ഇരുപത്തിയൊന്നാമത്തെ ആൾ

അവളെപോലെ ഞാനും തണുത്തു മരവിച്ചിരുന്നു.

അവൾക്കു ചുറ്റുമുള്ള ഇരുപതു പേരെ ഞാൻ കണ്ടില്ല.
പക്ഷെ, അമ്മേ ചേച്ചീ അനിയത്തീ മോളെ വിളികൾ കൊണ്ട് ഞാനവരെ തിരിച്ചറിയുന്നുണ്ടായിരുന്നു.

'ശാരദേടത്തി ഇങ്ങട് വന്നേ'.

ആരോ ശാരദേടത്തിയെ വിളിക്കുന്നു. ഇതാണ് ശാരദേടത്തി. അവളുടെ ഒറ്റ ജിമിക്കി പണയത്തിൽ വെച്ചത് അവരാണ്.
തിരിച്ചു കൊടുക്കാൻ പറഞ്ഞാലോ.
കൊതിച്ചു മേടിച്ച ജിമിക്കിയാണെന്ന് മിനിയാന്നും പറഞ്ഞതാണ്.

മരണവീട്ടിൽ വരേണ്ട ഇരുപതാളുകളുടെ ലിസ്റ്റുമായി ആരൊക്കെയോ എന്നെ ഒത്തു നോക്കുന്നുണ്ട്
ഞാൻ ഇരുപത്തിയൊന്നാമനാണ്.
ഇത്രടം വരെ വരാൻ എന്നെ നിങ്ങൾ അറിയിക്കണമെന്നില്ല.
ഒന്നും മിണ്ടാത്ത ആറു മണിക്കൂറുകൾ കൊണ്ട് എനിക്കറിയാം അവളിനി വരില്ലെന്ന്.

എടുക്കാമെന്നാരോ പറയുന്നു.

എടുക്കുകയാണത്രെ
തല ഭാഗത്തു അയാളാകും പിടിക്കുക.
പക്ഷെ കലെനിക്കു പിടിക്കണം.
അല്ലെങ്കിലും അവളുടെ കാൽ വെള്ളകളിൽ ഉരുമ്മിയുറങ്ങിയ ഓർമകളാണ് ശ്വാസത്തിൽ പോലും .

ഈ കൂടി നിൽക്കുന്ന ഇരുപതു പേരും അവൾക്കാരുമായിരുന്നില്ല
നല്ലതായ ഒരോർമ്മപോലും അവളാരെയും പറ്റി പറഞ്ഞു കേട്ടിട്ടില്ല..
വിരസതയുടെ , മടുപ്പിന്റെ, മാറാലകൾക്കിടയിൽ നിന്നും അവളണച്ചു വന്നെന്റെ മടിയിൽ കിടന്നു പറഞ്ഞിട്ടുണ്ട്.
അയാളെ എനിക്കിഷ്ടമല്ലാന്ന്.
ആ അയാളാണ് നിനക്കൊപ്പം അവസാനമിരിക്കേണ്ടവരുടെ ലിസ്റ്റിലെ ആദ്യ പേരുകാരൻ എന്നവളോട് പറഞ്ഞു ചിരിക്കണമെന്നു തോന്നി.

എനിക്ക് ചിരിക്കാൻ അവളും അവൾക്ക് കരയാൻ ഞാനും മാത്രമേ ഉള്ളൂ എന്ന തിരിച്ചറിവിൽ ഞാനവിടെ അന്തിച്ചിരുന്നു.
എനിക്ക് മുന്നിൽ ശൂന്യതയുടെ കണ്ണെത്താക്കയങ്ങളാണ്.

വീണ്ടും ആരോ എണ്ണുന്നു.
ബന്ധുക്കളല്ലാത്തവർ പുറത്തു പോകണമെന്ന് പിറുപിറുക്കുന്നു.
പോലീസ് വന്നാൽ പ്രശ്നമാകുമത്രേ.
എന്ത് മനുഷ്യരാണ്.
അവൾക്കിവിടെ ഞാൻ മാത്രമേ വേണ്ടൂ ന്ന് പോലും അറിയാത്തവരുടെ ഇടയിൽ വിറങ്ങലിച്ച മുഖവുമായി ഇരിക്കുന്ന അവളെ കണ്ടപ്പോൾ എനിക്ക് പാവം തോന്നി.
ഇവർക്കിടയിൽ ഇവളെങ്ങനെ ഇരിക്കാനാണ് എന്ന തിരിച്ചറിവിൽ ഞാനവളെയും കോരിയെടുത്തു തിരിഞ്ഞോടി.

ഞങ്ങളുടെ ബന്ധം ചോദിക്കാൻ നിങ്ങളാരാണ് എന്നെന്റെ തോളിൽ
കിടന്നവൾ കൊഞ്ഞനം കുത്തി.

അഡ്വ. ഷാനിബ അലി