 ഓളം സസ്യജനുസുക്കള്‍, 700 വൃക്ഷയിനങ്ങള്‍, 146 ഇനം  പച്ചക്കറികള്‍, 101 ഇനം മാവുകള്‍, 21 ഇനം  പ്ലാവുകള്‍ , 39 തരം  വാഴകള്‍, 25 ഇനം വളര്‍ത്തുപക്ഷി മൃഗാദികള്‍ എന്നിവയെ  ഇവിടെ സംരംക്ഷിക്കുന്നു, ജൈവ ആവാസ വ്യവസ്ഥയിലെ കണ്ണികളായി വളരുന്നു. പാരമ്പര്യ കാര്‍ഷിക കുടുംബത്തില്‍പ്പെട്ട കുര്യന്‍ ഈ ജൈവപറുദ്ദീസ ഒരുക്കാന്‍ ആയുസ്സിന്‍റെ പകുതിയോളം ചിലവഴിച്ച സമ്പാദ്യമായ 107 കോടി രൂപ നിക്ഷേപിച്ചു കഴിഞ്ഞു.  പ്രകൃതിയുടെ നൈര്‍മ്മല്യത്തിലും മന്ദസ്മിതങ്ങളിലും  അലിഞ്ഞലിയാന്‍ ഹരിതാകാശം തീര്‍ത്തിരിക്കയാണിവിടം.

ഗൃഹാതുരത ഉണര്‍ത്തി മണി ചേട്ടന്‍റെ ചായക്കട

മാംഗോ മെഡോസിലെത്തിയാല്‍ അനേകം കൗതുക കാഴ്ചകള്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നുണ്ട്.  ഏദന്‍ തോട്ടത്തിലേക്കുള്ള   യാത്രക്കിടെ ഗൃഹാതുര സ്മരണകളുണര്‍ത്തുന്നതാണ് മണി ചേട്ടന്‍റെ ചായക്കട . പഴയ സിനിമാ പോസ്റ്ററും  വലിയ വില വിവര പട്ടികയും ഒട്ടിച്ച ചായക്കടയില്‍ സമാവറിനരികെ നീട്ടി ചായ അടിക്കുന്ന മണി ചേട്ടനെ കാണാം. അകത്ത് കയറിയാല്‍ ബെഞ്ചും ഡസ്കും പത്രവുമെല്ലാം കണ്ടാല്‍ നമ്മുടെ നാട്ടിന്‍ പുറത്തെ പഴയൊരു ചായക്കട തന്നെ.

മീനൂട്ട് മുതല്‍ ഏദന്‍ തോട്ടം വരെ.

