Error message

  • The file could not be created.
  • The file could not be created.

കണ്ണുള്ളവർക്ക് അറിയുമോ  കാഴ്ചശക്തി ഇല്ലാത്ത ഒരാളെ...

 

"എൻറെ കണ്ണുകളിൽ ഇരുട്ട് പൂർണ്ണമായി വ്യാപിക്കുന്നതിനു മുന്നെ, പുതിയ തലമുറയിലെ കുറച്ചുപേരുടെയെങ്കിലും മനസ്സിൽ എനിക്ക് പ്രകാശം നിറയ്ക്കണം," റെഷി വലിയകത്ത് എന്ന മനുഷ്യൻറെ വാക്കുകളിൽ ദീപ്തമായ ആത്മവിശ്വാസം. തനിക്ക് അഞ്ചു വർഷംകൂടി മാത്രമേ ഇനി കാഴ്ചശക്തി ഉണ്ടാകുകയുള്ളൂവെന്നും, കണ്ണുകളുടെ സഹായമില്ലാതെ ജീവിതം നയിക്കാനുള്ള പരിശീലനം ഇപ്പോൾതന്നെ തുടങ്ങണമെന്നും ചെന്നൈയിലുള്ള പ്രശസ്ത നേത്രരോഗ ചികിത്സാവിദഗ്‌ദ്ധരായ ഡോക്ടർമാർ ഉപദേശിച്ചപ്പോൾ, യഥാർത്ഥത്തിൽ റെഷിയുടെ ഉള്ളിലും അന്ധകാരം പരക്കാൻ തുടങ്ങിയിരുന്നു.

ദുർവിധി വാസ്തവമായി സ്വീകരിക്കാൻ റെഷിക്കും കുടുംബാംഗങ്ങൾക്കും കഴിഞ്ഞില്ല. ആയുസ്സുമുഴുവൻ  ഇരുൾമാത്രം കണ്ട് കഴിയാനോ? വിഷാദം റെഷിയെ വരിഞ്ഞുമുറുക്കി. രണ്ടുമൂന്നു ദിവസം നീണ്ടുനിന്ന തീവ്രമായ മനോസംഘർഷങ്ങൾക്കൊടുവിൽ ജീവിതം അവസാനിപ്പിക്കാൻ ആ പതിനഞ്ചു വയസ്സുകാരൻ  ആരുമറിയാതെ തീരുമാനിച്ചുറച്ചു. മാമരങ്ങൾ ധാരാളമുള്ള ആളൊഴിഞ്ഞ തൊടിയിലേക്ക്  ഗ്രാമവഴിയിലൂടെ അതിവേഗം സൈക്കിൾ ഓട്ടിപ്പോകുന്ന റെഷിയുടെ മുഖത്ത് അസാധാരണ ഭാവങ്ങൾ കണ്ട ശിവൻ മാഷ് അവനെ തടഞ്ഞുനിർത്തി. സൈക്കിളിൻറെ കേരിയറിൽ ചുരുട്ടിവച്ചിരിക്കുന്ന കനമുള്ള കയർ ശ്രദ്ധയിൽപ്പെട്ട മാഷ്, റെഷിയുടെ ശരീരഭാഷ അതിനോട് ചേർത്തു വായിച്ചു. അശരണതയിൽ ആണ്ടുപോയ ആ ബാലൻറെ കവിളുകളിലൂടെ കണ്ണുനീർ ധാരധാരയായി ഒഴുകിയിരുന്നു. തികച്ചും ആകസ്‌മികമായാണ് റെഷിയുടെ മിഴികളിൽ തമസ്സെത്തിയത്. സ്കൂൾ മുറ്റത്ത് കളിച്ചുകൊണ്ടിരുന്നപ്പോൾ ഒരു നാണയം താഴെ വീണത് കാഴ്ച്ചയിൽ പെടാതിരുന്നതു മുതലായിരുന്നു ആ കാലക്കേടിൻറെ തുടക്കം. കണ്ണിൻറെ ചില ഭാഗത്ത് പതിക്കുന്നതൊന്നും ദൃഷ്ടിയിൽ പെടുന്നില്ല. എന്നാൽ, അൽപം ചെരിഞ്ഞു നോക്കിയാൽ മുന്നെ കാഴ്ചയിൽ പെടാതിരുന്നത് കാണുവാനും സാധിക്കുന്നു. തൻറെ നയനങ്ങൾക്ക് എന്തോ തകരാറുണ്ടെന്ന് റെഷി ആദ്യമായി സംശയിച്ചു. വീട്ടുകാർ റെഷിയെ പ്രദേശത്തുള്ള ഒരു ഐ സ്പെഷ്യലിസ്റ്റിനെ കാണിച്ചു. ആ ഡോക്ടർക്ക് റെഷിയുടെ അസുഖം കണ്ടുപിടിക്കാനായില്ല. കാഴ്ചയിലെ കറുത്ത പ്രതിഭാസം കൂടുതൽ അലട്ടാൻ തുടങ്ങിയപ്പോഴാണ്, റെഷിയെ ചൈന്നൈയിലെ പ്രശസ്തമായ ശങ്കര നേത്രാലയയിൽ വിദഗ്‌ദ്ധ പരിശോധനക്ക് കൊണ്ടുപോയത്. നിരവധി പരിശോധനകൾക്കൊടുവിൽ റെഷിയ്ക്ക് റെറ്റിനൈറ്റിസ് പിഗ് മെൻറ്റോസ (RP) എന്ന മാരക രോഗമാണെന്ന് നിർണ്ണയിക്കപ്പെട്ടു. നേത്രഗോളത്തിൻറെ പുറകുവശത്തെ ഉൾഭിത്തി തുരുമ്പു പിടിക്കുന്നതിനു സമാനമായൊരു ജനിതക ദോഷത്തിന് വിധേയമാകുമ്പോഴാണ് ഒരാൾ RP രോഗബാധിതനാകുന്നത്. മസ്‌തിഷ്‌കത്തിലേക്ക് ദൃശ്യ വിവരങ്ങൾ എത്തിക്കുന്ന ലോലമായ സിരാപടലത്തിൽ (retina) നിർജ്ജീവമായ കോശങ്ങൾ അടിഞ്ഞുകിടന്നാൽ അവ കാഴ്ച മറയ്‌ക്കുന്നു. ചേതനയറ്റ കോശങ്ങളുടെ എണ്ണം ക്രമേണ കൂടിവരുകയും അവ കറുത്ത നിറംപൂണ്ട് കൂടുതൽ സ്ഥലങ്ങളിലേക്കു വ്യാപിക്കുകയും ചെയ്യുന്നു. പടിപടിയായി കാഴ്ചശക്തി കുറഞ്ഞുവന്ന് നാലഞ്ചു വർഷത്തിനുള്ളിൽ പൂർണ്ണമായ അന്ധതയിൽ കലാശിക്കുന്നതുമാണ് ഈ നേത്രരോഗത്തിൻറെ സ്വഭാവം.
ലോകത്ത് നാലായിരം മനുഷ്യരിൽ ഒരാൾ ഈ വ്യാധിക്ക് ഇരയാകുന്നു. ശ്രമങ്ങൾ ഒട്ടനവധി നടന്നെങ്കിലും, RP-യ്ക്ക് ഇതുവരെയും ചികിത്സ കണ്ടെത്തിയിട്ടില്ല. പാർശ്വങ്ങളിലെ കാഴ്ച പൂർണ്ണമായി നഷ്ടപ്പെടുമെങ്കിലും, കണ്ണിൻറെ മധ്യഭാഗത്ത് പതിക്കുന്ന ദൃശ്യങ്ങൾ ഒരു മൂടൽമഞ്ഞിലെന്നപോലെ കലങ്ങിമറിഞ്ഞ രൂപത്തിൽ കാണുവാൻ കുറച്ചുപേർക്ക് സാധിക്കാറുണ്ടെന്നതാണ് RP രോഗം നിർണ്ണയിക്കപ്പെട്ട ഒരു ഹതഭാഗ്യൻറെ ഏറ്റവും വലിയ പ്രതീക്ഷ! "റെഷീ, മരിക്കാൻ ആർക്കും കഴിയും. എന്നാൽ ഇത്തരത്തിലുള്ള ഒരു സാഹചര്യത്തിൽ ജീവിച്ചു കാണിക്കുകയാണ് വേണ്ടത്. ആത്മഹത്യയിൽ അഭയം തേടുന്ന ഒരു ഭീരു ആയിരിക്കരുത് എൻറെ ശിഷ്യൻ. നീ തോൽക്കരുത്, ജീവിച്ചു കാണിക്കൂ, എൻറെ മുന്നിൽ," മാതൃകായോഗ്യനായ ഒരു അദ്ധ്യാപകൻറെ ജീവനോളം വിലയുള്ള