കഴുക വിജയം

നമ്മൾ ശക്തരാണ്,
എപ്പോഴാണെന്നോ?
ത്രാണിയില്ലാത്ത മറ്റൊരുത്തനെ
ആക്രമിച്ചു കീഴടക്കിയതാണെന്ന്
വെറുതേ ഊറ്റം കൊള്ളുമ്പോൾ!
നമ്മൾ ബുദ്ധിമാൻമാരാണ്
എപ്പോഴാണെന്നോ?
വിദ്യ നിഷേധിച്ച്
മറ്റൊരുത്തന്റെ തലമുറയെ
ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക്
ആട്ടിപ്പായിക്കുമ്പോൾ.
നമ്മൾ പുരോഗമനവാദികളാണ്
എപ്പോഴാണെന്നോ?
കാടൻമാരാണെന്ന് ആക്ഷേപിച്ച്
മറ്റൊരുത്തന്റെ പെണ്ണുങ്ങളെ,
കുഞ്ഞുങ്ങളെ
ഉടുതുണിയുരിഞ്ഞ്
കാമം തീർത്ത്
കാടത്തം കാട്ടിയുന്മത്തരാകുമ്പോൾ.
അവൻ ,നമുക്കു മുന്നേ
ഈ മണ്ണിന്റെ ഉടയോൻ.
തൊലി വെളുപ്പിന്റെ അഹന്ത കാട്ടി നാം
കറുപ്പ് നികൃഷ്ടമാണെന്ന്
അവനെ ബോധ്യപ്പെടുത്തി
നമ്മുടെ പടിയ്ക്കപ്പുറം
ഏറാൻ മൂളിയായി നിർത്തപ്പെട്ടവൻ

തൊട്ടുകൂടായ്മയുടെ ശാപം പേറി
ദൂരെ മാറി നിന്നെങ്കിലും,
ഇരുളിന്റെ മറപറ്റി
അവന്റെ പെണ്ണുങ്ങൾക്ക്
മാനാഭിമാനങ്ങളില്ലെന്ന്
വെടി വെട്ടത്തിൽ
അന്തി ച്ചർച്ച നടത്തിയോർ നാം.
ഒരു പിടി അരിക്കു പകരം
സ്വന്തം പ്രാണൻ പിടഞ്ഞേ അവനു ശീലം.
ഒരു നിലവിളി പോലും തെളിവായ് ശേഷിപ്പിക്കാതെ
അവന്റെ പെൺമക്കൾ
നമ്മളെ അനുസരിക്കും.
ഒച്ച വയ്ക്കാതെ മിണ്ടാതെ
ഭൂമിയറിയാതെ നടക്കാൻ
ശീലിച്ച മക്കളാണ്.
ഇനി ആളു വന്നാലും
ഇല്ലെങ്കിലും ഒട്ടും പേടി വേണ്ട.
അവന്റെ മടിശീലയ്ക്ക്
കനമൊട്ടുമില്ല.
അങ്ങനെ നമ്മൾ ചവിട്ടിയരച്ചും
വായ് പൊത്തിയും
അവന്റെ ഭീതിക്കു മേൽ
നഖങ്ങളാഴ്ത്തി പറന്നിറങ്ങും.
ഒരു മനുഷ്യനെന്ന പരിഗണന
പോലും കൊടുക്കാതെ
അവനും ഒരു ഹൃദയമുണ്ടെന്നോർക്കാതെ
വെട്ടിപ്പിടിച്ച്
ഈ യുദ്ധവും ജയിക്കും!

 

ജിഷ സുരേന്ദ്രൻ