വളരെ പ്രാധാന്യമുള്ളതാണ് മീനൂട്ട്. മാംഗോ മെഡോസിലെ എല്ലാ കുളത്തിലും ധാരാളം മീനുകള്‍ ഉണ്ട്. 4. 5 ഏക്കര്‍ സ്ഥലം ആദ്യം വാങ്ങിയപ്പോള്‍ കുര്യന്‍ തുടങ്ങിയത് മീന്‍ വളര്‍ത്തലാണ്. ഗള്‍ഫിലായിരുന്നപ്പോള്‍ അവിടെ അറബികള്‍ ഉണ്ടാക്കിയ ബസ്രയില്‍ ( മരുഭൂമിയില്‍ ചെറിയൊരു സ്ഥലത്ത് കൃഷിയും തോട്ടവും അവിടെ ഒരു ഔട്ട് ഹൗസുമുള്ള പ്രദേശമാണ് ബസ്ര. ധനാഢ്യരായ അറബികളുടെ അവധിക്കാല വസതികളാണിത്) എഞ്ചിനീയര്‍ എന്ന നിലയില്‍ ജോലിക്കു പോകുമായിരുന്നു. അത് കണ്ടപ്പോഴാണ് തന്‍റെ നാട്ടിലും അതുപോലൊന്ന് നിര്‍മ്മിക്കണമെന്ന് മനസ്സില്‍ ആഗ്രഹമുദിച്ചത്.  അവധിക്ക് നാട്ടിലെത്തുമ്പോള്‍ പാടത്ത് മീന്‍ കൊയ്ത്ത് കാണാന്‍ പോകുമായിരുന്നു. വെള്ളം കെട്ടി നില്‍ക്കുന്ന പാടത്തെ വെള്ളം വറ്റിച്ചാണ്  കരാറുകാര്‍ മീന്‍ പിടിച്ചിരുന്നത്. വലിയ മീനുകള്‍ മാര്‍ക്കറ്റില്‍ വിറ്റ ശേഷം ചെറിയ മീനുകളെ കൊന്ന് ഉണക്കി ജൈവവള കമ്പനികള്‍ക്കും തീറ്റക്കും വേണ്ടി വില്‍ക്കുകയായിരുന്നു അവരുടെ രീതി. അവിടെ ചെന്ന് വലിയ ബാരലില്‍ മീന്‍ കുഞ്ഞുങ്ങളെ വാങ്ങി തന്‍റെ കുളത്തില്‍ നിക്ഷേപിക്കും. അവധി കഴിഞ്ഞ് ഗള്‍ഫില്‍ പോയി തിരിച്ചു വരുമ്പോഴേക്കും ഈ മീനുകളെല്ലാം പെറ്റ് പെരുകിയിട്ടുണ്ടാവും .എങ്കിലും അടുത്ത വര്‍ഷവും ഇത് തന്നെ ചെയ്യും. അങ്ങനെ വര്‍ഷങ്ങള്‍കൊണ്ട് ലക്ഷക്കണക്കിന് മത്സ്യസമ്പത്തുള്ള കലവറയാക്കി  മാംഗോ മെഡോസിനെ മാറ്റിയെടുത്തു. അന്ന് മുതല്‍ തുടങ്ങിയതാണ് കുളത്തിലെ മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്ന മീനൂട്ട് എന്ന ചടങ്ങ്. കേരളീയ ഹൈന്ദവ ആചാരപ്രകാരം വിശ്വാസവുമായി ബന്ധപ്പെട്ടതാണ് മീനൂട്ട്. ഇവിടെയെത്തുന്ന ആര്‍ക്കും തീറ്റ വാങ്ങി മീനുകള്‍ക്ക് നല്‍കി മീനൂട്ട് നടത്താം. മാംഗോ മെഡോസിലെത്തുന്ന സന്ദര്‍ശകരെ ആദ്യം ഗൈഡുമാര്‍ കൊണ്ടു പോകുന്നത് മീനൂട്ട് പാലത്തിലേക്കാണ്. അവിടെ നിന്നാണ്  കാഴ്ചയുടെയും കൗതുകത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും വിനോദത്തിന്‍റെയും വലിയ ലോകത്തേക്ക് നാം യാത്ര ആരംഭിക്കുന്നത്. റിസര്‍വ് ബാങ്കിന്‍റെ മിന്‍റുകളില്‍ ഒരു രൂപ കോയിന്‍ നിര്‍മ്മിച്ചശേഷം ബാക്കിവരുന്ന ഷീറ്റുകള്‍ വിരിച്ചാണ് മീനൂട്ട് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാലത്തിലൂടെ നടന്ന് നീങ്ങിയാല്‍ ചെറിയൊരു വാച്ച് ടവറിലേക്കും അവിടെനിന്ന് ഓപ്പണ്‍ സ്റ്റേജിലേക്കും കയറാം. ഈ സ്റ്റേജില്‍ നിന്ന് കലാകാരന്മാര്‍ പരിപാടി അവതരിപ്പിക്കുന്നത് കുളത്തിന് ചുറ്റുംനിന്ന് ആസ്വദിക്കാം. വിദേശീയവും സ്വദേശീയവുമായ അനേകം പഴവര്‍ഗ്ഗങ്ങളുള്‍പ്പെട്ട  ഏദന്‍ തോട്ടവും ആ തോട്ടത്തിലെ ആദവും ഹവ്വയും  കമനീയമായ മറ്റൊരു ആകര്‍ഷണമാണ്. ഇഷ്ടപ്പെട്ട മണ്‍കലം നിര്‍മ്മിച്ചുതരുന്ന കുംഭാര കുടുംബത്തേയും നമുക്ക് ഇവിടെ കാണാം. ലോകത്തിലെ ഏറ്റവും ഉയരമുള്ള പരശുരാമ പ്രതിമ, പക്ഷിനിരീക്ഷണ കേന്ദ്രം, വഞ്ചിയിലുള്ള യാത്ര തുടങ്ങിയവയെല്ലാം മറ്റ് ആകര്‍ഷണീയമായ കാര്യങ്ങളാണ്.

മരം തേടി ഒരു ലക്ഷം കിലോമീറ്റര്‍ യാത്ര

ജൈവ ആവാസ പ്രവിശ്യകള്‍ക്ക് പുറമേ, ഗല്‍ഫ് രാജ്യങ്ങള്‍, ഈജിപ്റ്റ്, ഇസ്രായേല്‍, ലബനന്‍ എന്നീ രാജ്യങ്ങളിലും   സസ്യ ലോകം തേടി   ഒരു  ലക്ഷം കിലോമീറ്ററിലധികം കുര്യന്‍  സഞ്ചരിച്ചു  കഴിഞ്ഞു. ഇവിടെ  ഒരു പുതിയ  ജൈവലോകം  ആദ്യം സൃഷ്ടിക്കപ്പെട്ടു. പിന്നെ ആ ലോകം വിപുലമാക്കി.  വളര്‍ന്നു വലുതായപ്പോള്‍  ഭൂമിയിലെ പറുദീസ തേടി അലയുന്നവര്‍   ആ പുതിയ ലോകേത്തക്ക് ,അല്ല , ഏദന്‍ തോട്ടത്തിലേക്ക്, കാവുകളും  കടവുകളും  പക്ഷികളും പൂമ്പാറ്റകളുമുള്ള  സ്വര്‍ഗ്ഗീയ അനുഭൂതിയിലേക്ക് ,     വന്നു തുടങ്ങി. കൊമേഴ്സ്യല്‍ പരസ്യങ്ങളില്ലാതെ തന്നെ ആളുകള്‍  കുര്യന്‍റെ നന്മയെ വാഴ്ത്തി, ഇവിടുത്തെ കാഴ്ചകളെയും അനുഭവങ്ങളെയും വര്‍ണ്ണിച്ച്     വാമൊഴി പ്രചരണം നടത്തുന്നു , കുര്യനും കുര്യന്‍റെ മാംഗോ മെഡോസും  മുരടിപ്പില്‍ നിന്നും അതിവേഗം വളരുന്നു. ഉദ്ഘാടനം ഇതുവരെ നടത്തിയിട്ടില്ല. ജനങ്ങളുടെ നാനാവിധമായ  അഭിപ്രായങ്ങള്‍ ശേഖരിച്ച്  അവക്കനുസരിച്ച്  മാറ്റങ്ങള്‍ വരുത്തിയായിരിക്കും ഇതൊരു ഫാം ടൂറിസം കേന്ദ്രമാക്കുക.

