ലോകമലയാളികളുടെ അനുഭവപരിജ്ഞാനം പ്രയോജനപ്പെടുത്തും: പി. ശ്രീരാമകൃഷ്ണൻ

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ അനുഭവപരിജ്ഞാനവും വൈദഗ്ദ്ധ്യവും സമാഹരിച്ച് കേരളത്തിന് ഗുണകരമായ നിലയിൽ പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സോഷ്യൽ ഹാക്കത്തോൺ എന്ന സങ്കല്പം നോർക്കയുടെ ലക്ഷ്യമായി ഏറ്റെടുക്കുമെന്ന് നോർക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയർമാനായി ചുമതലയേറ്റ പി. ശ്രീരാമകൃഷ്ണൻ അറിയിച്ചു.

ഉപജീവനാർഥം വിദേശത്ത് തൊഴിൽ തേടി പോവുകയും അതിനു ശേഷം നാട്ടിലേക്ക് തന്നെ തിരിച്ചുവരികയും ചെയ്യുന്നവരാണ് കേരളത്തിൽ നിന്നുള്ള പ്രവാസികൾ. ഈ രണ്ടു വിഭാഗങ്ങളുടെയും പ്രശ്‌നങ്ങൾ നോർക്ക ഒരുപോലെ ഏറ്റെടുക്കും. മറ്റു സംസ്ഥാനങ്ങളിലെ മലയാളികളിലേക്ക് നോർക്കയുടെ പ്രവർത്തനങ്ങൾ കൂടുതൽ എത്തിക്കുന്നതിന് നടപടി കൈക്കൊള്ളും.  അതോടൊപ്പം വിദേശപൗരത്വം സ്വീകരിച്ച മലയാളികളെ കൂടി അഭിസംബോധന ചെയ്യുന്ന തരത്തിൽ പുതിയ പദ്ധതികൾ ആവിഷ്‌കരിക്കുന്നതിന്റെ സാധ്യതകളും പരിശോധിക്കും.
എല്ലാ ജില്ലകളിലും നോർക്ക റൂട്ട്‌സിന്റെ പ്രവർത്തനം അനുഭവവേദ്യമാക്കുന്ന തരത്തിൽ നോർക്ക സെല്ലുകൾ സജീവമാക്കുമെന്നും സ്ഥാനമേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

കേരളം നേരിടുന്ന സമാന പ്രശ്‌നങ്ങൾ വിജയകരമായി തരണം ചെയ്ത പല ലോകരാജ്യങ്ങളുമുണ്ട്. അവിടങ്ങളിലുള്ള മലയാളികളുടെ അനുഭവപരിജ്ഞാനം കേരളത്തിന് വലിയ മുതൽക്കൂട്ടാണ്. ലോകമലയാളികളുടെ ആഗോളകൂട്ടായ്മ എന്ന നിലയിൽ രൂപീകരിച്ച ലോകകേരളസഭ ഈ ദിശയിൽ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. ലോകകേരള സഭ കേവലം ബിസിനസ്സ് കൂട്ടായ്മയല്ല, മറിച്ച് കേരളത്തിന്റെയും പ്രവാസി മലയാളികളുടെയും ആഗോളഅനുഭവങ്ങൾ പങ്കുവയ്ക്കാനും പ്രശ്‌നങ്ങൾ അഭിമുഖീകരിക്കാനുമുള്ള ആഗോളവേദിയാണ്.

നോർക്ക റൂട്ട്‌സ്, പ്രവാസിക്ഷേമ നിധി ബോർഡ്, ഓവർസീസ് കേരള ഇൻവെസ്റ്റ്‌മെന്റ് കമ്പനി ലിമിറ്റഡ് എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് കൂടുതൽ ഫലപ്രദമാക്കാൻ ശ്രമിക്കും.
വിദേശത്ത് കുടിയേറുന്ന മലയാളികളെ  ഏകപക്ഷീയമായി പറഞ്ഞുവിടുന്നതിന് പകരം അവർക്ക് നൈപുണ്യവികസനത്തിന് കൂടുതൽ നടപടികൾ ആവിഷ്‌കരിക്കും. ഭാഷാ പഠനം അടക്കമുള്ള മേഖലകളിൽ പദ്ധതി ആവിഷ്‌കരിക്കും. പ്രവാസി സംഘടനകളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ പ്രത്യേകം ഊന്നൽ നൽകും.

പ്രവാസി മലയാളികളുടെ നിക്ഷേപകങ്ങൾ ആകർഷിക്കുന്നതിനും നിക്ഷേപകർക്ക് ആവശ്യമായ മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമായി നിലവിലുള്ള നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്റർ ശക്തിപ്പെടുത്തും. നിക്ഷേപരംഗത്ത് മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾക്ക് അംഗീകാരം നൽകാൻ കൂടി കഴിയുന്ന തരത്തിലെ വേദിയാക്കി അതിനെ ഉയർത്തും.

നോർക്ക രൂപീകരിച്ച് 25 വർഷവും നോർക്കറൂട്ട്‌സ് 20 വർഷവും പിന്നിടുന്ന ഘട്ടമാണിത്.  കോവിഡു കാലത്ത് ഇന്ത്യയിലെ മറ്റൊരു സംസ്ഥാനത്തും ഇല്ലാത്തതരത്തിലെ പ്രദ്ധതികളാണ് കേരളത്തിൽ നടപ്പാക്കിയത്. കേരളത്തെ കെട്ടിപ്പടുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച മേഖലയാണ് പ്രവാസം. തീർത്താൽ തീരാത്ത കടപ്പാടാണ് കേരളത്തിന് പ്രവാസികളോടുള്ളത്. അവർക്കു വേണ്ടിയുള്ള പ്രവർത്തനത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ ഏറെ ആഹ്ലാദമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചുമതലയേൽക്കാനെത്തിയ പി.ശ്രീരാമകൃഷ്ണനെ നോർക്ക സി.ഇ.ഒ കെ.ഹരികൃഷ്ണൻ നമ്പൂതിരി, ജനറൽ മാനേജർ അജിത്ത് കോളശ്ശേരി തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

Recipe of the day

Nov 162021
INGREDIENTS