കല്യാണങ്ങൾ

(ഈ കുറിപ്പ് ലാഘവത്തോടെ വായിക്കണം എന്നപേക്ഷ. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശമില്ല. പ്രത്യേകിച്ച് തങ്ങളുടെ കുട്ടികളുടെ വിവാഹത്തിന് ഞങ്ങളെ ക്ഷണിച്ച സ്നേഹസമ്പന്നരായ സ്നേഹിതന്മാരെ. ഇക്കാലത്തെ വിവാഹങ്ങളെക്കുറിച്ചുള്ള എന്റെ ഒരു നിരീക്ഷണമായി കണ്ടാൽ മതി)

ഈയിടെ രണ്ടു കല്യാണങ്ങൾക്കു പോയി. രണ്ടിലും പൂണൂലിട്ടവരായിരുന്നു താരങ്ങൾ. വലിയ ബുദ്ധിമുട്ടൊന്നും  ഇല്ലാതെതന്നെ പട്ടിണികിടക്കാതെ ജീവിക്കാവുന്ന ഒരു ചുറ്റുപാട് നമ്മുടെ ജാതിരഹിതസമൂഹത്തിൽ ഇപ്പോഴും അവർക്കുണ്ട്. മരിച്ചുപോയ എന്റെ അമ്മ പറയാവുറുള്ളതുപോലെ, ശരിക്കും ‘ഊണുനൂൽ' തന്നെ. വന്നുവന്ന് ഇപ്പോൾ മന്ത്രതന്ത്രങ്ങളുടെ വ്യാപ്തി കൂടിവരുന്നോ എന്നൊരു സംശയം. നമുക്ക് അസൂയപ്പെടാനല്ലേ കഴിയൂ. ഏതായാലും ഇന്ത്യാമഹാരാജ്യത്തിൽ, പ്രത്യേകിച്ച് കേരളത്തിൽ ജാതിവ്യവസ്ഥ അടുത്തകാലത്തൊന്നും അകന്നുപോകും എന്നു തോന്നുന്നില്ല. 

നായന്മാർക്കിപ്പോഴും പൂണൂൽധാരികളോട് വലിയ പ്രതിപത്തി ഇല്ലെന്നു തോന്നുന്നു. അഹങ്കാരം കൊണ്ടാവും. അതോ ഞാൻ കാണാത്തതോ എന്തോ. ഒരു നായർ ബുദ്ധിജീവി പറഞ്ഞത് നായന്മാർക്ക് കല്യാണം ഒരു കോണ്ട്രാക്റ്റ് മാത്രമാണത്രെ; ദൈവികമായ മാദ്ധ്യസ്ഥം ആവശ്യമില്ല. എന്തരോ എന്തോ! 

ഒരു കല്യാണത്തിന് നാദസ്വരം വായിച്ചത് ഒരു സ്ത്രീയായിരുന്നു. സ്ത്രീശാക്തീകരണത്തിൽ അതൊരു പുതിയ കാൽവെയ്പാണെങ്കിലും, എന്നിലെ സംഗീതപ്രേമിക്ക് അപശ്രുതി ഒട്ടും അംഗീകരിക്കാൻ പറ്റിയില്ല. കൂടാതെ തലക്കുമുകളിൽ മൂളിപ്പറക്കുന്ന ദ്രോണന്മാർ കാസിം സുലൈമാനിയെ എന്നെ പോലെ നമ്മെ ഉന്നം വെക്കുമോ എന്ന ശങ്ക എപ്പോഴും മനസ്സിലുണ്ടായിരുന്നതുകൊണ്ട് ഒട്ടും സമാധാനം കിട്ടിയില്ല. 

കല്യാണങ്ങളുടെ ക്ലൈമാക്സ് അടുക്കുമ്പോൾ ‘സീതാകല്യാണവൈഭോഗമേ' എന്ന പാട്ട് ഉറക്കെ പാടുന്നത് എന്തിനാണാവോ. ഏതായാലും സീതയെപ്പോലെ ഒരു കല്യാണം ഒരു പെണ്ണിനും ഉണ്ടാകണം എന്ന് സീതപോലും ആഗ്രഹിക്കുകയില്ല. തിരിച്ചറിവില്ലാത്ത പ്രായത്തിൽ കല്യാണം. പതിമൂന്നു വർഷം വനവാസം. അതുകഴിഞ്ഞ് മറ്റൊരുവൻ പിടിച്ചുകൊണ്ടുപോകുന്നു. പിന്നെ ഭർത്താവും അയാളുമായി കൊടും യുദ്ധം.എല്ലാം തീർന്നെന്നു കരുതിയപ്പോഴേക്കും ഭർത്താവിനു ഒടുക്കത്തെ സംശയം. ഒരുവിധം പറഞ്ഞു വിശ്വസിപ്പിച്ചു ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോഴീക്കും പിന്നെയും സംശയം, വനവാസം. 

