Error message

  • The file could not be created.
  • The file could not be created.

കളഞ്ഞു പോയ ബ്രേസ് ലെറ്റ്

 

അനുഭവം

പ്രവാസജീവിതത്തിനിടയിൽ എനിക്ക്‌ കിട്ടിയ ആദ്യ ശമ്പളവും ഭർത്താവിന് അപ്രതീക്ഷിതമായി കൈയിൽ വരുന്ന നീക്കിയിരുപ്പുകളും ഒക്കെ കുഞ്ഞു സ്വർണനിക്ഷേപങ്ങൾ ആക്കി മാറ്റുന്ന ഒരു പതിവുണ്ടായിരുന്നു ആദ്യ വർഷങ്ങളിൽ. അപ്രതീക്ഷിതമായി കിട്ടുന്ന കുഞ്ഞു തുകകൾ കൈയിൽ നിന്ന് ചോർന്നു പോകാൻ ഒട്ടും സമയമെടുക്കില്ലെന്നറിയാവുന്നതു കൊണ്ട് ഒരു നിക്ഷേപമായി തന്നെ ആയിരുന്നൂ അവ വാങ്ങിയിരുന്നത്. അതുകൊണ്ട് തന്നെ കല്ല് വെച്ചതോ പണിക്കൂലി കൂടിയതോ ഒന്നും അധികം നോട്ടമിടാറില്ല . 

അങ്ങനെയൊരിക്കൽ ജ്വല്ലറി സന്ദര്ശിച്ചപ്പോളാണ് ഒരു പ്രത്യേക തരം ഇലകൾ വെച്ച ഒരു ബ്രേസ് ലെറ്റ് കണ്ടത് . ആ ഇലകൾ എൻറെ ഡിഗ്രിക്കാലം ഓർമിപ്പിച്ചു : കോളേജിന്റെ നടപ്പാതയിൽ അതുപോലുള്ള ഇലകൾ നിറയെ വീണു കിടന്നിരുന്നു . എല്ലാ ഋതുക്കളിലും ഇലകൾ പൊഴിച്ച് കൊണ്ടിരുന്ന ഒരു വന്മരം കോളേജിന്റെ ഒരു അടയാളം ആയിരുന്നൂ .രണ്ടോ രണ്ടേകാലോ പവൻ ഉണ്ടായേക്കാവുന്ന ഒരു ബ്രേസ് ലെറ്റ് ആയിരുന്നൂ അത് , നമ്മുടേ പോക്കറ്റിനിണങ്ങുന്നത് , അധികം വിളക്കിച്ചേർക്കലുകളും പണിക്കൂലിയുംഇല്ലാത്തത് . അധികം ആലോചിക്കാതെ വാങ്ങി.ഏതു ഡ്രെസ്സിനും ഇണങ്ങുന്നതായതു കൊണ്ട് ജോലി ചെയ്തിരുന്ന കാലഘട്ടത്തിൽ മിക്കവാറും അത് കൈയിൽ തന്നേ ഉണ്ടായിരുന്നു . അഴിച്ചു വെച്ചത് നാട്ടിൽ കുറച്ചു കാലം നിന്നപ്പോൾ ആണ് . 

നാട്ടിലെ ജീവിതത്തിൽ ആ ബ്രേസ്‌ലെറ്റ് പലപ്പോളും എനിക്ക്‌ സഹായത്തിനു വരുന്ന അനിയത്തിക്കുട്ടിയുടെ വീട്ടിലെ അത്യാവശ്യങ്ങൾ നിറവേറ്റാൻ ഇടയ്ക്കിടെ ബാങ്കിൽ പണയ വസ്തുവായി പോകാൻ തുടങ്ങിയിരുന്നു.പണയം തിരിച്ചെടുക്കുമ്പോൾ ആ കുട്ടി നന്നായി കഴുകി മിനുക്കിയാണ് തരാറ് . അത് കൊണ്ട് തന്നെ കുറച്ചു ദിവസം കൈയിൽ ഇടുകയും ചെയ്യും . മിന്നുന്ന പൊന്ന് കണ്ടാൽ മയങ്ങാത്ത പെണ്ണുണ്ടോ !

