കാനായി കുഞ്ഞിരാമൻ : മലയാളത്തിന്റെ പെരുന്തച്ചൻ

0
10

കാനായി കുഞ്ഞിരാമൻ : മലയാളത്തിന്റെ പെരുന്തച്ചൻ

 

മലയാളത്തിന്റെ പെരുന്തച്ചനും അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനുമായ ശ്രീ കാനായി കുഞ്ഞിരാമൻ,പെണ്ണുടൽ വടിവിന് ആത്യുന്നത മാനങ്ങൾ നൽകുന്ന ശിൽപ്പിയാണ്.ലോകം വന്യവും നഗ്നവുമാണ്.ശില്പവും ശില്പിയുമൊന്നാണ്.കല കൊണ്ട് മനഃപരിവർത്തനം എന്ന തന്റെ ലക്‌ഷ്യം ഫലവത്തായതിന്റെ ഏറ്റവും വലിയ തെളിവാണ് മലമ്പുഴ യക്ഷിയുടെ അൻപതാം പിറന്നാൾ ആഘോഷങ്ങൾ.ആരാധികമാർ ഏറെയുള്ള ,സാധാരണ ജനങ്ങൾ ആസ്വാദകരാകുന്ന ബൃഹത്താകരമായ ശിൽപ്പമാണത്.

ചെറുപ്പം മുതലേ വലുപ്പത്തോടുള്ള ഇഷ്ടം വളർത്തിയത് അനുഷ്ഠാന കലകളായ വലിയ മുടിത്തെയ്യവും തിറയുമായിരുന്നു.മലമ്പുഴ ഉദ്യാനത്തിൽ ശില്പമുണ്ടാക്കണം എന്ന മോഹം മൊട്ടിട്ടപ്പോൾ പാലക്കാട്‌ എന്ന സ്ഥലത്തെ പാലയും കാടും മനസ്സിന്റെ താഴ്‌വാരത്തിൽ സംഗമിച്ചു പൂനിലാവെളിച്ചത്തിൽ ബീജമായി ഞൊടിയിടയിൽ വളർന്ന് യക്ഷിയെന്ന പഴയ സങ്കൽപ്പത്തിൽ നിന്ന് വിപരീതമായി പ്രകൃതി അമ്മ യായി.പ്രകൃതിയോട് താതാത്മ്യം പ്രാപിച്ചു മിഥ്യയായ നഗ്നതയെ ലംബതലത്തിൽ സ്ഥൂലമായി മലമകളെ യക്ഷിരൂപത്തിലാവാഹിച്ചു അഗ്നിമുഖമായ അരക്കെട്ടുകളോടെ കിഴക്കോട്ട് നോക്കിയിരിക്കുന്നവളെ കണ്ടതും യാഥാസ്ഥിതികർ ഭയന്നു.

കാമസൂത്രമെഴുതിയ നാട്ടിൽ ക്ഷേത്രങ്ങൾക്കുള്ളിലും  മ്യൂസിയത്തിലും രഹസ്യമായി കണ്ടാസ്വദിച്ച ശില്പങ്ങളിലൊന്ന് പരസ്യമായി പ്രകൃതി മാതാവിന്റെ മടിത്തട്ടിൽ സൂര്യാപിതാവിന്റെ കിരണങ്ങളാൽ അന്ധത അകറ്റിയപ്പോൾ അതശ്ലീലമായി.

ഭവിഷ്യത്തുക്കളുടെ ഉത്തരവാദിത്തം സ്വയമേറ്റെടുത്തു ശിൽപ്പം പൂർത്തിയാകുമ്പോൾ  തുണിയുടിപ്പിയ്ക്കാമെന്ന വാഗ്ദാനം നൽകിയ ശി ല്പി തന്റെ കടിഞ്ഞൂൽ കൺമണിയെ പിറന്നപടിയുപേക്ഷിച്ചു കടന്നുകളഞ്ഞു .