വാക്കുകളായിരുന്നു ഇവ! അൽപനേരത്തെ ആലോചനക്കൊടുവിൽ, റെഷി സൈക്കിളിൻറെ കേരിയറിൽനിന്ന് ആ കയർ എടുത്ത് വിദൂരതയിലേക്കെറിഞ്ഞു. അന്ധകാരത്തെ രോധിക്കുന്നവനാണ് ഗുരുവെങ്കിൽ, റെഷിയുടെ മനസ്സിൽനിന്ന് ഇരുട്ടുനീക്കി ശിവൻ മാഷ് ആ പദം അന്വർത്ഥമാക്കി. തൃശ്ശൂർ ജില്ലയുടെ കിഴക്ക് കിടക്കുന്ന ചേലക്കരയിലെ ശ്രീമൂലം തിരുന്നാൾ ഹൈസ്ക്കൂൾ വിദ്യാർത്ഥിയെ പൊതുകാര്യ പ്രസക്തനുംകൂടിയായ ആ അദ്ധ്യാപകൻ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുകയായിരുന്നു! ഉള്ളിലെ വെളിച്ചത്തിന് കണ്ണിലെ ഇരുട്ടിനെ പരാജയപ്പെടുത്താൻ ശക്തിയുണ്ടെന്ന പരമാർത്ഥത്തിന് തൻറെ ജീവിതം തെളിവായ് തരുന്ന വലിയകത്ത് റഷീദിൻറെ കഥ ഇവിടെ തുടങ്ങുന്നു! റഷീദ് എന്ന അറബി നാമത്തിനർത്ഥം വിവേകമുള്ളവൻ എന്നാണെങ്കിൽ, വലിയകത്ത് അലവി മുഹമ്മദിൻറെയും സുബൈദയുടെയും മൂന്നാമത്തെ പുത്രൻ, ജാതി-മത-ഉച്ചനീചത്വങ്ങളെ മൃദുവായ് ലംഘിച്ച്, മനുഷ്യനന്മകളിൽ അടിവേരോടിയ മതേതരത്വം പുനർനിർവ്വചിക്കുന്നത് ക്ഷേത്രപരിസരങ്ങളിൽ അരങ്ങേറുന്ന പഞ്ചവാദ്യത്തിലും, പൊതുവേദികളിലും ഇടയ്ക്ക കൊട്ടിക്കൊണ്ടാണ്! വിഗ്രഹ സ്ഥാനമായ ശ്രീകോവിലിലേക്കു പ്രവേശിക്കാനുള്ള പടികളെയാണ് സോപാനം എന്നുവിളിക്കുന്നത്. മുന്നെ നടന്ന ദർശനത്തിനുശേഷം അടച്ച ക്ഷേത്രനട അടുത്ത ദർശനത്തിന് തുറക്കാനാണ് തൊട്ടുമുന്നിലുള്ള പടികളുടെ സമീപത്തുനിന്നുകൊണ്ട് അമ്പലവാസികളായ മാരാരോ, പൊതുവാളോ ഇടയ്ക്ക കൊട്ടി ദേവ-ദേവീ സ്തുതികൾ ആലപിക്കുന്നത്.  അതിനാലിത് സോപാനസംഗീതം. ഇത്തിരി എഴുത്തും, അതിലേറെ പാട്ടുമൊക്കെയായി കുട്ടിക്കാലം ചിലവിട്ട റെഷിയ്ക്ക്, എല്ലാ കലാരൂപങ്ങളും ആദ്യംമുതലേ ഇഷ്ടമായിരുന്നു. "ഒരിക്കൽ ഒരു ക്ഷേത്ര നടയിൽവച്ച് സോപാനസംഗീതം കേൾക്കാനിടയായി. ഇടയ്ക്കയുടെ അകമ്പടിയോടുകൂടിയുള്ള ആ സംഗീതാവിഷ്‌ക്കാരം കണ്ടമാത്രയിൽതന്നെ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു," തീവ്രമായ പരീക്ഷണങ്ങളെ നേരിട്ടുകൊണ്ടിരിക്കുന്ന കാലഗതിയിൽ ഇതൊരു സപര്യയാക്കിയാലോയെന്ന് റെഷി