അങ്ങനെ എൻറെ കൈയിലും നാട്ടിലെ ബാങ്കിലുമൊക്കെയായി സുഖജീവിതം ആയിരുന്ന നാളുകളൊന്നിൽ, ബാങ്കിൽ നിന്ന് വന്ന് ബ്രേസ് ലെറ്റ് എൻറെ കൈയിലിരിക്കുന്ന സമയത്തു, ഒരു ദിവസം കാലത്തു് നോക്കുമ്പോൾ കൈയിൽ കാണാനില്ല .ഉറക്കത്തിൽ അഴിഞ്ഞു പോയതായിരിക്കും എന്ന് കരുതി വീട് മുഴുവൻ നോക്കി , തലേന്ന് വൈകീട്ട് മക്കളെ സ്കൂളിൽ നിന്ന് എടുത്തതിനു ശേഷം കൈയിൽ ഉണ്ടായോ എന്നൊന്നും വേർതിരിച്ചു് ഓർക്കാൻ കഴിയാത്തതു കൊണ്ട് കാറിലും തപ്പി. എന്നേക്കാൾ അതിന്റെ ഉടമസ്ഥയായി മാറിയ അനിയത്തിക്കുട്ടി ഓടിവന്നു. അന്വേഷണം എവിടെയുമെത്തിയില്ല.അപ്പോളാണ് അവളുടെ വക ഒരുപദേശം ; ചേടത്തിയമ്മ മൂലയ്ക്കലേ മുത്തപ്പന് ഒരു കുപ്പി എണ്ണ തരാം എന്ന് ഒരു നേര്ച്ച നേരൂ , ബ്രേസ്‌ലെറ് തിരിച്ചു് മുത്തപ്പൻ കൊണ്ട് തരും, എനിക്ക്‌ അനുഭവം ഉണ്ട് എന്ന് . ബുദ്ധിമുട്ടില്ലാത്ത ഒരു കാര്യമല്ലേ , തൊട്ടടുത്താണ് സ്ഥലം . ഇപ്പോ തന്നേ പോയി എണ്ണ കൊടുത്തേക്കാം എന്ന് പറഞ്ഞ് ഞാൻ അവളെയും കൂട്ടി പോകാനൊരുങ്ങി . എന്നാൽ അതിന്റെ കൂടെ ഒരു കൂട് മെഴുകുതിരി മാതാവിനും കൊടുക്കാം എന്ന് അവൾ . അതും നിനക്ക് അനുഭവമുണ്ടോ , ഇതിനു മാത്രം സ്വർണം കളഞ്ഞു പോവാൻ ഉണ്ടായിട്ടാണോ നീ മുട്ടിന് മുട്ടിന് എന്റെ കൈയിൽനിന്ന് പണയം വെക്കാൻ വാങ്ങുന്നത് എന്നിങ്ങനെയുള്ള സംശയങ്ങളൊക്കെ വന്നെങ്കിലും നമ്മുടേ സാധനം കിട്ടുക എന്നതാണ് പ്രധാന ലക്‌ഷ്യം എന്നതുകൊണ്ടും അതേന്നേക്കാൾ ഒരു പടി മുന്നിൽ അവളുടെയും ആവശ്യം ആണെന്നത് കൊണ്ടും ഒന്നും മിണ്ടാതെ വണ്ടിയെടുത്തു പുറപ്പെട്ടു മൂലയ്ക്കലെ മുത്തപ്പന് എണ്ണ വാങ്ങി കൊടുത്തു് അവിടന്ന് തന്നെ മെഴുകുതിരിക്കൂട് വാങ്ങി പള്ളിയിൽ പോയി മെഴുകുതിരി കത്തിച്ചു് തിരിച്ചു വന്ന് വണ്ടി പാർക്ക് ചെയ്ത് ഇറങ്ങുമ്പോ ഡ്രൈവർ സീറ്റിന്റെ കാർപെറ്റിൽ പള്ളിയിലെ മണ്ണും പുല്ലും പറ്റി പിടിച്ചത് കണ്ട് അത് കളയാൻ കാര്പെറ്റ് എടുത്തതും അതാ അതിനടിയിൽ എൻറെ ബ്രേസ് ലെറ്റ് ! മുത്തപ്പനാണോ മാതാവാണോ ആരാണാവോ ഇതിപ്പോ കണ്ണിന്റെ മുന്നിൽ കാണിച്ചതെന്നോർത് അന്തിച്ചു നിന്ന എൻറെ കൈയിൽ നിന്ന് ബ്രേസ് ലെറ്റ് വാങ്ങിക്കൊണ്ട് അവളുടെ ഡയലോഗ് : ചേടത്തിയമ്മ ഇത് പോയെന്ന് വിചാരിച്ചതല്ലെ , ഞാൻ കാരണം അല്ലെ കിട്ടിയേ , അപ്പൊ ഇതെന്റല് ഇരിക്കട്ടെ . ഒരത്യാവശ്യം ഉണ്ട് , അടുത്തമാസം എടുത്തു തരാം ന്ന് . ബാങ്കിന്റെ ലോക്കറിൽ എന്റേതിനേക്കാൾ സേഫ് ആയി ഇരിക്കുമെന്നോർത്ത് ഞാനൊന്നും മിണ്ടിയില്ല .

