കാഴ്ചകൾക്കപ്പുറം

"നീയത് മറിച്ചിടും,ന്റെന്നു അടിയും കിട്ടും നോക്കിക്കോ" അവർ പറഞ്ഞു മുഴുമിക്കും മുൻപേ എന്റെ മുൻപിൽ ഇരുന്ന ചായ കപ്പ്‌ അവൻ തട്ടി ഇട്ടിരുന്നു !
ഉള്ളിൽ വന്ന അമർഷം കടിച്ചിറക്കി കൃത്രിമമായ ചിരി മുഖത്തു വരുത്തിക്കൊണ്ട് ഞാൻ ആ അമ്മയോട് ,"സാരല്യ ചേച്ചി,കുഞ്ഞല്ലേ " എന്ന് ചുമ്മാ പറഞ്ഞു !

ട്രെയിൻ കേറിയപ്പോൾ തൊട്ട് ആ 6-7 വയസുള്ള കുട്ടിയുടെ കുറുമ്പ് എന്നെ വല്ലാതെ അസ്വസ്ഥം ആക്കുന്നുണ്ട് . ജനലിന്റെ അരികിൽ തന്നെ ഇരിക്കണം എന്ന അവന്റെ വാശിയിൽ തോറ്റു മാറി കൊടുക്കേണ്ടി വന്നത് ഞാൻ ആയിരുന്നു , ഉള്ളിൽ "ന്തുട്ട് തേങ്ങയ ജനലിന്റെ അവടെ ഇരിക്കണേ" , എന്ന ചോദ്യം തലപൊക്കി നോക്കിയെങ്കിലും , കുഞ്ഞിലേ തൊട്ട് ബസിലും,ഓട്ടോ റിക്ഷയിലും എവിടെ കേറിയലും ജനൽ തന്നെ വേണമെന്ന് വാശി പിടിച്ചു ഉറക്കെ കരയുന്ന ഒരു പെൺകുട്ടിയെ എനിക്ക് ഓർമവന്നു .

"ഇനി തൊട്ട് നോക്ക് " അവന്റെ കുഞ്ഞി വിരലുകൾ നീട്ടി പിടിച്ചു അവൻ അമ്മയെ തോണ്ടി വിളിച്ചു . കണ്ടില്ലെന്ന ഭാവേന കണ്ണുകൾ തുറക്കാതെ ചാരിക്കിടന്നു മയങ്ങുന്ന അമ്മയെ കണ്ട് നിരാശയോടെ അവൻ ജനൽ കമ്പികളിൽ പിടിച്ചു പുറത്തേക്കു നോക്കിയിരുന്നു . എനിക്കെന്തോ അവനോടു വല്ലാത്ത സങ്കടം തോന്നി ; അത്രയും സമയത്തിന് ഉള്ളിൽ തന്നെ ഒരുപാടു തവണ തൊടീച്ചു കളിച്ചത് കൊണ്ടാവണം അമ്മ തെല്ലും വിലവെക്കാതെ അവഗണിച്ചു കളഞ്ഞത് .
"ഞാൻ തൊട്ടാ മത്യാ??" ന്റെ ചോദ്യം കേട്ടതും സന്തോഷം നിറഞ്ഞ അവന്റെ കണ്ണുകൾ പെട്ടെന്ന് തന്നെ ചിമ്മിച്ചു കൊണ്ട് 'വേണ്ട ' എന്നവൻ പറഞ്ഞ് തിരിഞ്ഞു Lays packet പൊട്ടിക്കാൻ തുടങ്ങി .
Lays ഓരോന്നു പെറുക്കി വായിൽ വെക്കുന്നതിനിടക്ക് "ചേച്ചിക്ക് അയിന് ഇത് അറിയോ?? " ന്നൊരു ചോദ്യവും . കൊള്ളാം,വിരലുകളിൽ നുള്ളി നടക്കുമോ ഇല്ലയോ എന്ന് പറയിക്കുന്ന ഈ കളി എനിക്കു ഇപ്പോഴും വിശ്വാസം ഉണ്ടെന്നു ഇവന് അറിയില്ലലോ എന്നോർത്തുകൊണ്ട് ഞാൻ ഉവ്വെന്നു തലയാട്ടി .

"ഇത് പക്ഷെ കൊറേ നേരം ആയല്ലോ തൊടിക്കണേ??"

"അമ്മ തൊടുന്നത് എല്ലാം തെറ്റായോണ്ടാ" ,
അവന്റെ കണ്ണുകളിൽ നിറഞ്ഞ നിരാശ എന്നെ വിഷമിപ്പിച്ചു.

"നാളെ സ്കൂൾ ഉണ്ടോ എന്നല്ലേ നോക്കണേ ? ന്താ മോന്റെ പേര് ?

മറുപടി പറഞ്ഞത് അവന്റെ അമ്മ ആയിരുന്നു ; "ആരോമൽ" .
പതിയെ നിവർന്നിരുന്നു ഒന്നും ചോദിക്കാതെ അവർ തുടർന്നു :
" ഇവന്റെ തലേല് ഒരു മുഴ,ബയോപ്സി ചെയ്തപ്പോ കാൻസർ ആണെന്നൊക്കെ പറയുന്നുണ്ട് ,തിരുവനന്തപുരത്ത് റിജിയനിൽ ഒന്ന് കാണിക്കാം ന്നു വെച്ച് അങ്ങോട്ട്‌ പുവ്വാണ് ".

വെള്ളിടി വെട്ടിയ പോലെ ഇരുന്നു പോയത് ഞാൻ ആണ് . ഒന്നൂടി കേട്ടത് ഉറപ്പിക്കാൻ എന്റെ മനസിന്‌ ശക്തി ഉണ്ടായില്ല . കണ്ണീർ വറ്റിയ അവരുടെ വിളറിയ കണ്ണുകളെ നോക്കാൻ കഴിയാതെ ഞാൻ മൗനം കൊണ്ട് വലിയൊരു മറ എനിക്ക് മുൻപിൽ തീർത്തു . മൗനം നെഞ്ചിൽ വിങ്ങിപൊട്ടി പുറത്തേക്കു വരാതെ ഇരിക്കാൻ പരമാവധി ചുണ്ടുകൾ അമർത്തി ഞാൻ ചാരി ഇരുന്നു .
Lays packet സാവധാനം താഴെ വെച്ച് കൊണ്ട് അവന്റെ കൈകൾ നിക്കറിൽ അമർത്തിതുടച്ചു വിരലുകളിൽ പിന്നെയും നുള്ളി കൊണ്ട് അവൻ അമ്മയുടെ നേരെ നീട്ടി , "ഇത്തവണ വയ്യായ മാറും എന്ന് തന്നെയാ വര്വാ,അമ്മ ഒന്നൂടി തൊട്ടേ" !

 

പ്രസിഷ മനു കുരിശിങ്കൽ

Fashion

Mar 162019
"Indian clients want good designs at a good price, especially in the luxury market.

Entertainment

Nov 122019
The online delegate registration for the 24th International Film Festival of Kerala (IFFK) will commence on Tuesday. The festival is scheduled to be held from December 6 to 13.