പ്രതിസന്ധിയില്‍ കുര്യന് വരം നല്‍കിയ മരം.

കാര്യങ്ങളില്‍  അര്‍പ്പണത്തോടെ , ത്യാഗത്തോടെയാണ് ഈ  ആശയത്തെ പ്രാവര്‍ത്തീകമാക്കുന്നത്. ജീവിതകാലമത്രയും താന്‍ സമ്പാദിച്ചതൊക്കെ നമുക്ക് നഷ്ടമാകുന്ന ദിനം മുന്നില്‍ വന്നുപ്പെട്ടാല്‍ എന്തായിരിക്കും നമ്മുടെ അവസ്ഥ? മുന്നോട്ടുള്ള ജീവിതം വഴിമുട്ടിയെന്ന് മനസ്സിലാകുന്ന നിമിഷം പിന്നീടുള്ളത് ഭ്രാന്തമായ അവസ്ഥയായിരിക്കും. നാട്ടിലും വീട്ടിലും  താന്‍ അപമാനിതനാകുന്നു എന്നു കൂടി ആയാലോ? തുടര്‍ന്നുള്ള ചിന്തകളും പ്രവര്‍ത്തികളും ഒരിക്കലും ഓര്‍ക്കാന്‍ പോലും പറ്റാത്തതായിരിക്കും. രണ്ടര പതിറ്റാണ്ടു കൊണ്ട് മണലാരണ്യത്തില്‍ വിയര്‍പ്പൊഴുക്കി നേടിയ നൂറ് കോടിയോളം രൂപ കടലിലെ കായം പോലെ ഇല്ലാതാകുന്ന ഒരവസ്ഥയുണ്ടായിരുന്നു കുര്യന്. .

സൗദി അറേബ്യയിലും ദുബായിലുമായി 1995 മുതല്‍ ജോലി ചെയ്തും  ബിസിനസ് നടത്തിയും നേടിയ നാല്പത് കോടി രൂപ കടുത്തുരുത്തിയിലെ  ബാങ്ക്   അക്കൗണ്ടില്‍ സ്ഥിര നിക്ഷേപമിട്ടാണ് എന്‍.കെ. കുര്യന്‍ സ്വന്തം നാട്ടില്‍ ഒരു സംരംഭം തുടങ്ങാന്‍ ആലോചിച്ചത്. എല്ലാവരെയും വലിയ പ്രതീക്ഷകളും സ്വപ്നങ്ങളുമായിരുന്നു മനസ്സ് നിറയെ .ഇത്രയും കോടിയുടെ സ്ഥിര നിക്ഷേപമുള്ളതിനാല്‍ ആവശ്യത്തിന് വേണ്ട തുക ബാങ്കില്‍ നിന്ന് വായ്പ കിട്ടുമെന്ന് പ്രതീക്ഷിച്ചു. നിക്ഷേപം കൂടി കൊണ്ടിരുന്നപ്പോള്‍ ചിരിച്ചു കൊണ്ട് സ്വീകരിച്ചവര്‍ വായ്പയുടെ കാര്യം വന്നപ്പോള്‍  മുഖത്തെ ഭാവം മാറ്റി.. അങ്ങനെ നാട്ടിലെ എല്ലാ ബാങ്കുകളെയും സമീപിച്ചു. ഒടുവില്‍ സ്ഥലം ഈട്  നല്‍കി 13 കോടി രൂപ വായ്പ നല്‍കാന്‍ കൊശമറ്റം ഫിനാന്‍സ് എന്ന ധനകാര്യ സ്ഥാപനം തയ്യാറായി. വായ്പയെടുത്ത പണം കൊണ്ട്  മാംഗോ മെഡോസിന്‍റെ പ്രവര്‍ത്തനം തുടര്‍ന്നു കൊണ്ടേയിരുന്നു. വലിയ സംരംഭമായതിനാല്‍  പിന്നെയും കോടികള്‍ ആവശ്യമായി വന്നു.അങ്ങനെയാണ് കെ.എഫ്. സി.യെ വായ്പക്കായി സമീപിക്കുന്നതും ബാങ്കുകള്‍ തമ്മിലുള്ള ഒത്തുകളിയുടെ ഭാഗമായി വായ്പ നിഷേധിക്കുന്നതും .13 കോടി രൂപയുടെ വായ്പക്ക് 25 ലക്ഷം രൂപയാണ് മാനേജര്‍ കൈക്കൂലി ചോദിച്ചത്. കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തങ്കിലും സമയത്ത് പണം കിട്ടാത്തതിനാല്‍ പണികള്‍ മുടങ്ങി. ആ ഇടക്കാണ് ഒരു ടി. വി പരിപാടിയുടെ ഷൂട്ടിംഗിനായി  ജയ്ഹിന്ദ്     ചാനലില്‍ നിന്ന് രണ്ട് പേര്‍ വന്നത്. അഭിമുഖത്തിനിടെ സാമ്പത്തിക പ്രശ്നങ്ങളും ബാങ്ക്  മാനേജര്‍ക്ക് കൈക്കൂലി കൊടുക്കാത്തതിനാല്‍ വായ്പ കിട്ടാത്ത കാര്യവും സൂചിപ്പിച്ചു. അവര്‍ അത് വലിയ വാര്‍ത്തയാക്കി. മറ്റ് മാധ്യമങ്ങളും ഏറ്റെടുത്തു. പ്രശ്നം സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെടുകയും ധനകാര്യ മന്ത്രി പ്രശ്നത്തില്‍ ഇടപെടുകയും ചെയ്തങ്കിലും മന്ത്രിയുടെ നിര്‍ദ്ദേശം ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചു.

ജോലികളെല്ലാം മുടങ്ങിയത് നാട്ടില്‍ പാട്ടായതോടെ ആകെ നിരാശയായിരുന്നു മനസ്സ് നിറയെ. പണം കൊടുക്കാനുള്ളവരോട് അവധി പറഞ്ഞ് മടുത്തു. സ്വപ്നങ്ങളെല്ലാം അവസാനിപ്പിക്കാന്‍ മാനസികമായി തയ്യാറെടുത്തു. കൊശമറ്റത്തിലെ വായ്പ കുടിശ്ശികയായി 18 കോടിയിലെത്തി. മറ്റുള്ളവര്‍ പണം തിരിച്ചു ചോദിച്ചു സ്ഥിരമായി  വീട്ടിലേക്ക്     വരാന്‍ തുടങ്ങി. മുമ്പില്‍ ഒന്നുകില്‍ മരണം അല്ലങ്കില്‍ നാട് വിടല്‍. രണ്ടിനും മനസ്സ് വരുന്നില്ല. നട്ട് നനച്ച് കണ്ണിലുണ്ണിയായി വളര്‍ത്തിയ ചെടികളെയും മരങ്ങളെയും വിട്ടു പോകാന്‍ മനസ്സ് അനുവദിച്ചില്ല. എങ്കിലും പണം കൊടുക്കാനുള്ളവരുടെ മുമ്പില്‍ തല്‍കാലത്തേക്കെങ്കിലും രക്ഷപ്പെടണം. ആ ' മുങ്ങലി'ന്‍റെ ഭാഗമായി ഭാര്യയെയും  മൂന്ന്  മക്കളെയും കൂട്ടി വൈക്കം പാലേക്കരയിലുള്ള ഫിഷ് ഫാം കാണാന്‍ പോയി. ആ മുങ്ങല്‍ യാത്രയാണ് ജീവിതത്തില്‍ വലിയ യാത്രയായത്. കാരണം അവിടെ വരുന്ന സഞ്ചാരികളുടെ എണ്ണവും മീന്‍ വളര്‍ത്തി കൊണ്ട് എങ്ങനെ ജീവിതവിജയം നേടാമെന്നതിന്‍റെ ചിന്തയും മനസ്സില്‍ ഉയരുന്നത് അവിടെ വച്ചാണ്. ഗള്‍ഫില്‍ നിന്ന് തിരിച്ചെത്തിയതു മുതല്‍ എല്ലാ ദിവസവും തോട്ടത്തിലെത്തും. അവക്ക് വെള്ളമൊഴിക്കും. അവയോട് സംസാരിക്കും. സങ്കടങ്ങള്‍ പറയും .ചിലപ്പോള്‍ ഈ പയ്യാരം അര്‍ദ്ധരാത്രി വരെ നീളും. എല്ലാം ഉപേക്ഷിക്കേണ്ടി വരുമെന്ന് തോന്നുമ്പോഴും ഇവിടുത്തെ മരങ്ങള്‍ അവരോട് ചേരാന്‍ കാതില്‍ മന്ത്രിക്കുന്നതു പോലെ ,എത്ര തിരക്കിലും  ഇവിടം വിട്ട് പുറത്തേക്ക് പോകാന്‍ തോന്നാത്ത വിധം ഒരു ഉള്‍വിളി . കുര്യനും മരങ്ങളും പ്രകൃതിയും  ഒന്നാകുന്ന അനര്‍ഘ നിമിഷങ്ങള്‍. പുതിയൊരു ജൈവ ലോക സംസ്കൃതി സൃഷ്ടിക്കാന്‍ ഏതോ ഒരു നിയോഗമുള്ളതുപോലെ. പ്രകൃതിയുടെ താളത്തിനൊത്ത് ഒരു അദൃശ്യ ശക്തി എല്ലാം തിരിച്ചറിഞ് തന്നെ ഈ കാനാന്‍ ദേശത്തിന്‍റെ കാവല്‍ക്കാരനാക്കി നിര്‍ത്തിയതുപോലെ തനിക്ക് അനുഭവപ്പെടുന്നുവെന്ന് കുര്യന്‍ പറയുന്നു.

ജോലികള്‍ ഏകദേശം പൂര്‍ത്തിയാക്കാനായിരുന്നങ്കിലും  ടിക്കറ്റ് നല്‍കി ആളുകളെ അതുവരെ  ഈ കാര്‍ഷിക-  പരിസ്ഥിതി പാര്‍ക്കിലേക്ക്  കയറ്റി വിട്ടിരുന്നില്ല. പാലക്കര ഫിഷ് ഫാമില്‍ പോയി വന്നതിന് ശേഷമാണ് പരീക്ഷണാടിസ്ഥാനത്തില്‍ ഇവിടേക്ക് ചെറിയ ടിക്കറ്റില്‍ ആളെ കയറ്റിയത് .  പണി പൂര്‍ത്തിയായിട്ടില്ലന്ന് പറഞ്ഞ് തന്നെയാണ് സന്ദര്‍ശകരെ  പ്രവേശിപ്പിച്ചത്. ആദ്യദിനം നൂറില്‍ താഴെയായിരുന്നു പാര്‍ക്കില്‍ പ്രവേശിച്ചവരുടെ എണ്ണം .പിന്നീട് , ഇരുനൂറ്, മുന്നൂറ് , അഞ്ഞൂറ് വരെയായി.. കഴിഞ്ഞ പ്രധാന സീസണില്‍ ചില ദിവസങ്ങളില്‍ 1600 പേര്‍ വരെ ഇങ്ങനെ  പാര്‍ക്കില്‍ പ്രവേശിപ്പിച്ചു. പ്രവേശനം നേടാന്‍ കഴിയാത്തവര്‍ ബഹളമുണ്ടാക്കിയതിനാല്‍ ഗെയിറ്റിന് മുമ്പില്‍ ലാത്തിചാര്‍ജ് വരെ അരങ്ങേറി.  വരുമാനം കൂടി. ജോലിക്കാരുടെ എണ്ണവും വര്‍ദ്ധിച്ചു. വായ്പ തന്നവര്‍ മാംഗോ മെഡോസിന്‍റെ   വളര്‍ച്ചയില്‍ കണ്ണും നട്ടിരിക്കുകയാണിപ്പോള്‍.   107 കോടി രൂപയാണ് ഇതിനകം കുര്യന്‍ ഒറ്റക്ക് മുതല്‍ മുടക്കിയിട്ടുള്ളത്. ഇനി വെറും അഞ്ച് കോടി രൂപ മാത്രം കൂടി ഉണ്ടായാല്‍ ഒന്നാം ഘട്ടം ഉദ്ഘാടനത്തിനായി പൂര്‍ത്തിയാക്കാനാകും.

വൃദ്ധരുടെയും ഭിന്നശേഷിക്കാരുടെയും ഇടം.

ആയാംകുടിയിലെ സമതല പ്രദേശത്ത് തണല്‍ വിരിച്ച് നില്‍ക്കുന്ന മരങ്ങള്‍ക്കിടയിലൂടെ നിരന്ന പാതയില്‍ ഇന്‍റര്‍ലോക്ക് ടൈല്‍ വിരിച്ചതിനാല്‍   വൃദ്ധ ജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും അനായാസം നടന്ന് കാണാന്‍ കഴിയുന്നു. അതു കൊണ്ടു തന്നെ സന്ദര്‍ശകരില്‍  വലിയൊരു വിഭാഗം ഭിന്നശേഷിക്കാരും   വൃദ്ധരും  അവരുടെ കുടുംബാംഗങ്ങളുമാണ്. ഇത് തങ്ങളുടെ ഇടമാണെന്ന് അവര്‍ തിരിച്ചറിഞ്ഞിരിക്കുന്നുവെന്ന് കുര്യന്‍ പറയുന്നു. ഇവിടെയെത്തുന്ന ഇത്തരക്കാര്‍ക്കു വേണ്ടി അഞ്ച് ഇലക്ട്രിക് കാറുകള്‍ സര്‍വ്വീസ് നടത്തുന്നുണ്ട്.

മാംഗോ മെഡോസിലേക്ക് എത്താനുള്ള വഴി

കേരളത്തിന്‍റെ ഏത് ഭാഗത്തു നിന്നും വരുന്നവര്‍ കടുത്തുരുത്തിയിലെത്തിയാല്‍ അവിടെ നിന്നും ആയാം കുടിയിലെ മാംഗോ മെഡോസിലേക്ക് പോകാം. രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെയാണ് പ്രവേശനം. കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും ചിലവഴിക്കാന്‍ തരത്തില്‍ വേണം വരാന്‍. നീന്തല്‍ കുളവും ചൂണ്ടയിടലും റൈഡിംഗും ഉപയോഗിക്കാന്‍ ഉദ്ദേശമുണ്ടങ്കില്‍ ഈ സമയം മതിയാകില്ല. ഈ നേട്ടങ്ങളൊന്നും   തന്‍റേതു മാത്രമാക്കി ഒതുക്കാന്‍ കുര്യന്‍ ആഗ്രഹിക്കുന്നില്ല. നാടിന്‍റെ വികസനത്തിന് പുതിയൊരു സങ്കല്‍പ്പവുമായി പ്രദേശത്തെ  500 കുടുംബങ്ങളുടെ ക്ലസ്റ്റര്‍ ഉണ്ടാക്കി അവരുടെ സാമ്പത്തിക സുരക്ഷ ഉറപ്പ് വരുത്താനായി പദ്ധതി ആവിഷ്കരിക്കയാണ് കുര്യന്‍. കേന്ദ്ര കൃഷി മന്ത്രി മാംഗോ മെഡോസിലെത്തിയതും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദന സന്ദേശമയച്ചതും  വലിയ പ്രോത്സാഹനമായാണ് കുര്യന്‍ കാണുന്നത്.സര്‍ക്കാരിന്‍റെ യാതൊരു സഹായവും കൈപ്പറ്റാതെ കൃഷിക്കും കാര്‍ഷിക-ജൈവ വൈവിധ്യ മേഖലയിലെ പഠനത്തിനും ജീവിതം ത്യജിച്ച കുര്യന് ഇതിനോടകം  നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചു കഴിഞ്ഞു.

ഊര്‍ജ്ജത്തിന്  സോളാറും കാറ്റാടിയും.

ഇത്രയും വലിയൊരു പ്രദേശത്ത്  ധാരാളം വൈദ്യുതി ആവശ്യമായി വരുന്നതിനാല്‍  കെ.എസ്.ഇ.ബി.യെ മാത്രം ആശ്രയിക്കുന്നില്ല.  എട്ടായിരം കിലോവാട്ട് വൈദ്യുതി സോളാര്‍ പാനലില്‍ നിന്നും രണ്ടായിരം  കിലോവാട്ട് വൈദ്യുതി കാറ്റാടിയില്‍ നിന്നും ഉല്പാദിപ്പിക്കുന്നു. അത് കൊണ്ട് മഴയത്തും പവര്‍ കട്ട് സമയത്തുമൊന്നും  വൈദ്യുതി പ്രതിസന്ധിയുണ്ടാകുന്നില്ല.

വിരുന്നെത്തുന്നവര്‍ക്ക് വിഷ രഹിത ഭക്ഷണം.

മാംഗോ മെഡോസില്‍ വിരുന്നിനെത്തുന്നവര്‍ക്ക്  വിഷ രഹിത ഭക്ഷണം നല്‍കണമെന്നതാണ് കുര്യന്‍റെ നിയമം . ചോറിന് കൂട്ടുന്ന കറിയിലെ പച്ചക്കറികളുടെ പേര് പോലും അറിയാത്ത പുതുതലമുറയെ അത് പരിചയപ്പെടുത്തുകയാണ്  മാംഗോ മെഡോസിന്‍റെ ലക്ഷ്യമെന്ന് പല സ്ഥലത്തായി ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നു. ഇവിടുത്തെ കോട്ടേജുകളില്‍ താമസിക്കുന്നവര്‍ക്കും  പകല്‍ സമയങ്ങളില്‍ സന്ദര്‍ശകരായി എത്തുന്നവര്‍ക്കും  ഇവിടെ ജൈവരീതിയില്‍ കൃഷി ചെയ്തെടുത്ത  പച്ചക്കറികള്‍ കൊണ്ടുള്ള വിഭവങ്ങളാണ് നല്‍കുന്നത്. കുളത്തിലെ വിഷ രഹിത ജൈവ മത്സ്യമാണ്  പ്രധാന ഭക്ഷ്യ ഇനം. മരുന്നുകളയും ഔഷധ സസ്യങ്ങളെയും പരിചയപ്പെടുത്തുന്ന നാല്പാമര വഞ്ചിയും  ദശമൂലത്തറയുമെല്ലാം ഒരുക്കിയിരിക്കുന്നു.  തോട്ടത്തിലെ ഓരോ വഴികള്‍ക്കും പ്രമുഖരായ പരിസ്ഥിതി പ്രവര്‍ത്തകരുടേയും സാഹിത്യ പ്രവര്‍ത്തകരുടെയും പേരുകള്‍ ചേര്‍ത്താണ് പേരിട്ടിരിക്കുന്നത്. മാധവികുട്ടിയും നീര്‍മാതളവും, ഒ.വി.വിജയനും കരിമ്പനുകളും, കൃഷ്ണനും കടംബവും എന്നിങ്ങനെ സാഹിത്യവും പ്രകൃതിയും ഇടചേര്‍ന്നുള്ള തീമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ശംഖുമുഖത്തെ മത്സ്യകന്യകയുടെ ശില്പം പോലെ ആദ്യത്തെ വൃക്ഷ കന്യക ശില്പവും  ലോകത്തിലെ ഏറ്റവും വലിയ പരശുരാമ പ്രതിമയും  മാംഗോ മെഡോസില്‍ മാത്രമുള്ളതാണ്.

മരങ്ങളുടെ സര്‍വ്വവിജ്ഞാനകോശം.