പിന്നേ അതവൾ കൊണ്ട് തരുന്നത് ആറു മാസങ്ങൾക്ക് ശേഷമാണ് : നല്ല മിന്നുന്ന പൊന്നാക്കി . കൈയിലിട്ട് ആദ്യം പോയത് കുടുംബസമേതം തൃശൂർക്കാണ് . അവിടത്തെ ഫ്ലാറ്റിൽ താമസിക്കുമ്പോൾ ഞങ്ങൾ വീട്ടിൽ ഭക്ഷണം വെക്കാറില്ല .രാത്രി പാതിരാക്ക് ഒരു ഡ്രൈവ് ആയി പോയി അവിടെ കിടന്നുറങ്ങി പിറ്റേന്ന് രാത്രി ഒരു സിനിമ കണ്ട് പോരും . അത്രയേ അവിടെ നിൽക്കൂ . അപ്പോൾ പ്രാതൽ തൊട്ടടുത്ത വിയ്യൂർ ജയിൽ കൗണ്ടറിൽ കിട്ടുന്ന ഇഡ്ഡലി ആണ് . പതിവ് പോലെ ഇഡ്ഡലി വാങ്ങാൻ പോയതാണ് ഞങ്ങൾ . അവിടെ ചെന്നപ്പോൾ ഒരു ഭാഗ്യക്കുറി വിൽക്കുന്ന സ്ത്രീയെ കണ്ടു . അവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായി ഒരു വലിയ കുടുംബം മുഴുവൻ ഈ സ്ത്രീയുടെ വരുമാനം കൊണ്ട് കഴിയുന്നവരാണ് എന്ന് . അവരുടെ കൈയിൽ നിന്ന് ടിക്കെറ്റ് എടുത്തു് എൻറെ ഭർത്താവ് പറഞ്ഞു : ഈ ടിക്കെറ്റ് ഒന്നാം സമ്മാനം അടിച്ചാൽ ഈ ചേച്ചിക്ക് ഞാൻ ഒരു ലക്ഷം രൂപ കൊടുക്കും എന്ന് .അതവരോടും പറഞ്ഞെങ്കിലും അവരത് തമാശ ആയി എടുത്തു കാണും . ഇഡലി വാങ്ങി തിരിച്ചു വന്ന് ഭക്ഷണം കഴിഞ്ഞപ്പോൾ എൻറെ ബ്രേസ് ലെറ്റ് കാണുന്നില്ല കൈയിൽ . വീണ്ടും എല്ലായിടവും അരിച്ചു പെറുക്കി . പോയ വഴിയൊക്കെ പോയ് നോക്കി . അനിയത്തികുട്ടിയെ വിളിച്ചു ,അതെത്ര പവൻ ആണെന്നറിയാൻ . അവളാണല്ലോ അതിന്റെ തൂക്കം സ്ഥിരം നോക്കുന്ന ആൾ . കഥയൊക്കെ കേട്ടപ്പോൾ അവൾ പറഞ്ഞു , അതവിടെ ജയിലിന്റെ മുന്നിൽ അഴിഞ്ഞു വീണു കാണും , അവിടെ പോയപ്പോ കിട്ടിയില്ലെങ്കിൽ അതാലോട്ടറിക്കാരി എടുത്തു കാണും . ചേടത്തിയമ്മ ആ നേര്ച്ച നേർന്നേ , അതവൾ വീട്ടിൽ കൊണ്ട് തരും: എന്ന് . എനിക്കെന്തോ അങ്ങനെ ഉണ്ടാവാനാണ് സാധ്യത എന്ന് തോന്നിയെങ്കിലും ഇത്തവണ നേര്ച്ച നേരാൻ തോന്നിയില്ല . എൻറെ ഈ സ്വർണ ചെയിൻ എൻറെ കൈയിൽ കിടന്നതിനേക്കാൾ ആവശ്യക്കാരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ബാങ്കിൽ ആയിരുന്നൂ കിടന്നത് . അതുപോലെ ഇത്തവണ ഒരു വലിയ കുടുംബത്തിന്റെ ഏതെങ്കിലും ഒരത്യാവശ്യം നിറവേറ്റാൻ ആണ് പോയതെങ്കിലോ .. എന്റെ കൈയിൽ കിടക്കുന്നതിനേക്കാൾ എത്ര നല്ല കാര്യമാണത് !പോയിട്ട് വരട്ടേ..

മഞ്ജു ശ്രീകുമാർ

 

 

 

Fashion

Mar 72021
കൈകളിലെയും കാലുകളിലെയും കറുത്ത പാടുകള്‍ കാരണം നന്നായി ഒരു ഉടുപ്പ് ധരിക്കാന്‍ പോലും ബുദ്ധിമുട്ടുന്നവര്‍ അനവധിയാണ് .

Recipe of the day

Apr 172021
1. Mutton - 1/4 kg 2. Green chillies - 6 nos 3. Pepper - 1 tbsp 4. Ginger - 2 pieces 5. Garlic - 8 cloves 6. Onions - 2 nos 7. Tomatoes - 2 nos