ആഴത്തിൽ ആലോചിച്ചു. ഒരു മുസ്ലീമായ താൻ ഏറെ ദൈവികമായി കരുതപ്പെടുന്നൊരു ക്ഷേത്രകല അഭ്യസിക്കുകയോ? പ്രത്യാഘാത ചിന്തകൾ മനസ്സിനെ അലോസരപ്പെടുത്താൻ തുടങ്ങിയപ്പോൾ, പ്രശസ്ത കഥകളിഗായകനായിരുന്ന കലാമണ്ഡലം ഹൈദരലിയുടെ ദീപ്തസ്മരണകൾ കൂട്ടിനെത്തി. "ഹൈന്ദവ കലാരൂപമെന്ന് അറിയപ്പെടുന്ന കഥകളിരംഗം തട്ടകമായി സ്വീകരിച്ച പ്രഥമ ഇസ്ലാം മതവിശ്വാസി ഹൈദരലി, തൻറെ ഇമ്പമുള്ള ഗാനാവിഷ്‌കരണംകൊണ്ട് സകലരുടെയും ഹൃദയത്തിൽ ഇടം തേടിയില്ലേ? ഇരു ഭാഗത്തെയും  യാഥാസ്ഥിതികരുടെ മൂർച്ചയേറിയ വിമർശന ശരങ്ങളെ പുഷ്പാർച്ചനകളാക്കിമാറ്റിയില്ലേ?" ഇത്രയും സ്വയം ചോദിച്ചപ്പോൾ തൻറെ ആത്മവിശ്വാസം തിരിച്ചെത്തുന്നതുപോലെ റെഷിയ്ക്ക് അനുഭവപ്പെട്ടു. എന്തും വരട്ടെ, ഇനി ഇടയ്ക്കയും സോപാന സംഗീതവുംതന്നെയാണ് തന്നെ കൈ പിടിച്ച് മുന്നോട്ടു നടത്തുകയെന്ന് റെഷി ഉള്ളിൽ ഉറപ്പിച്ചു. പക്ഷെ, ഈ ഇഷ്ടകല എങ്ങിനെ സ്വായത്തമാക്കും? വ്യവസ്ഥിതമായി സോപാനസംഗീതം പഠിപ്പിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ 'ക്ഷേത്രകലാപീഠ'ത്തിൽ ചേർന്നുപഠിക്കാൻ റെഷിയ്ക്ക് അവസരം ലഭിക്കുമോ? നാട്ടിലെ അറിയപ്പെടുന്ന പരമ്പരാഗത കലാകാരൻന്മാരെ റെഷി അന്വേഷിച്ചിറങ്ങി. പക്ഷേ അദ്ദേഹം മുട്ടിയ പടിവാതിലുകളിൽനിന്നുയർന്നത്,  പൊതുപ്രവേശനം അനുവദിക്കാത്ത പ്രവിശ്യയിലുള്ളൊരു വാദ്യമാണ് സോപാന സംഗീതമെന്നതിൻറെ ആംഗ്യഭാഷയായിരുന്നു. ഇടയ്ക്ക 'നിലത്തുവെയ്ക്കാത്ത' ദേവവാദ്യ ഉപകരണം!   ഇതിൽനിന്നുയരുന്നത് സാന്ത്വന സ്വരം. ക്ഷേത്ര ഗർഭഗൃഹത്തിൽ കൊട്ടാവുന്ന അൽപം ചില സംഗീതോപകരണങ്ങളിലൊന്ന്. വായിക്കാത്തപ്പോൾ, അതിൻറെ പദവിയെ മാനിച്ച്, പ്രത്യേകം നിർമ്മിച്ചൊരു കുറ്റിയിൽ ഇത് തൂക്കിയിടുന്നു. അൽപമെങ്കിലും കണ്ണറിയുന്ന സമയത്ത് പരിശീലനം തുടങ്ങിയാൽ, ഇടയ്ക്കയുടെ വട്ടങ്ങളിൽ വരിഞ്ഞു മുറിക്കിയിരിക്കുന്ന തോലിലേക്ക് കൊട്ടാനുള്ള കോൽ കൊണ്ടുപോകുന്ന വഴി പിന്നീട് പരിചയംകൊണ്ടെങ്കിലും അറിയാമല്ലോയെന്ന് ഓർത്തപ്പോൾ റെഷിയുടെ വേവിലാതിക്ക് ആഴമേറാൻ തുടങ്ങി. ഒളി പൂർവാധികം മങ്ങിക്കൊണ്ടിരിക്കുന്ന കണ്ണുകളാണ് കടന്നുപോകുന്ന ഓരോ ദിനവും തനിക്കു വെച്ചുനീട്ടുന്നതെന്ന് ഹൃദയവേദനയോടെ റെഷി തിരിച്ചറിഞ്ഞിരുന്നു. "വിഭാഗീയ വേലികളിൽ ഇന്നത്തേക്കാൾ കൂർത്ത മുള്ളുനിറഞ്ഞു നിന്നൊരു സമയത്ത്, കലാമണ്ഡലം നീലകണ്ഠൻ നമ്പീശൻ ഹൈദരലിയെ കഥകളിഗീതം പഠിപ്പിച്ചെങ്കിൽ, എന്നെ സോപാനസംഗീതം അഭ്യസിപ്പിക്കാനും ഒരു ഗുരു തയ്യാറാകുമെന്ന് എൻറെ മനസ്സ് എന്നും മന്ത്രിച്ചിരുന്നു," റെഷി ഓർത്തെടുത്തു. അന്വേഷണങ്ങൾക്കൊടുവിൽ, സുജിത്ത് കോട്ടോൽ എന്ന ഒരു യുവ സോപാന സംഗീതജ്ഞനെ റെഷി കണ്ടുമുട്ടി. കലോപാസകൻറെ മതമറിയേണ്ടെന്നും, പേരുമാത്രം അറിഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞപ്പോൾ, താൻ മോഹിച്ചു കാത്തിരുന്ന ഗുരുനാഥനെ തൻറെ മുന്നിലെത്തിച്ച ശക്തിയെ റെഷി ഉള്ളുകൊണ്ടു വണങ്ങി. താമസിയാതെ റെഷി ലക്ഷണമൊത്തൊരു ഇടയ്ക്ക വാദകനായി മാറിയത് ഗുരുവിനെയും, സതീർത്ഥ്യരെയും, സുഹൃത്തുക്കളെയും വിസ്‌മയിപ്പിച്ചുകൊണ്ടായിരുന്നു. ഈ കല അധ്യേതാവ് ഉപസിച്ച് അഭ്യസിച്ചത്! ഏതു തുലാസിൽവെച്ച് തൂക്കിനോക്കിയാലും, ക്ഷേത്ര പരിസരങ്ങളിൽ അരങ്ങേറുന്ന പഞ്ചവാദ്യത്തിൽ അഞ്ചുനേരം നിസ്കരിക്കുന്നൊരു അന്യമതസ്ഥൻ ഇടയ്ക്ക വിദ്വാനായി എത്തുന്നത് സാധാരണക്കാരുടെ ഇടയിൽ കൗതുകമുണർത്തുന്നൊരു സംഭവമായി തുടരുകതന്നെ ചെയ്തുകൊണ്ടിരിക്കുന്നു. "തന്ത്രിവാദ്യമായും, തുകൽവാദ്യമായും,  കുഴൽവാദ്യമായും ഉപയോഗിക്കുന്ന ഇടയ്ക്ക കേരളത്തിലെ പരമ്പരാഗത മേളങ്ങളിൽ ഏറ്റവും ആദരണീയമായതാണ്," റെഷി സ്പഷ്ടമാക്കി. ഇങ്ങിനെയുള്ളൊരാൾ ഇടയ്ക്ക കൊട്ടി സോപാന സംഗീതം ആലപിക്കാമോ, ഇടയ്ക്കയിൽ ഇസ്ലാമിക ഗീതം വായിക്കാമോ, എന്നതിലൊക്കെ തുടങ്ങിയ ഇരുഭാഗത്തെയും അധിക്ഷേപാഗ്നികൾ വധഭീഷണിയിലെത്തിയപ്പോൾ, റെഷി അവരെ നേരിട്ടത്, "അന്ധനായിക്കൊണ്ടിരിക്കുന്ന എൻറെ ജീവന് വിലയിടാൻ നിങ്ങൾക്ക് നിഷ്പ്രയാസം സാധിക്കും, എന്നാൽ എൻറെ അന്ത്യശ്വാസം ജീവൻ നൽകാൻ പോകുന്നത് നൂറുകണക്കിന് പുത്തൻ കലാകാരന്മാർക്കായിരിക്കും," എന്നു