1990കളിൽ തലസ്ഥാന നഗരിയിൽ ചിപ്പിക്കുൾമുത്തായ സാഗര കന്യക പുറന്തോട്  പൊട്ടിച്ചു കടൽത്തീരത്തു തിരശ്ചീനതലത്തിൽ വിശ്രമിക്കാനൊരുങ്ങിയപ്പോൾ വിദ്യാസമ്പന്നരുൾപ്പെടെ കണ്ണ് പൊത്തി .അന്ന് കളക്ടറായിരുന്ന നളിനി നൈറ്റോയോട് ശിൽപ്പം പൂർത്തിയാക്കാനുള്ള സൗകര്യങ്ങൾ നല്കാൻ നിർദ്ദേശിച്ചത് അന്നത്തെ മുഖ്യമന്ത്രി കരുണാകരനായിരുന്നു.

പഴയകാലത്തു പാടത്തും പറമ്പിലും പണിയെടുത്തിരുന്ന മാറ് മറയ്ക്കാത്ത സ്ത്രീകളുടെ അർദ്ധനഗ്നശില്പങ്ങളുൾപ്പെടെ പല രൂപങ്ങളും ചെളിമണ്ണിൽ കുഴച്ചു കുട്ടിക്കാലത്തു മെനഞ്ഞപ്പോൾ തൽസമയ അഭിനന്ദങ്ങളാണ് ലഭിച്ചത്‌. പക്ഷേ വിദേശത്തുപോയി സാങ്കേതിക വശങ്ങളിൽ അപാരമായ വൈദഗ്ദ്ധ്യം നേടി പാശ്ചാത്യവും പൗരസ്ത്യവുമായ കലാ മൂല്യങ്ങളെ തലച്ചോറിൽ കുഴച്ചു നൂതന ശൈലിയിലുള്ള ശിൽപ്പങ്ങൾ പൊതുജനങ്ങൾക്ക് സമർപ്പിച്ചപ്പോൾ കോളിളക്കമാണ് സൃഷ്ട്ടിച്ചത്.    
.    
കാസർകൊടുള്ള കുട്ടമത്ത്എന്ന ഗ്രാമത്തിലെ സമ്പന്ന കുടുമ്പത്തിൽ 1937ൽ കർക്കശകാരനായ രാമന്റെയും സാധുവായ മാധവിയുടെയും മൂത്ത പുത്രനായിട്ടായിരുന്നു ജനനം .

മനുഷ്യന്റെ ജന്മഭാഷ ചിത്രകലയാണ്.മണ്ണിൽ കളിച്ചും രൂപങ്ങളുണ്ടാക്കിയും വരച്ചും വളരുന്ന കുട്ടിയേയാണ് കൈപിടിച്ചു ഹരിശ്രീ എഴുതിക്കുന്നത്.നൈസർഗ്ഗീകത ചോരാതെ മണ്ണിൽ തന്നെയാകണം ഈ തുടക്കവും .പല രൂപത്തിലും കാണുന്നെങ്കിലും കല ഒന്നേയുള്ളൂ. അത് സ്വാതന്ത്ര്യമാണ്.ഈ തത്വം പ്രവർത്തികമാകണം .

കുട്ടിക്കാലത്തു താൻ ചുവരിലെഴുതിയ ചിത്രങ്ങൾ അച്ഛന്റെ കോപവും അമ്മയുടെ വാത്സല്യവും ഒരേ സമയം ഏറ്റ് വാങ്ങി.വ്യത്യസ്ത വീക്ഷണ കോണുകളിൽനിന്നുള്ള പ്രതികരണങ്ങളിലൂടെ കരുത്താർജ്ജിച്ചു  വളരുകയായിരുന്നു കുഞ്ഞിരാമനിലെ കലാകാരൻ.അച്ഛൻ തന്നെ സ്നേഹിക്കാതെ ഏകപക്ഷീയമായി നന്നാക്കാൻ ശ്രമിച്ചു . അച്ഛനോട് പൊരുത്തപ്പെടാനാവാതെ അമ്മ തറവാട്ടിലേക്ക് മടങ്ങി .മകനെ കാണാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു .

ബാല്യകാലം,അച്ഛന്റെ രണ്ടാം വിവാഹത്തോടെ ദുരിത പൂർണ്ണമായിത്തീർന്നു.പ്രകൃതി പ്രതിഭാസങ്ങളോടിണങ്ങിച്ചേർന്ന് പാടത്തും പറമ്പിലും കൂലിക്കാരനായി പണിയെടുത്തു.ഇതിലൂടെ ഭാവിയിലെ വലിയ ശില്പിയെ കാലം കരുപ്പിടിപ്പിക്കുകയായിരുന്നു

നീലേശ്വരം രാജാസ്കൂളിലെ പഠനകാലത്തു ചിത്രകലാധ്യാപകനായ കൃഷ്‌ണക്കുട്ടൻമാഷാണ് കനായിയിലെ കലാകാരനെ കണ്ടറിഞ്ഞു പ്രോത്സാഹിപ്പിച്ചത്.അമ്മാവനായ  കുഞ്ഞപ്പുമാഷും പിന്തുണയേകി .സംഗീതം ചിത്രകല തുടങ്ങിയവയുടെ മത്സരങ്ങളിൽ നിരവധിസമ്മാനങ്ങൾ ലഭിച്ചു .

ലക്ഷ്യബോധം കലയും വായന ഇഷ്ട തോഴനുമായി .സംശയ നിവാരണങ്ങൾക്ക് പുസ്തകങ്ങളെ ആശ്രയിക്കുക എന്നത് എക്കാലത്തെയും ശീലമായി പില്ക്കാലത്തു കവിതകളെഴുതുവാനും പ്രസിദ്ധീകരിക്കാനും കഴിഞ്ഞത് മറ്റൊരു നേട്ടമായി .

1956ൽ നെഹ്രുവിന്റെ പൂർണകായ ചിത്രം ടെയ്‌ലേഴ്‌സ് യൂണിയന്റെ കണ്ണൂരിൽ വച്ചുള്ള ജില്ലാ സമ്മേളനത്തിന് വേണ്ടി വരച്ചു .ആവശ്യം കഴിഞ്ഞു ജൗളിക്കടയുടെ മുന്നിൽ ഇത് പ്രദർശിപ്പിച്ചു .പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എറണാകുളത്ത്  നടന്ന കോൺഗ്രസ് സമ്മേളനത്തിൽ പങ്കെടുത്ത   ശേഷം മറ്റൊരു യോഗത്തിന് വേണ്ടി     മംഗലാപുരത്തേക്ക് പോകുന്ന വേളയിൽ കൽക്കരി വണ്ടി വെള്ളമെടുക്കാൻ ചെറുവത്തൂരിൽ നിർത്തി .തന്റെ ചിത്രം കണ്ടതും നെഹ്റു  അതിനരുകിലെത്തി ആസ്വദിച്ചു..പത്രങ്ങളെല്ലാം ഇത് വലിയ വാർത്തയായി പ്രസിദ്ധീകരിച്ചു.പക്ഷെ തല തിരിഞ്ഞവൻ കലാകാരൻ എന്ന അച്ഛന്റെ കാഴ്ചപ്പാടിന് യാതൊരു ചലനവും സൃഷ്ടിക്കാനിതിനായില്ല..

പത്താം ക്ലാസ്സ് ജയിച്ചതും അമ്മാവന്റെ സുഹൃത്തിനൊപ്പം ശാന്തിനികേതനിൽ പഠിയ്ക്കണംഎന്ന ആഗ്രഹത്താൽ നാട് വിടാൻ തീരുമാനിച്ചു .അച്ഛൻ ചില്ലിക്കാശ് പോലും നൽകിയില്ല .അമ്മയോട് യാത്ര ചോദിക്കവേ കെട്ടിപ്പിടിച്ചു കണ്ണീരോടെ പറഞ്ഞത് എവിടെയായാലും ആരോഗ്യം സൂക്ഷിക്കണമെന്നും ചീത്തപ്പേരുണ്ടാക്കരുതെന്നുമായിരുന്നു . തന്റെ ദൗർബല്യമായ അമ്മയുടെ വാക്കുകൾ പാലിക്കുന്നതിലൂടെ ധീരനായ കലാകാരൻ എന്ന വിശേഷണവും കാനായി നിലനിർത്തുന്നു.1961ൽ മദ്രാസിൽ വിദ്യാർത്ഥിയായിരിക്കെ തകരത്തിൽ തീർത്ത ശിൽപ്പം മാതൃത്വം എന്ന സങ്കല്പത്തിന്റേതായിരുന്നു..

