കാലത്തെ അടയാളപ്പെടുത്തുന്ന കല

കലകളുടെയെല്ലാം ലക്ഷ്യം ഒന്നുതന്നെ.  സൗന്ദര്യത്തെ ദർശിക്കുക എന്നതാണത്. എന്നാൽ കാണുന്നവർക്ക് സൗന്ദര്യമാണ് ബോധ്യപ്പെടുന്നതെങ്കിൽ കലാകാരനെ സംബന്ധിച്ചിടത്തോളം സംസ്കാരികമൂല്യത്തെ എങ്ങനെ ഉയർത്തിപ്പിടിക്കാം എന്നതാണ് ലക്ഷ്യം. കലാകാരൻ വ്യക്തിമുദ്രയോടുകൂടി ഉചിതരൂപങ്ങളിൽ ആവിഷ്കരിക്കുകയാണിത്.
ഇവിടെ ഇപ്രകാരം പരാമർശിക്കാൻ കാരണം, കഴിഞ്ഞ ദിവസങ്ങളിൽ കേരളാ ലളിതകലാ അക്കാദിയുടെ കായംകുളം ആർട്ട് ഗ്യാലറിയിൽ നടന്ന ഒരു പ്രദർശനമാണ്.
ഗാന്ധി ദർശൻ വേദിയുടെ ആഭിമുഖ്യത്തിലാണ് പ്രദർശനം സംഘടിപ്പിച്ചത്.പന്ത്രണ്ടോളം ചിത്രകാരൻമാർ ഗാന്ധിജിയെ വരയ്ക്കുക എന്നതായിരുന്നു വിഷയം.

ഈ ലേഖനത്തിൻ്റെ തുടക്കത്തിൽ പറഞ്ഞ പോലെ കലാകാരന് ഇവിടെ നിർവഹിക്കാണ്ടായ ദൗത്യം എന്തായിരുന്നു?
വേണമെങ്കിൽ ഗാന്ധിജിയുടെ മുഖം വരയ്ക്കാം. അപ്പോൾ ഗാന്ധിജിയുടെ മൂല്യങ്ങൾ എപ്രകാരം പ്രതിഫലിപ്പിക്കും?

 ഏതു തരം കലയ്ക്കാണ് മേന്മയെന്നുള്ളത് ഒരു തർക്ക വിഷയമാണ്.   മനുഷ്യവർഗ്ഗത്തിന്റെ നിയമകർത്താവും സംസ്കാരത്തിന്റെ മുന്നോടിയുമാണ് കവി എന്നു ഷെല്ലി പറയുന്നുണ്ട്. നേരേമറിച്ച്, ലിയോണാർഡോ ഡാവിഞ്ചി  പറയുന്നത് ഇപ്രകാരമാണ്: "ചിത്രകലയെ അധിക്ഷേപിക്കുന്നവർ പ്രപഞ്ചത്തെക്കുറിച്ചുള്ള മൌലികവും ഉത്കൃഷ്ടവുമായ ഒരു ആദർശത്തെയാണ് അധിക്ഷേപിക്കുന്നത്. ചിത്രകല പ്രകൃതിയുടെ പുത്രി അഥവാ, പൗത്രി ആണെന്നു പറയാം. ആസ്തിക്യമുള്ള ഏതും പ്രകൃതിയിൽനിന്നു ജനിച്ചതാണ്. പ്രകൃതിയുടെ സന്താനമായ മനുഷ്യന്റെ സർഗ്ഗവിശേഷമാണ് ചിത്രകല. അതുകൊണ്ടാണ് ഞാൻ പറയുന്നത്, ചിത്രകല പ്രകൃതിയുടെ പൗത്രിയും ഈശ്വരന്റെ സംബന്ധിയുമാണെന്ന്. ചിത്രകലയെ അപലപിക്കുന്നവർ പ്രകൃതിയെയാണ് അപലപിക്കുന്നത്."

