സിന്ധൂരാരുണ വിഗ്രഹേ

Mookambika

കേരളത്തിൽ ആലുവാപ്പുഴയുടെ തീരത്ത് നിന്നുള്ള യുവയോഗി തന്റെ തീവ്രമായ തപസ് കൊണ്ട് പരാശക്തിയായ ദേവിയെ പ്രത്യക്ഷയാക്കുന്നു.തന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ട ദേവിയോട്, തന്റെ ജന്മദേശത്ത് ഒരിടത്ത് വന്ന് കുടിയിരിക്കാൻ യോഗി അപേക്ഷിക്കുന്നു.അത് സമ്മതിച്ച ദേവി, തന്റെ മുൻപിൽ നടക്കാനും, ലക്ഷ്യ സ്ഥാനം എത്തുന്നത് വരെ , എന്ത് സംഭവിച്ചാലും തിരിഞ്ഞു നോക്കരുത് എന്നും ശങ്കരൻ എന്ന യുവയോഗിയോട് നിഷ്കർഷിക്കുന്നു.തനിക്ക് തൊട്ട് പിന്നിൽ ദേവിയുടെ ചിലങ്കയുടെ നാദം കേട്ട് , അവർ സന്യാസിയുടെ സ്വദേശമായ കേരളത്തിലേക്ക് തിരിക്കുന്നു.കേരളത്തിൽ നിന്ന് ഒരു അൽപ്പം അകലെ, കർണാടകയിലെ, കൊല്ലൂർ എന്ന സ്ഥലത്ത് വച്ച് ദേവിയുടെ ചിലമ്പൊലി ശബ്ദം കേൾക്കാതെ ആകുന്നു.പരിഭ്രാന്തനായ ശങ്കരൻ തിരിഞ്ഞു നോക്കുന്നു.തമ്മിലുള്ള കരാർ തെറ്റിച്ചതിനാൽ ഇനി അങ്ങോട്ട് കൂടെ ഇല്ലെന്നും, അവിടെ തന്നെ ഇരിക്കുകയാണെന്നും ദേവി അറിയിക്കുന്നു.

കാലടിയിൽ നിന്നും തന്റെ യാത്ര തുടങ്ങി സർവ്വജ്ഞപീഠം കയറിയ ശങ്കരനാൽ ആനയിക്കപ്പെട്ട്‌,കേരളത്തിന്റെ പടിവാതിലോളം എത്തിയ മൂകാംബിക അമ്മ മലയാളിയുടെ സ്വകാര്യമായ വേദനയും, ആനന്ദവും ആണ്.ശങ്കരന്റെ ഭൂമിയിലേക്ക് എത്തും മുൻപേ യാത്ര നിർത്തിയ ദേവിയെ തേടി ജാതി, മത ഭേദങ്ങൾ ഇല്ലാതെ മലയാളി കൊല്ലൂർക്ക് ചെല്ലുന്നു.

മൂകൻ എന്ന അസുരന് മോക്ഷം നൽകിയ ദേവിയെ കാണാൻ മൂകാംബിക എത്തണമെങ്കിൽ ദേവി വിളിക്കണം എന്നാണ് വിശ്വാസം. അങ്ങനെ ദേവി ഇന്നോളം വിളിക്കാത്ത ഒരുവൾ ആണ് ഞാൻ.മരിക്കും മുൻപ് ഒരിക്കൽ എങ്കിലും ഒന്ന് വിളിക്കുമായിരിക്കും.

മൂകാംബികയെ പറ്റി ഒരുപാട് പേർ എഴുതിയത് വായിച്ചിട്ടുണ്ടെങ്കിലും, ഒന്നാമതും, രണ്ടാമതും, മൂന്നാമതും ഒരു എം.ടി ആരാധികയായ എനിക്ക് എം.ടി യുടെ "വാനപ്രസ്ഥം" തന്നെയാണ് റെഫറൻസ് ഗൈഡ്.

കരുണാകരൻ മാഷിനും, പ്രിയ  ശിഷ്യ വിനോദിനിക്കും ഒപ്പം ആണ് ഞാൻ സൗപർണികയുടെ തണുപ്പ് അറിഞ്ഞത്, അവർക്ക് ഒപ്പം ആണ് കുടജാദ്രിയുടെ കാറ്റും,മഞ്ഞും നിറഞ്ഞ പാത ചവിട്ടി കയറിയത് , അവർക്ക് ഒപ്പം ഇരുന്ന് ആണ് അഡിഗ മഠത്തിലെ അത്താഴം കഴിച്ചത്.വാനപ്രസ്ഥത്തിന്റെ ആരംഭത്തിലും, ദേഹത്തെ തളർത്തുന്ന അനാരോഗ്യത്തിലും നെയ്ത്തിരി പോലെ ആ മാഷിലും, വിദ്യാർത്ഥിനിയിലും ജ്വലിക്കുന്ന പ്രണയം കണ്ടത്.അത് ദേവിയും കണ്ടിട്ട് ഉണ്ടാകണം.

ഞാൻ മൂകാംബികക്ക് പോകുന്നത് ഒരു ഓഫ് സീസൺ കാലത്ത് ആയിരിക്കും, ഏതെങ്കിലും ഒരു മഴ മാസത്തിൽ.മഴയുടെ ഉന്മാദം ബാധിച്ച സൗപർണികയുടെ കരയിലായിരിക്കും താമസിക്കുക.സരസ്വതിയും, ലക്ഷ്മിയും, ദുർഗയും ആയി ദേവിയുടെ മൂന്ന് ഭാവങ്ങളും കാണും.മൂകാംബികയിലെ ചുവന്ന സിന്ദൂരം തൊടും.


കുടജാദ്രി കയറാനും, ശങ്കരപീഠം കാണാനും ഉള്ള ബലം ദേഹത്തിന് ഉണ്ടാകുമോ എന്നറിയില്ല.നിലാവും, കാറ്റും, മഞ്ഞും, മേഘങ്ങളും ചിതറി കിടക്കുന്ന മലമുകളിൽ ,ഏകനായി ദേവിയെ ഭജിക്കുന്ന ശങ്കരനെ എന്റെ ഹൃദയം കൊണ്ട് ഞാൻ സങ്കല്പിക്കുന്നു.എന്ത് മാതിരി പ്രണയം ആയിരുന്നു അത്.

ഒരു നൊടി നേരം കൊണ്ട് അവനെയും കൊണ്ട് മലയാള നാട്ടിൽ എത്താമായിരുന്നിട്ടും, ഒരു ചിലങ്കയുടെ നാഥത്താൽ മുഗ്ധനാക്കി ,അവന്റെ പിന്നാലെ അത്ര ദൂരം ദേവി നടന്നത് എന്തിനായിരുന്നു ? അവൻ മോഹിച്ചിടത്തേക്ക് എത്തില്ല എന്നറിഞ്ഞു കൊണ്ടും ഒരു യാത്ര തുടങ്ങിയത് എന്തിനായിരുന്നു ?

എല്ലാ യാത്രകളും എവിടെയെങ്കിലും എത്താൻ വേണ്ടിയല്ലല്ലോ...ചില യാത്രകൾ വെറുതെ ഒരുമിച്ചു നടക്കാനും, കുറെ വർത്തമാനം പറയാനും, പിന്നെ ഇടക്ക് വച്ചു പിരിഞ്ഞു പോകാനും കൂടിയാണല്ലോ....

 

Recipe of the day

Jun 142021
Ingredients 2 cup pasta 1 tsp oil 1 tsp salt For masala paste---