ഡോക്ടർ കഫീൽ ഖാൻ ജയിലിലായിരുന്നു.ഒന്നും രണ്ടും ദിവസങ്ങളല്ല ; ഒമ്പതു മാസത്തെ തടവ്.2017ൽ ഉത്തർപ്രദേശിലെ ബി.ആർ.ഡി മെഡിക്കൽ കോളേജിൽ അറുപതോളം കുഞ്ഞുങ്ങൾ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചപ്പോൾ,കഫീൽ ഖാൻ ഡ്യൂട്ടിയിലുണ്ടായിരുന്നു.സ്വന്തം പോക്കറ്റിൽ നിന്ന് പണംമുടക്കി പുറത്തുനിന്ന് ഒാക്സിജൻ സിലിണ്ടർ എത്തിച്ച് വിലപ്പെട്ട ജീവനുകൾ സംരക്ഷിക്കാൻ കഫീൽ ശ്രമിച്ചതാണ്.പക്ഷേ കൃത്യവിലോപം ആരോപിച്ച് ആ മനുഷ്യനെ ഇരുമ്പഴികൾക്കുള്ളിൽ പൂട്ടുകയാണ് ചെയ്തത് !
ഒടുവിൽ സത്യം പുറത്തുവന്നു.കഫീൽ കുറ്റവിമുക്തനാക്കപ്പെട്ടു.അതിനുപിന്നാലെ എൻ.ഡി.ടി.വിയ്ക്ക് നൽകിയ അഭിമുഖത്തിൽ കഫീൽ ഇങ്ങനെ പറഞ്ഞു-
''എൻ്റെ കുട്ടികളോടൊപ്പം കൂടുതൽ സമയം ചെലവഴിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു.എൻ്റെ മകൾക്ക് കേവലം പത്തുമാസം പ്രായമുള്ളപ്പോഴാണ് അവർ എന്നെ പിടിച്ചുകൊണ്ടുപോയത്.ജയിലിൽനിന്ന് മടങ്ങിവന്നപ്പോൾ എൻ്റെ മകൾ എന്നെ തിരിച്ചറിഞ്ഞില്ല.ആരാണിയാൾ എന്ന മട്ടിൽ അവൾ ബഹളം വെച്ചുകൊണ്ടിരുന്നു....! ''
ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കും കഫീലിൻ്റെ സ്വരം ഇടറിയിരുന്നു.കണ്ണുകളിൽ നനവ് പടർന്നുതുടങ്ങിയിരുന്നു.ഒരു നിമിഷത്തെ മരവിപ്പിനുശേഷം അദ്ദേഹം തുടർന്നു-
''പക്ഷേ എനിക്ക് ഒട്ടും കുറ്റബോധമില്ല.ഒരു പിഞ്ചുകുഞ്ഞിനെ രക്ഷിക്കാനുള്ള അവസരം ലഭിച്ചാൽ ഇന്നും ഞാൻ അത് ചെയ്തിരിക്കും....''
ആ വാക്കുകൾ തെളിയിക്കുന്നത് കഫീലിൻ്റെ മഹത്വമാണ്.അദ്ദേഹത്തെ കേരളത്തിന് മറക്കാനാവുമോ?2018ൽ നിപ പൊട്ടിപ്പുറപ്പെട്ട സമയത്ത് കേരളത്തിൽവന്ന് സേവനം ചെയ്യാൻ സന്നദ്ധതയറിയിച്ച വ്യക്തിയാണ് കഫീൽ.തൻ്റെ ജീവൻ ബലിയർപ്പിക്കാൻ പോലും തയ്യാറാണെന്നാണ് അദ്ദേഹം അന്ന് പറഞ്ഞത് !
യു.പിയിൽ പിഞ്ചുകുഞ്ഞുങ്ങൾ മരണപ്പെട്ടത് അധികൃതരുടെ അനാസ്ഥ മൂലമാണ് എന്ന സത്യം വിളിച്ചുപറഞ്ഞു എന്നൊരു 'അപരാധം' മാത്രമേ കഫീൽ ചെയ്തിട്ടുള്ളൂ.അതിന് അദ്ദേഹത്തിന് ലഭിച്ച ശിക്ഷ വളരെ വലുതായിരുന്നു.ആദ്യം ചികിത്സാചുമതലകളിൽ നിന്ന് ഒഴിവാക്കി.പിന്നീട് പരസ്യശാസനയും സസ്പെൻഷനും ലഭിച്ചു.അവസാനം ജയിൽവാസവും ! കഫീലിൻ്റെ സഹോദരനെ അപായപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു !
തടവറയ്ക്കുള്ളിൽ അദ്ദേഹത്തിന് നഷ്ടപ്പെട്ട ദിവസങ്ങൾ തിരികെ നൽകാൻ ആർക്കെങ്കിലും സാധിക്കുമോ? സ്വന്തം രക്തത്തിൽ പിറന്ന മകളുടെ വളർച്ചയുടെ ഒരു സുപ്രധാന ഘട്ടം കഫീലിന് ആസ്വദിക്കാനായില്ല.സത്യസന്ധതയും അർപ്പണബോധവും ആത്മാർത്ഥതയുമുള്ള ഒരു ഡോക്ടറുടെ സേവനം സമൂഹത്തിന് കുറേനാളത്തേക്ക് നഷ്ടമായി.ഈ മുറിവുകളെല്ലാം ഉണക്കാനാകുമോ? കഫീൽ നിരപരാധിയാണെന്ന റിപ്പോർട്ട് പോലും മാസങ്ങളുടെ പൂഴ്ത്തിവെയ്പ്പിനൊടുവിലാണ് വെളിച്ചം കണ്ടത് !
ഒരുപക്ഷേ 'കഫീൽ ഖാൻ' എന്ന പേരാണ് പലരുടെയും പ്രശ്നം.ഫാസിസത്തിനെതിരെ പൊരുതുന്ന എല്ലാവരും നോട്ടപ്പുള്ളികളാകുന്ന കാലഘട്ടമാണിത്.പക്ഷേ അനീതിയ്ക്കെതിരെ ശബ്ദമുയർത്തുന്നത് ഒരു മുസ്ലിം ആണെങ്കിൽ അമർഷത്തിൻ്റെ തോത് കൂടും.ദളിതർക്കും മുസ്ലീങ്ങൾക്കുമൊക്കെ അനുദിനം ജീവിതം ദുഃസ്സഹമായി വരികയാണ്.
ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമാണെന്നും മുസ്ലീങ്ങൾക്കും ക്രിസ്ത്യാനികൾക്കും ഇവിടെ സ്ഥാനമില്ലെന്നും പരസ്യമായി പറയാൻ ഇന്ന് പലർക്കും ഒരു മടിയുമില്ല.ബീഫ് കഴിക്കുകയോ കൈവശം വെയ്ക്കുകയോ വിൽപന നടത്തുകയോ ചെയ്താൽ സ്വന്തം ജീവൻ തന്നെ കൈമോശം വന്നേക്കാം.ഗോസംരക്ഷണത്തിൻ്റെ മറവിൽ രാജ്യമെമ്പാടും മുസ്ലീങ്ങളെ ആക്രമിക്കുന്നുണ്ട്.മർദ്ദിക്കുന്നതിൻ്റെ തെളിവുകൾ ഉണ്ടായാലും പ്രതികൾ രക്ഷപ്പെട്ടെന്നുവരും !
റാഞ്ചിയിൽ തബ്രിസ് അൻസാരി എന്ന യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നതാണ്.അൻസാരിയുടെ മരണകാരണം ഹൃദയസ്തംഭനമാണെന്നും പ്രതികൾക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധിക്കില്ലെന്നും പൊലീസ് പിന്നീട് വ്യക്തമാക്കുകയും ചെയ്തു !
പൊതുസ്ഥലത്ത് മല വിസർജനം നടത്തിയതിന് മദ്ധ്യപ്രദേശിൽ രണ്ട് ദളിത് കുട്ടികളെ മർദ്ദിച്ചുകൊന്നതിൻ്റെ ഞെട്ടൽ തീർന്നിട്ടില്ല.ആ പൊതിഞ്ഞുകെട്ടിയ മൃതദേഹങ്ങൾ കണ്ണിൽ നിന്ന് മായുന്നില്ല.
ഇതൊക്കെയാണ് പുതിയ ഇന്ത്യ ! ഇവിടെ കഫീൽ ഖാനെപ്പോലുള്ള നല്ല മനുഷ്യർക്ക് പുല്ലുവിലയാണ് !അത്തരക്കാർ ഒരുപാട് അനുഭവിക്കേണ്ടിവരും.പല ഇടങ്ങളിലും അവർ ഒറ്റപ്പെടും...
പക്ഷേ ഫാസിസം എല്ലാക്കാലത്തും വിജയിച്ചുനിൽക്കുകയില്ല.ആൻ ഫ്രാങ്ക് എന്ന പെൺകുട്ടിയുടെ കഥ വായിച്ചിട്ടുണ്ടാവുമല്ലോ.ജൂതരായി പിറന്നതിൻ്റെ പേരിലാണ് ആൻ ഫ്രാങ്കിനെയും കുടുംബത്തിനെയും നാസിപ്പട്ടാളം വേട്ടയാടിയത്.അന്ന് ഹിറ്റ്ലറുടെ കാലമായിരുന്നു.പക്ഷേ ചരിത്രം ജേതാവായി അടയാളപ്പെടുത്തിയത് ആൻ ഫ്രാങ്കിനെയാണ്.അവളുടെ ഡയറിക്കുറിപ്പുകൾ ഇന്ന് ലോകം മുഴുവനും ആദരവോടെ വായിക്കുന്നു.അവളെ ദ്രോഹിച്ച ഏകാധിപതിയെ എല്ലാവരും വെറുക്കുന്നു.
കഫീൽ ഖാനും ഒരു ജേതാവാണ്.അദ്ദേഹത്തിൻ്റെ നഷ്ടങ്ങളും തോൽവികളും താത്കാലികമാണ്.ചരിത്രം കഫീലിനെ ഹീറോ എന്ന് വിളിക്കും.ആ മനുഷ്യനെ വേദനിപ്പിച്ചവർ വിസ്മൃതിയിലേക്ക് സഞ്ചരിക്കും
Post a new comment
Log in or register to post comments