കുളി

ഭാര്യയുടെ ശവം കുളിപ്പിക്കുമ്പോൾ വൃദ്ധനായ അയാൾ കട്ടൻ കാപ്പി കുടിച്ച് വരാന്തയിലിരിക്കുകയായിരുന്നു.
ഇത്ര നേരമായിട്ടും അവളുടെ കുളി തീർന്നില്ലേ?
മനസിൽ കാത്തിരിപ്പിൻ്റെ മുഷിപ്പ്.
കെട്ടിയ കാലം മുതൽ അവളിങ്ങനെയാ.......
എന്തിനും താമസം.
ഇത്രയും കാലം ക്ഷമിച്ചു ക്ഷമിച്ചു മടുത്തു.
അയാൾ കട്ടൻ കാപ്പിയുടെ മട്ട് മുറ്റത്തേക്കൊഴിച്ച് ഗ്ലാസ് അടുക്കളയിൽ കൊണ്ടുപോയി വച്ചിട്ട് മുറിയിൽ കയറി അലമാര തുറന്നു.
ഭാര്യ വർഷങ്ങളായി സൂക്ഷിച്ചു വച്ചിരിക്കുന്ന വിവാഹമുണ്ട് എടുത്തുടുത്തു.
അതിനു് 50 വർഷത്തെ പഴക്കമണം ഉണ്ടങ്കിലും ഒന്നോ രണ്ടോ തവണ മാത്രമേ അയാൾ അത് ഉടുത്തിട്ടുള്ളു. അവൾ പറയും:
"എപ്പോഴും ഉടുത്തുകേടാക്കണ്ട. നമ്മുടെ വിവാഹ ഓർമ്മയ്ക്കായി ഇരിക്കട്ടെ." അവൾ പറഞ്ഞ പോലെ അയാൾ അനുസരിച്ചു,
അലമാരിയിൽ ഷർട്ടു തിരഞ്ഞപ്പോൾ അവൾ വിവാഹത്തിനുടുത്തിരുന്ന കസവു കല്യാണ സാരി കണ്ടെത്തി അയാൾ. അത്രമെടുത്ത് ഭാര്യയെ കുളിപ്പിക്കുന്ന മുറിയുടെ അടഞ്ഞ വാതിലിനു മുന്നിലെത്തിയിട്ട് പറഞ്ഞു:
"രമേ, ഞാൻ ഒരുങ്ങിക്കഴിഞ്ഞു, ദേ ... ഇന്നീ കസവു പുടവ ഉടുത്തോളൂ. ഉടുത്തൊരുങ്ങി നിന്ന് സമയം കളയണ്ട. എൻ്റെ ക്ഷമയെ ഇന്നും പരീക്ഷിക്കണ്ടാട്ടോ, മുഹൂർത്തമായി " അയാളുടെ ഭാര്യയുടെ അനുജത്തി വന്ന്
വാതിൽ തുറന്നു. അയാൾ നീട്ടിയ പുടവ അവൾ വാങ്ങി.
അയാൾ മുറിയുടെ അകത്തേക്ക് കയറും മുൻ മ്പായി അനിയത്തി പറഞ്ഞു:
"ഏട്ടൻ ഉമ്മറത്തിരുന്നോേ, ഇനീം സമയോണ്ടല്ലോ?"
"ഉം ... - ഉം..... അവളല്ലേ? ഒരിക്കലും നേരത്തിനിറങ്ങിയ ചരിത്രമില്ലല്ലോ?"
അയാൾ ക്ഷമകെട്ട പോലെ പിറുപിറുത്തു

ജോർജ് ജോസഫ്.കെ.