നമ്മൾ ഗാന്ധിജിയെ രാഷ്ട്രീയവൽക്കരണം നടത്തുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്തണം. ഇവിടെ ഗാന്ധി ചിത്രങ്ങൾ വരച്ച ചിത്രകാരൻമാർ അത്തരത്തിലൊരു വിശകലനത്തിലേക്കാണ് പോയത്.

ചിത്രകാരന്റെ ഭാഷ സാർവ്വജനീനമാണ്. കണ്ണുള്ളവർക്കെല്ലാം അതു നിഷ്പ്രയാസം ഗ്രഹിക്കാം. ഡാന്റിയുടെ കവിത ഇറ്റാലിയൻഭാഷ പഠിച്ചിട്ടുള്ളവർക്കു മാത്രമേ ആസ്വദിക്കുവാൻ സാധിക്കുകയുള്ളൂ. എന്നാൽ റഫേലിന്റേയും ലിയൊണാർഡോവിന്റേയും രചനകളെ മനസ്സിലാക്കുവാൻ ഇറ്റാലിയൻ പഠിക്കേണ്ട. ചിത്രകലയ്ക്കുള്ള സാർവ്വത്രികത്വം യാതൊരു ഭാഷയ്ക്കും ലോകത്തിൽ കൈവന്നിട്ടില്ല.

ചിത്രകലയ്ക്കു വേണമെങ്കിൽ പറയാവുന്ന ഒരു ന്യൂനത കാലപരിമിതിയാണ്. ഒരേയൊരു നിമിഷം മാത്രമേ ഒരു ചിത്രത്തിൽ സന്നിവേശിപ്പിക്കാൻ കഴിയൂ. അതേ സമയം, എഴുത്തുകാർക്ക് കാലപാരതന്ത്ര്യമില്ലാത്തതുകൊണ്ട്, എത്ര വേണമെങ്കിലും ഭൂതകാലത്തേക്കു സഞ്ചരിക്കാം. വർത്തമാനകാലത്തെ തന്നെ കൂടുതൽ വിശദമാക്കാം, വേണമെങ്കിൽ ഭാവിയെ ദ്യോതിപ്പിക്കാം.
എന്നാൽ ചിത്രകലയിലും ഇതു സാദ്ധ്യമാക്കിയിട്ടുണ്ട്. രണ്ടു ഉദാഹരണങ്ങൾ പറയാം.
ഒന്ന് പിക്കാസോയുടെ ഗോർണിക്ക, മറ്റൊന്ന് സാൽവദോർ ഡാലിയുടെ
ദ പെർസിസ്റ്റൻസ് ഓഫ് മെമ്മറി.ഒരു കഥ ആദ്യം‌മുതൽ അവസാനംവരെ കാലക്രമത്തിലോ മറിച്ചോ പ്രതിപാദിക്കുവാൻ എഴുത്തുകാരനു കഴിയും.  എന്നാൻ ചിത്രകാരന് ആ കഥയിലുള്ള ഒരു വിശിഷ്ടനിമിഷത്തിലെ അനുഭവം മാത്രം തിരഞ്ഞെടുക്കുകയേ നിർവ്വാഹമുള്ളൂ.ഡാലി സമയത്തെ വരച്ചിരിക്കുന്നത് നോക്കുക.

1932-ൽ ഈ ചിത്രം ന്യൂയോർക്കിലെ ജൂലിയൻ ലെവി ഗാലറിയിലാണ് ഉണ്ടായിരുന്നത്. 1934 ൽ ഈ ചിത്രം  ന്യൂയോർക്കിൽ ഉള്ള മ്യൂസിയം ഓഫ് മോഡേൺ ആർട്ടിലേക്കു മാറ്റി.

പതുക്കെപ്പതുക്കെ ഉരുകിയൊലിക്കുന്ന അവസ്ഥയിലുള്ള ഘടികാരങ്ങളാണ് ചിത്രീകരിച്ചിരിക്കുന്നത്. 1930-കളിൽ രൂപംകൊണ്ട, യുക്തിരഹിതമായ ബോധത്തെ ചിത്രീകരിക്കുന്ന, വിചിത്രമായ സർറിയലിസ പ്രസ്ഥാനത്തിന്റെ സാക്ഷ്യപത്രങ്ങളിൽ ഒന്നായി ഈ ചിത്രത്തെ കാണാം.

ആർദ്രതയും കാഠിന്യവും സമന്വയിക്കുമ്പോൾ എന്തു സംഭവിക്കും എന്ന് വരച്ചു കാട്ടുകയാണ് ഡാലി. പ്രപഞ്ചത്തിൽ സ്ഥായിയായ ക്രമങ്ങളുണ്ട് എന്ന് കരുതുന്ന മനസ്സ് കാഠിന്യത്തെ സൂചിപ്പിക്കുന്നുവെന്ന് സങ്കൽപ്പിക്കാമെങ്കിൽ, ആ ക്രമം ഉരുകിയൊലിക്കുന്നത് ആർദ്രതയെ സൂചിപ്പിക്കുന്നുവെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

തകർന്നു പോയി പൂഴിമണ്ണിൽ മുഖം പൂഴ്ത്തിയിരിക്കുന്ന ഒരു മനുഷ്യരൂപത്തെയും കാണാം. ഡാലിയുടെ പല ചിത്രങ്ങളിലും ഈ രൂപം പ്രത്യക്ഷപ്പെടാറുണ്ട്. ഇത് പൊതുവേ മാനവരാശിയെ പ്രതിനിധാനം ചെയ്യുന്ന രൂപമാണെന്നും, പ്രത്യകിച്ച് തന്നെത്തന്നെ ചൂണ്ടിക്കാണിക്കുന്ന പ്രതീകമാണെന്നും ദാലി തന്നെ വിശദീകരിച്ചിട്ടുണ്ട്.

നാം സ്വപ്‌നം കാണുന്ന സമയത്തും യഥാർത്ഥ സമയം കടന്നു പൊയ്‌ക്കൊണ്ടിരിക്കുന്നുവെന്നും, ഓർമ്മയെ കാലദൈർഘ്യമെന്നു വിവക്ഷിക്കാമെങ്കിൽ, വളഞ്ഞു പുളഞ്ഞു കൊണ്ടു മുന്നോട്ടു പോകുന്ന ഓർമ്മകളും ചിരസ്ഥായിയായ കാലമാണെന്നും സൂചിപ്പിക്കുകയാണ് ഡാലി എന്നും ഇതെക്കുറിച്ച് പരാമർശം ഉണ്ട്.

യുദ്ധത്തിന്‍റെ ക്രൂരതയും ആസുരതയും നിശ്ശൂന്യതയും പ്രകടിപ്പിക്കുന്ന ഗോര്‍ണിക്ക എന്ന ചിത്രമാണ് അദ്ദേഹത്തിന്‍റെ വിശ്വ പ്രസിദ്ധമായ ചിത്രം. സ്പെയിനിലെ ഗോര്‍ണിക്കയില്‍ നടന്ന ജര്‍മ്മന്‍ ബോംബാക്രമാണ് ഇതിന്‍റെ പശ്ഛാത്തലം.
കാലത്തെ അടയാളപ്പെടുത്തുകയാണ് ഈ ചിത്രം '
 ഓരോ കലയ്ക്കും സിദ്ധമാകുന്ന ഗുണവിശേഷമെന്താണെന്ന് അന്വേഷിക്കുകയാണിവിടെ.ഈ വിധത്തിലാണ് ഗാന്ധി ചിത്രങ്ങളേയും കാണേണ്ടത്. കാലത്തിൻ്റെ അടയാളപ്പെടുത്തലാണിത്.

സി.കെ.വിശ്വനാഥൻ

 
 
 
 

Recipe of the day

Jun 142021
Ingredients 2 cup pasta 1 tsp oil 1 tsp salt For masala paste---