മദ്രാസിലെ സ്കൂൾ ഓഫ് ആർട്സിൽ,ശിൽപ്പകല ഐശ്ചിക വിഷയമായെടുത്തു പഠനം തുടങ്ങി.ചിത്രകാരനായ റോയി ചൗധരിയായിരുന്നു പ്രിൻസിപ്പൽ .കെ .സി.എസ് പണിക്കർ കരുത്തും തണലും പകർന്നു .പ്രൊഫഎസ് .ധനപാൽ ശില്പകലയിലെ ഗുരുവായിരുന്നു .

സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ കോളേജ് ക്യാന്റീനിൽ പണിയെടുക്കുകയും അവിടെ താമസിക്കുകയും ചെയ്തു .പഠന കാലത്തു വലിയ ശിൽപ്പങ്ങൾ കനായിയിലെ കലാകാരനെ വ്യത്യസ്തനാക്കി,അഭിനന്ദനങ്ങളും ലഭിച്ചു.ഒന്നാം ക്ലാസ്സോടെ വിജയം വരിച്ചതിന് ശേഷം മദ്രാസിലെ എത്തിരാജ വനിതാകോളേജിൽ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു.1961ൽദേശീയ  സ്കോളര്ഷിപ്പോടെ പഠനം തുടർന്നു. ഭാരത സർക്കാരിന്റെ സാംസ്‌കാരിക വകുപ്പ് നൽകുന്ന സ്കോളര്ഷിപ്പോടെ  ഉപരിപഠനം പൂർത്തിയാക്കി.അതിന്  ശേഷം കോമൺവെൽത്ത് സ്കോളർഷിപ്പോടെ 1965ൽ ലണ്ടൻ യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ആഗോള പ്രശസ്തമായ സ്ലേഡ് സ്കൂൾ ഓഫ് ആർട്സിൽ ചേർന്നു .വെൽഡിങ് ശിൽപ്പനിർമ്മിതി അഭ്യസിക്കാനായത് ഇവിടെ വച്ചാണ് .

പുരുഷന്റെയും സ്ത്രീയുടെയും ശരീരശാസ്ത്രം പഠിക്കുകയുമെന്നത് ശില്പകലയുടെ പാഠ്യഭാഗമാണ്‌ .സെക്സിന് അമിത പ്രാധാന്യം നൽകാത്ത വിദേശത്തു ഋഷിവര്യന്റെ സംയമനം പാലിക്കുകയും യഥാർത്ഥ കലാകാരൻ എന്താകണം എന്ന തത്വത്തെ ഊട്ടിയുറപ്പിക്കുകയും  ചെയ്തു.പിക്കാസോയെപ്പോലെ പ്രഗത്ഭനായ ഡുഷാംബിനെ കാണാനായത്  മറ്റൊരു ഭാഗ്യമായി.

ബ്രിട്ടീഷ് ശില്പി ബാര്ബറ ഹൈവ്ബർക്കിന്റെ സന്ദർഭോചിതമായ ഇടപെടലുകൾ തന്റെ തട്ടകം മലയാളമണ്ണ് തന്നെയാണെന്ന തീരുമാനത്തിന് പിൻബലമേകി .പേരും പെരുമയും കാശുമൊന്നുമല്ല കലാകാരന് വലുത് സൃഷടി സ്വാതന്ത്ര്യമാണ്.ഇത് പൂർണമായി അനുവദിക്കുന്ന ലോകത്തിലെ ഒരേ ഒരു സ്ഥലം പ്രകൃതി സുന്ദരമായ കേരളമാണെന്ന  വ്യക്തമായ തിരിച്ചറിവ് കാനായിക്കുണ്ടായിരുന്നു.

1969ൽ കേരളത്തിലെ ശിൽപ്പകലാചരിത്രത്തിലെ ആദ്യ പൊതുശിൽപ്പമായ “യക്ഷി”  പാരമ്പര്യ ഇന്ത്യൻ കലയും യൂറോപ്പ്യൻ കലയും ഒന്ന് ചേർന്ന് മാതൃത്വത്തിന്റെ കനിവും സ്നേഹവുമായി  കരുത്തിന്റെ പ്രതീകമായി  മാറി.  ശിൽപ്പം,ബുദ്ധി ജീവികൾക്ക് മാത്രമുള്ളതല്ലെന്നും പൊതുജങ്ങൾക്കുകൂടിയുള്ളതാണെന്നുമുള്ള പരസ്യപ്രസ്താവന കൂടിയായിരുന്നു  അത്.ഇതിന്റെ ആരാധകരിലധികവും സ്ത്രീകളാണെന്നുള്ളത് മറ്റൊരംഗീകാരമാണ്..സ്ത്രീയുടെ ആകർഷണീയത പുരുഷനില്ല .ഒരു സുന്ദരിയെ കാണുമ്പോൾ തന്നിലെ കലാകാരനുണരുകയും എത്ര മനോഹരമായി അത് നിർമ്മിക്കാനാകും എന്ന ചിന്ത  അനുനിമിഷം  വളർന്നു  തുടങ്ങുകയും ചെയ്യും . .ലൈംഗീകത കുറ്റമല്ല. .അത് പ്രകൃതി നിയമമാണ്.സന്താനോൽപ്പാദനത്തിന് വേണ്ടിയുള്ളതാണ്.ഭൂമി മാതാവിന്റെ യോനിയിലൂടെ കടന്ന് വന്നവയാണ് കാണുന്നതൊക്കെയും.സ്ത്രൈണത വികാരമുളവാക്കും.ജന്മ സ്വഭാവമായ അശ്ലീലത്തെ ഉണർത്തുകയും ചെയ്യും. നഗ്നതയുടെ പരസ്യമായ ആസ്വാദനത്തിലൂടെ യഥാർത്ഥത്തിൽ നടക്കുന്നത് ബോധവൽക്കരണമാണ് .
ഗുരുത്വാകർഷണകേന്ദ്രത്തിലേക്ക് സകലതും പിടിച്ചെടുക്കുന്ന ഭൂമിയുടെ എല്ലാ വക്രതകലുമുള്ള സ്ത്രീയെ അതിജീവിച്ചു ആദ്യത്തെ ആദമാകട്ടെ പുരുഷൻ .

കല സ്വാതന്ത്ര്യമാണ്.ഒപ്പം മനുഷ്യത്വവും .ഭാവനയും ജീവിതവും രണ്ടാണ് .ആശയാവിഷ്കാരത്തിന്റെ  മാദ്ധ്യമം ഉളിയാണ്.ഒരു കുട്ടിക്ക് രണ്ടച്ഛൻ പാടില്ല എന്ന ആശയത്താൽ തന്റെ സൃഷ്ടികൾ അതുപോലെ കണ്ട് പഠിച്ചു അനുകരിക്കാൻ ആർക്കും അവസരം കൊടുക്കാറുമില്ല .കാസർകോഡ് മുതൽ തിരുവനന്തപുരം വരെയുള്ള കാനായി ശിൽപ്പഗാഥയിൽ  ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ശില്പങ്ങളിൽ ഒന്നാണ് എറണാകുളം  ജി.സി.ടി എ ക്ക് മുന്നിലുള്ള മുക്കോലൻ പെരുമാൾ.കിഴക്ക്‌ പടിഞ്ഞാറൻ ശൈലികളിലൂടെ ആധുനികത കൈവന്ന ഇന്ത്യയിലെ തന്നെ ആദ്യത്തെ ഇൻസ്റ്റാളേഷൻ ശിൽപ്പമാണിത്.ഭാവി ഭൂത വാർത്തമാനങ്ങളായ മൂന്നു കോലങ്ങൾ ഒരേ വേദിയിൽ ഒന്നിച്ചിരുന്ന് വിധി പറയുന്ന ഈ ശിൽപ്പം മൂർത്തതയും അമൂർത്തതായും സമ്മേളിക്കുന്ന ദാർശനിക സൃഷ്ടിയാണ്.കലയ്ക്ക് നിർവ്വചനമില്ല വ്യാഖ്യാനമേയുള്ളൂ എന്ന തത്വവും ഇവിടെ പ്രകാശിതമാകുന്നു .
കൊല്ലം കാർത്തിക ഹോട്ടലിന് മുന്നിലുള്ള ദ്വാരപാലക സംഘശിൽപ്പം രണ്ട് നഗ്ന സ്ത്രീകൾക്കിടയിൽ കുളിക്കുന്ന നഗ്നപുരുഷനും ചേർന്നതാണ്.ഈ സൃഷ്ടിക്ക് പിന്നിൽ ഒരേ കടവുകളിൽ ആൺപെൺ വ്യത്യാസമില്ലാതെ കുളിക്കാനിറങ്ങുന്ന നാട്ടിൻപുറത്തിന്റെ വിശുദ്ധിയാണ് പ്രതിഫലിക്കുന്നത്.

കോട്ടയത്തു പബ്ലിക് ലൈബ്രറിക്ക് വേണ്ടി നിർമ്മിച്ച അക്ഷര ശിൽപ്പം ലിപി ചരിത്രത്തിന്റെ ആകെത്തുകയാണ്.മൊഹഞ്ചദാരോയിൽ തുടങ്ങി വട്ടെഴുത്തിലും കോലെഴുത്തിലും എഴുതി വളർന്ന് കമ്പ്യൂട്ടർ ഭാഷയിൽ എത്തിനിൽക്കുന്നു  ഈ ശിൽപ്പം.ഇതിന്റെ ഉത്ഘാടന വേളയിൽ പുരസ്‌കാരമായി തനിക്ക് പണം നൽകിയത്,പൊതു സ്ഥലത്തു നിർമ്മിക്കുന്ന ശില്പത്തിന് കൂലി വാങ്ങില്ല എന്ന  തന്റെ  ആദർശത്തിന് നിരക്കാത്തതായതിനാൽ സ്വീകരിച്ചില്ല.അന്നത്തെ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടിയും സ്ഥലം എം എൽ  എ കൂടിയായ തിരുവഞ്ചൂർ രാധാകൃഷ്ണനും ശിൽപ്പം കാണാതെ മടങ്ങിയത് ഇന്നും നൊമ്പരപ്പെടുത്തുന്ന അനുഭവമാണ്.


“ഏത് കലയും കലയായി മാറുന്നത് സമൂഹത്തിന് പുത്തൻ ഉണർവ്വേകുമ്പോഴാണ്.” .1985ൽ  വേളി കടൽത്തീരം ലാൻഡ്സ്‌കേപ്പ്ചെയ്‌ത്‌ അതിമനോഹരമായി രൂപ കൽപ്പനചെയ്തു. ഇവിടെ  വിശ്രമത്തിനും  ഉല്ലാസത്തിനും മനഃശാന്തിയ്ക്കും വേണ്ടി എത്തുന്നവർ  അകം പൊള്ളയായ വലിയ ശംഖിൽ നിന്നും ശ്രവിക്കുന്നത്  ഈ സന്ദേശമാണ്..പക്ഷേ തന്റെ ചോരയും നീരുമായ ശിൽപ്പങ്ങൾ സംരക്ഷിക്കപ്പെടാത്തതിലൂടെ കലാമൂല്യത്തെയും കലാകാരനേയും ജീവിച്ചിരിക്കുമ്പോൾ തന്നെ അവഗണിക്കുന്നു എന്ന നെഞ്ച് പിളർക്കുന്ന  ദുരവസ്ഥ തന്നെ വല്ലാതെ വേട്ടയാടുന്നുണ്ട്.

കലാപരമായി നിർമ്മിക്കപ്പെടുന്നതാണ് ശിൽപ്പം .ത്രിമാന രൂപത്തിൽ കല്ല് മണ്ണ്,മരം ,ലോഹം ,പ്ലാസ്റ്റിക്,സിമൻറ് തുടങ്ങിയവയൊക്കെ നിർമാണ വസ്തുക്കളാക്കാം.സവിശേഷ വസ്തുക്കൾ ശ്രദ്ധയോടെ തെരഞ്ഞെടുക്കുന്നതും യഥാസമയത്തുള്ള അറ്റകുറ്റപ്പണികളിലൂടെയുമാണ്    ശില്പങ്ങൾക്ക് ആയുർദൈർഖ്യമേറ്റുന്നത്.

വെങ്കല പ്രതിമകൾ ചെലവേറിയതാണ്.അതിന് പ്രതിഫലം വാങ്ങും ലളിതമായ തന്റെ ജീവിത ശൈലിക്കത് ധാരാളം.
മികച്ച വ്യക്തിത്വങ്ങൾ എന്ന് സ്വയം ബോധമുള്ളവരുടെ ശിൽപ്പങ്ങളാണ് താൻ ചെയ്യുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസ് ,ശ്രീനാരായണഗുരു ,വിക്രം സാരാഭായ്,ഹനുമന്ത റാവു, സതീഷ്ധവാൻ,കുമാരനാശാൻ ,പട്ടം താണുപിള്ള,ചിത്തിരതിരുനാൾ,മന്നത്ത്‌ പത്മനാഭൻ,ഡോ.പൽപ്പു ,മാമൻ മാപ്പിള,രവീന്ദ്രനാഥടാഗോർ,തുടങ്ങിയവയാണ് കനായിയുടെ ശിൽപ്പങ്ങൾ

 പ്രതിമകളിൽ ഏറ്റവും വെല്ലുവിളിയായത് ഇ എം എസ്സി ന്റേതായിരുന്നു.വികലവും നൈമിഷിക ഭാവമാറ്റങ്ങളുള്ള വ്യക്തിയെ  സ്ഥായീ ഭാവത്തിൽ  സൃഷ്ടിക്കുക എന്നത് കടുത്ത വെല്ലുവിളിയായിരുന്നു .ജീവാംശം തുളുമ്പുന്ന ശിൽപ്പത്തിന്  അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവരിൽ നിന്നും ലഭിച്ച അഭിനന്ദനങ്ങൾ  ഏറ്റവും വലിയ അംഗീകാരമാണ്

ഒരു ശിൽപ്പത്തിന്റെ പണി തീർന്നതിന് ശേഷം അടുത്ത ശിൽപ്പം എന്ന നിഷ്ക്കർഷ പുലർത്തുന്ന തന്നോട് . കെ.കരുണാകരന്റെ  ശിൽപ്പം ഒരു വർഷത്തിനുള്ളിൽ ചെയ്യണമെന്ന് പറഞ്ഞപ്പോൾ, രണ്ട് വർഷത്തെ സമയം ചോദിച്ചതിന്റെ പേരിൽ കടുത്ത വിമർശനങ്ങൾക്ക് വിധേയമാക്കുകയും ആ ദൗത്യത്തിൽ നിന്നും തന്നെ ഒഴിവാക്കുകയും ചെയ്തു

പൊതു ശില്പങ്ങൾ, മദിരാശി ചോളമണ്ഡലം ഗ്രാമത്തിലെ തമിഴത്തിപെണ്ണ്,മലമ്പുഴ യക്ഷി,പാലക്കാട് നന്ദി,പയ്യാമ്പലം കണ്ണൂരിൽ അമ്മയും കുഞ്ഞും തുടങ്ങിയവയാണ്. തികഞ്ഞ ഗാന്ധിയനായ ,ഗോവിന്ദൻ മാഷ് കുട്ടിക്കാലത്തു പഠിപ്പിച്ച ബുദ്ധ ചരിതത്തിലൂടെ ബുദ്ധനിൽ ആകൃഷ്ടനുമായ കാനായിയുടെ പൂവണിയാത്ത സ്വപ്നമാണ് ശ്രീബുദ്ധന്റെ കൂറ്റൻ ശിൽപ്പം.


1975ൽ ഫൈൻ ആർട്സ് കോളേജിൽ ശില്പകലാവിഭാഗം പ്രൊഫസറായി..സിലബസ്സും ടൈംടേബിളുമൊന്നുമില്ലാതെയുള്ള അദ്ധ്യാപന രീതി വിവാദമുയർത്തിയിരുന്നു .സകല വിഷയങ്ങളും ചർച്ച ചെയ്ത് സോക്രട്ടീസും ശിഷ്യന്മാരും അവിടെ  വീണ്ടും ജീവിക്കുകയായിരുന്നു .

1978ൽ ലളിതകലാ അക്കാദമി ചെയർമാനായി. അത് കലയുടെ നവോത്ഥാനത്തിന്റെ കാലഘട്ടമായിരുന്നു. എല്ലാ ഗ്രാമങ്ങളിലും ക്ലാസ്സുകളും എക്സിബിഷനും സംഘടിപ്പിച്ചു. ആർട്ട് ഗാലറിയും നിർമിച്ചു
കല കേന്ദ്രീകൃതമാകാത ജില്ലാടിസ്ഥാനത്തിൽ തെക്കുമുതൽ വടക്കുവരെ
 വിന്യസിച്ചു .ഇതോടെ കല ജനകീയമാക്കുക എന്ന ലക്‌ഷ്യം സഫല്യത്തിലെത്തിത്തുടങ്ങി.ഫോൽക് ആര്ട്ട്,മ്യൂറൽ പെയിന്റിംഗ് ,ഫോട്ടോഗ്രാഫി പെയിന്റിംഗ് ഇവയ്ക്കൊക്കെ പുതിയ മാനം കൈവന്നു .
പ്രശ്നങ്ങൾ ഉണ്ടായതോടെ അക്കാദമി അടച്ചുപൂട്ടേണ്ടി വന്നു.

ആലപ്പുഴ എസ്.ഡി കോളേജിൽ വിജയികൾക്ക് ട്രോഫിക്ക് പകരം ശിൽപ്പം പുരസ്കാരമായി നൽകിയത് കാനായി ശില്പങ്ങൾക്ക് വ്യത്യസ്തഭാവം പകർന്നു .

2005ൽ കേരളസർക്കാരിന്റെ പരമോന്നത കലാബഹുമതിയായ രാജാരവിവർമ്മ പുരസ്‌കാരം ഇന്ത്യൻ ശില്പിയായ രാംകിങ്കറുടെ പിന്തുടർച്ചകാരനായ കാനായിക്ക് ലഭിച്ചപ്പോൾ താൻ തന്നെ രൂപ കൽപ്പന ചെയ്ത  ശിൽപ്പം സ്വയം ഏറ്റു വാങ്ങാനുള്ള അപൂർവ്വ ഭാഗ്യം സിദ്ധിക്കുകയുണ്ടായി .കേരള സർക്കാരിന്റെ പ്രധാനപ്പെട്ട എല്ലാ അവാർഡുകളുടെയും രൂപകൽപ്പനയും കനായിയുടെ സംഭാവനയാണ്.

കുട്ടികൾ ദൗർബല്യമാണ് .മക്കളുണ്ടായിരുന്നെങ്കിൽ ഒരു പക്ഷേ തന്റെ ജീവിതം കലയ്ക്ക് വേണ്ടി ഉഴിഞ്ഞു വക്കുമായിരുന്നില്ല.നിയോഗം തിരിച്ചറിഞ്ഞു മനസ്സിനിണങ്ങിയ പത്നി നളിനി ,സന്തോഷവതിയായ സീതയായി ശ്രീരാമനോടൊപ്പം എവിടെയുമുണ്ട്.

ലോകത്ത്‌ സ്വർഗ്ഗം പണിയുന്നത് കലയുള്ള വീടുകളാണ്.മുറ്റമലങ്കരിക്കാനൊരു ശിൽപ്പവും അകത്തളത്തിലൊരു ചിത്രവും വേണം .കലഹമില്ലാത്തതാവണം കുടുംബം .വസുദൈവകുടുംബകം എന്ന സുന്ദര സങ്കൽപ്പം സന്ദേശശില്പമായി തന്റെ ആർദ്രമായ കണ്ണുകളാൽ അതിമനോഹരമായി അദ്ദേഹം കൊത്തിവക്കുകയായിരുന്നു .

രാജാരവിവർമ്മയെപ്പോലെ മികച്ച കലാകാരനാകണമെന്ന ആഗ്രഹത്തോടെ കലാജീവിതത്തിലേക്ക് ചുവട് വച്ചു പ്രപഞ്ചമാണ് ഏറ്റവും വലിയ ശിൽപ്പവും ശില്പിയും.മനുഷ്യത്വമാണ് ഏറ്റവും വലിയ കല എന്ന തിരിച്ചറിവിലൂടെ ഏറ്റവും നല്ല മനുഷ്യനാകുക എന്ന ലക്ഷ്യത്തോടെ കാനായി കർമ്മനിരതനാവുകയാണ്

മിനി ഗോപിനാഥ്