മറുപടി പറഞ്ഞുകൊണ്ടായിരുന്നു! മോട്ടിവേഷൻ ക്ലാസ്സുകളിൽ സ്കൂൾ-കോളേജ് വിദ്യാർത്ഥികളുമായി സംവദിക്കുമ്പോൾ, 'ദൃഢനിശ്ചയങ്ങൾ ഭീഷണികളിൽ പതറില്ലെന്ന്' റെഷി പതിവായി പറയാറുണ്ട്. "ഓർക്കുക, ഞാൻ തോളിലിട്ടിരിക്കുന്ന ഈ ഇടയ്ക്ക എൻറെ കബറോടുകൂടിയേ നിശ്ചലമാകുകയുള്ളൂ," റെഷിയുടെ വാക്കുകൾ ഏറെ അസന്നിഗ്ദ്ധമായത്. ഇടയ്ക്കയെ പ്രണയിച്ച പാതയിൽ താൻ സഹിച്ച ക്ലേശങ്ങൾ മറ്റൊരാൾക്കുകൂടി വന്നുചേരാതിരിക്കാൻ, ഗുരുവുമായിചേർന്ന് 'കലാസോപാനം' എന്നൊരു വിദ്യാലയവും റെഷി ആരംഭിച്ചു. വർ‍ഗ്ഗ-സമുദായ ചിന്തകൾക്ക് വേർതിരിക്കാനാകാത്തതാണ് കലയെന്ന സന്ദേശമാണ് ഈ സ്ഥാപത്തിലൂടെ റെഷി നൽകുന്നത്. "ജാതി-മത-ആൺ-പെൺ-പ്രായ വ്യത്യാസമില്ലാതെ ഇപ്പോൾ 40 വിദ്യാർത്ഥികളെ ഇടയ്ക്ക അഭ്യസിപ്പിച്ചു കൊണ്ടിരിക്കുന്നു," റെഷിയുടെ വാക്കുകളിൽ തികഞ്ഞ ആത്മസംതൃപ്തി. "കഴിഞ്ഞ വർഷം അരങ്ങേറ്റം നടത്തിയവരിൽ ഒരു 64 വയസ്സുകാരനും ഉണ്ടായിരുന്നു!" "ജീവിതത്തിൽ തോൽവികൾ ഏറ്റുവാങ്ങേണ്ടിവരുന്നവർക്ക് എൻറെ ജീവിതം ഒരു പ്രചോദനമാകട്ടെ! അതിനാൽ, കുട്ടികൾക്കുവേണ്ടിയുള്ള പ്രഭാഷണങ്ങളിലാണ് ഞാൻ കൂടുതൽ ശ്രദ്ധിക്കുന്നത്. വിദ്യാലയങ്ങളിൽ ലഭിക്കുന്ന ഒരു വേദിയും ഞാൻ നഷ്ടപ്പെടുത്താറില്ല. പറ്റുന്നത്ര വെളിച്ചം യുവജനതയുടെ ഉള്ളിലെത്തിക്കണം. തമസ്സോമാ ജ്യോതിർ ഗമയാ... ഇരുട്ടെല്ലാം പ്രകാശപൂരിതമാകട്ടെ!" റെഷി ഉരിയാടിയത് ഒരു തത്വചിന്തകൻറെ ദാർശനികത. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സാംസ്കാരിക വേദികളിൽ മാത്രമല്ല, സംസ്ഥാനത്തിനു പുറത്തുള്ള അരങ്ങുകളിലും ഇടയ്ക്കയെന്ന 'ഗീത-താള-വാദ്യം' കൊട്ടി റെഷി സൗമ്യമായ് കാലെടുത്തുവക്കുന്നത് സഹൃദയരുടെ ഉള്ളിൻറെ ഉള്ളിലേക്കാണ്. റെഷി പാടുന്ന സോപാനസംഗീതത്തിൽ ചിലതിൻറെ വരികൾ അദ്ദേഹംതന്നെ രചിച്ചതുമാണെന്ന് അറിയുമ്പോഴാണ് അക്ഷരസ്നേഹികൾ ഈ കലാകാരനെ നെഞ്ചോടുചേർത്തുപിടിക്കുന്നത്! വൈദ്യശാസ്ത്രം അലിവോടെ അനുവദിച്ചുകൊടുത്ത  അഞ്ചുവർഷം റെഷിയുടെ ഇരുപതാം വയസ്സിൽ അവസാനിച്ചതാണ്! നാൽപ്പത്തിയേഴിലും എന്തെങ്കിലുമൊക്കെ റെഷിയ്ക്ക് കാണാൻ കഴിയുന്നുണ്ടെങ്കിൽ, അതിനു കാരണം അദ്ദേഹത്തിൻറെ ഇച്ഛാശക്തിയൊന്നുമാത്രമാണ്. ഇടയ്ക്കയും, യോഗയും, സന്മാർഗ്ഗ ധൈഷണികതയും കായിക വൈകല്യത്തെ കീഴടക്കിയതിനാലാണ്! ഇക്കഴിഞ്ഞ റമദാൻ മാസത്തിലൊരുനാൾ, പഴയന്നൂരിലെ പ്രശസ്തമായ കൊട്ടേക്കാട്ടുകാവ് ക്ഷേത്രത്തിൽ അരങ്ങേറിയ ബൃഹത്തായ പഞ്ചവാദ്യത്തിൻറെ മധ്യത്തിൽ നിലയുറപ്പിച്ച് തൻറെ ഇടയ്ക്കയിൽ റെഷി നാദബ്രഹ്മം തീർത്തുകൊണ്ടിരിക്കുമ്പോഴാണ്, സമീപത്തുള്ള പള്ളിയിൽനിന്ന് മഗരിബ് ബാങ്ക് വിളി കേട്ടത്! ഒരു നിമിഷം റെഷി കൊട്ടുനിർത്തി. ക്ഷേത്രഭാരവാഹികൾ നൽകിയ ജലം കുടിച്ച് നോമ്പ് തുറന്ന റെഷി, ഉടനെത്തന്നെ പഞ്ചവാദ്യത്തിൽ വീണ്ടും പങ്കുചേർന്ന് തൻറെ ഇടയ്ക്കയിൽ സാന്ത്വനതാളം വായിക്കാൻ തുടങ്ങിയത് നേരിൽകണ്ട പലരുടെയും കണ്ണുകൾ ഈറനണിഞ്ഞിരുന്നു.
ജാതിമതഭേതമന്യേ എല്ലാ ഭാരതീയരെയും കൂടെപ്പിറപ്പുകളായി കാണാൻ എല്ലാ സ്വാതന്ത്ര്യ ദിനത്തിലും ആശംസകളയക്കുന്ന റെഷി, ഇടയ്ക്ക വാദനത്തിനിടയിലെത്തിയ നോമ്പുതുറ തൻറെ ജീവിതത്തിലെ ഏറ്റവും ധന്യമുഹൂർത്തമായി കരുതുന്നു. എല്ലാം അറിഞ്ഞുകൊണ്ട് റെഷിയുടെ ജീവിതത്തിലേക്കു കയറിവന്ന നിഷയാണ് ഇന്ന് റെഷിയുടെ താങ്ങും തണലും. പുത്രന്മാരായ സാഹിലും, സമിതും ഉപ്പയുടെ ഇടത്തും വലത്തുമുള്ളപ്പോൾ തട്ടിത്തടഞ്ഞുവീഴുമെന്ന് ഭയപ്പെടേണ്ടതുണ്ടോ? ഒരു ക്ഷേത്രനടയിലെ സോപാനത്തിനരികെനിന്ന് ഇടയ്ക്ക കൊട്ടണമെന്ന ഉത്കടമായ മോഹം വർഷങ്ങളായി റെഷിയെ ഗ്രസിച്ചുകൊണ്ടേയിരിക്കുന്നു! പരശതം ഭക്തിഗാനങ്ങൾ ആലപിച്ചൊരു ഗാനഗന്ധർവ്വന്, ദേവൻമാരെ പാടിയുറക്കുന്നൊരു ദേവഗായകന്, ക്ഷേത്രപ്രവേശം ഇന്നുമൊരു സമസ്യയായിത്തുടരുന്ന മലയാളക്കരയിൽ, റെഷി കൊട്ടുന്ന ഇടയ്ക്കനാദം കേട്ട് ഒരു ശ്രീകോവിലിൻറെ വാതിൽ തുറക്കുന്നതു കാണാൻ ഇനിയെത്ര കാത്തിരിക്കണം?

വിജയ്.സി.എച്ച്

 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 

 

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos