മഹാരാജ്യത്തിലെ ആസ്ഥാന സാഹിത്യമെഴുത്തുകാർ

നിങ്ങളെല്ലാരുമിവിടുത്തെ കവികളല്ലേ ...?
നിങ്ങളെല്ലാരുമിവിടുത്തെ കഥാകൃത്തുക്കളല്ലേ..?

എന്നാലിതൊന്ന് കേട്ടോളൂ.

കളകളാരവം മുഴക്കിയൊഴുകുന്ന കണ്ണീർതെളിമയുള്ള
ജലസമൃദ്ധിയാൽ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന മനോഹരികളായ പുഴകളെക്കുറി
ച്ചെഴുതിയാൽ മതി നിങ്ങൾ.

വെള്ളി നൂലുപോലെ ഊർന്നിറങ്ങുന്ന കരളിൽ പ്രണയ സംഗീതത്തിൻ്റെ മാസ്മരികത നിറക്കുന്ന
മനംതണുപ്പിക്കുന്ന ഹൃദയഹാരിയായ കുളിർമഴയെക്കുറിച്ചെഴുതിയാൽ മതി നിങ്ങൾ.

പച്ചപ്പട്ടു വിരിച്ചപോലെ വിശാലമായിക്കിടക്കുന്ന പുൽമേടുകൾക്കു നടുവിലുണ്ടാക്കിയ പൂന്തോട്ടങ്ങളിൽ  വിരിയുന്ന വർണപുഷ്പങ്ങളുടെ അപൂർവ്വ ഭംഗിയെക്കുറിച്ചെഴുതിയാൽ മതി നിങ്ങൾ.

നനുനനുത്ത പ്രഭാതങ്ങളിൽ പുൽത്തലപ്പുകളിൽ തൂങ്ങിക്കിടക്കുന്ന വജ്രം പോലെ വെട്ടിത്തിളങ്ങുന്ന മഞ്ഞുകണങ്ങളെക്കുറിച്ചെഴുതിയാൽ മതി നിങ്ങൾ.

അങ്ങ് ദൂരെ വെള്ളിമേഘങ്ങൾ നിറഞ്ഞ വിശാലമായ
നീലാകാശം അതിരിടുന്ന ഭംഗിയേറിയ നീലമലകളെക്കുറിച്ചെഴുതിയാൽ മതി നിങ്ങൾ.

ഹൃദയ തന്ത്രികളിൽ മാന്ത്രികത നിറക്കുന്ന
പ്രണയ സംഗീതത്തിൻ്റെ താളലയങ്ങളെക്കുറിച്ചെഴുതിയാൽ മതി നിങ്ങൾ.

ചക്രവാള സീമയിൽ ചെഞ്ചായം കൊണ്ട് വർണ വിസ്മയങ്ങൾ തീർക്കുന്ന സുവർണ സൂര്യനെക്കുറിച്ചെഴുതിയാൽ മതി നിങ്ങൾ.

പാലപ്പൂവിൻ്റെ മാദക മണമുള്ള രാത്രിയിൽ പ്രപഞ്ചം മുഴുവൻ പരന്നൊഴുകുന്ന പാൽനിലാവിനെക്കുറിച്ചെഴുതിയാൽ മതി നിങ്ങൾ.

അല്ലാതെ ,

തെരുവോരങ്ങളിൽ ജീവശ്വാസം ലഭിക്കാതെ നരകിച്ചു മരിക്കുന്ന നിർഭാഗ്യ ജൻമങ്ങളെക്കുറിച്ചൊരിക്കലുമെഴുതരുത്.

ഉറ്റവരെ ദഹിപ്പിക്കാനൽപ്പം
വിറകിന് വേണ്ടി വെന്തമാംസത്തിൻ്റെ മണമുള്ള ശ്മശാന മതിലുകൾക്കപ്പുറത്ത് കാവലിരിക്കുന്ന പൗരൻമാരെക്കുറിച്ചൊരിക്കലുമെഴുതരുത്.

പുഴുക്കളെപ്പോലെ നുരച്ച് കഴിയുന്ന ചേരികളിൽ മഹാരോഗത്തിൻ്റെ തീരാദുരിതവും പേറി ശ്വാസം കിട്ടാതെ പിടഞ്ഞു തീരുന്ന എല്ലുന്തിയ പട്ടിണിക്കോലങ്ങളെക്കുറിച്ചൊരിക്കലുമെഴുതരുത്.