സ്കൂളിലും പ്രീഡിഗ്രിക്കുമായി എട്ടുകൊല്ലം സംസ്കൃതം പഠിച്ചിട്ട് മനസ്സിൽ നിൽകുന്നത് അപൂർവം ചില വരികൾ മാത്രം. (അത് ഭാഷയുടെ കുഴപ്പമല്ല. മനോഹരമായ ഭാഷയാണ് സംസ്കൃതം. പക്ഷേ പഠിപ്പിച്ചിരുന്നവരും, പഠിച്ച ഞാനും തഥൈവ. മാർക്ക് കൂടുതൽ കിട്ടും എന്നു പറഞ്ഞാണ് അമ്മ സംസ്കൃതം എടുപ്പിച്ചത്. എന്നിട്ട് എസ് എസ് എൽ സി റിസൾട്ടു വന്നപ്പോൾ മലയാളം പഠിച്ചവർക്ക് ഞങ്ങലേക്കാൾ മാർക്ക്! ) അതിലൊന്നാണ് പ്രീഡിഗ്രീ രണ്ടാം വർഷം പഠിച്ച ഭവഭൂതിയുടെ ഉത്തരരാമചരിതത്തിൽ സീത പറയുന്ന വാചകം. താൻ പെറ്റ രണ്ട് ഓമനമക്കളുടെ മുൻപിൽ വെച്ച് ഭർത്താവ് ഒരിക്കൽ കൂടി തീയിൽ ചാടാൻ ആവശ്യപ്പെടുമ്പോൾ അപമാനം സഹിക്കാതെ ആ സ്ത്രീ പറയുന്നു: മാതാ ധരിത്രീ, ദേഹി മേ വിവരം!(അമ്മയായ ഭൂമീ, എനിക്ക് (ഒളിക്കാൻ) ഒരു പൊത്ത് തരൂ) - ‘വിവരം' എന്ന വാക്കിന് സംസ്കൃതത്തിൽ, മലയാളത്തിലെ ‘വെവരം' എന്ന അർത്ഥമല്ല! ) പതിവ്രതയുടെ വാക്ക് തെറ്റിക്കൂടാ. ഭൂമി പിളർന്ന് സീത മറയുന്നു. ( അന്തകാലത്ത് ഇതൊക്കെ എങ്ങിനെ സ്റ്റേജിൽ അവതരിപ്പിച്ചു എന്നു ചോദിക്കരുത്. നമ്മുടെ ആർഷഭാരതത്തിൽ ഇല്ലാതിരുന്ന ടെക്നോളജിയോ!)

ഇതെല്ലാം കഴിഞ്ഞാൽ ഊണുമുറിയിലേക്കുള്ള സ്റ്റാമ്പീഡ്. വയസ്സന്മാരും വയസ്സികളും അതിനിടയിൽപ്പെട്ട് അരഞ്ഞുപോകാത്തത് അവരുടെ ജന്മപുണ്യം കൊണ്ടാവണം. കല്യാണത്തിന്റെ ഊണിൽനിന്ന് രക്ഷപ്പെടുന്നതിൽ ലോകചമ്പ്യൻ എന്റെ സ്നേഹിതൻ വിനയനാണ്. അദ്ദേഹത്തിനെപ്പോലെ ആ സുകുമാരകലയിൽ വൈദഗ്ധ്യം ഇല്ലാത്തതിനാൽ ഞാൻ പലപ്പോഴും പെട്ടുപോകാറുണ്ട്. ഒരു കല്യാണത്തിന്റെ ഊണിൽനിന്നും കഷ്ടിച്ചുരക്ഷപ്പെട്ടു. അന്ന് ഒരു ബിരിയാണി കുറ്റബോധമില്ലാതെ ആസാദിൽ നിന്ന് മേടിച്ചുകഴിക്കാനും പറ്റി. പക്ഷേ മറ്റതിൽനിന്ന് ഊരിപ്പോരാൻ ശ്രമിക്കുമ്പോഴേക്കും ആതിഥേയന്റെ കഴുകദൃഷ്ടി എന്നിൽ പതിഞ്ഞു. അങ്ങിനെ സദ്യയും ഉണ്ടു. ശുഭം!

 

രാമൻ കുട്ടി

Recipe of the day

Sep 272020
ചേരുവകൾ 1. വേവിച്ചെടുത്ത മുഴുവന്‍ കോഴി 2. ബസുമതി റൈസ് 3. ഒറോട്ടി/ അരിപ്പത്തിരി/ഇടിയപ്പത്തിന്റെ മാവ് 4. ചിക്കന്‍ കൊത്തിയരിഞ്ഞത് ഒരു ചെറിയ കപ്പ്