കുട്ടികള്‍ക്കുള്ള വാക്സിന് അനുമതി ; രണ്ട് മുതല്‍ 18 വയസ് വരെയുള്ളവര്‍ക്ക് വാക്സിനേഷന്‍ നല്‍കും

ന്യൂ‌ഡല്‍ഹി: രണ്ട് മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് കൊവാക്സിന്‍ നല്‍കുന്നതിനുള്ള അനുമതി ലഭിച്ചു. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ഡ്രഗ്സ് ആന്‍ഡ് കംപ്ട്രോളര്‍ ജനറല്‍ ഒഫ് ഇന്ത്യ ഭാരത് ബയോടെക്കിന്റെ കൊവാക്സിന് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ ഭാരത് ബയോടെക്ക് കുഞ്ഞുങ്ങളിലുള്ള വാക്സിന്‍ പരീക്ഷണത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. ഇതിനു ശേഷം ഈ മാസം ആദ്യം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പഠിച്ച ശേഷമാണ് ഡി സി ജി ഐ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കിയിരിക്കുന്നത്.

എന്നാല്‍ കൊവാക്സിന് ഇതുവരെയായും ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയിട്ടില്ല. കഴിഞ്ഞ ജൂലായ് ഒന്‍പതിന് ഇത് സംബന്ധിച്ച രേഖകള്‍ ഡി സി ജി ഐ ലോകാരോഗ്യ സംഘടനയുടെ മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.