അടിയാധാരങ്ങളന്വേഷിച്ച് തറവാടിൻ്റെ അടിക്കല്ലുകൾക്കടിയിൽ പോലും തപ്പിത്തിരഞ്ഞ്
എന്നോ മൺമറഞ്ഞ പ്രപിതാമഹൻമാരുടെ കുഴിമാടം തോണ്ടി ദ്രവിച്ചു തീരാനായ എല്ലുകളിൽ നിന്നും പൊടിഞ്ഞു തീരാത്ത രോമങ്ങളിൽ നിന്നും പാരമ്പര്യ ജനിതക ഘടനയിലൂടെ പിതൃത്വമന്വേഷിക്കുന്ന പൗരത്വവാദികളെക്കുറിച്ചൊരിക്കലുമെഴുതരുത്.

ജന്മനാട്ടിൽ നിന്ന് ആട്ടിപ്പുറത്താക്കപ്പെട്ട് ചെറുകവണയിൽ കല്ല് വെച്ച്  അത്യാധുനിക ആയുധങ്ങളേന്തിയ അധിനിവേശക്കാർക്കെതിരെ ധീരധീരം പോരാടുന്ന മർദ്ദിത ബാല്യങ്ങളെക്കുറിച്ചൊരിക്കലുമെഴുതരുത്.

മരണമെന്ന മഹാസത്യത്തിനു മുന്നിൽ പകച്ചു നിൽക്കുന്നവർക്കു മുന്നിൽ പോലും വേർതിരിവു കാണിച്ച് ഇരട്ടനിയമങ്ങൾ നടപ്പിൽ വരുത്തി രോഗത്തെ തൃണവൽഗണിക്കുന്ന വെള്ളക്കുപ്പായക്കാരെക്കുറിച്ചൊരിക്കലുമെഴുതരുത്.

നിസ്സഹായരായ ജനത്തിൻ്റെ നികുതിപ്പണം ചിലവഴിച്ച് നിയമപാലകരും ആരോഗ്യ പ്രവർത്തകരും
നൻമനിറഞ്ഞ
പൊതു സമൂഹവും വൈകുന്നേരംവരെ  കോരിയ മൺകുടം ജനവിധിയുടെ പേരുപറഞ്ഞ് നിസ്സാരമായി നിലത്തേക്കെറിഞ്ഞുടച്ച് ജനത്തിനെതിരായ വിധി തന്നെയായ് മാറ്റിയ വലതുപക്ഷക്കാരനെക്കുറിച്ചും ഇടതുപക്ഷക്കാരനെക്കുറിച്ചും രാജ്യഭരണക്കാരെക്കുറിച്ചുമൊരിക്കലുമെഴുതരുത്.

നാട്ടിലെന്ത് നടന്നാലുമത് മതത്തിൻ്റെ തലയിൽ കെട്ടിവെച്ച് നിരപരാധികളെ വെട്ടിയരിയുന്ന
മദംപൊട്ടിയ തീവ്ര പ്രസ്ഥാനക്കാരെ
ക്കുറിച്ച് നിങ്ങളൊരിക്കലുമെഴുതരുത്.

വെട്ടിയരിയുന്നതിൽ കണക്കു വെച്ച് അനുപാതം ഒപ്പിക്കുന്ന
വെട്ടുകളിൽ പോലും എണ്ണംവെക്കുന്ന രാഷ്ട്രീയ കൊലപാതകികളെക്കുറിച്ച് നിങ്ങളൊരിക്കലുമെഴുതരുത്.

നിങ്ങൾക്കിതൊന്നുമെഴുതാനവകാശമില്ല.

കൈകാലുകൾ വെട്ടിമാറ്റപ്പെട്ട
വായ കെട്ടിമൂടപ്പെട്ട തലച്ചോറിലെ ചിന്തകൾക്കു മീതെ ഉരുക്കുലോഹം ഉരുക്കിയൊഴിച്ച നിങ്ങൾക്കതൊന്നുമെഴുതാൻ
അവകാശമൊട്ടുമില്ല.

കാരണം,

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ - സ്വേഛാധിപത്യ രാജ്യത്തിലെ  കഥാകൃത്തുകളും കവികളുമാണ് നിങ്ങൾ ...!!