ഇന്ന് കുര്യനും മാംഗോ മെഡോസും .ഇവിടെയുള്ള മരങ്ങളുടെയുടെയും ചെടികളുടെയും സസ്യങ്ങളുടെയും വളര്‍ച്ചയുടെ എല്ലാ ഘട്ടത്തിലും കുര്യന്‍റെ കരസ്പര്‍ശമുണ്ട്, പരിലാളനയുണ്ട്, ആത്മബന്ധമുണ്ട്. ലോകത്തിന്‍റെ പലങ്ങളിലും മനുഷ്യരില്‍ ചിലര്‍ പ്രത്യേക കമ്പം കയറി മരങ്ങള്‍ നട്ട് വനം സൃഷ്ടിക്കാറുണ്ടങ്കിലും  അതില്‍ നിന്ന് വ്യത്യാസമാണ് കുര്യനും മാഗോ മെഡോസും അവിടുത്തെ ഏദന്‍ തോട്ടവുമെല്ലാം. കുര്യന്‍ ചെറുപ്പത്തിലെ വലിയ വൃക്ഷ പ്രേമിയൊന്നും ആയിരുന്നില്ല. ഇവിടെ സ്ഥലം വാങ്ങി പല ചെടി കളും മരങ്ങളും തണലിന് വേണ്ടിയാണ് ആദ്യം നട്ടത്. തൈകള്‍ നടുമ്പോള്‍ എന്തെങ്കിലും വ്യത്യസ്തത ഉണ്ടാവണമെന്ന് കരുതി അപൂര്‍വ്വ ഇനങ്ങള്‍ തിരഞ്ഞെടുത്തുവെന്ന് മാത്രം. ഇങ്ങനെ അപൂര്‍വ്വ ഇനങ്ങള്‍ തേടിയുള്ള യാത്രക്കിടെ യാദൃശ്ചികമായി ഉണ്ടായ ഒരനുഭവമാണ് തന്നെ ഇക്കാര്യത്തില്‍ ഒരു കമ്പക്കാരനാക്കിയതെന്ന് കുര്യന്‍ പറയുന്നു.  വാഹനമോടിക്കുമ്പോള്‍ റോഡിന്‍റെ ഇരുവശവുമുള്ള മരങ്ങളിലായിരിക്കും കുര്യന്‍റെ ശ്രദ്ധ. അപൂര്‍വ്വ ഇനങ്ങളെ തിരിച്ചറിയാനുള്ള ആ ശ്രമത്തിനിടെ മനസ്സില്‍ മറ്റൊന്നുമുണ്ടാകില്ല.  ഒരത്യാവശ്യത്തിന് എറണാകുളത്തേക്കുള്ള യാത്രയില്‍ റോഡരികില്‍ മതിലൊന്നുമില്ലാത്ത ഒരു വീട്ടുമുറ്റത്ത്  ഒരു മരം ശ്രദ്ധയില്‍പ്പെട്ടു. നിര്‍ത്തി ഒന്ന് നോക്കിയെങ്കിലും കേരളത്തിലാകെ  856 ഇനം വൃക്ഷ വര്‍ഗ്ഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത് .ഇവയില്‍ 700-ല്‍ പരം വ്യക്ഷ വര്‍ഗ്ഗങ്ങളും മാംഗോ മെഡോസിലുണ്ട്. മരങ്ങളെ പ്രണയിക്കുന്ന കുര്യന്‍ മരങ്ങളുടെ വിവാഹവും നടത്തിക്കഴിഞ്ഞു. നവോമി (അപ്പൂപ്പന്‍താടി) ചെടിയെ ഏഴിലംപാലയുമായാണ് വിവാഹം കഴിപ്പിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം കഴിപ്പിച്ച ഇവരുടെ കുട്ടിക്കായി കാത്തിരിക്കുകയാണ് കുര്യനും മാംഗോമെഡോസിലെത്തുന്ന സന്ദര്‍ശകരും. പതിനെട്ടു വര്‍ഷം പഴക്കുള്ള ഊദ്, വിരലുകൊണ്ട് തടിയില്‍ തൊട്ടാല്‍ ഭസ്മം ലഭിക്കുന്ന ഭസ്മക്കൂവളം, നാല് ഇനം രുദ്രാക്ഷം, ഇലത്തണ്ടിന്‍റെ അഗ്രഭാഗത്ത് എട്ട് ഇലകളുള്ള  മഹാവില്യം, രാജാക്കന്‍മാരുടെ കാലത്ത് ഉത്തേജന ഔഷധമായി അവര്‍ ഉപയോഗിച്ചിരുന്ന കായ്കള്‍ ലഭിക്കുന്ന മദനകാമരാജന്‍, മനോരഞ്ജിനി, പേപ്പട്ടി വിഷത്തിനെതിരെ ഉപയോഗിക്കുന്ന മരുന്നുണ്ടാക്കുന്ന അങ്കോലം, കടമ്പ് വൃക്ഷം, ആറഞ്ഞിലി, കാരാഞ്ഞിലി, ഞെട്ടാവല്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന മരവുരി ( വസ്ത്രമുപയോഗിക്കുന്നതിന് മുമ്പ് മനുഷ്യര്‍ ഈ മരത്തിന്‍റെ തോലാണ് ഉപയോഗിച്ചിരുന്നത്.), നെല്ലി, കടുക്ക, താന്നിക്ക എന്നിവ ചേര്‍ന്ന ത്രിഫല, അത്തി, ഇത്തി അരയാല്‍, പേരാല്‍ എന്നിവ ചേര്‍ന്ന നാല്പാമര വഞ്ചി, പണ്ടുകാലത്ത് പല്ല് തേക്കാന്‍ ഉപയോഗിച്ച അമ്മ മുറിയന്‍ ചെടി തുടങ്ങിയവയാണ് ഇവയില്‍ ചിലത്. സ്വര്‍ണ്ണമഴമരവും എലിമരവും പശകമരവുമെല്ലാം ഇവിടുത്തെ വ്യത്യസ്ത ഇനങ്ങളാണ്. തോണി നിര്‍മ്മിക്കാനുപയോഗിക്കുന്ന പലകപയ്യാനി മരവും കാണാം. പലകപയ്യാനി മരത്തിന്‍റെ ഒറ്റപലകയില്‍ തീര്‍ത്ത തോണിയും കാഴ്ചക്കാരില്‍ കൗതുകമുണര്‍ത്തുന്നു. ഓരോ മരത്തിന്‍റെയും വിവിധ ദേശങ്ങളില്‍ അറിയപ്പെടുന്ന പേരും ശാസ്ത്രീയ നാമവും എല്ലാം ബോര്‍ഡില്‍ എഴുതി വച്ചിരിക്കുന്നു. ഇതിന്‍റെയെല്ലാം സ്വദേശം ,പ്രത്യേകതകള്‍ തുടങ്ങി ആ മരവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളും കുര്യന് അറിയാം .അതുകൊണ്ട് ലോകത്ത് മരങ്ങളെ ക്കുറിച്ച് അറിയാവുന്ന ഒരു സര്‍വ്വവിജ്ഞാന കോശമാണ് ഇന്ന് കുര്യനും മാംഗോ മെഡോസും. ഈ വിവരങ്ങള്‍ എല്ലാം ചേര്‍ത്ത് ഒരു പുസ്തകം തയ്യാറാക്കാനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്ക്

മാംഗോ മെഡോസ് ഇപ്പോള്‍ കേരളത്തില്‍ ചെയ്ത  അതേ രീതിയില്‍ രാജ്യവ്യാപകമായി എല്ലാ സംസ്ഥാനങ്ങളിലും ജൈവ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മാനേജിംഗ് ഡയറക്ടര്‍ എന്‍.കെ. കുര്യന്‍ പറഞ്ഞു. ഒരാള്‍ തനിയെ ഒരു പ്രദേശത്ത് മാത്രമായി ഇത്രയധികം വ്യത്യസ്തയിനം മരങ്ങളും സസ്യങ്ങളുമുള്ള അപൂര്‍വ്വ ജൈവസമ്പത്ത് സൃഷ്ടിച്ച് സംരക്ഷിച്ചു വരുന്നതിനുള്ള മൂന്ന് ലോക റെക്കോര്‍ഡുകള്‍ ഇപ്പോള്‍ എന്‍.കെ.കുര്യന്‍റെയും മാംഗോ മെഡോസിന്‍റെയും പേരിലാണ്. ലോകത്തിലെ ആദ്യത്തെ കാര്‍ഷിക തീം പാര്‍ക്കായ മാംഗോ മെഡോസ് ഇന്ത്യയിലെ വന്‍കിട ഫാം ടൂറിസം പദ്ധതികളിലൊന്നാണ്.

ഇതേ മാതൃകയില്‍ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും സ്വകാര്യ സംരംഭമായി തന്നെ ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കുര്യനും മുഴുവന്‍ സമയവും പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായ ഭാര്യ ലതികയും ചേര്‍ന്ന് പദ്ധതിയിടുന്നത്. മുമ്പ് കുര്യന്‍റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിട്ടുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  ഈ പ്രോജക്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണിവര്‍.ഓരോ സംസ്ഥാനത്തും അവരുടെ ഭൂപ്രകൃതിയും കലാവസ്ഥയും അനുസരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുക.

കടുത്തുരുത്തിയില്‍  നിലവിലുള്ള ഫാമിന്‍റെ   പ്രവര്‍ത്തനവും വിപുലപ്പെടുത്തും. ഇവിടെ ഒന്നാം ഘട്ടത്തില്‍  കടുത്തുരുത്തി പഞ്ചായത്തിലെ  വാര്‍ഡുകളില്‍പ്പെട്ട  അഞ്ഞൂറ്  കുടുംബങ്ങളെ ഉള്‍പ്പെടുത്തി മാംഗോ മെഡോസ് ക്ലസ്റ്ററുകള്‍ തുടങ്ങും .ഇതിനുള്ള റിസോഴ്സ് മാപ്പിംഗും സര്‍വ്വേയും പൂര്‍ത്തിയായിക്കഴിഞ്ഞു.  കൂടാതെ പാര്‍ക്കിനുള്ളില്‍ കണ്‍വെന്‍ഷന്‍ സെന്‍ററും  ആയുര്‍വ്വേദ ആശുപത്രിയും ആരംഭിക്കുമെന്നും എന്‍.കെ. കുര്യന്‍ പറഞ്ഞു. ഇപ്പോള്‍ 130 പേര്‍ക്ക് നേരിട്ട് തൊഴില്‍ നല്‍കുന്ന ഈ സംരംഭം അടുത്ത ഘട്ടം പൂര്‍ത്തിയാക്കുന്നതോടെ 300 പേര്‍ക്ക് നേരിട്ടും മറ്റൊരു മുന്നൂറോളം പേര്‍ക്ക് പരോക്ഷമായും തൊഴില്‍ നല്‍കുന്ന സ്ഥാപനമായി മാറും .തൊട്ടടുത്ത ഘട്ടത്തില്‍ ഇതിനോട് ചേര്‍ന്നുള്ള മത്താങ്കരി എ ബ്ലോക്ക് പാടത്ത് നെല്‍കൃഷിയിറക്കാനും പദ്ധതിയിടുന്നുണ്ട്. ഇതിനായി മാംഗോമെഡോസ് ക്ലസ്റ്റര്‍ രൂപീകരണം നടന്നുവരികയാണ്. ഉല്പാദനത്തിലും വിപണനത്തിലും കര്‍ഷകന്‍ നേരിട്ട് ഇടപ്പെട്ട് അവര്‍ക്ക് സ്വന്തം കൃഷിയിടത്തില്‍ നിന്നുള്ള വരുമാനവും കൂട്ടുകൃഷിയില്‍ നിന്നുള്ള വരുമാനവും ഇരട്ടിയാക്കുകയാണ് ഇതിന്‍റെയെല്ലാം ലക്ഷ്യം.

 

 

Recipe of the day

Nov 162021
INGREDIENTS